അരങ്ങൊഴിയാൻ എൻഫീൽഡ് ബൈക്ക്, ഈ മാസം കഴിഞ്ഞാൽ വാങ്ങാനാവില്ല; കാരണം ഇതാണ്
മുമ്പ് പലതവണ പറഞ്ഞിട്ടുള്ള കാര്യമാണെങ്കിലും ഒന്നുകൂടി പറയാം. ഇന്ത്യൻ വിപണിയെ ഇന്നു കാണുന്ന തരത്തിൽ0 അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകളാൽ സമ്പന്നമാക്കിയത് റെട്രോ ക്ലാസിക് ബ്രാൻഡായ റോയൽ എൻഫീൽഡാണ്. ഹിമാലയൻ എന്ന ഒരൊറ്റ മോഡലിലൂടെ തീരത്തത് തരംഗമാണ്. 2016-ൽ ആദ്യമായി വിപണിയിലെത്തിയപ്പോൾ അന്നേവരെ നിരത്തുകൾക്ക് പരിചിതമല്ലാത്ത സ്റ്റൈലിംഗും മറ്റുമാണ് ബൈക്കിനെ വേറിട്ടുനിർത്തിയത്.
സാധാരണ ബൈക്കുകളേക്കാൾ വ്യത്യസ്‌തമായി എന്തെങ്കിലും വേണമെന്ന് ചിന്തിച്ചിരുന്നവരെല്ലാം നേരെ എൻഫീൽഡ് ഷോറൂമുകളിലേക്കാണ് വെച്ചുപിടിച്ചത്. തുടക്കകാലത്ത് ചെറിയ പോരായ്‌മകളുണ്ടായിരുന്നെങ്കിലും കൃത്യമായ സമയങ്ങളിൽ ഹിമാലയനെ പുതുക്കി എല്ലാം പതിയെ മെച്ചപ്പെടുത്താനും കമ്പനിക്ക് സാധിച്ചിരുന്നു ബിഎസ്-VI മോഡലിലേക്ക് ചേക്കേറിയതോടെ കംപ്ലയിന്റുകളെല്ലാം പരിഹരിച്ച് ആളൊരു കിടിലൻ റിഫൈൻഡ് അഡ്വഞ്ചർ ടൂററായി പേരെടുക്കുകയും ചെയ്തു.

കോളേജ് പയ്യൻമാരുടെയെല്ലാം ഹരമായ ഹിമാലയൻ ഇപ്പോഴിതാ പുതുതലമുറ ആവർത്തനത്തിലേക്ക് ചേക്കേറിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ചങ്കിടിപ്പായിരുന്ന ഹിമാലയൻ 411 നിർത്തലാക്കാൻ പോവുകയാണ് റോയൽ എൻഫീൽഡ്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക തീരുമാനവും കമ്പനി കൈക്കൊണ്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ മാസം അവസാനത്തോടെ നിലവിലുള്ള മോഡലിനെ ഇന്ത്യയിൽ നിന്നും വിദേശ വിപണികളിൽ നിന്നും പിൻവലിക്കും.
ഈ ബൈക്കിന് പകരം ഹിമാലയൻ 452 എന്ന പുതുതലമുറ ആവർത്തനമാവും ഇനി മുതൽ വാങ്ങാനാവുക. 411 പിൻവാങ്ങുന്നതോടെ എൻഫീൽഡിന്റെ ഒരു യുഗത്തിനു കൂടിയാണ് അവസാനമാവുന്നതെന്നും പറയാം. കമ്പനിയുടെ നിരയിലെ മോഡലുകളെല്ലാം പുതുതലമുറ മോഡലുകളിലേക്ക് ഇതിനോടകം ചേക്കേറി കഴിഞ്ഞു. ഹിമാലയൻ 411 അതിന്റെ അങ്ങേയറ്റത്തെ സുഖസൗകര്യങ്ങൾക്കും ഓഫ് റോഡ് റൈഡിംഗിനും സിറ്റി റൈഡിംഗ് കഴിവുകൾക്കും പേരുകേട്ടതാണ്.

എന്നാൽ ഹൈവേയിൽ ബൈക്കിന് നിരവധി പരിമിതികൾ ഉണ്ടായിരുന്നുവെന്നതാണ് ഏവരും ചൂണ്ടിക്കാട്ടിയ പോരായ്‌മ. ഇത്രയും വലിയ ശേഷിയുള്ള എഞ്ചിനുണ്ടായിട്ടും ടോപ്പ് എൻഡ് മടുപ്പായത് ഹൈവേ റൈഡേഴ്‌സിൽ വളരെ അപ്രീതിയുളവാക്കിയ കാര്യമായിരുന്നു. എന്നാൽ ഈ പോരായ്‌മകളെല്ലാം പുതിയ ഹിമാലയൻ 452 പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം അഡ്വഞ്ചർ ടൂററിനെ അടിസ്ഥാനമാക്കിയുള്ള സ്‌ക്രാം 411 ഇന്ത്യൻ വിപണിയിൽ വിൽപ്പന തുടരും എന്നാണ് അറിയാൻ കഴിയുന്നത്.
ഹിമാലയൻ അടിസ്ഥാനമാക്കിയുള്ള സ്ക്രാംബ്ലർ സ്റ്റൈൽ മോട്ടോർസൈക്കിളാണ് സ്ക്രാം 411. എന്നാൽ ചെറിയ ഫ്രണ്ട് വീലും ഫീച്ചറുകളിലെ വെട്ടിനിരത്തലുമായാണ് ഈ മോഡൽ വിപണി കീഴടക്കാൻ എത്തിയത്. എങ്കിലും കാര്യമായ ചലനങ്ങൾ വിപണിയിൽ നിന്നും നേടിയെടുക്കുന്നതിൽ സ്ക്രാം പരാജയപ്പെട്ടിരുന്നു. ഈ മോട്ടോർസൈക്കിൾ പ്രധാനമായും ഒരു ടൂറിംഗ് ബൈക്ക് തിരയുന്ന ഉപഭോക്താക്കളെ ലക്ഷ്യം വെച്ചുള്ളതാണ്.

അതുപോലെ തന്നെ സിറ്റി റൈഡിംഗിലും ഹിമാലയനേക്കാൾ എളുപ്പത്തിൽ സ്ക്രാം 411 ഹാൻഡിൽ ചെയ്യാനാവുകയും ചെയ്യും. എന്തായാലും അധികനാൾ ഈ സ്ക്രാംബ്ലർ സ്റ്റൈലും നിരത്തുകളിൽ കണ്ടേക്കില്ലെന്നാണ് അഭ്യൂഹം. ഇതിനു പകരമായി പുതിയ സ്ക്രാംബ്ലർ ബൈക്കിനെ റോയൽ എൻഫീൽഡ് വിപണിയിൽ അവതരിപ്പിച്ചേക്കും. പ്രത്യേകിച്ച് ട്രയംഫ്, ഹോണ്ട, ഹാർലി ഡേവിഡ്സൺ പോലുള്ള ബ്രാൻഡുകളിൽ നിന്നും ഉയരുന്ന മത്സരം കണക്കക്കിലെടുക്കുമ്പോൾ എന്തായാലും മാറ്റം അനിവാര്യമാണ്.
ഇനി ഹിമാലയന്റെ കാര്യത്തിലേക്ക് തിരികെ വന്നാൽ പുതുതലമുറ മോഡലിനായി ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങുന്ന 411 24.3 bhp പവറിൽ 32 Nm ടോര്‍ക്കും നല്‍കുന്ന 411 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനാണ് ഉപയോഗിച്ചിരുന്നത്. അഞ്ചു സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്സുമായാണ് ഹിമാലയന്റെ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഹാഫ്-ഡ്യൂപ്ലെക്സ് സ്പ്ലിറ്റ് ക്രാഡിൽ ഫ്രെയിമിലാണ് ഹിമാലയൻ നിർമിച്ചിരിക്കുന്നത്.

സസ്പെൻഷൻ സജ്ജീകരണത്തിൽ മുൻവശത്ത് 200 mm ട്രാവലുള്ള ടെലസ്കോപ്പിക് ഫോർക്കുകളും പിൻവശത്ത് 180 mm ട്രാവൽ ഉള്ള മോണോഷോക്ക് യൂണിറ്റുമാണ് റോയൽ എൻഫീൽഡ് വാഗ്‌ദാനം ചെയ്യുന്നത്. ബ്രേക്കിംഗിനായി ഡ്യുവൽ ചാനൽ എബിഎസിന്റെ സഹായത്തോടെ മുന്നിൽ 300 mm ഡിസ്ക്കും പിന്നിൽ 240 mm ഡിസ്ക്കുമാണ് ഹിമാലയന് ലഭിക്കുന്നത്. സ്വിച്ചബിൾ എബിഎസും ഇതിലുണ്ട്. നിലവിൽ 2.16 ലക്ഷം മുതൽ 2.28 ലക്ഷം രൂപ വരെയാണ് മോട്ടോർസൈക്കിളിന്റെ എക്സ്ഷോറൂം വില വരുന്നത്.


Click it and Unblock the Notifications








