പെട്രോൾ അടിക്കേണ്ടാത്ത ബുള്ളറ്റ് വരുന്നു, സംഭവം ഇലക്‌ട്രിക്കുമല്ലെന്ന് കമ്പനി; പിന്നെന്ത് മായ?
ഇന്ത്യയിൽ കൾട്ട് ക്ലാസിക് ബൈക്കുകളുടെ തമ്പുരാക്കൻമാരായ റോയൽ എൻഫീൽഡ് ദിനംപ്രതി വളർന്നുകൊണ്ടിരിക്കുകയാണ്. ട്രയംഫിന്റെയും ഹാർലി ഡേവിഡ്സണിന്റെയും രൂപത്തിൽ എതിരാളികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും സ്ഥാനമാനങ്ങളിൽ എൻഫീൽഡിന് തന്നെയാണ് മുൻതൂക്കം. പല ടൂവീലർ ബ്രാൻഡുകളും ഇലക്ട്രിക് വിപ്ലവത്തിലേക്ക് കാലുകുത്തുകയാണെങ്കിലും പതിയെ കളംപിടിക്കാനാണ് ബുള്ളറ്റ് മുതലാളിയുടെ പ്ലാൻ.
എന്നാൽ ഇതിനു മുമ്പ് മറ്റൊരു പദ്ധതിയുമായി മുന്നോട്ടുപോവുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് റോയൽ എൻഫീൽഡ്. ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലെക്സ് ഫ്യുവൽ മോട്ടോർസൈക്കിളിൽ തങ്ങൾ പ്രവർത്തിക്കുകയാണെന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്ന ആ സർപ്രൈസ് വാർത്ത. ചെന്നൈ ആസ്ഥാനമായുള്ള ഇരുചക്ര വാഹന നിർമാതാക്കൾ 2024 സാമ്പത്തിക വർഷത്തിന്ഖെ മൂന്നാം പാദത്തിൽ തങ്ങളുടെ നിരയിലെ ആദ്യത്തെ ഫ്ലെക്സ് ഫ്യുവലിന് അനുയോജ്യമായ ബൈക്ക് പുറത്തിറക്കും.

ഫ്ലെക്സ്-ഇന്ധനത്തിൽ ഓടാൻ കഴിയുന്ന തരത്തിൽ ഏത് മോട്ടോർസൈക്കിളാണ് പരിഷ്ക്കരിക്കുകയെന്ന് റോയൽ എൻഫീൽഡ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ബ്രാൻഡ് നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ക്ലാസിക് 350 പുതിയ ഇന്ധനത്തിൽ ഓടാൻ പ്രാപ്‌തമായാൽ കൂടുതൽ ഇംപാക്‌ട് ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. മാത്രമല്ല, ജനങ്ങൾക്ക് കമ്പനിയുടെ മേലുള്ള അടുപ്പം ഇത് വർധപ്പിക്കുകയും ചെയ്യും. പഴയ കുറ്റങ്ങളും കുറവുകളുമെല്ലാം പരിഹരിച്ച് പുതുതലമുറയിലേക്ക് ക്ലാസിക് മാറിയതും ശക്തിയാവും.
റോയൽ എൻഫീൽഡിന്റെ പുതിയ ജെ-പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ക്ലാസിക് 350 ഒരുക്കിയിരിക്കുന്നത്. അതിനാൽ, ഇതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള മറ്റ് എൻഫീൽഡ് ബൈക്കുകളും ഭാവിയിൽ ഫ്ലെക്സ് ഫ്യുവൽ അടിസ്ഥാനമാക്കി പുറത്തിറക്കിയേക്കുമെന്ന് പ്രതീക്ഷിക്കാം. മറ്റ് മോട്ടോർസൈക്കിളുകളായ മീറ്റിയോർ 350, ഹണ്ടർ 350, ക്ലാസിക് 350 എന്നിവയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് വിപണിയിലെത്തുന്നത് എന്നാണ് പറഞ്ഞുവരുന്നത്.

മാത്രമല്ല, അടുത്തിടെ പുറത്തിറക്കിയ ബുള്ളറ്റ് 350 യും ഇതേ പ്ലാറ്റ്‌ഫോമിനെ അധിഷ്ഠിതമാക്കിയാണ് നിർമിച്ചിരിക്കുന്നത്. ഫ്ലെക്‌സ് ഫ്യുവലിൽ പ്രവർത്തിക്കുന്ന മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഒരേയൊരു നിർമാതാക്കളല്ല എൻഫീൽഡ് എന്നും ഓർമിക്കേണം. നേരത്തെ ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലെക്സ്-ഫ്യുവൽ മോട്ടോർസൈക്കിൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നതായി ഹോണ്ട സ്ഥിരീകരിച്ചിരുന്നു. ആഭ്യന്തര വിപണിയിൽ ഫ്ലെക്‌സ് ഇന്ധനത്തിൽ പ്രവർത്തിക്കുന്ന മോട്ടോർസൈക്കിൾ പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യത്തെ കമ്പനി ടിവിഎസാണ്.
2019-ൽ അവർ അപ്പാച്ചെ RTR 200 FI E100 പുറത്തിറക്കിയിരുന്നു. ഇനി എന്താണ് ഫ്ലെക്‌സ് ഫ്യുവൽ എന്ന് അറിയാത്തവർക്കായി അതൊന്ന് വിശദീകരിക്കാം. പെട്രോൾ, എഥനോൾ എന്നിവയുടെ മിശ്രിതമാണ് ഫ്ലെക്സ് ഫ്യുവൽ. നിലവിൽ ഇന്ത്യയിലെ വാഹനങ്ങൾ 10 ശതമാനം മുതൽ 100 ശതമാനം വരെ എഥനോൾ മിശ്രിതത്തെ പിന്തുണയ്ക്കുന്നുണ്ട്. അടിസ്ഥാന അനുപാത പരിധി 10 ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഉയർത്താനാണ് സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത്.

ഇക്കാരണത്താൽ മിശ്രിതത്തെ E20 ഫ്യുവൽ എന്ന് വിളിക്കുന്നു. ഇപ്പോൾ വിപണിയിലെത്തുന്ന എല്ലാ വാഹനങ്ങളും ഈ നിയമം അനുശാസിക്കുന്ന തരത്തിലാണ് പുറത്തിറക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അതായത് അടിസ്ഥാനപരമായി ബിഎസ്-VI സ്റ്റേജ് 2 മലിനീകരണ ചട്ടങ്ങൾ പാലിക്കുന്ന എല്ലാ മോട്ടോർസൈക്കിളുകളും 20 ശതമാനം വരെ ഇന്ധന മിശ്രിതത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് സാരം. നിങ്ങളുടേത് പുതിയ ബൈക്കാണെങ്കിൽ ഫ്യുവൽ ടാങ്കിൽ "E20" എന്ന് എഴുതിയ സ്റ്റിക്കറും കാണാനാവും.
എഥൈൽ ആൽക്കഹോൾ അല്ലെങ്കിൽ എഥനോൾ (C2H5OH) എന്നത് കരിമ്പിൽ നിന്നോ ഭക്ഷ്യധാന്യങ്ങൾ പോലെയുള്ള മറ്റ് ജൈവവസ്തുക്കളിൽ നിന്നോ ലഭിക്കുന്ന പഞ്ചസാര പുളിപ്പിച്ച് സ്വാഭാവികമായി നിർമിക്കുന്ന ഒരു ജൈവ ഇന്ധനമാണ്. ഇന്ത്യ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നവയാണ്. എഥനോളിന്റെ മിശ്രിതം വരുന്നതോടെ ഇതിൽ വലിയ തോതിൽ കുറവ് വരുത്താൻ രാജ്യത്തിനാവും. ഇത് ഇന്ത്യയെ സാമ്പത്തികമായും കാര്യമായി സഹായിക്കാനാവും.

പെട്രോൾ ഉപയോഗിച്ച് വിപണിയിലെത്തുന്ന മോഡലുകളിൽ നിന്നും മെക്കാനിക്കൽ വശങ്ങളിൽ എഥോൾ വാഹനങ്ങൾക്ക് ധാരാണം മാറ്റങ്ങളുണ്ടാവും. എഞ്ചിൻ, ഫ്യുവൽ, ഇലക്ട്രിക്കൽ, എക്‌സ്‌ഹോസ്റ്റ് മുതലായ സംവിധാനങ്ങളിൽ വലിയ നവീകരണങ്ങളാവും ഉണ്ടാവുക. ഫ്ലെക്സ് ഫ്യുവല്‍ എഞ്ചിനുകൾ വികസിപ്പിക്കുന്നതിൽ വരുന്ന സാങ്കേതിക മാറ്റങ്ങളും മെറ്റീരിയൽ റീ-എഞ്ചിനീയറിംഗും വാഹനങ്ങളുടെ വിലയെ ഗണ്യമായി ബാധിക്കുമോ എന്ന കാര്യമാണ് ഇനി അറിയേണ്ടത്. ഇതിനായി എൻഫീൽഡിന്റെ ക്ലാസിക് യാഥാർഥ്യമാവാൻ കാത്തിരിക്കാം.


Click it and Unblock the Notifications








