സ്‌കൂട്ടറുകളിലെ 'കൂലി നമ്പർ വൺ'; പണിയെടുക്കാൻ റിവർ ഇൻഡി നിരത്തുകളിൽ, ഒറ്റ ചാർജിൽ 125 കി.മീ ഓടാം
ഇന്ത്യയിൽ സ്‌കൂട്ടറുകൾ എങ്ങനെ ഇത്രയും ജനപ്രിയരായി എന്നു ചോദിച്ചാൽ അതിനുള്ള ഉത്തരം പ്രാക്‌ടിക്കാലിറ്റി അഥവാ പ്രായോഗികതയാണെന്ന് നിസംശയം പറയാം. ഒന്നു കടയിൽ പോയാൽ സാധാനങ്ങൾ കുത്തിനിറച്ച് വീട്ടിലെത്തിക്കാൻ ഏത് ബൈക്കിൽ പറ്റും?
ഹാൻഡിൽ ബാറിലെല്ലാം തൂക്കിയിട്ട് സ്റ്റൈൽ കളയാൻ താത്പര്യമില്ലാത്തവരാണല്ലോ നമ്മളെല്ലാം. അവിടെയാണ് സ്‌കൂട്ടറുകൾ വിജയം കണ്ടെത്തിയത്. സീറ്റിനടിയിലും ഫ്ലോർബോർഡിലും എല്ലാം സാധനം കയറി കൂളായി പോവാം. എന്തിന് ഗ്യാസ് കുറ്റി വരെ മുന്നിൽവെച്ച് കൊണ്ടുപോവാൻ കഴിയുന്നതാണ് ഇവരുടെ വിജയം. മുടക്കുന്ന കാശിന് പണിയെടുപ്പിക്കാൻ ഇന്ത്യക്കാരെ കഴിഞ്ഞേയുള്ളൂ ആളുകൾ. അങ്ങനെ എല്ലാ വീടുകളിലും ഒരു കൂലി തൊഴിലാളി (സ്‌കൂട്ടർ) പണിയെടുത്ത് പ്രധാനിയായി നിൽക്കുകയാണ്.

അപ്പോഴാണ് പെട്രോൾ വില സെഞ്ചുറിയടിച്ച് നമുക്കിട്ട് പണിതന്നത്. അപ്പോഴേക്കും വിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾ വളരെ സജീവമാവുകയും ചെയ്‌തിരുന്നു. അങ്ങനെ മിക്കവരും ഇ-സ്‌കൂട്ടറുകളിലേക്ക് ചേക്കേറി തുടങ്ങി. ഇന്നൊരു 1.50 ലക്ഷം രൂപയൊക്കെ മുടക്കിയാൽ 150 കിലോമീറ്റർ റേഞ്ചുള്ള മോഡലുകളൊക്കെ കൂടെപ്പോരും. ഇപ്പോൾ വിപണിയിൽ ലഭ്യമായ പല ഇലക്ട്രിക് സ്കൂട്ടറുകളും പലതരം സെഗ്മെന്റുകളിലാണ് അവരവരുടെ മുദ്ര പതിപ്പിച്ചിരിക്കുന്നത്.
കൂടുതൽ റേഞ്ച്, കൂടുതൽ വേഗത, വിലക്കുറവ് എന്നിങ്ങനെ പലതരം ഐഡികളാണ് ആളെക്കൂട്ടാൻ ഇവർ പരീക്ഷിക്കുന്നത്. ഇവിടെയാണ് വിപണിലേക്ക് റിവർ ഇൻഡി എന്ന എസ്‌യുവി സ്‌കൂട്ടർ കടന്നുവരുന്നത്. ഇതുവരെ നാം കണ്ടതിൽ വെച്ച് ഏറെ വ്യത്യസ്‌തനാണ് ആളെന്നു വേണം പറയാൻ. ധാരാളം സ്റ്റോറേജ് സ്പേസ്, പാനിയര്‍ മൗണ്ടുകള്‍, ക്രാഷ് ഗാര്‍ഡ് തുടങ്ങി വൈദ്യുത സ്‌കൂട്ടറുകളില്‍ അങ്ങനെ കണ്ടുവരാത്ത സംവിധാനങ്ങൾ കോർത്തിണക്കിയാണ് ഇൻഡിയുടെ വരവ്.

ഇവികളിലെ ചുമട്ടുകാരൻ അല്ലെങ്കിൽ കൂലി നമ്പർ വൺ എന്ന് റിവർ ഇൻഡിയെ വിശേഷിപ്പിച്ചാലും തെറ്റുപറയാനാവില്ല. മസിൽ രൂപവും സാധനങ്ങൾ ആവശ്യത്തിലധികം കയറ്റാനുള്ള സ്പേസുമെല്ലാം മോഡലിനെ വരും ദിവസങ്ങളിൽ ട്രെൻഡാക്കും. അവതരണവും വില പ്രഖ്യാപനവുമെല്ലാം ഏറ്റെടുത്ത ആരാധകരിലേക്ക് സ്‌കൂട്ടറിനായുള്ള ഡെലിവറിയും ആരംഭിച്ചിരിക്കുകയാണ് കമ്പനി.
ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിർമാതാക്കളായ റിവർ തങ്ങളുടെ കന്നി ഇലക്ട്രിക് സ്‌കൂട്ടറായ ഇൻഡിയുടെ ഡെലിവറി ബെംഗളൂരുവിലാണ് ആരംഭിച്ചിരിക്കുന്നത്. പ്രീ-ഓർഡർ നൽകിയ ഉപഭോക്താക്കളുടെ ആദ്യ ഗ്രൂപ്പിന് ഇവിയുടെ താക്കോലുകൾ ഔദ്യോഗികമായി ബ്രാൻഡ് കൈമാറി. ഈ വർഷം ഫെബ്രുവരിയിലാണ് ഇലക്ട്രിക് സ്കൂട്ടറുകളിലെ എസ്‌യുവിയെ രാജ്യത്ത് അവതരിപ്പിക്കുന്നത്.

തുടർന്ന് ഓഗസ്റ്റിൽ ഹോസ്‌കോട്ടിലെ കമ്പനിയുടെ അത്യാധുനിക നിർമാണ കേന്ദ്രത്തിൽ പ്രൊഡക്ഷനും ആരംഭിച്ചിരുന്നു. അവതരണ വേളയിൽ പ്രഖ്യാപിച്ച വിലയിൽ തന്നെയാണ് ആദ്യ ബാച്ചിന്റെ ഡെലിവറി തുടങ്ങിയിരിക്കുന്നത്. അതായത് ഇൻഡി ഇവിയുടെ വില റിവർ ഉടൻ പരിഷ്ക്കരിക്കാൻ പോവുകയാണെന്നാണ് പറഞ്ഞുവരുന്നത്. FAME II സബ്‌സിഡിയിലെ ഏറ്റവും പുതിയ പരിഷ്‌കാരങ്ങളുടെ പശ്ചാത്തലത്തിലാണ് വില വർധന പരിഗണിക്കുന്നത്.
ആദ്യ ബാച്ച് ഉപഭോക്താക്കൾക്ക് ഉൽപ്പന്നം ആദ്യം പ്രഖ്യാപിച്ച വിലയായ 1.25 ലക്ഷത്തിന് തന്നെയാണ് കൈമാറിയത്. ഇൻഡി ഇലക്ട്രിക് സ്കൂട്ടറിൽ 4 kWh ബാറ്ററി പായ്ക്കുമായാണ് വരുന്നത്. 6.7 kWh ശേഷിയുള്ള ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ബാറ്ററിക്ക് പരമാവധി 26 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. ഒരു ബെൽറ്റ് ഡ്രൈവ് വഴി പിൻ ചക്രത്തിലേക്ക് പവർ അയയ്‌ക്കുന്ന വാഹനത്തിന് പരമാവധി 90 കിലോമീറ്റർ വേഗതയാണുള്ളത്.

വെറും 3.9 സെക്കൻഡിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ റിവർ ഇൻഡിക്ക് സാധിക്കുമ്പോൾ ഒറ്റ ചാർജിൽ 120 കി.മീ റേഞ്ചാണ് ഇവിയിൽ കമ്പനി അവകാശപ്പെടുന്നത്. മണ്‍സൂണ്‍ ബ്ലു, സമ്മര്‍ റെഡ്, സ്പ്രിംഗ് യെല്ലോ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഡിസൈനിലെ വലിപ്പം തന്നെയാണ് പ്രധാന ആകർഷണം. ഒറ്റനോട്ടത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റുന്ന അസാധാരണമായ രൂപകല്പന വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചയാവുമെന്നും ഉറപ്പാണ്.
ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും എൽഇഡി ടെയിൽ ലൈറ്റുകളുമുള്ള ഡ്യുവൽ ഫ്രണ്ട് എൽഇഡി ഹെഡ്‌ലാമ്പുകളാണ് റിവർ ഇൻഡിയുടെ മുൻവശത്തെ ഹൈലൈറ്റ്. 6 ഇഞ്ച് വലിപ്പമുള്ള പൂർണ ഡിജിറ്റൽ കളർ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വിശാലമായ 20 ഇഞ്ച് ഫുട്‌ബോർഡ്, 43 ലിറ്റർ അണ്ടർ-സീറ്റ് ബൂട്ട് സ്പേസ്, 12 ലിറ്റർ ഗ്ലോവ് ബോക്സ് എന്നീ സവിശേഷതകളാണ് വാഹനത്തെ വേറിട്ടു നിർത്തുന്ന കാര്യങ്ങൾ.

ക്രാഷ് ഗാര്‍ഡുകളും ഫ്രണ്ട് ഫൂട്ട്പെഗുകളും പോലുള്ള മറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ കണ്ടുവരാത്ത ചില ഫീച്ചറുകളും ഇന്‍ഡിയുടെ പ്രത്യേകതയാണ്. ട്യൂബ്‌ലെസ് ടയറുകളുള്ള 14 ഇഞ്ച് അലോയ് വീലുകളിലാണ് ഇലക്ട്രിക് സ്‌കൂട്ടർ നിരത്തിലെത്തുന്നത്. ബ്രേക്കിംഗിനായി മുൻവശത്ത് 240 mm ഡിസ്‌ക് ബ്രേക്കും പിന്നിൽ 200 mm ഡിസ്‌ക്കും ലഭിക്കും. സസ്‌പെൻഷനായി റിവർ ഇൻഡി സ്‌കൂട്ടറിന് മുൻവശത്ത് ടെലിസ്‌കോപ്പിക് സജ്ജീകരണവും പിന്നിൽ ഡ്യുവൽ ഹൈഡ്രോളിക് സംവിധാനവുമാണ് ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications








