വിറ്റുതീരും മുമ്പ് ഒന്നു വാങ്ങാം... RV400 ഇലക്ട്രിക് ബൈക്കിനായുള്ള ബുക്കിംഗ് വീണ്ടും ആരംഭിച്ച് റിവോൾട്ട്
ഇന്ത്യയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ഏറെ പ്രചാരത്തിലുണ്ടെങ്കിലും ഇ-ബൈക്കുകൾ ആളുകൾക്ക് അത്ര പരിചിതമല്ലെന്നു വേണം പറയാൻ. ഗിയർ ഉണ്ടെങ്കിലേ അതൊരു ബൈക്കായി കാണാനാവൂവെന്ന അന്ധവിശ്വാസമാണ് അധികം ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾ പുറത്തിറക്കാൻ കമ്പനികൾ തയാറാവാതിരുന്നതിനുള്ള ഒരു പ്രധാന കാരണം. എന്നാൽ ഇത്തരം വിശ്വാസങ്ങളെയെല്ലാം തകർത്തെറിഞ്ഞ് വിപണിയിൽ നിശബ്‌ദ വിപ്ലവം തീർത്ത കേമനാണ് റിവോൾട്ട് ഇവി.
ഇന്ന് നിരത്തുകളിൽ ഏറ്റവും കൂടുതൽ കാണുന്ന ഇലക്‌ട്രിക് മോട്ടോർസൈക്കിളാണ് റിവോൾട്ടിന്റേത്. കേരളത്തിലുൾപ്പടെ ഇന്ത്യയിൽ വൻ ഹിറ്റായി മാറിയ മോഡൽ ഏറെ നാളായി വിപണിയിലുണ്ട്. പെട്രോള്‍ വില ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ ഇലക്ട്രിക്കിലേക്ക് ചുവടുവെക്കാൻ തീരുമാനിച്ച കാലയളവിൽ തന്നെ സജീവമായാവരാണ് ഇന്ത്യയുടെ ഈ സ്വന്തം ഇലക്ട്രിക് വാഹന കമ്പനി. RV400 ഇലക്ട്രിക് മോട്ടോർസൈക്കിളിനുള്ള ബുക്കിംഗ് വീണ്ടും ആരംഭിച്ചതായി റിവോൾട്ട് മോട്ടോർസ് അറിയിച്ചിരിക്കുകയാണിപ്പോൾ.

ആദ്യ ബുക്കിംഗ് കാലയളവിന് ശേഷം ഇത് രണ്ടാം തവണയാണ് റിവോൾട്ട് മോട്ടോർസ് RV400 ഇലക്ട്രിക് ബൈക്കിനായുള്ള ബുക്കിംഗ് പുനരാരംഭിക്കുന്നത്. നേരത്തെ ബുക്കിംഗിന്റെ രണ്ട് ഘട്ടങ്ങളിലും ശക്തമായ ഡിമാന്റാണ് മോഡലിന് ലഭിച്ചതെന്ന് കമ്പനി അവകാശപ്പെടുന്നു. വാഹനം വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 2,499 രൂപ ടോക്കൺ തുക നൽകി ഇവി ഓൺലൈനായി പ്രീ-ബുക്ക് ചെയ്യാം. ഈ വർഷം മാർച്ച് 31-നകം ഉപഭോക്താക്കൾക്ക് ഡെലിവറി പ്രതീക്ഷിക്കാമെന്നാണ് കമ്പനി പറയുന്നതും.
രാജ്യത്ത് 22 സംസ്ഥാനങ്ങളിലായി 35 ഡീലർഷിപ്പുകൾ ഉണ്ടെങ്കിലും മുഴുവൻ റിസർവേഷൻ പ്രക്രിയയും ഓൺലൈനിലാണ് കമ്പനി സ്വീകരിക്കുന്നത്. റിവോൾട്ട് മോട്ടോർസിന്റെ നിർമാണ കേന്ദ്രം ഹരിയാനയിലെ മനേസറിലാണ് സ്ഥിതി ചെയ്യുന്നത്. പുതിയ നിക്ഷേപത്തോടെ ഉത്പാദനം ശേഷി വിപുലീകരിക്കാനുള്ള പദ്ധതിയും ബ്രാൻഡിനുണ്ട്. നിലവിൽ രത്തൻഇന്ത്യയുടെ കീഴിലാണ് റിവോൾട്ട് നിലകൊള്ളുന്നത്. ഇലക്ട്രിക് മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ റിവോൾട്ട് മോട്ടോഴ്സിന്റെ 100 ശതമാനം ഓഹരികൾ രത്തൻഇന്ത്യ എന്റർപ്രൈസസ് ലിമിറ്റഡ് പോയവർഷം സ്വന്തമാക്കിയിരുന്നു.

RV400 എന്ന ഒറ്റ മോഡല്‍ മാത്രമാണ് നിലവിൽ റിവോള്‍ട്ട് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് (AI) സാങ്കേതികവിദ്യയുമായി എത്തിയ ബൈക്ക് എന്ന വിശേഷണത്തിനും ഇ-മോട്ടോർസൈക്കിൾ അർഹമാണ്. 72V, 3.24kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്കാണ് മോഡലിന്റെ ഹൃദയം. ഇത് 3kW മിഡ്-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുമായാണ് കമ്പനി ജോടിയാക്കിയിരിക്കുന്നതും. RV400 ഇവിക്ക് പരമാവധി 85 കിലോമീറ്റർ വേഗത വരെ പുറത്തെടുക്കാനാവും.
ഇക്കോ, നോര്‍മല്‍, സ്പോര്‍ട്ട് എന്നിവയുള്‍പ്പെടെ മൂന്ന് റൈഡിംഗ് മോഡുള്ള റിവോൾട്ട് ഇവിയുടെ ലിഥിയം അയണ്‍ ബാറ്ററി 4.5 മണിക്കൂറിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഈ റൈഡിംഗ് മോഡുകളും വ്യത്യസ്ത പെർഫോമൻസ് കണക്കുകളാണ് നൽകുന്നത്. പൂര്‍ണ ചാര്‍ജില്‍ 150 കിലോമീറ്റര്‍ റേഞ്ചാണ് ഇലക്ട്രിക് മോട്ടോർസൈക്കിളിന് വാഗ്‌ദാനം ചെയ്യാനാവുന്നത്. കണക്റ്റിവിറ്റി ഫീച്ചറുകളാലും മോഡൽ സമ്പന്നമാണ്.

ജിയോഫെൻസിംഗ്, കസ്റ്റമൈസ്ഡ് ശബ്‌ദങ്ങൾ, ബൈക്ക് ഡയഗ്‌നോസ്റ്റിക്‌സ്, ബാറ്ററി സ്റ്റാറ്റസ്, റൈഡ് ഡാറ്റ തുടങ്ങിയ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന മൈറിവോൾട്ട് കണക്റ്റിവിറ്റി ആപ്പും ഇലക്ട്രിക് മോട്ടോർസൈക്കിളിന് ലഭിക്കുന്നു. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാലും ആള് കുറച്ച് സമ്പന്നനാണെന്ന് മനസിലാവും. സസ്പെഷൻ സജ്ജീകരണത്തിനായി മുൻവശത്ത് അപ്സൈഡ് ഡൗൺ ഫോർക്കുകളും (USD) പിന്നിൽ പൂർണ്ണമായും ക്രമീകരിക്കാവുന്ന മോണോഷോക്കുമാണ് കമ്പനി അവതരിപ്പിക്കുന്നത്.
അതേസമയം ബ്രേക്കിംഗിനായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കും ഡ്യുവൽ ചാനൽ എബിഎസും റിവോൾട്ട് RV400 ഇലക്ട്രിക് വാഗ്ദാനം ചെയ്യുന്നുണ്ട്. സിംഗിള്‍ സീറ്റ്, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, ഡിജിറ്റിൽ ക്ലസ്റ്റർ എന്നിവ ഇതിന്റെ സവിശേഷതകളാണ്. വലിയ ഗ്രാബ് റെയിലുകള്‍, ബ്ലാക്ക്-ഔട്ട് അലോയ് വീലുകള്‍ എന്നീ സവിശേഷതകളും കമ്പനി നൽകുന്നുണ്ട്. 1.25 ലക്ഷം രൂപയാണ് മോഡലിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.


Click it and Unblock the Notifications