കുറഞ്ഞ വില, 150 കി.മീ. റേഞ്ച്, പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുമായി പ്യുവർ ഇവി
ഇന്ത്യയിൽ ഇലക്‌ട്രിക് വാഹനങ്ങൾക്കിത് വളരെ നല്ലകാലമാണ്. സ്റ്റാർട്ടപ്പുകളും രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളുമെല്ലാം കളംനിറഞ്ഞ് മത്സരിക്കുന്ന രംഗത്ത് നിരവധി അനവധി മോഡലുകളാണ് ഇപ്പോൾ വിപണിയിലുള്ളത്. ഇന്ധന വില ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ പലരും ഇന്ന് വൈദ്യുത വാഹനങ്ങളിലേക്ക് ചേക്കേറാൻ തുടങ്ങിയിട്ടുണ്ട്.
പല സൈസിൽ പല വിധത്തിൽ ഇലക്‌ട്രിക് ടൂവീലറുകൾ വിപണിയിലുണ്ട്. ഓലയും ഏഥറും മത്സരിക്കുന്ന രംഗത്ത് ചെറുമീനുകളും തങ്ങളുടേതായ രീതിയിൽ മികച്ച സംഭാവനകൾ നൽകുന്നുണ്ട്. അതിലൊരു പ്രധാനിയാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ പ്യുവര്‍ ഇവി. കുറഞ്ഞ വിലയിൽ കാര്യക്ഷമമായ സ്‌കൂട്ടറുകൾ അവതരിപ്പിച്ചാണ് ബ്രാൻഡ് തങ്ങളുടേതായ സ്ഥാനം വിപണിയിൽ കണ്ടെത്തിയിരിക്കുന്നത്.

കമ്പനിയിപ്പോഴിതാ പുതിയ ഇപ്ലൂട്ടോ 7G പ്രോ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കി വാർത്തകളിൽ ഇടംപിടിക്കുകയാണ്. കുറഞ്ഞ വിലയും കിടിലൻ റേഞ്ചുമാണ് മോഡലിന്റെ മുഖമുദ്ര. വാഹനം വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് പ്യുവർ ഇവിയുടെ ഡീലർഷിപ്പുകൾ സന്ദർശിച്ച് ഇലക്ട്രിക് സ്‌കൂട്ടർ ഇപ്പോൾ പ്രീ-ബുക്ക് ചെയ്യാനാവും. അതേസമയം ഇപ്ലൂട്ടോ 7G പ്രോ ഇവിക്കായുള്ള ഡെലിവറികൾ ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നാണ് ബ്രാൻഡ് വ്യക്തമാക്കിയിരിക്കുന്നത്.
94,999 രൂപയുടെ എക്സ്ഷോറൂം വിലയുള്ള പ്യുവർ ഇവി ഇപ്ലൂട്ടോ 7G പ്രോ ഇലക്ട്രിക് സ്‌കൂട്ടർ മാറ്റ് ബ്ലാക്ക്, ഗ്രേ, വൈറ്റ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാനാവും. കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടർ ലൈനപ്പിലെ പുതിയ ടോപ്പ് എൻഡ് ഓപ്ഷനായാണ് മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്. പിയാജിയോ വെസ്‌പ സ്‌കൂട്ടറുകളെ അനുസ്മരിപ്പിക്കുന്ന രു റെട്രോ ഡിസൈൻ സ്റ്റൈലാണ് ഇപ്ലൂട്ടോ 7G പ്രോയുടെ പ്രധാന ഹൈലൈറ്റ്.

വൃത്താകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുള്ള ഒരു റൗണ്ട് എൽഇഡി ഹെഡ്‌ലാമ്പാണ് മുന്നിൽ നൽകിയിരിക്കുന്നത്. വശക്കാഴ്ച്ചയിലേക്ക് വരുമ്പോൾ മോഡലിന്റെ വലിപ്പകുറവ് കാരണം വെസ്‌പയല്ലെന്ന് മനസിലാക്കാനാവും. എങ്കിലും മികച്ച രീതിയിൽ തന്നെ വെസ്പയെ പകർത്താൻ പ്യുവർ ഇവിക്കായിട്ടുണ്ട്. ഇപ്ലൂട്ടോ 7G പ്രോ ഇക്കോഡ്രിഫ്റ്റ് മോട്ടോർസൈക്കിൾ പ്ലാറ്റ്‌ഫോമിലാണ് ഇലക്‌ട്രിക് വാഹനം നിർമിച്ചെടുത്തിരിക്കുന്നത്.
അതേസമയം 3.0 kWh AIS 156 സർട്ടിഫൈഡ് ബാറ്ററി പായ്ക്കാണ് വാഹനത്തിന്റെ ഹൃദയം. 2.4 kW MCU ഉള്ള 1.5 kW ഇലക്ട്രിക് മോട്ടോറിൽ നിന്നും CAN അടിസ്ഥാനമാക്കിയുള്ള ചാർജറിൽ നിന്നാണ് ഇപ്ലൂട്ടോ 7G പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന് പവർ വരുന്നത്. പുതിയ മോഡലിന് സ്മാർട്ട് ബാറ്ററി മാനേജ്മെന്റ് സിസ്റ്റവും (BMS) ബ്ലൂടൂത്ത് കണക്റ്റിവിറ്റി പോലുള്ള ഫീച്ചറുകളും പ്യുവർ ഇവി വാഗ്‌ദാനം ചെയ്യുന്നുണ്ട്.
മൂന്ന് വ്യത്യസ്ത മോഡുകളിൽ 100 കിലോമീറ്റർ മുതൽ 150 കിലോമീറ്റർ വരെയുള്ള റേഞ്ച് പരിധിയാണ് പ്യുവർ ഇവി തങ്ങളുടെ ഏറ്റവും പുതിയ ഇപ്ലൂട്ടോ 7G പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിൽ അവകാശപ്പെടുന്നത്. പുതിയ പ്രോ പതിപ്പിൽ നാല് വ്യത്യസ്ത മൈക്രോ കൺട്രോളറുകളും നിരവധി സെൻസറുകളും ഒരു സ്മാർട്ട്‌ഫോണിനേക്കാൾ ശക്തമായ പ്രോസസിംഗും വാഗ്ദാനം ചെയ്യുന്നു. ഭാവിയിലെ OTA ഫേംവെയർ അപ്‌ഡേറ്റുകൾക്ക് ഈ സജ്ജീകരണം വളരെ അനുയോജ്യമാണ്.

60 കിലോമീറ്ററാണ് ഇവിയുടെ ഉയര്‍ന്ന വേഗത. പ്യുവർ ഇവി ഇതിനകം തന്നെ വിപണികളിൽ നിരവധി മോഡലുകൾ അവതരിപ്പിച്ച് ശ്രദ്ധനേടിയവരാണ്. മാത്രമല്ല, മിക്ക നഗരങ്ങളിലും സാന്നിധ്യമുള്ള ബ്രാൻഡ് 2024 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ 300-ലധികം ടച്ച് പോയിന്റുകളിലേക്ക് തങ്ങളുടെ വ്യാപ്തി വികസിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. ഓരോന്നിനും ബാറ്ററി ഉള്‍പ്പെടെയുള്ള മെക്കാനിക്കല്‍ വര്‍ക്ക്‌ഷോപ്പും പവര്‍ട്രെയിന്‍ ട്രബിള്‍ഷൂട്ടിംഗ് സജ്ജീകരണവുമുള്ള ഒരു സേവന കേന്ദ്രമുണ്ട്.
ഒകിനാവ, ആമ്പിയർ, ഹീറോ ഇലക്ട്രിക് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള മോഡലുകളാണ് പുതിയ ഇപ്ലൂട്ടോ 7G പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറുമായി മാറ്റുരയ്ക്കുന്നത്. ബ്രാന്‍ഡില്‍ നിന്നുള്ള മുന്‍നിര മോഡലായ ഇപ്ലൂട്ടോ 7G ഇന്ത്യയില്‍ 25,000 യൂണിറ്റുകളിലധികം വിൽപ്പന നേടിയിട്ടുണ്ട്. നിലവില്‍ കമ്പനി നിരയില്‍ ഇപ്ലൂട്ടോ 7G, എട്രാന്‍സ് നിയോ എന്നിങ്ങനെ രണ്ട് അതിവേഗ മോഡലുകളും, ഇപ്ലൂട്ടോ, എട്രാന്‍സ് പ്ലസ് എന്നിങ്ങനെ രണ്ട് ലോസ്പീഡ് മോഡലുകളുമാണ് പ്യുവർ ഇവിയുടെ നിരയിലുള്ളത്.


Click it and Unblock the Notifications








