മറ്റൊരു എൻഫീൽഡിലുമില്ല കേട്ടോ! ഹിമാലയൻ 450 വരുന്നത് എമണ്ടൻ ഫീച്ചറുകളുമായി
ഇന്ത്യയിൽ അഡ്വഞ്ചർ മോട്ടോർസൈക്കിളുകളെ ഹിറ്റാക്കിയ മുതലാണ് റോയൽ എൻഫീൽഡിന്റെ ഹിമാലയൻ. റെട്രോ ക്ലാസിക് ബൈക്കുകൾ മാത്രം നിർമിച്ചിരിക്കുന്ന ബ്രാൻഡ് ഒന്നു വെറൈറ്റി പിടിക്കാനായാണ് പുതിയൊരു വിഭാഗത്തിലേക്ക് ഹിമാലയനെ പണികഴിപ്പിച്ചത്. വിപണിയിലെത്തിയതും സംഭവം ക്ലിക്കാവുകയും ചെയ്‌തു. ഇതുവരെ ഇന്ത്യക്കാർക്ക് പരിചിതമല്ലാത്തൊരു സ്വഭാവത്തോടെയാണ് ഈ മിടുക്കൻ പിറവിയെടുത്തത്.
ഏത് കുന്നുംമലയും കാടും താണ്ടാൻ കെൽപ്പുള്ളവനായി ഹിമാലയൻ രൂപമെടുത്തതോടെ മോട്ടോർസൈക്കിൾ പ്രേമികളുടെ യാത്രാ കമ്പങ്ങളും കൂടി. ഇന്ന് ഹിമാലയം വരെ പോയാലോയെന്ന ചിന്ത വരുമ്പോഴേ എൻഫീൽഡിന്റെ ഈ എഡിവി ബൈക്കിന്റെ രൂപം പതിയെ മനസിലേക്ക് വരും. ഓൺറോഡിലും ഓഫ്റോഡിലും ഒരേപോലെ മിന്നും പ്രകടനം കാഴ്ച്ചവെക്കാൻ ഈ മിടുക്കനാവും. എഞ്ചിൻ പെർഫോമൻസിൽ മാത്രമാണ് പലരും നിരാശരായിരിക്കുന്ന ഒരേയൊരു കാര്യം. 411 സിസിയുണ്ടെങ്കിലും ടോപ്പ് എൻഡ് ഒന്നും അത്രപേരെന്ന് പറയുന്നവരാണ് അധികവും.

പക്ഷേ ഇത് സൂപ്പർസ്പീഡിൽ പോവാനായി നിർമിച്ചിരിക്കുന്നൊരു ബൈക്കല്ല എന്ന യാഥാർഥ്യം മനസിലാക്കിയാൽ തീരാവുന്ന പ്രശ്‌നമേയുള്ളൂ. എന്നിട്ടും പരാതി തീരാത്തവർക്കായി ഹിമാലയന്റെ പവർ കൂടിയ ഐറ്റം വരുന്നുണ്ടെന്ന കാര്യം റോയൽ എൻഫീൽഡ് നേരത്തെ പുറത്തുവിട്ടിരുന്നു. അധികം വൈകാതെ കളംനിറയാൻ എത്തുന്ന 450 സിസി ഹിമാലയന്റെ വാർത്ത ഇതിനോടകം മോട്ടോർസൈക്കിൾ പ്രേമികളിൽ പ്രതീക്ഷവർധിപ്പിക്കുന്നുണ്ട്. ഈ കലണ്ടർ വർഷത്തിന്റെ രണ്ടാം പകുതിയിൽ പുത്തൻ ഹിമാലയൻ പിറവിയെടുക്കും.
കെടിഎം 390 അഡ്വഞ്ചർ, ബിഎംഡബ്യു G310 GS എന്നിവയ്‌ക്കെതിരെ മത്സരിക്കുന്നതിനായാണ് റോയൽ എൻഫീൽഡ് ഹിമാലയൻ 450 മെനഞ്ഞെടുക്കുന്നത് തന്നെ. ഈ പറഞ്ഞ മോഡലുകളുമായി മുട്ടിനിൽക്കാനുള്ള പെർഫോമൻസില്ല എന്ന പരാതിയെല്ലാം ഇതോടെ തീരും. മാത്രമല്ല ബ്രാൻഡിന്റെ നിലവിലെ ലൈനപ്പിലെ മറ്റ് മോട്ടോർസൈക്കിളുകളിൽ നിന്ന് വേറിട്ടുനിൽക്കുന്ന ധാരാളം സവിശേഷതകളുമായാവും അഡ്വഞ്ചർ ബൈക്ക് പിറവിയെടുക്കുക. എൻഫീൽഡ് ബൈക്കുകളുടെ മുഖംമാറുന്ന തരത്തിലുള്ള സംഭവങ്ങളാണ് ഈ ഹിമാലയൻ അവതരിപ്പിക്കുക. അതെന്തെല്ലാമെന്ന് പറഞ്ഞുതരാം.

പുത്തൻ എഞ്ചിൻ: 350 സിസി, 411 സിസി, 650 സിസി എന്നിങ്ങനെ മൂന്ന് എഞ്ചിൻ വിഭാഗങ്ങളിലായാണ് എൻഫീൽഡ് ഇപ്പോൾ ബൈക്കുകൾ പുറത്തിറക്കുന്നത്. ഈ മൂന്ന് ശ്രേണികള്‍ക്ക് പുറമെ, പുതിയ ഒരു വിഭാഗം കൂടി കെട്ടിപ്പെടുക്കാനുള്ള നീക്കത്തിന്റെ ഫലമാണ് പുതിയ 450 സിസി എഞ്ചിൻ. ഇത് ആദ്യമായി പുത്തൻ ഹിമാലയനിലൂടെ യാഥാർഥ്യമാവുകയും ചെയ്യും. ഈ എഞ്ചിനുമായി അഞ്ചോളം മോഡലുകൾ പുറത്തിറക്കാനാണ് കമ്പനിയുടെ ഇപ്പോഴത്തെ പരിഗണന.
പുതിയ 450 സിസി സിംഗിൾ-സിലിണ്ടർ ഫ്യൂവൽ-ഇഞ്ചക്റ്റഡ് ലിക്വിഡ്-കൂൾഡ് എഞ്ചിനാവും റോയൽ എൻഫീൽഡ് ഹിമാലയൻ 450 മോഡലിലൂടെ അരങ്ങേറ്റം കുറിക്കുക. ഇത് പരമാവധി 40 bhp കരുത്തിൽ 35 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കുന്നതിനൊപ്പം സ്ലിപ്പർ അസിസ്റ്റ് ക്ലച്ചും സ്റ്റാൻഡേർഡ് ആയി അഡ്വഞ്ചർ മോട്ടോർസൈക്കിളിന്റെ ഭാഗമാവും.

പുതിയ പ്ലാറ്റ്ഫോം: നിലവിലുള്ള ഹിമാലയൻ 411, സ്‌ക്രാം 411 എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഓൺ-റോഡിലും ഓഫ്-റോഡിലും മികച്ച ചടുലതയും പ്രതികരണശേഷിയും ഹാൻഡിലിഗും നൽകുന്ന പുതിയൊരു ആർക്കിടെക്ച്ചർ പ്ലാറ്റ്ഫോമിലാണ് റോയൽ എൻഫീൽഡ് ഹിമാലയൻ 450 ADV മോട്ടോർസൈക്കിൾ നിർമിക്കുന്നത്. ഇത് നിലവിലെ പ്ലാറ്റ്ഫോമിനേക്കാൾ മികവുറ്റതായിരിക്കുമെന്നാണ് വിവരം.
USD ഫോർക്ക്: 650 സിസി സീരീസ് ഒഴികെ ഇന്ത്യയിൽ അപ്-സൈഡ് ഡൌൺ (USD) ഫ്രണ്ട് ഫോർക്കുകൾ അവതരിപ്പിക്കുന്ന ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ മോട്ടോർസൈക്കിളായി റോയൽ എൻഫീൽഡ് ഹിമാലയൻ 450 മാറും. കൂടാതെ ഇത്തരമൊരു ഫീച്ചർ അഭിമാനിക്കുന്ന ആദ്യത്തെ അഡ്വഞ്ചർ ടൂറർ കൂടിയാണിത്. ലോംഗ് ട്രാവൽ സസ്‌പെൻഷൻ യൂണിറ്റ്, പ്രീ-ലോഡ് അഡ്ജസ്റ്റ്‌മെന്റ് ഉള്ള ഓഫ്-സെറ്റ് റിയർ മോണോഷോക്ക് എന്നിവയും മറ്റ് ഹൈലൈറ്റുകൾ.

LED ലൈറ്റിംഗ്: റോയൽ എൻഫീൽഡ് മോഡലുകളുടെ ഏറ്റവും വലിയ പോരായാമകളായി പലരും ചൂണ്ടികാണിക്കുന്ന ഒന്നാണ് ഹാലജൻ ബൾബുകളുടെ ഉപയോഗം. കമ്മ്യൂട്ടർ ബൈക്കുകൾ പോലും എൽഇഡിയിലേക്ക് ചേക്കേറിയപ്പോൾ എൻഫീൽഡ് ഇതിന് മടികാണിക്കുകയാണ്. ഹിമാലയൻ 450 ഇക്കാര്യവും പൊളിച്ചെഴുതും. വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പിനൊപ്പം എൽഇഡി ടെയിൽ ലാമ്പും മൂർച്ചയുള്ള എൽഇഡി ടേൺ സിഗ്നലുകളും ഉൾക്കൊള്ളുന്നതാണ് പുത്തൻ വണ്ടിയെന്ന് പരീക്ഷണ ചിത്രങ്ങൾ പറഞ്ഞുവെക്കുന്നുണ്ട്.
ഡിജിറ്റൽ ക്ലസ്റ്റർ: വരാനിരിക്കുന്ന ഡ്യുവൽ പർപ്പസ് ഹിമാലയനിൽ ഒരു സർക്കുലർ ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ ഉണ്ടായിരിക്കുമെന്ന് സ്പൈ ചിത്രങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഫുട്‌പെഗുകളിൽ നിന്നുകൊണ്ട് സവാരി ചെയ്യുമ്പോൾ പോലും വിവരങ്ങൾ കാണാൻ കഴിയുന്ന തരത്തിൽ ഇത് റൈഡറിന് നേരെ ക്രമീകരിക്കും. നിലവിലെ ഹിമാലയന്റെ ക്ലസ്റ്ററിലുള്ള പോരായ്‌മകളെല്ലാം ഇത് പരിഹരിക്കപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷ.


Click it and Unblock the Notifications








