ഇന്ത്യൻ ജേഴ്‌സി കളറിൽ 150 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് ബൈക്ക് വാങ്ങാം, സർപ്രൈസ് ഒരുക്കി റിവോൾട്ട്
ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾക്കും ഇന്ത്യയിൽ സാധ്യതയുണ്ടെന്ന് തെളിയിച്ചവരാണ് റിവോൾട്ട് മോട്ടോർസ് എന്ന രത്തൻ ഇന്ത്യയുടെ ഭാഗമായ ഇവി വാഹന നിർമാതാക്കൾ. ഇവി രംഗത്ത് സ്‌കൂട്ടറുകൾ അരങ്ങുവാഴുന്ന കാലത്താണ് തന്റേതായ ശൈലിയിൽ ഉയത്തിപ്പിടിച്ച് RV400 തരംഗമായത്.
ഗിയർ ഉണ്ടെങ്കിലേ അതൊരു ബൈക്കായി കാണാനാവൂവെന്ന അന്ധവിശ്വാസം പൊളിച്ചെഴുതാനും റിവോൾട്ട് RV400 ഇവിക്കായി. കേരളത്തിലുൾപ്പടെ ഇന്ത്യയിൽ വൻ ഹിറ്റായി മാറിയ മോഡൽ ഏറെ നാളായി വിപണിയിലുണ്ട്. നിരത്തുകളിലും അങ്ങിങ്ങായി ആളെക്കാണാനാവും എന്നതിനാൽ പ്രത്യേകിച്ച് ആമുഖമൊന്നും ആവശ്യമായി വരില്ല. അടിക്കടി മോഡൽ നിരയിൽ ചില പരിഷ്ക്കാരങ്ങളൊക്കെ കൊണ്ടുവന്ന് സജീവമായി നിൽക്കാനും കമ്പനി ശ്രമിക്കാറുണ്ട്.

ക്രിക്കറ്റ് പൂരത്തിന്റെ ആവേശം നാട്ടിലെങ്ങും അലയടിക്കുമ്പോൾ രത്തൻഇന്ത്യ എന്റർപ്രൈസസിന്റെ ഭാഗമായ റിവോൾട്ട് മോട്ടോർസ് പുതിയ RV400 ക്രിക്കറ്റ് സ്‌പെഷ്യൽ എഡിഷൻ ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കി ശ്രദ്ധനേടുകയാണ്. വരാനിരിക്കുന്ന ഉത്സവ സീസണിൽ ഈ മോഡൽ ഓളമുണ്ടാക്കുമെന്ന പ്രതീക്ഷയും കമ്പനിക്കുണ്ട്. ഇന്ത്യ ബ്ലൂ എന്ന കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങിയാണ് ഇവി രംഗത്തെത്തിയിരിക്കുന്നത്.
RV400 ഇലക്‌ട്രിക് മോട്ടോർസൈക്കിളിന്റെ ക്രിക്കറ്റ് സ്പെഷ്യൽ എഡിഷന് ഇന്ത്യയിൽ 1.55 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരുന്നത്. ചാർജർ ഉൾപ്പെടെയുള്ള വിലയാണ് ഇതെന്നും കമ്പനി പറയുന്നു. ഇത് ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികൾക്കായി മാത്രമായി രൂപകൽപ്പന ചെയ്തിട്ടുള്ളതും 2023 പുരുഷ ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിന്റെ സന്തോഷത്തിനായുമാണ് പുറത്തിറക്കിയിരിക്കുന്നതെന്ന് റിവോൾട്ട് പറയുന്നു.

RV400 ഇലക്ട്രിക് മോട്ടോർസൈക്കിളിന് ഇന്ത്യൻ ജേഴ്സി നിറമായ പുതിയ 'ഇന്ത്യ ബ്ലൂ' ഷേഡാണ് ലഭിക്കുന്നത്. ഇവിയുടെ സ്പെഷ്യൽ എഡിഷൻ പതിപ്പ് 2023 ഒക്ടോബർ 24 മുതൽ വിൽപ്പനയ്‌ക്കെത്തും. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനു വേണ്ടി വൈദ്യുത ബൈക്കിന് പ്രത്യേക ക്യാഷ് ഡിസ്‌കൌണ്ടുമുണ്ട്. അതായത് പരിമിത കാലത്തേക്ക് 1.40 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയായിരിക്കും RV400-ന് ഉണ്ടായിരിക്കുക.
ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ സ്റ്റാൻഡേർഡ് വേരിയന്റുകൾക്ക് 16,000 സംസ്ഥാന സബ്‌സിഡിയും 5,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും സഹിതം ഡൽഹിയിൽ എക്‌സ്‌ഷോറൂം വില 1.19 ലക്ഷം രൂപയായി കുറഞ്ഞു. ഇ-ബൈക്കിന് പ്രീമിയം ലുക്ക് കൊണ്ടുവരാനാണ് സ്പെഷ്യൽ എഡിഷൻ വേരിയന്റിലെ ഇന്ത്യ ബ്ലൂ ഗ്ലോസി ഫിനിഷ് ലക്ഷ്യമിടുന്നത്. ഈ കോസ്മെറ്റിക് നവീകരണം ഒഴികെ മോഡലിലെ മറ്റ് മെക്കാനിക്കലുകൾ അതേപടി തുടരുകയാണ് ചെയ്യുന്നത്.

കൂടാതെ RV400 സ്പെഷ്യൽ എഡിഷൻ സ്റ്റാൻഡേർഡ് പതിപ്പിന്റെ അതേ ഡിസൈനും സവിശേഷതകളും തുടരുന്നു. RV400-ന് വേണ്ടിയുള്ള റിവോൾട്ട് ഇന്ത്യയുടെ ഈ വർഷത്തെ രണ്ടാമത്തെ പ്രത്യേക പതിപ്പാണിത്. കമ്പനി നേരത്തെ ഇ-ബൈക്കിൽ പുതിയ സ്റ്റെൽത്ത് ബ്ലാക്ക് എഡിഷനും അവതരിപ്പിച്ചിരുന്നു. 3kW മിഡ് മൗണ്ടഡ് മോട്ടോറാണ് മോഡലിൽ പ്രവർത്തിക്കുന്നത്. ഇതിലൂടെ പരമാവധി 5kW പീക്ക് പവർ ഔട്ട്പുട്ടും ഉത്പാദിപ്പിക്കാനും വൈദ്യുത വാഹനത്തിനാനും.
റിമൂവബിൾ 3.24kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് റിവോൾട്ട് RV400 ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഹൃദയം. ഇക്കോ, സ്‌പോർട്ട്, പവർ എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളിലൂടെ പരമാവധി 150 കിലോമീറ്റർ വരെ റേഞ്ച് നൽകാനും ബൈക്കിനാവും. അതേസമയം 85 കിലോമീറ്ററിന്റെ ടോപ്പ് സ്പീഡാണ് റിവോൾട്ട് RV400 ഇവിക്കുള്ളത്. നാലര മണിക്കൂര്‍ സമയത്തിനുള്ളിൽ ഇലട്രിക് ബൈക്കിന്റെ ബാറ്ററി പൂർണ ശേഷിയിൽ ചാർജ് ചെയ്യാനും സാധിക്കും എന്നതാണ് ശ്രദ്ധേയം.

മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ റിവോൾട്ട് RV400 ഇവിയുടെ സസ്‌പെൻഷൻ കൈകാര്യം ചെയ്യുന്നതിനായി അപ്സൈഡ് ഡൌൺ ഫ്രണ്ട് ഫോർക്കുകളും (USD) പിന്നിൽ മോണോഷോക്ക് സജ്ജീകരണവുമാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിംഗിലേക്ക് നോക്കിയാൽ രണ്ട് വീലുകളിലും ലക്ട്രിക് മോട്ടോർസൈക്കിൾ സിംഗിൾ ഡിസ്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അധിക സുരക്ഷക്കായി കോമ്പി ബ്രേക്കിംഗ് സിസ്റ്റവും കമ്പനി ഒരുക്കിയിട്ടുണ്ട്.
ഇന്ത്യൻ വിപണിയിലെ ഏറ്റവും പ്രായോഗികമായ ഇലക്‌ട്രിക് മോട്ടോർസൈക്കിളുകളിൽ ഒന്നാണ് RV400. എൽഇഡി ഹെഡ്‌ലൈറ്റ്, ഡിജിറ്റൽ കൺസോൾ, ടാങ്ക് ഏരിയയ്ക്ക് സമീപമുള്ള സ്റ്റോറേജ് സ്പേസ്, സ്പീക്കറുകൾ എന്നിവയെല്ലാം ഇവിയുടെ പ്രായോഗികത വർധിപ്പിക്കുന്നുണ്ട്. ശബ്ദമില്ലെന്ന പോരായ്മ നികത്തണമെന്നുള്ളവര്‍ക്ക് ഫൂട് പെഗുകള്‍ക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന സ്പീക്കറിലൂടെ മോട്ടോര്‍സൈക്കിള്‍ ശബ്ദങ്ങള്‍ പുറപ്പെടുവിപ്പിക്കാനും സാധിക്കും. നിലവിൽ ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 35 ഡീലർഷിപ്പുകൾ റിവോൾട്ടിനുണ്ട്.


Click it and Unblock the Notifications








