ഇതൊക്കെ ഓലയ്ക്ക് മാത്രമേ പറ്റൂ... S1 എയർ ഇലക്‌ട്രിക് സ്‌കൂട്ടർ പരീക്ഷിച്ചത് 5 ലക്ഷം കി.മീ.
ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാണ രംഗത്തെ പ്രധാന ശക്തികളിൽ ഒന്നായി മാറിയിരിക്കുകയാണ് ഓല. വളരെ ചുരുങ്ങിയ കാലംകൊണ്ട് ഇവി വിപണിയുടെ നെറുകയിലേക്ക് നടന്നു കയറിയ ഈ സ്റ്റാർട്ടപ്പ് ബ്രാൻഡ് ആക്രമണാത്മകമായ ഉൽപ്പന്ന നിരയാണ് ഭാവിയിലേക്കായി ഒരുക്കുന്നത്. വൈദ്യുത നിരയിൽ സ്‌കൂട്ടറുകൾ മാത്രമല്ല, മോട്ടോർസൈക്കിളുകളും കാറുകളും വരെ പുറത്തിറക്കാനുള്ള പദ്ധതി അണിയറയിൽ തയാറെടുത്തു കഴിഞ്ഞു.
S1 ഇലക്‌ട്രിക് സ്‌കൂട്ടറുകളിലൂടെ ജനപ്രീതി നേടി മുന്നേറുന്ന ഓല അടുത്തതായി ഒരു താങ്ങാനാവുന്ന മോഡലിനെയാണ് പുറത്തിറക്കുന്നത്. 2022 ഒക്ടോബറില്‍ അവതരിപ്പിച്ച ഓല S1 എയർ എന്ന ഇവിയുടെ കാര്യം തന്നെയാണീ പറഞ്ഞുവരുന്നത്. സ്‌കൂട്ടറിന്റെ ഡെലിവറികളും ടെസ്റ്റ് റൈഡുകളും ജൂലൈയിൽ ആരംഭിക്കുമെന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചിരുന്നു. ബുക്കിംഗ് അവതരണ വേളയിൽ ആരംഭിച്ചിരുന്നുവെങ്കിലും പർച്ചേസ് വിൻഡോ ഇതുവരെ ഓല ഇലക്ട്രിക് തുറന്നിട്ടില്ല.

ബ്രാൻഡ് നിരയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടറായ S1 എയർ 5 ലക്ഷം കിലോമീറ്ററിലധികം പരീക്ഷിച്ചതായാണ് കമ്പനി ഇപ്പോൾ അവകാശപ്പെടുന്നത്. ഇത്രയധികം കിലോമീറ്ററുകളുടെ പരീക്ഷണത്തിന് ശേഷമാണ് ഇവിയെ ഓല ജനങ്ങളിലേക്ക് എത്തിക്കുന്നത് എന്നകാര്യം വളരെ ശ്രദ്ധേയമാണ്. ഇത്രയും ദൂരം താണ്ടി പരീക്ഷണങ്ങൾ പൂർത്തിയാക്കിയ മറ്റൊരു ഇലക്ട്രിക് സ്‌കൂട്ടറും നിലവിൽ വിപണിയിലില്ല എന്നു വേണം പറയാൻ.
S1, S1 പ്രോ എന്നിവയിൽ ഉപയോഗിക്കുന്ന ബെൽറ്റ് ഡ്രൈവിന് പകരം ഹബ് മോട്ടോറുമായാണ് ഓല S1 എയർ വരുന്നത്. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ അവതരിപ്പിച്ചപ്പോൾ S1 എയർ 2.7 kW മോട്ടോറോടെയാണ് പ്രഖ്യാപിച്ചത്. എന്നാൽ പിന്നീട് കമ്പനി അതിനെ 4.5 kW യൂണിറ്റായി ഉയർത്തി. സ്കൂട്ടറിലെ ബാറ്ററി പായ്ക്കിന് 3 kWh വലുപ്പമുണ്ടാകും. ഒറ്റ ചാർജിൽ 125 കിലോമീറ്റർ വരെ സ്‌കൂട്ടറിന് സഞ്ചരിക്കാനാവുമെന്നും ഓല ഇലക്ട്രിക് അവകാശപ്പെടുന്നുണ്ട്.
അതേസമയം ബാറ്ററി പായ്ക്ക് ചാർജ് ചെയ്യാൻ വേണ്ടി വരുന്ന സമയം ഓല പ്രഖ്യാപിച്ചിട്ടില്ല. ഇക്കോ, നോർമൽ, സ്പോർട്സ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും ഓഫറിലുണ്ടാകുമെന്നത് മാറ്റേകുന്ന കാര്യമാണ്. മണിക്കൂറിൽ 85 കിലോമീറ്ററാണ് S1 എയർ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത. ഡിസൈനിലേക്ക് നോക്കിയാൽ S1, S1 പ്രോ എന്നിവയോട് സാമ്യമുള്ള അതേ ശൈലിയാണ് ഓല സ്വീകരിച്ചിരിക്കുന്നത്.
എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പ്, ഹെഡ്‌ലാമ്പ്, ഫ്രണ്ട് ഏപ്രോൺ, ബോഡി പാനലുകൾ, പിൻ ടെയിൽ ലൈറ്റ് എന്നിവയെല്ലാം ഓല S1, S1 പ്രോ എന്നിവയ്ക്ക് സമാനമാണ്. കോറൽ ഗ്ലാം, പോർസലൈൻ വൈറ്റ്, മിഡ്‌നൈറ്റ് ബ്ലൂ, ലിക്വിഡ് സിൽവർ എന്നീ അഞ്ച് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിൽ ഈ പുതിയ ഇലക്ട്രിക് സ്‌കൂട്ടർ സ്വന്തമാക്കാനാവും. ഇനി ഫീച്ചറുകളിലേക്ക് വന്നാൽ S1 എയറും S1 ഇവിയും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്.

ഇലക്ട്രിക് സ്കൂട്ടറിന്റെ വില കുറയ്ക്കാൻ ഓലയ്ക്ക് ചില ഫീച്ചറുകൾ വെട്ടിക്കുറയ്ക്കേണ്ടി വന്നു. 7.0 ഇഞ്ച് TFT ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ, മൂവ്OS 3.0 കണക്ടിവിറ്റി, റിവേഴ്‌സ് മോഡ്, ഒടിഎ അപ്‌ഡേറ്റ്‌സ്, ഫ്ലാറ്റ് ഫ്ലോര്‍ ബോര്‍ഡ്, എല്‍ഇഡി ലൈറ്റ്, 34 ലിറ്റര്‍ സ്‌റ്റോറേജ്, റിമോട്ട് ബൂട്ട് ലോക്ക്/ അണ്‍ലോക്ക്, സൈഡ് സ്റ്റാന്‍ഡ് അലേര്‍ട്ട് എന്നിവയാണ് S1 എയർ ഇവിയിലെ പ്രധാന ഫീച്ചറുകള്‍.
മോണോഷോക്കിന് പകരം ടെലിസ്‌കോപിക് ഫോർക്കുകളാണ് മുൻവശത്ത് നൽകിയിരിക്കുന്നത്. പിൻഭാഗത്തും ഇതേ ശൈലി പിന്തുടർന്ന് മോണോഷോക്കിന് പകരം ട്വിൻ ഷോക്ക് അബ്സോർബറുകൾ ഓല നൽകി. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾ മാറ്റി ഡ്രം ബ്രേക്കുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. S1, S1 പ്രോ എന്നിവയെ അൽപ്പം അപ്രായോഗികമാക്കുന്ന പൊങ്ങിയ ഫ്ലോർ S1 എയറിൽ എത്തുമ്പോൾ ഫ്ലാറ്റ് ഫ്ലോറായിട്ടുണ്ട്.

ഇത് ശരിക്കും പ്രായോഗികമായ പരിഷ്ക്കാരങ്ങളിൽ ഒന്നാണെന്ന് പറയാതെ വയ്യ. പിൻഭാഗത്തെ ഗ്രാബ് റെയിലിനും പകരം ലളിതമായ ഒരു സെറ്റപ്പാണ് നൽകിയിരിക്കുന്നത്. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് സ്കൂട്ടറിന് 84,999 മുതൽ 1.09 ലക്ഷം രൂപ വരെയാണ് ഇവിയുടെ എക്സ്ഷോറൂം വിലയായി പ്രതീക്ഷിക്കാനാവുന്നത്. ഇന്ത്യയിൽ പുതിയ മോഡൽ വരുന്നതോടെ വിൽപ്പനയിൽ കൂടുതൽ ആധിപത്യം നേടാനാവുമെന്നാണ് വിലയിരുത്തൽ.


Click it and Unblock the Notifications








