ഏഥറിനെ വിറപ്പിക്കാൻ ഓല, ഇടിവെട്ട് കളറിൽ S1 എയർ ഇവി വരുന്നു; ടീസർ വീഡിയോ ഹിറ്റ്
ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ മാറ്റത്തിന്റെ കൊടുങ്കാറ്റായി മാറിയ ഓല ഇലക്‌ട്രിക് സാധാരണക്കാരിലേക്ക് കൂടുതൽ അടുക്കാൻ പോവുകയാണ്. അടുത്തിടെ ഫെയിം II സബ്‌സിഡിയിൽ വലിയ പരിഷ്ക്കാരങ്ങൾ കൊണ്ടുവന്നതോടെ ഇവികളുടെ വിലയിൽ വർധനവ് വരുത്താൻ നിർബന്ധിതരായ ഇലക്ട്രിക് വാഹന നിർമാതാക്കൾ വില കുറഞ്ഞ മോഡൽ വിപണിയിലെത്തിക്കാൻ റെഡിയായിരിക്കുകയാണ്.
2022 ഒക്ടോബറില്‍ അവതരിപ്പിച്ച ഓല S1 എയർ എന്ന കൂടുതൽ താങ്ങാനാവുന്ന മോഡലിനെയാണ് ഉപഭോക്താക്കളുടെ കൈകളിലേക്ക് എത്തിക്കുന്നത്. അവതരണ വേളയിൽ തന്നെ ബുക്കിംഗ് ആരംഭിച്ചിരുന്നുവെങ്കിലും പർച്ചേസ് വിൻഡോ തുടങ്ങാൻ ഏകദേശം 9 മാസത്തോളമാണ് കാത്തിരിക്കേണ്ടി വന്നത്. സ്‌കൂട്ടറിന്റെ ഡെലിവറികളും ടെസ്റ്റ് റൈഡുകളും ജൂലൈയിൽ ആരംഭിക്കുമെന്ന് ഓല ഇലക്ട്രിക് സ്ഥിരീകരിച്ചിരുന്നുവെങ്കിലും കാത്തിരിപ്പ് പലരേയും മറ്റ് ബ്രാൻഡുകളിലേക്ക് അടുപ്പിച്ചിരുന്നു.

ഇതിന് അന്ത്യം കുറിക്കാനായി S1 എയർ ഇലക്ട്രിക് സ്കൂട്ടറിനായുള്ള പർച്ചേസ് വിൻഡോ ജൂലൈ 28 മുതൽ തുറക്കുമെന്ന് ഓല ഇലക്ട്രിക് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്‌തു. ഇവിയുടെ ഡെലിവറി ഓഗസ്റ്റ് ആദ്യം മുതൽ ആരംഭിക്കുമെന്നും കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മോഡലിന്റെ പുതിയ ടീസർ വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുകയാണ് ഓല. ഇതിൽ S1 എയറിൽ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ കളർ ഓപ്ഷനും ബ്രാൻഡ് പരിചയപ്പെടുത്തുന്നുണ്ട്.
ഗ്ലോസി നിയോൺ കളർ ഓപ്ഷനാണ് പുതിയ ഇലക്ട്രിക് സ്‌കൂട്ടറിനെ അതിന്റെ ശ്രേണിയിലെ മറ്റ് മോഡലുകളുമായി വേറിട്ടു നിർത്തുന്ന പ്രധാന കാര്യം. കാഴ്ച്ചയിൽ ഈയൊരൊറ്റ നിറം യുവഹൃദയങ്ങൾ കീഴടക്കാൻ സഹായിച്ചേക്കും. S1 എയറിന്റെ പർച്ചേസ് വിൻഡോ ഇതിനകം ബുക്ക് ചെയ്തവർക്കായി ജൂലൈ 28 മുതൽ ജൂലൈ 30 വരെ തുറന്നിരിക്കും. ബാക്കിയുള്ളവയ്ക്ക് ജൂലൈ 31 മുതൽ ഓല ഇലക്ട്രിക് പർച്ചേസ് വിൻഡോയിലൂടെ ഇവി വാങ്ങാനാവും.
പുതിയ ഓല S1 എയറിന് 1.09 ലക്ഷം രൂപയാണ് പ്രാരംഭ വിലയായി നിശ്ചയിച്ചിരിക്കുന്നത്. പ്രാരംഭ ഓഫർ അവസാനിച്ചതിന് ശേഷം ഇലക്ട്രിക് സ്കൂട്ടറിനായി 1.19 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി നൽകേണ്ടി വരുമെന്ന കാര്യവും ഓർമിക്കണേ. പുത്തൻ വൈദ്യുത സ്‌കൂട്ടറിനായുള്ള ഡെലിവറി ഓഗസ്റ്റ് ആദ്യം മുതൽ ആരംഭിക്കുമെന്നാണ് ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനി ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
S1 എയർ 5 ലക്ഷം കിലോമീറ്ററിലധികം പരീക്ഷണം നടത്തിയതിന് ശേഷമാണ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു. ഇതാദ്യമായാണ് ഒരു ഇലക്ട്രിക് സ്‌കൂട്ടർ ഇത്രയും ദീർഘമായ പരീക്ഷണങ്ങൾക്ക് വിധേയമാക്കുന്നത്. കൂടുതൽ താങ്ങാനാവുന്ന മോഡൽ ഉപയോഗിച്ച് വിപണിയുടെ വലിയൊരു വിഹിതം പിടിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. 2022-ൽ അവതരിപ്പിക്കുമ്പോൾ 2.7 kW മോട്ടോറോടെയാണ് S1 എയർ എത്തിയത്.

എന്നാൽ പിന്നീട് ഓല അതിനെ 4.5 kW യൂണിറ്റായി ഉയർത്തി. S1, S1 പ്രോ എന്നിവയിൽ ഉപയോഗിക്കുന്ന ബെൽറ്റ് ഡ്രൈവിന് പകരം ഇതിനൊരു ഹബ് മോട്ടോർ ലഭിക്കുന്നുവെന്നതും പ്രധാനമായൊരു മാറ്റമാണ്. ചെലവ് കുറയ്ക്കുന്നതിനാണ് ഇത് ചെയ്തതെന്ന് ഓല പറയുന്നു. ഇതുകൂടാതെ, ഓലയ്ക്ക് വിപണിയിൽ മത്സരാധിഷ്ഠിതമായി വില നൽകാനാകുമെന്ന് ഉറപ്പാക്കാൻ സ്കൂട്ടറിൽ നിന്നും മറ്റ് നിരവധി കാര്യങ്ങളും ബ്രാൻഡ് ഒഴിവാക്കി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. മോണോഷോക്കിന് പകരം ടെലിസ്‌കോപിക് ഫോർക്കുകളാണ് മുൻവശത്ത് നൽകിയിരിക്കുന്നത്.
പിൻഭാഗത്തും ഇതേ തന്ത്രം പരീക്ഷിച്ച കമ്പനി മോണോഷോക്കിന് പകരം ഇരട്ട ഷോക്ക് അബ്സോർബറുകൾ നൽകി ചെലവ് ചുരുക്കി. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾ മാറ്റി ഡ്രം ബ്രേക്കുകൾ ഉൾപ്പെടുത്തിയതാണ് മറ്റൊരു നവീകരണം. S1, S1 പ്രോ എന്നിവയെ അൽപ്പം അപ്രായോഗികമാക്കുന്ന ഫ്ലോറിലെ വളഞ്ഞ ഹമ്പ് ഒരു ഫ്ലാറ്റ് ഫ്ലോർ ഉപയോഗിച്ച് ഓല മാറ്റിസ്ഥാപിക്കുകയും ചെയ്‌തു. പിൻഭാഗത്തെ ഗ്രാബ് റെയിലിനും പകരം ലളിതമായ ഒരു യൂണിറ്റാണ് S1 എയറിൽ ഉപയോഗിച്ചിരിക്കുന്നത്.

സ്കൂട്ടറിലെ ബാറ്ററി പായ്ക്കിന് 3 kWh വലിപ്പമുണ്ടാകും. ഒറ്റ ചാർജിൽ 125 കിലോമീറ്റർ റേഞ്ച് നൽകാൻ S1 എയർ പ്രാപ്‌തമായിരിക്കുമെന്നും ഓല പറയുന്നു. ഇലക്ട്രിക് സ്‌കൂട്ടറിന്റെ ചാർജിംഗ് സമയം ഓല പ്രഖ്യാപിച്ചിട്ടില്ല. ഇത് ജൂലൈ 29-ന് നടക്കുന്ന പരിപാടിയിൽ അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കോ, നോർമൽ, സ്പോർട്സ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകൾ ഓഫറിലുണ്ടാകും. മണിക്കൂറിൽ 85 കിലോമീറ്ററാണ് സ്‌കൂട്ടറിന്റെ പരമാവധി വേഗത.
ഡിസൈനിംഗ് സമാനമാണെങ്കിലും വില കുറയ്ക്കാനായി ചില ഫീച്ചറുകൾ വെട്ടിക്കുറയ്ക്കേണ്ടി വന്നിട്ടുണ്ടെന്ന് ഓല പറയുന്നു. 7.0 ഇഞ്ച് ടിഎഫ്ടി ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ, മൂവ് ഒഎസ് 3.0 കണക്ടിവിറ്റി, റിവേഴ്‌സ് മോഡ്, ഒടിഎ അപ്‌ഡേറ്റുകൾ, എല്‍ഇഡി ലൈറ്റ്, 34 ലിറ്റര്‍ അണ്ടർ സീറ്റ് സ്‌റ്റോറേജ്, റിമോട്ട് ബൂട്ട് ലോക്ക്/ അണ്‍ലോക്ക്, സൈഡ് സ്റ്റാന്‍ഡ് അലേര്‍ട്ട്, ഫ്ലാറ്റ് ഫ്ലോര്‍ ബോര്‍ഡ് എന്നിവയാണ് S1 എയറിനായി ഒരുക്കിയിട്ടുള്ളത്.


Click it and Unblock the Notifications








