201 കി.മീ റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടർ, ഓലയും ഏഥറും വാങ്ങുന്നതിനു മുമ്പ് ഇതുംകൂടി നോക്കിക്കോ
ഇന്ത്യൻ വിപണിയിൽ ഇലക്‌ട്രിക് ടൂവീലറുകളുടെ ഡിമാന്റ് കുതിച്ചുയരുകയാണ്. 108 രൂപ കൊടുത്ത് ഒരു ലിറ്റർ പെട്രോൾ അടിച്ചാൽ 40 മുതൽ 60 കിലോമീറ്റർ മൈലേജ് വരെയാണ് ഇപ്പോൾ പരമാവധി കിട്ടുന്നത്. അതേസമയം ഇലക്ട്രിക് സ്‌കൂട്ടറുകളാണെങ്കിൽ ഒറ്റ ചാർജിൽ പരമാവധി 100 കിലോമീറ്ററിലധികം ഓടാനും സാധിക്കും. അതും കറണ്ട് ബില്ലിനായി പെട്രോളിന്റെ പകുതി കാശ് പോലുമാവുന്നില്ലെന്നതാണ് യാഥാർഥ്യം.
ആയതിനാൽ പലരും ഇവികളുടെ മികവും മേൻമയും തിരിച്ചറിഞ്ഞ് ചേക്കേറി തുടങ്ങി. പുതിയ സ്‌കൂട്ടറുകൾ നിരത്തിലിറങ്ങുന്നതിൽ പകുതിയിലേറെയും ഇപ്പോൾ വൈദ്യുത മോഡലുകളാണെന്നതാണ് സത്യം. കുറഞ്ഞ ചെലവിൽ കൂടുതൽ ദൂരം സഞ്ചരിക്കാനാവുമെന്ന ഓപ്ഷൻ ആരെങ്കിലും വേണ്ടെന്ന വെക്കുമോ. ഓലയും ഏഥറുമെല്ലാമാണ് വിപണിയിലെ താരങ്ങളെങ്കിലും അനേകം സ്റ്റാർട്ടപ്പ് കമ്പനികളും കുറഞ്ഞ വിലയിൽ കിടിലൻ മോഡലുകൾ പുറത്തിറക്കുന്നുണ്ട്.

അക്കൂട്ടത്തിലേക്ക് പ്യുവർ ഇവിയും തങ്ങളുടെ പുത്തനൊരു ഇലക്‌ട്രിക് സ്‌കൂട്ടറിനെ രംഗത്തെത്തിച്ചിരിക്കുകയാണ്. ഇപ്ലൂട്ടോ 7G മാക്‌സ് പുത്തൻ ഇവിക്കായി 1.15 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയാണ് നൽകേണ്ടത്. വരാനിരിക്കുന്ന ഉത്സവ സീസണോടെ ഡെലിവറികൾ ആരംഭിക്കുന്നതിനൊപ്പം റെട്രോ-തീം ഇലക്ട്രിക് സ്കൂട്ടറിനായുള്ള ബുക്കിംഗും രാജ്യത്തുടനീളം തുറന്നിട്ടുണ്ടെന്നും ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പ് കമ്പനി വ്യക്തമാക്കി.
ഇപ്ലൂട്ടോ 7G മാക്‌സ് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ഡിസൈനിലേക്ക് നോക്കിയാൽ റെട്രോ-തീം സ്റ്റൈലാണ് പ്യുവർ ഇവി പിന്തുടർന്നിരിക്കുന്നത്. ആദ്യ നോട്ടത്തിൽ വെസ്‌പയുടെ സ്റ്റൈൽ തോന്നിയാലും തെറ്റുപറയാനാവില്ല. എൽഇഡി ലൈറ്റുകൾ, പൂർണ്ണമായി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ ആധുനിക ഘടകങ്ങൾ സംയോജിപ്പിച്ച് ഓൾഡ് സ്കൂൾ രൂപകൽപ്പനയാണ് സ്കൂട്ടർ നൽകുന്നത്. സ്മാർട്ട് റീജനറേറ്റീവ് സാങ്കേതികവിദ്യയാണ് സ്കൂട്ടറിൽ സജ്ജീകരിച്ചിരിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു.

റിവേഴ്‌സ് മോഡ് അസിസ്റ്റും പാർക്കിംഗ് അസിസ്റ്റ് ഫീച്ചറുകളും ഇപ്ലൂട്ടോ 7G മാക്‌സ് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ സൗകര്യവും പ്രായോഗികതയും വർധിപ്പിക്കുന്നുമിണ്ട്. ഓട്ടോ പുഷ് ഫംഗ്‌ഷൻ ഉപയോഗിച്ച് ഇവിക്ക് മണിക്കൂറിൽ അഞ്ച് കിലോമീറ്റർ എന്ന സ്ഥിരമായ വേഗതയിൽ മുന്നോട്ട് പോകാനാകും. അതായത് റൈഡർക്ക് അത് സ്വമേധയാ തള്ളേണ്ടതില്ല. പാർക്കിംഗിലും ചെറിയ ട്രാഫിക്കിലുമെല്ലാം സഹായിക്കുന്നൊരു ഫീച്ചറാണിത്.
കൂടാതെ ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഡൗൺഹിൽ അസിസ്റ്റ്, കോസ്റ്റിംഗ് റീജൻ, റിവേഴ്‌സ് മോഡ്, ബാറ്ററി ദീർഘായുസിനുള്ള സ്മാർട്ട് AI തുടങ്ങിയ വിപുലമായ ഫീച്ചറുകളുമായാണ് പ്യുവർ ഇവിയുടെ ഇപ്ലൂട്ടോ 7G മാക്‌സ് ഇലക്‌ട്രിക് സ്‌കൂട്ടർ വരുന്നത്. റെട്രോ-തീം ഇലക്ട്രിക് സ്‌കൂട്ടർ മാറ്റ് ബ്ലാക്ക്, റെഡ്, ഗ്രേ, വൈറ്റ് എന്നിങ്ങനെ നാല് വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാണ്. കമ്പനിയുടെ ലൈനപ്പിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലിന്റെ ഏറ്റവും പുതിയ പതിപ്പാണ് 7G.
പ്രതിദിനം 100 കിലോമീറ്റർ ഓടുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ബ്രാൻഡിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 7G മോഡലിന്റെ നവീകരിച്ച പതിപ്പിനെ പുറത്തിറക്കിയിരിക്കുന്നതെന്ന് പ്യുവർ ഇവിയുടെ സഹസ്ഥാപകനും സിഇഒയുമായ രോഹിത് വധേര പറഞ്ഞു. 3.5 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് പുതിയ ഇലക്ട്രിക് സ്കൂട്ടറിന് കരുത്ത് പകരുന്നത്.
ഇത് 3.21 bhp പീക്ക് പവർ പുറത്തെടുക്കാൻ കഴിവുള്ള ഒരു ഇലക്ട്രിക് മോട്ടോറുമായാണ് ഇപ്ലൂട്ടോ 7G മാക്‌സ് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പായ്ക്ക് ഘടിപ്പിച്ചിരിക്കുന്നത്. AIS-156 സർട്ടിഫൈഡ് ബാറ്ററി പായ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നൽകുന്ന ഒരു സ്മാർട്ട് ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റവുമായാണ് വരുന്നതെന്ന് അവകാശപ്പെടുന്നു. കൂടാതെ ഒറ്റ ചാർജിൽ ഏകദേശം 201 കിലോമീറ്റർ വരെ റേഞ്ച് നൽകാനും ഇവിക്കാവും.
അങ്ങനെ നോക്കുമ്പോൾ ഏത് പെട്രോൾ സ്‌കൂട്ടറുകളേക്കാളും ഇരട്ടിയിലധികം ലാഭമാണ് പുതിയ ഇപ്ലൂട്ടോ 7G മാക്‌സ് വാഗ്ദാനം ചെയ്യുന്നത്. മൂന്ന് വ്യത്യസ്ത റൈഡിംഗ് മോഡുകളാണ് സ്കൂട്ടറിന് ലഭിക്കുന്നത്. 60,000 കിലോമീറ്റർ സ്റ്റാൻഡേർഡ് ബാറ്ററി വാറന്റിയും 70,000 കിലോമീറ്റർ വിപുലീകൃത വാറണ്ടിയും ഈ സ്‌കൂട്ടറിന് നൽകുമെന്ന് പ്യുവർ ഇവി അറിയിച്ചു. വിലയും റേഞ്ചും വെച്ചു നോക്കുമ്പോൾ പ്രധാന എതിരാളികളായ ഓല, ഏഥർ സ്‌കൂട്ടറുകളേക്കാൾ ലാഭമാണ് ഇപ്ലൂട്ടോ 7G എന്ന് വ്യക്തമാണ്.


Click it and Unblock the Notifications








