ഒരു കോമ്പറ്റീഷന് വകയുണ്ടോ? ഇതൊക്കെയറിഞ്ഞാൽ ഈ ബൈക്കേ വാങ്ങൂ, മാറ്റുരയ്ക്കാം പുത്തൻ ഹിമാലയനും യെസ്‌ഡി അഡ്വഞ്ചറും
അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകളെ ഇന്ത്യക്കാർക്കിടയിൽ ജനപ്രിയരാക്കിയവരാണ് റോയൽ എൻഫീൽഡ്. ഏതു കുന്നും മലയും പുഴയും കടന്ന് പോവാൻ കെൽപ്പുള്ള ഹിമാലയൻ എന്ന മോഡൽ രാജ്യത്ത് തീർത്തത് വലിയ വിപ്ലവം തന്നെയായിരുന്നു. ഇപ്പോൾ പുതുതലമുറ പതിപ്പിനെയും അവതരിപ്പിച്ച് സംഗതി മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവുകയാണ് റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ എൻഫീൽഡ്.
കിടിലൻ വില നിർണയവും കരുത്തുറ്റ എഞ്ചിനും ഫീച്ചറുകളുമെല്ലാമായി രാജ്യംവെട്ടിപ്പിടിക്കാൻ ഹിമാലയൻ 450 തയാറായിക്കഴിഞ്ഞു. പുതിയ തലമുറ ഹിമാലയൻ എത്തിയതിനാൽ നിർമാതാവ് ഹിമാലയൻ 411 നിർത്തലാക്കുകയും ചെയ്യും. അങ്ങനെ എതിരാളികൾക്ക് മുകളിൽ പറക്കാൻ എൻഫീൽഡ് റെഡിയായി കഴിഞ്ഞു. പക്ഷേ നിങ്ങളൊരു അഡ്വഞ്ചർ ബൈക്ക് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ ഹിമാലയന്റെ പ്രധാന എതിരാളികളെയും പരിഗണിക്കേണ്ടതുണ്ട് കേട്ടോ.

ഹിമാലയൻ 450 മോഡലിന്റെ പ്രധാന എതിരാളികളിൽ ഒന്ന് യെസ്ഡി അഡ്വഞ്ചറാണ്. വന്നിട്ട് കാലംകുറച്ചായെങ്കിലും വേണ്ട വിധത്തിൽ ശ്രദ്ധിക്കപ്പെടാതെ പോയ മോശമല്ലാത്ത ബൈക്കുകളിൽ ഒന്നാണിത്. പക്ഷേ എൻഫീൽഡിന്റെ പുത്തൻ മെഷീനുമായി മുട്ടിനിൽക്കാൻ യെസ്‌ഡിക്കാവുമോ എന്നതാണ് നമ്മുടെയെല്ലാം ചോദ്യം. ചിലർക്ക് ഇത്തരം ആശങ്കകളൊന്നുമില്ലെങ്കിലും വാങ്ങുന്നതിനു മുമ്പ് രണ്ട് മോഡലുകളും തമ്മിലൊന്ന് താരതമ്യം ചെയ്യുന്നത് നന്നായിരിക്കും. അതിന് ഈ ലേഖനം നിങ്ങളെ സഹായിക്കുമെന്നാണ് വിശ്വാസം. ഹിമാലയൻ 450, യെസ്‌ഡി അഡ്വഞ്ചർ തമ്മിലുള്ള മാറ്റുരക്കൽ ഇതാ...
വില: ആദ്യം പരിഗണിക്കേണ്ട വിഷയം ബജറ്റ് തന്നെയാണല്ലോ. റോയൽ എൻഫീൽഡിന്റെ പുതിയ വജ്രായുധമായ ഹിമാലയൻ 450 ഇപ്പോൾ ആരംഭിക്കുന്നത് 2.69 ലക്ഷം രൂപയുടെ എക്സ്ഷോറൂം വില മുതലാണ്. അതേസമയം യെസ്ഡി അഡ്വഞ്ചറിന് 2.16 ലക്ഷം മുതലാണ് വില. അങ്ങനെ നോക്കുമ്പോൾ പോക്കറ്റിന് ഇണങ്ങുന്നത് യെസ്‌ഡിയാണ്. പക്ഷേ റീസെയിൽ വാല്യുവും മറ്റ് ഗുണങ്ങളുമെല്ലാം എൻഫീൽഡിന്റെ എഡിവി ബൈക്കിനാണെന്ന കാര്യവും ഓർമിക്കുന്നത് നല്ലതാണ്.

എഞ്ചിൻ: ഇക്കാര്യത്തിലും റോയൽ എൻഫീൽഡ് ഹിമാലയനായിരിക്കും വമ്പനെന്ന് ഊഹിക്കാമല്ലോ. മുടക്കുന്ന വില നോക്കുമ്പോൾ യെസ്‌ഡിയും മാന്യമായ പെർഫോമൻസാണ് നൽകുന്നത്. രണ്ട് എഞ്ചിനുകളും ഇപ്പോൾ ലിക്വിഡ്-കൂൾഡ് ആണെങ്കിലും ഹിമാലയനാണ് വലിയ എഞ്ചിൻ ഉള്ളത്. തൽഫലമായി ഇത് ഏകദേശം 40 bhp കരുത്തിൽ 40 Nm torque വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്.
മറുവശത്ത് യെസ്ഡിയുടെ 334 സിസി എഞ്ചിന് 30 bhp പവറിൽ 30 Nm torque ആണ് നിർമിക്കുന്നത്. രണ്ട് മോട്ടോർസൈക്കിളുകളിലെയും ഗിയർബോക്‌സ് 6-സ്പീഡ് യൂണിറ്റാണ്. റോയൽ എൻഫീൽഡി ഹിമാലയനും യെസ്‌ഡി അഡ്വഞ്ചറിനും സ്ലിപ്പ്-ആൻഡ്-അസിസ്റ്റ് ക്ലച്ചിന്റെ സഹായവും ലഭിക്കുന്നുണ്ടെങ്കിലും എൻഫീൽഡ് ബൈക്കിന് റൈഡ്-ബൈ-വയറിന്റെ അധിക ആനുകൂല്യവും ലഭിക്കുന്നുണ്ട്.

ഡിസൈൻ: ഇക്കാര്യത്തിൽ രണ്ട് അഡ്വഞ്ചർ ടൂററുകൾക്കും ഫോം ഡിസൈൻ ഭാഷ്യം തന്നെയാണുള്ളത്. പക്ഷേ പുതുതലമുറ ആവർത്തനത്തിൽ ഹിമാലയന് ഇപ്പോൾ കൂടുതൽ റോഡ് സാന്നിധ്യമുണ്ട്. വലിയ ഫ്യുവൽ ടാങ്കും വലിപ്പവുമാണ് ഇതിന് കാരണം. രണ്ട് മോട്ടോർസൈക്കിളുകളിലും വിൻഡ്‌സ്‌ക്രീൻ, വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പ്, അപ്-സ്വീപ്റ്റ് എക്‌സ്‌ഹോസ്റ്റ്, സ്പ്ലിറ്റ് സീറ്റ് സജ്ജീകരണം എന്നിവയുമുണ്ട്.
ഫീച്ചറുകൾ: എൽഇഡി ലൈറ്റിംഗ്, റൈഡിംഗ് മോഡുകൾ, റൈഡ്-ബൈ-വയർ, സ്വിച്ചബിൾ എബിഎസ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഇൻ-ബിൽറ്റ് ഗൂഗിൾ മാപ്പുള്ള പുതിയ ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയുമായാണ് റോയൽ എൻഫീൽഡ് ഹിമാലയൻ 450 വരുന്നത്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, എൽഇഡി ലൈറ്റിംഗ്, സ്വിച്ചബിൾ എബിഎസ് എന്നിവയുമായി വരുന്ന യെസ്ഡി അഡ്വഞ്ചറും മോശക്കാരനല്ല.

മെക്കാനിക്കലുകൾ: ഹിമാലയൻ 450 അപ് സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഗ്യാസ് ഗ്യാസ് ചാർജ്‌ഡ് മോണോഷോക്കുമാണ് ഉപയോഗിക്കുന്നത്. മറുവശത്ത് യെസ്ഡി അഡ്വഞ്ചർ മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ മോണോഷോക്കും ഉപയോഗിക്കുന്നു. രണ്ട് മോട്ടോർസൈക്കിളുകളിലും ബ്രേക്കിംഗിനായി ഡിസ്‌ക് യൂണിറ്റുകളാണ് വാഗ്‌ദാനം ചെയ്യുന്നത്. ഒപ്പം ഡ്യുവൽ ചാനൽ എബിഎസിന്റെ സഹായവുമുണ്ട്. അങ്ങനെ മൊത്തത്തിൽ നോക്കുമ്പോൾ ഏതാവും നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നത്?


Click it and Unblock the Notifications








