പഴയ എൻഫീൽഡ് ബൈക്ക് കമ്പനിക്ക് വിൽക്കാം, മുടക്കിയതിന്റെ 77 ശതമാനം വരെ വിലയും കിട്ടും; പക്ഷേ നിബന്ധനയുണ്ട്
പുരുഷൻമാർക്കും സ്ത്രീകൾക്കും വയസായവർക്കും യൂത്തിനും ഒരേപോലെ ഇഷ്‌ടമുള്ള ഇരുചക്ര വാഹന നിർമാതാക്കൾ ആരെന്ന് ചോദിച്ചാൽ മറ്റൊന്നും ചിന്തിക്കാതെ നമുക്ക് പറയാനാവുന്ന പേരാണ് റോയൽ എൻഫീൽഡിന്റേത്. ഐക്കണിക് മോട്ടോർസൈക്കിൾ ബ്രാൻഡ് പലർക്കും ക്ലാസിക് ബൈക്കുകളുടെ പര്യായമാണ്. ഇന്ന് മോഡേൺ കാലഘട്ടത്തിലേക്ക് കടന്നുവെങ്കിലും റെട്രോ ചാരുത അതേപടി നിലനിർത്താനും കമ്പനിക്കായിട്ടുണ്ട്.
വെറും വികാരമല്ല എൻഫീൽഡ് ബൈക്കുകൾ (Royal Enfield) എന്ന് തെളിയിച്ച വർഷങ്ങളാണ് കടന്നുപോവുന്നത്. മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിലേക്ക് ഹോണ്ട, ബജാജ്, യെസ്ഡി, ജാവ, ട്രയംഫ്, ഹാർലി ഡേവിഡ്സൺ പോലുള്ള വമ്പൻ എതിരാളികൾ കടന്നുവന്ന ഘട്ടത്തിൽ പോലും വിൽപ്പന കൂടുന്നതല്ലാതെ കുറയുന്നില്ലെന്നത് റോയൽ എൻഫീൽഡിന്റെ പ്രതാപത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. ഉപഭോക്താക്കളുടെ വിശ്വാസം നേടി മുന്നോട്ടു പോവാനും ബ്രാൻഡിനായിട്ടുണ്ട്.

ഇപ്പോൾ ഉടമകളുമായി കൂടുതൽ അടുക്കുന്നതിനായുള്ള ശ്രമങ്ങളും കമ്പനിയുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നുണ്ട്. റോയൽ എൻഫീൽഡിനെ പുനരുജ്ജീവിപ്പിക്കാനും ബൈക്ക് പ്രേമികൾക്കിടയിൽ ബ്രാൻഡിന് പുതിയൊരു മുഖം നൽകാനുമായി പുതിയൊരു പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഒടിഒ ക്യാപിറ്റലുമായി സഹകരിച്ച് 'അഷ്വേർഡ് ബൈബാക്ക് പ്രോഗ്രാം' എന്ന പുതിയ പ്രോഗ്രാം അവതരിപ്പിച്ചത് വിപണിയിൽ ശ്രദ്ധനേടുകയാണ്.
ബ്രാൻഡിന്റെ കൺസ്യൂമർ എക്‌സ്‌പീരിയൻസ് പ്രോഗ്രാമിന് കീഴിൽ ആരംഭിച്ച ഈ സംരംഭം ഇന്ത്യയിലെ മിഡ്-സൈസ് മോട്ടോർസൈക്കിൾ വിഭാഗത്തെ കൂടുതൽ വളർത്താനും വികസിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ്. അഷ്വേർഡ് ബൈബാക്ക് പ്രോഗ്രാം ഉപഭോക്താവിന് തടസരഹിതമായ ഉടമസ്ഥാവകാശമാണ് വാഗ്ദാനം ചെയ്യുന്നത്. പ്രവേശനക്ഷമത വർധിപ്പിക്കുകയും റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളിലേക്കുള്ള നവീകരണം ലഘൂകരിക്കുകയും ചെയ്യുന്നതിനും ഇത് സഹായിക്കും.

ഈ സംരംഭത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് ഒന്ന് മുതൽ മൂന്ന് വർഷം വരെ നീളുന്ന ഫ്ലെക്സിബിൾ കാലാവധി ഓപ്‌ഷനുകളും വാഗ്ദാനം ചെയ്യുന്നു. 45 ശതമാനം വരെ കുറഞ്ഞ ഇഎംഐകൾ, മോട്ടോർസൈക്കിളിന്റെ കാലാവധിയെ ആശ്രയിച്ച് 77 ശതമാനം വരെ ബൈബാക്ക് വാല്യു, ഒപ്പം ക്യാഷ്ബാക്ക് ഇൻസെന്റീവും കാലാവധിയുടെ അവസാനം ലഭിക്കുന്ന വിധമാണ് റോയൽ എൻഫീൽഡ് അഷ്വേർഡ് ബൈബാക്ക് പ്രോഗ്രാം അവതരിപ്പിച്ചിരിക്കുന്നത്.
അഷ്വേർഡ് ബൈബാക്ക് കാലാവധി അവസാനിക്കുമ്പോൾ ഉപഭോക്താക്കൾക്ക് ഒന്നിലധികം ഓപ്ഷനുകളും തെരഞ്ഞെടുക്കാനുള്ള അവസരം ഒരുങ്ങും. ഒരു പുതിയ റോയൽ എൻഫീൽഡ് ബൈക്കിനായി മോട്ടോർസൈക്കിൾ ട്രേഡ് ചെയ്യാൻ വരെ ഇതിലൂടെ സാധിക്കും. ഇനി അതേ ബൈക്ക് തന്നെ മതിയെങ്കിലും പ്ലാൻ മുന്നോട്ട് കൊണ്ടുപോവാം. ഇനി കമ്പനിക്ക് തന്നെ വാഹനം നൽകാനും അവസരമുണ്ട്.

കണ്ടീഷൻ അനുസരിച്ച് 77 ശതമാനം വരെ ബൈ ബാക്ക് മൂല്യവും ലഭിക്കും. പ്രോഗ്രാമിന്റെ ഭാഗമായി ഉപഭോക്താവിന്റെ ഏറ്റവും വലിയ നേട്ടം അവരുടെ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളിന്റെ ഗ്യാരണ്ടീഡ് ബൈബാക്ക് മൂല്യത്തോടൊപ്പം കുറഞ്ഞ പ്രതിമാസ ഇഎംഐകളാണെന്നും കമ്പനി പറയുന്നു. ഈ പുതിയ പദ്ധതി വിജയമായാൽ അത് കമ്പനിയെ സംബന്ധിച്ച് വലിയ നേട്ടമാവും.
നിലവിൽ തകരാറുകളെ കുറിച്ചും വാങ്ങിയാൽ പിന്നീട് കൊടുക്കുമ്പോഴുണ്ടാവുന്ന നഷ്‌ടത്തെ പറ്റിയും വിചാരിച്ച് ബ്രാൻഡിലേക്ക് അടുക്കാത്തവരേയും പ്ലാൻ ആകർഷിച്ചേക്കാം. ഡൽഹി, ഗാസിയാബാദ്, നോയിഡ, ലഖ്‌നൗ, ജയ്പൂർ, ഭോപ്പാൽ, ഇൻഡോർ, അഹമ്മദാബാദ്, പൂനെ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നിങ്ങനെ 12 നഗരങ്ങളിലെ ഡീലർഷിപ്പുകളിൽ അഷ്വേർഡ് ബൈബാക്ക് പ്രോഗ്രാം ഇപ്പോൾ ലഭ്യമാണ്.

കൂടുതൽ നഗരങ്ങളെ പിന്നീട് പട്ടികയിൽ ചേർക്കുമെന്നും റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കൾ ഉറപ്പ് നൽകിയിട്ടുണ്ട്. ഉത്സവ സീസണിനോട് അനുബന്ധിച്ച് തങ്ങളുടെ മീറ്റിയോർ 350 ക്രൂയിസർ ബൈക്കിലേക്ക് പുത്തനൊരു വേരിയന്റിനെ കൂടി കമ്പനി അവതരിപ്പിച്ചു. അറോറ എന്ന പുത്തൻ വേരിയന്റാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റെല്ലാർ, സൂപ്പർനോവ വേരിയന്റുകൾക്ക് ഇടയിലായിരിക്കും ഇതിന്റെ സ്ഥാനം. 2.20 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്.


Click it and Unblock the Notifications








