ആ കേട്ടതല്ല വില, ഹിമാലയൻ 450 വാങ്ങാൻ പ്ലാനുണ്ടേൽ ഓൺ-റോഡ് വില കേട്ട് ഞെട്ടും; ഏറ്റവും കൂടുതൽ കേരളത്തിൽ
മോട്ടോർസൈക്കിൾ വിപണിയെ പിടിച്ചുകുലുക്കിക്കൊണ്ട് പുത്തൻ ഹിമാലയൻ 450 (Himalayan 450) കളത്തിലെത്തിയിരിക്കുകയാണ്. ഏറെനാളായി അഡ്വഞ്ചർ ബൈക്ക് പ്രേമികൾ കാത്തിരിക്കുന്ന മോഡലിന്റെ അവതരണവും വില പ്രഖ്യാപനവും കഴിഞ്ഞപ്പോൾ ഏവരും ആവേശഭരിതരായിരിക്കുകയാണ്. മുടക്കുന്ന വിലയ്ക്ക് അതിലും മതിപ്പുളവാക്കുന്ന തരത്തിലാണ് കമ്പനി പുതുതലമുറ മോഡലിനെ പണിതിറക്കിയിരിക്കുന്നത്.
പ്രത്യേകിച്ച് വിലയുടെ കാര്യത്തിൽ ഫാൻസെല്ലാം സംതൃപ്‌തരാണെന്നാണ് വിവരം. പക്ഷേ അത് എക്സ്ഷോറൂം വില മാത്രമാണെന്ന് പ്രത്യേകം ഓർമിക്കണേ. ഹിമാലയൻ 450 ബൈക്കിന്റെ ഓൺ-റോഡ് വിലയിലേക്ക് എത്തുമ്പോൾ കാര്യങ്ങൾ മാറിമറിയുന്നുണ്ട്. റോയൽ എൻഫീൽഡിന്റെ ഏറ്റവും പുതിയ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ വാങ്ങാൻ നിങ്ങൾ പ്ലാനിട്ടിട്ടുണ്ടെങ്കിൽ ഇന്ത്യയിലെ പ്രധാന 10 നഗരങ്ങളിലെ ബൈക്കിന്റെ ഓൺ-റോഡ് വില എങ്ങനെയെന്ന് പറഞ്ഞുതരാം. പക്ഷേ അതുകേട്ട് ഞെട്ടരുതെന്ന് ഇപ്പോഴെ പറഞ്ഞേക്കാം കേട്ടോ.

ആർടിഒ, ഇൻഷുറൻസ്, മറ്റ് നിരക്കുകൾ എന്നിവ ഉൾപ്പെടുന്നതാണ് പുത്തൻ റോയൽ എൻഫീൽഡ് ഹിമാലയൻ 450-യുടെ ഓൺ-റോഡ് വില. നാല് വേരിയന്റുകളിലും അഞ്ച് കളർ ഓപ്ഷനുകളിലും വിപണിയിലെത്തുന്ന ബൈക്ക് ഏറ്റവും താങ്ങാനാവുന്നത് ഗുജറാത്തിലെ അഹമ്മദാബാദിലാണ്. അതേസമയം ഏറ്റവും ഉയർന്ന വില മുടക്കേണ്ടി വരുന്നത് നമ്മുടെ കേരളത്തിൽ തന്നെയാണ്. അഹമ്മദാബാദിൽ 3.08 ലക്ഷം രൂപ മുതലാണ് ബൈക്കിന്റെ ഓൺ-റോഡ് വില തുടങ്ങുന്നത്.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ 3.13 ലക്ഷം രൂപ മുടക്കേണ്ടി വരുമ്പോൾ ചെന്നൈ, കൊൽക്കത്ത, ഛണ്ഡീഗഡ് പോലുള്ള നഗരങ്ങളിൽ 3.18 ലക്ഷം രൂപയാണ് പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ 450 മോഡലിന്റെ ഓൺ-റോഡ് വില വരുന്നത്. അതേസമയം മുംബൈയിൽ ബൈക്കിന് 3.24 ലക്ഷം രൂപയും പോക്കറ്റിൽ നിന്നും ഇറക്കേണ്ടി വരും.

ഇനി നവി മുംബൈ, ഹൈദരാബാദ്, പൂനെ പോലുള്ള പ്രമുഖ നഗരങ്ങളിലും 3.24 ലക്ഷം രൂപ മുതലാണ് റോയൽ എൻഫീൽഡിന്റെ പുത്തൻ തുറുപ്പുചീട്ടിനായി മുടക്കേണ്ടി വരുന്ന ഓൺ-റോഡ് വില. മലയാളികൾ ഏറെയുള്ള ബെംഗളൂരുവിലും നമ്മുടെ കേരളത്തിലുമാണ് മോട്ടോർസൈക്കിളിന് ഏറ്റവും കൂടുതൽ വിലയുള്ളത്. കർണാടകയിൽ 3.46 ലക്ഷം രൂപയോളം വില വരുന്ന ഹിമാലയൻ 450 അഡ്വഞ്ചറിന്റെ ബേസ് വേരിയന്റിന് കൊച്ചിയിൽ 3.47 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്.
ഇനി ടോപ്പ് വേരിയന്റാണ് വേണ്ടതെങ്കിൽ 3.66 ലക്ഷവും കൈയിൽ നിന്നും മലയാളികൾ ഇറക്കേണ്ടി വരും. അങ്ങനെ മൊത്തത്തിൽ വില അൽപം കൂടുതലായി തോന്നുമെങ്കിലും ഇതേ വിലയ്ക്ക് ഈ സെഗ്മെന്റിൽ ഇത്രയും കിടിലമായ മറ്റൊരു മോഡൽ ഇല്ലെന്നും വേണമെങ്കിൽ പറയാം. പുത്തൻ ഹിമാലയനിൽ പുതുതായി വികസിപ്പിച്ച ലിക്വിഡ് കൂൾഡ് 450 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് റോയൽ എൻഫീൽഡ് അവതരിപ്പിക്കുന്നത്.

ഇത് 40 bhp കരുത്തിൽ പരമാവധി 40 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. കൂടാതെ ആറ് സ്പീഡ് ഗിയർബോക്‌സും സ്ലിപ്പർ അസിസ്റ്റ് ക്ലച്ചും ഇതിൽ സ്റ്റാൻഡേർഡായി വരുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. 196 കിലോഗ്രാം ഭാരമുള്ള പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ 450 നിലവിലുണ്ടായിരുന്ന മോഡലിനേക്കാൾ ഭാരം കുറഞ്ഞതും വലിയ ഫ്യുവൽ ടാങ്ക് ശേഷിയുമുള്ളതാണ്.
ഗൂഗിൾ മാപ്‌സ് നാവിഗേഷനും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും നൽകുന്ന വലിയ, വൃത്താകൃതിയിലുള്ള TFT സ്‌ക്രീൻ പോലുള്ള ഫീച്ചറുകൾ അണിനിരത്തി ആഡംബര പൂർണമാക്കാനും ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ട്. ഇതുകൂടാതെ സ്വിച്ചബിൾ എബിഎസ്, ഫുൾ-എൽഇഡി ലൈറ്റിംഗ്, റൈഡ്-ബൈ-വയർ ത്രോട്ടിൽ എന്നിവയും ഹിമാലയന്റെ അഴക് വർധിപ്പിക്കുന്ന സവിശേഷതകളാണ്.

ഡീലർഷിപ്പുകൾ പറയുന്നത് അനുസരിച്ച് ഹിമാലയൻ 450 പതിപ്പിന്റെ ഡെലിവറി 2023 ഡിസംബർ അവസാനത്തോടെ ആരംഭിക്കാനാണ് സാധ്യത. കെടിഎം 390 അഡ്വഞ്ചർ, ബിഎംഡബ്ല്യു G310 GS എന്നിവയ്‌ക്കെതിരെയാണ് അഡ്വഞ്ചർ ടൂറർ സെഗ്മെന്റിൽ റോയൽ എൻഫീൽഡിന്റെ മത്സരം. ഇവയുമായി താരതമ്യം ചെയ്യുമ്പോൾ എൻഫീൽഡ് ഷോറൂമിലേക്ക് ആളുകൾ കൂടുതൽ ഒഴുകിയെത്താനാണ് സാധ്യത.


Click it and Unblock the Notifications








