'പഴയതും പുതിയതും' ഈ മാറ്റങ്ങളറിഞ്ഞാൽ ആരായാലും വാങ്ങിപ്പോവും ഹിമാലയൻ 452
അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകളെ ഇന്ത്യയിൽ ഹിറ്റാക്കിയ മുതലാണ് റോയൽ എൻഫീൽഡ് ഹിമാലയൻ. ഓഫ്-റോഡിംഗും ട്രിപ്പ് പോക്കുമെല്ലാം യുവാക്കൾക്കിടയിൽ കൂടുതൽ സജീവമായതും ഈ ഡ്യുവൽ പർപ്പസ് ബൈക്കിന്റെ വരവോടെയാണെന്ന് പറഞ്ഞാൽ തള്ളിക്കളാനാവില്ല. അത്യാവിശ്യം മൈലേജും ഏത് കുന്നും മലയും കുഴിയും അനായാസം മറികടക്കാനുള്ള ഹിമാലയന്റെ കഴിവുകൾ ഇന്ന് യൂത്തൻമാർക്കിടയിൽ ഫേമസാണ്.
എങ്കിലും ഹാർഡ്കോർ മോട്ടോർസൈക്കിൾ പ്രേമികളിൽ ചിലരെങ്കിലും റോയൽ എൻഫീൽഡ് ഹിമാലയന്റെ പെർഫോമൻസിനെ പറ്റി പലതവണ പരാതി ഉന്നിയിച്ചിട്ടുണ്ട്. ഇത്രയും വലിയ എഞ്ചിനും കാര്യങ്ങളുമെല്ലാം ഉണ്ടായിട്ടും ടോപ്പ് എൻഡിലൊന്നും വേണ്ടത്ര പ്രകടനം കിട്ടുന്നില്ലെന്നതായിരുന്നു ഇവരുടെ പരിഭവം. ഇത്തരക്കാർക്കെല്ലാം വേണ്ടി കമ്പനിയിതാ ദിവസങ്ങൾക്കുള്ളിൽ പുതുതലമുറ ഹിമാലയനെ പുറത്തിറക്കാൻ പോവുകയാണ്. ഇതിനോടകം ഏവരും കേട്ടറിഞ്ഞ 452 എന്ന മോഡലിനായി ഏവരും കാത്തിരിക്കുകയല്ലേ ഇപ്പോൾ.

ഡിസൈൻ, സവിശേഷതകൾ, ഹാർഡ്‌വെയർ, മെക്കാനിക്കൽ എന്നിവയിൽ മുൻഗാമിയായ ഹിമാലയൻ 411-ൽ നിന്നും പുതിയ ഹിമാലയൻ 452 വലിയ അന്തരമാണ് ഉണ്ടാക്കിയെടുക്കാൻ പോവുന്നത്. ശരിക്കും അടിമുടി മാറ്റങ്ങളുണ്ടെന്ന് പലരും ഇതിനോടകം ശ്രദ്ധിച്ചു കാണുമല്ലോ. അവതരണത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ രണ്ട് ഹിമാലയൻ മോഡലുകളും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാമെന്ന് നമുക്കൊന്ന് പരിശോധിച്ചാലോ?
എഞ്ചിൻ: ഹൃദയത്തിൽ നിന്നും തുടങ്ങുന്നതല്ലേ ഏറ്റവും ഉചിതം. പുതിയ ഹിമാലയൻ 452 അഡ്വഞ്ചർ ടൂററിന് തുടിപ്പേകാൻ എത്തുന്നത് ഷെർപ്പ 450 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ്. ഇത് 8,000 rpm-ൽ 40 bhp പവറും 5,500 rpm-ൽ 40 Nm torque ഉം വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്സുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. റോയൽ എൻഫീൽഡിന്റെ ഇതുവരെയുള്ള ഏറ്റവും ആധുനിക എഞ്ചിനാണിത്.

അതേസമയം പഴയ ഹിമാലയനിലേക്ക് വന്നാൽ 411 സിസി, സിംഗിൾ സിലിണ്ടർ, എയർ/ഓയിൽ-കൂൾഡ് എഞ്ചിനാണ് ഇതിൽ തുടിക്കുന്നത്. ഇത് 6,500 rpm-ൽ 24.3 bhp കരുത്തും 4,000-4,500 rpm-ൽ 32 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഇതിൽ നിന്നും വ്യക്തമാവുന്നതു പോലെ പുതിയ ഹിമാലയൻ കൂടുതൽ ആധുനികമാണെന്ന് മാത്രമല്ല മുൻഗാമിയെ അപേക്ഷിച്ച് വളരെ കരുത്തുറ്റ പെർഫോമൻസ് കണക്കുകൾ നൽകാനും ശേഷിയുള്ളതാണ്.
ഡിസൈൻ: ഹിമാലയൻ 452, ഹിമാലയൻ 411 മോഡലുകൾ ആദ്യ കാഴ്ച്ചയിൽ ഒരുപോലെ തോന്നിയേക്കാമെങ്കിലും ഒന്നു കണ്ണടച്ച് തുറന്നാൽ സംഗതി കൂടുതൽ വ്യക്തമാവും. സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ പുതിയ മോഡൽ തികച്ചും വ്യത്യസ്തമാണ്. അതിന്റെ ഫ്യൂവൽ ടാങ്ക് പുറത്തേക്ക് എറിച്ചുനിൽക്കുന്നതായി കാണാം. റൈഡർ സീറ്റും അല്പം വലുതാണ്. തുടർന്ന് റോയൽ എൻഫീൽഡ് ക്ലിയർ വൈസറിന്റെ രൂപകൽപ്പനയിലും മാറ്റം വരുത്തിയിട്ടുണ്ടെന്നതും കാഴ്ച്ചയിൽ പുതുമോടി നൽകുന്ന കാര്യമാണ്.

ഫീച്ചറുകൾ: മുൻഗാമിയിൽ നിന്നും ഏറെ വ്യത്യാസം അനുഭവപ്പെടുന്ന സ്ഥലമാണിത്. എൽഇഡി ലൈറ്റിംഗിനൊപ്പം സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, മീഡിയ കൺട്രോളുകൾ, നോട്ടിഫിക്കേഷനുകൾ, ഗൂഗിൾ മാപ്‌സ് വഴിയുള്ള നാവിഗേഷൻ എന്നിവ വാഗ്ദാനം ചെയ്യുന്ന ടിഎഫ്‌ടി കൺസോളുമായാണ് ഇത്തവണ റോയൽ എൻഫീൽഡ് ഹിമാലയൻ 452 നിരത്തിലേക്ക് ഓടിയിറങ്ങുക.
പിന്നെ ഒരു ടൈപ്പ് സി ചാർജിംഗ് പോർട്ടും പ്രായോഗിക കൂട്ടുന്ന കാര്യമാണ്. ഹിമാലയൻ 411-ൽ ഹാലൊജൻ ലൈറ്റിംഗ്, യുഎസ്ബി ചാർജിംഗ് പോർട്ട്, എൽഇഡി ടെയിൽലൈറ്റ്, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ-ചാനൽ എബിഎസ്, ട്രിപ്പർ നാവിഗേഷൻ സിസ്റ്റം എന്നിവ മാത്രമായിരുന്നു ലഭ്യമായിരുന്നത്. അങ്ങനെ അടിസ്ഥാന കാര്യങ്ങൾക്ക് പുറമെ ഇനി മുതൽ മുടക്കുന്ന വിലയ്ക്ക് അതിൽ കൂടുതൽ സവിശേഷതകളാണ് എൻഫീൽഡ് തങ്ങളുടെ അഡ്വഞ്ചർ ടൂററിൽ വാഗ്‌ദാനം ചെയ്യുന്നത്.

മെക്കാനിക്കലുകൾ: ഇവിടെയും മുൻമോഡലിനെ അപേക്ഷിച്ച് മൊത്തത്തിൽ അടിപൊളിയാണ് ഹിമാലയൻ 452. സസ്പെൻഷനായി 43 mm USD ഫ്രണ്ട് ഫോർക്കുകളും 200 mm വീൽ ട്രാവൽ ഉള്ള ഓഫ്സെറ്റ് മോണോഷോക്കുമാണ് പുത്തൻ അഡ്വഞ്ചർ ബൈക്കിൽ റോയൽ എൻഫീൽഡ് ഒരുക്കിയിരിക്കുന്നത്. ബ്രേക്കിംഗിലേക്ക് വന്നാൽ 320 mm ഫ്രണ്ട് ഡിസ്‌കും എബിഎസോട് കൂടിയ 270 mm റിയർ ഡിസ്‌ക്കുമാണ് ഒരുക്കിയിരിക്കുന്നത്. 21 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ സ്‌പോക്ക് വീലുകളാണ് മറ്റൊരു ആകർഷണം.
മറുവശത്ത് ഹിമാലയൻ 411 എഡിവി മോട്ടോർസൈക്കിളിൽ സസ്പെൻഷനായി 200 mm വീൽ ട്രാവൽ ഉള്ള 41 mm ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളും 180 mm വീൽ ട്രാവൽലുള്ള റിയർ മോണോഷോക്കുമാണ് റോയൽ എൻഫീൽഡ് ഉപയോഗിക്കുന്നത്. ഇതിന്റെ ബ്രേക്കിംഗിനായി 300 mm ഫ്രണ്ട്, 240 mm റിയർ ഡിസ്ക് ബ്രേക്കുകളുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഇതും സ്‌പോക്ക് വീലുകളിലാണ് സഞ്ചരിക്കുന്നത്.


Click it and Unblock the Notifications








