മാമ്പൂ കണ്ടും എൻഫീൽഡ് കണ്ടും കൊതിക്കേണ്ട ഹാർലി, ഒരു ക്ലാസിക് 650 ഐറ്റം കൂടി വരുന്നുണ്ട്
ഇന്ത്യയിലെ മിഡ് കപ്പാസിറ്റി മോട്ടോർസൈക്കിൾ ശ്രേണിയിൽ കിരീടം വെക്കാത്ത രാജാവാണ് റോയൽ എൻഫീൽഡ്. 350 സിസി മുതൽ 650 സിസി വരെയുള്ള സെഗ്മെന്റിൽ കമ്പനിയുടെ കുത്തക തകർക്കാൻ സാക്ഷാൽ ഹോണ്ടക്ക് പോലും ഇതുവരെ സാധിച്ചില്ലെന്നു വേണം പറയാൻ. ക്ലാസിക് 350 ശ്രേണിയെ പൂട്ടാൻ കൊണ്ടുവന്ന ഹൈനസ് CB350 സീരീസ് ഹിറ്റായെങ്കിലും വിൽപ്പനയുടെ കാര്യത്തിൽ എൻഫീൽഡിനോട് കിടപിടിക്കാൻ ഇതുവരെ സാധിച്ചില്ല.
ഇതിനിടയിൽ ബജാജും യെസ്‌ഡിയും ജാവയും വരെ പല പരീക്ഷണങ്ങളും നടത്തിയെങ്കിലും ഒന്നും വിലപ്പോയില്ല. ഈ മത്സരം ഇവിടെ അവസാനിക്കുന്നില്ലെന്നതാണ് രസകരമായ കാര്യം. വിദേശ കമ്പനികളെ കൂട്ടുപിടിച്ച് എൻഫീൽഡിനെ താഴെയിറക്കാനാണ് ഇപ്പോഴത്തെ ശ്രമം. ബജാജ്-ട്രയംഫ് കൂട്ടുകെട്ട്, ഹാർലി-ഹീറോ പങ്കാളിത്തം, അൽപം പഴഞ്ചനാണെങ്കിലും ടിവിഎസ്-ബിഎംഡബ്ല്യു ബന്ധം എന്നിവയെല്ലാം ഇതിനുള്ള ഉദാഹരണങ്ങൾ മാത്രം. എന്തിന് വരുന്നവരുടേയും പോകുന്നവരുടെയുമെല്ലാം നോട്ടം എൻഫീൽഡിന്റെ തട്ടകം തന്നെയാണ്.

അത്രയേറെ ആവശ്യക്കാരാണ് ഇപ്പോൾ ഈ സെഗ്മെന്റിലേക്ക് ഒഴുകിയെത്തുന്നത്. നേരത്തെ ഉണ്ടായിരുന്ന പോരായ്‌മകളും കുറ്റങ്ങളും കുറവുകളുമെല്ലാം നികത്തിയാണ് റോയൽ എൻഫീൽഡ് ഇപ്പോൾ മോഡലുകൾ ഇറക്കുന്നത്. ഇതുകൂടാതെ 450 എന്നൊരു പുതിയ വിഭാഗത്തെ കൂടി അവതരിപ്പിക്കാനുള്ള നീക്കങ്ങളാണ് കമ്പനിയുടെ ഭാഗത്തുനിന്ന് ഇപ്പോഴുള്ളത്. ഹിമാലയനായിരിക്കും ഇതിന്റെ തുടക്കം. അതോടൊപ്പം തന്നെ 650 ശ്രേണിയെ കൂടി വിപുലീകരിക്കാനുള്ള നീക്കങ്ങളും എൻഫീൽഡ് തുടങ്ങി കഴിഞ്ഞു.
ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി എന്നീ രണ്ട് ഇരട്ട മോഡലുകൾ 650 സിസി സെഗ്മെന്റിൽ തീർത്ത വിപ്ലവം ഏറ്റെടുത്ത് സൂപ്പർ മീറ്റിയോറും അടുത്തിടെ കടന്നുവന്നിരുന്നു. ഇപ്പോഴിതാ എൻഫീൽഡിനെ ഇന്നത്തെ നിലയിലെത്തിച്ച ക്ലാസിക് ബുള്ളറ്റും 650 പാരലൽ ട്വിൻ ലോകത്തേക്ക് ചേക്കേറുകയാണ്. ഇതിന്റെ ഭാഗമായി പരീക്ഷണയോട്ടം നടത്തുന്ന മോഡലിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ക്ലാസിക് 350 പതിപ്പുമായി ധാരാളം സമാനതകളുണ്ടെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം.

പക്ഷേ വലിപ്പം കൂടിയ ഈയൊരു ഡിസൈൻ ശരിക്കും ക്ലാസിക് ബൈക്കുകളുടെ അവസാന വാക്കാവുമെന്ന് ഉറപ്പിക്കാം. ക്രോമിന്റെ അതിപ്രസരം റോയൽ എൻഫീൽഡ് ശരിക്കും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഒപ്പം വയർ-സ്‌പോക്ക് വീലുകളും ക്ലാസിക് ശൈലി ഉയർത്തിപ്പിടിക്കുന്നു. എന്നാൽ സൂപ്പർ മീറ്റിയോറിലെല്ലാം കണ്ടതുപോലുള്ള LED ഹെഡ്‌ലൈറ്റാണ് പുതിയ പാരലൽ ട്വിൻ എഞ്ചിനുള്ള ക്ലാസിക്കിലേക്ക് എത്തിയിരിക്കുന്നത് എന്നകാര്യം തികച്ചും രസകരമാണ്. ഹാലൊജൻ ഹെഡ്‌ലൈറ്റിനെ പ്രീമിയം ശ്രേണിയിൽ നിന്നും കമ്പനി പൂർണമായും ഒഴിവാക്കുന്നതിന്റെ തെളിവാണിത്.
ക്ലാസിക് 350 മോഡലിൽ നിന്നുള്ള കളർ TFT ഡിസ്‌പ്ലേ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ട്രിപ്പർ നാവിഗേഷൻ ഡിസ്‌പ്ലേ, രണ്ട് ട്രിപ്പ് മീറ്ററുകൾ, സ്വിച്ച് ഗിയർ എന്നിവയെല്ലാം650 പ്ലാറ്റ്ഫോമിലേക്കും ബ്രാൻഡ് കടംകൊള്ളും. മെക്കാനിക്കലായി നോക്കിയാൽ റോയൽ എൻഫീൽഡിന്റെ ലൈനപ്പിലെ ഏറ്റവും ലളിതമായ 650 സിസി മോഡലുകളിൽ ഒന്നായിരിക്കും ക്ലാസിക് 650 എന്നാണ് പ്രതീക്ഷിക്കുന്നത്.

മറ്റ് ബൈക്കുകളിൽ നിന്നും വ്യത്യസ്‌തമായി മുൻവശത്ത് ഒരു ടെലിസ്‌കോപ്പിക് ഫോർക്കുകളാണ് ക്ലാസിക് മോഡൽ ഉപയോഗിക്കുന്നത്. അതേസമയം പിന്നിൽ ട്വിൻ-ഷോക്ക് അബ്സോർബർ സജ്ജീകരണവും ബ്രാൻഡ് കോർത്തിണക്കിയിട്ടുണ്ട്. ബ്രേക്കിംഗിനായി മുന്നിലും പിന്നിലും ഡിസ്‌ക് യൂണിറ്റുകളായിരിക്കും ഉപയോഗിക്കുക. സ്റ്റാൻഡേർഡ് ഡ്യുവൽ ചാനൽ എബിഎസും (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ബൈക്കിലുണ്ടാകും.
ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ GT 650 എന്നിവയിൽ കാണപ്പെടുന്ന നിലവിലെ അതേ 648 സിസി പാരലല്‍ ട്വിന്‍ എഞ്ചിൻ തന്നെയാവും പുതിയ ക്ലാസിക് 650 പതിപ്പിലും റോയൽ എൻഫീൽഡ് ഉപയോഗിക്കുക. ട്വിൻസിൽ ഈ യൂണിറ്റ് 47.5 bhp പവറിൽ 52 Nm torque വരെയാണ് ഉത്പാദിപ്പിക്കുന്നത്. എന്നാൽ വരാനിരിക്കുന്ന ബൈക്കിലെ എഞ്ചിൻ കമ്പനി റീട്യൂൺ ചെയ്യുമെന്ന് ഉറപ്പാണ്. ഏതാണ്ട് സൂപ്പർ മീറ്റിയോറിൽ കണ്ടതിന് സമാനമായിരിക്കുമിത്.

ഒരുപക്ഷേ ഗിയറിംഗിലും ചെറിയ മാറ്റം റോയൽ എൻഫീൽഡ് വരുത്തിയേക്കാം. 350 സിസി മുതൽ 650 സിസി വരെയുള്ള ഒന്നിലധികം പുതിയ മോഡലുകളിലാണ് ബ്രാൻഡ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഷോട്ട്ഗൺ 650, ഹിമാലയൻ 650, ബുള്ളറ്റ് 650, ക്ലാസിക് 650, സ്‌ക്രാംബ്ലർ 650, ഒരു റെട്രോ-സ്റ്റൈൽ കോണ്ടിനെന്റൽ ജിടി 650 റേസിംഗ് ബൈക്ക് എന്നിവയുൾപ്പെടെ ആറ് പുതിയ 650 സിസി മോട്ടോർസൈക്കിളുകളുടെ രൂപരേഖയാണ് എൻഫീൽഡ് ഇന്ത്യക്കായി തയാറാക്കിയിരിക്കുന്നത്.


Click it and Unblock the Notifications








