ഹാർലിയല്ല, ട്രയംഫ് വിചാരിച്ചാലും പറ്റൂല്ല, 11 മാസംകൊണ്ട് എൻഫീൽഡ് വിറ്റത് 2 ലക്ഷം ഹണ്ടർ ബൈക്കുകൾ
മിഡ്-കപ്പാസിറ്റി ബൈക്ക് സെഗ്മെന്റിലെ കിരീടംവെക്കാത്ത രാജാക്കൻമാരാണ് റോയൽ എൻഫീൽഡ് (Royal Enfield). കൾട്ട് ക്ലാസിക് ബൈക്കുകളുടെ അമരത്തേക്ക് ഓടിക്കയറിയതിന് കാരണക്കാരൻ ക്ലാസിക് 350 ആണെങ്കിലും പിന്നീട് ഹിമാലയൻ, ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി, മീറ്റിയോർ പോലുള്ള പുതുതലമുറ മോഡലുകളിലൂടെയാണ് ഈ പദവി കമ്പനി ഊട്ടിയുറപ്പിച്ചത്.
എൻഫീൽഡിന്റെ സ്വീകാര്യത കണ്ട് ഹാലിളകിയ ഹോണ്ട, ബജാജ്, യെഡ്‌ഡി, ജാവ പോലുള്ള ബ്രാൻഡുകളെല്ലാം ഈ വിഭാഗത്തിൽ സാന്നിധ്യമറിയിച്ച് വിജയിച്ചെങ്കിലും റോയൽ എൻഫീൽഡിന്റെ കസേരയ്ക്ക് മാത്രം ഇളക്കം സംഭവിച്ചില്ല. ദേ അടുത്തിടെ ഹീറോയെ കൂട്ടുപിടിച്ച് ഹാർലി ഡേവിഡ്‌സണും ബജാജിനെ കൂടെക്കൂട്ടി ട്രയംഫും വരെ എൻഫീൽഡ് ബൈക്കുകൾക്ക് എതിരാളിയെ കൊണ്ടുവന്നിട്ടുണ്ട്.

ആദ്യഘട്ടത്തിൽ വലിയ സ്വീകാര്യത നേടി ഇവർ മുന്നേറുന്നുണ്ടെങ്കിലും കാട്ടിൽ രാജാവ് ഒന്നല്ലേയുള്ളൂവെന്ന ഭാവമാണ് ഐക്കോണിക് ബ്രാൻഡിന്. ഇതിനിടയിൽ ചരിത്ര നേട്ടങ്ങളിലൊന്ന് സ്വന്തമാക്കി കുതിക്കുകയാണ് റോയൽ എൻഫീൽഡ്. പോയ വർഷം വിപണിയിലെത്തിയ ഹണ്ടർ 350 മോഡലിന്റെ വിൽപ്പനയിൽ ശ്രദ്ധേയമായ നാഴികക്കല്ല് പിന്നട്ടതാണീ വാർത്ത. ബൈക്ക് വിപണിയിലെത്തി ഒരു വർഷം പൂർത്തിയാകുന്നതിനു മുമ്പേ 2 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന പൂർത്തിയാക്കിയിരിക്കുകയാണ് കമ്പനി.
ഇത് എതിരാളികൾക്കുള്ള സൈലന്റ് റിവഞ്ചുകൂടിയാണെന്നു വേണം പറയാൻ. രാജ്യത്തെ മറ്റൊരു മോട്ടോർസൈക്കിളിനും നേടാവാത്ത വിജയമാണ് റോയൽ എൻഫീൽഡ് ഹണ്ടർ 350 കൈവരിച്ചിരിക്കുന്നത്. 2022 ഓഗസ്റ്റിൽ പുറത്തിറക്കിയ മോഡൽ ഇത്രയും വലിയ ഹിറ്റടിക്കുമെന്ന് കമ്പനി പോലും വിചാരിച്ചിട്ടുണ്ടാവില്ല. 2023 ഫെബ്രുവരിയിൽ ഒരു ലക്ഷം വിൽപ്പന നാഴികക്കല്ല് പിന്നിട്ട ഹണ്ടർ അടുത്ത അഞ്ച് മാസത്തിനുള്ളിലാണ് രണ്ട് ലക്ഷം എന്ന മാജിക് നമ്പരിലെത്തിയത്.

ഈയടുത്ത കാലത്തൊന്നും മറ്റൊരു ബൈക്കും ഈ നേട്ടം കൈവരിച്ചിട്ടില്ലെന്നതും റോയൽ എൻഫീൽഡിന് മൈലേജാണ്. ബ്രാൻഡ് നിരയിലെ ഏറ്റവും താങ്ങാനാവുന്നതും ഒതുക്കമുള്ളതുമായ മോട്ടോർസൈക്കിളാണ് ഹണ്ടർ 350. 17 ഇഞ്ച് വീലുകളുമായി വരുന്ന ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ മോഡലാണിത് എന്നതും വലിയൊരു പ്രത്യേകതയാണ്. ബൈക്കിന്റെ റൈഡിംഗിലും ഹാൻഡിലിംഗിലുമെല്ലാം വലിയ മാറ്റങ്ങളാണ് ഇക്കാര്യങ്ങൾ കൊണ്ടുവന്നത്.
എൻഫീൽഡ് ബൈക്കുകളും ആധുനികത കൈവരിക്കുന്നുവെന്നതിനുള്ള തെളിവാണ് ഹണ്ടർ 350 എന്ന റോഡ്സ്റ്റർ ബൈക്കിന്റെ വരവ്. ഡിസൈനിൽ മറ്റ് എൻഫീൽഡ് മോഡലുകളിൽനിന്ന് വ്യത്യസ്തനാണ് ഇവനെങ്കിലും പഴമയുടെ പുതുമ നിലനിർത്തിയിടത്താണ് വിജയം. പോരാത്തതിന് ചെറിയൊരു ട്രയംഫ് ടച്ചുള്ളതും ആളുകളെ കൈയിലെടുക്കാൻ സഹായിച്ചിട്ടുണ്ട്. ക്ലാസിക് 350, മീറ്റിയോർ 350 എന്നിവ ഒരുക്കിയിരിക്കുന്ന അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഹണ്ടറിനെയും കമ്പനി പണിതിറക്കിയിരിക്കുന്നത്.

അതേ 349 സിസി എഞ്ചിനാണ് ഈ പുതുതലമുറ ബൈക്കിന്റെയും ഹൃദയം. എന്നാൽ ഹണ്ടർ 350-ന്റെ സ്വഭാവസവിശേഷതകൾക്ക് അനുസൃതമായി റീട്യൂൺ ചെയ്‌തിട്ടുണ്ടെന്നാണ് റോയൽ എൻഫീൽഡ് പറയുന്നത്. സിംഗിൾ സിലിൻഡർ ജെ സീരീസ് ഫ്യുവൽ ഇഞ്ചക്ടഡ് എഞ്ചിന് പരമാവധി 20.2 bhp പവറിൽ 27 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 5 സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.
ക്ലാസിക് ശൈലി വിളിച്ചോതുന്നതിനായി വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ടേൺ ഇൻഡിക്കേറ്ററുകൾ, ഹെഡ്‌ലൈറ്റിന് മുകളിൽ നൽകിയിരിക്കുന്ന റെട്രോ സ്റ്റൈൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ. ടിയർഡ്രോപ് ഫ്യുവൽ ടാങ്ക്, തുങ്ങിയ സൈഡ് പാനൽ, സിംഗിൾ സീറ്റ്, ഒതുങ്ങിയ ടെയിൽ സെക്ഷൻ എന്നിവയെല്ലാം ഹണ്ടറിന്റെ ഡിസൈനിനെ വ്യത്യസ്‌തമാക്കുന്നുണ്ട്. റെട്രോ, മെട്രോ എന്നീ മൂന്നു വേരിയന്റുകളിലാണ് ഹണ്ടർ വിൽപ്പനയ്ക്കെത്തുന്നത്.

1.49 ലക്ഷം മുതൽ 1.75 ലക്ഷം രൂപ വരെയാണ് റോയൽ എൻഫീൽഡ് ഹണ്ടർ 350 റോഡ്സ്റ്റർ ബൈക്കിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഇന്ത്യക്ക് പുറമെ ഇന്തോനേഷ്യ, ജപ്പാൻ, കൊറിയ, തായ്‌ലൻഡ്, ഫ്രാൻസ്, ജർമനി, ഇറ്റലി, യുകെ, അർജന്റീന, കൊളംബിയ, മെക്സിക്കോ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലും ഹണ്ടർ ലഭ്യമാണ്. അധികം വൈകാതെ മോട്ടോർസൈക്കിൾ ബ്രസീലിലും അവതരിപ്പിക്കും.
ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ 2023 അവാർഡും തായ്‌ലൻഡിലെ മികച്ച മോഡേൺ ക്ലാസിക് ലൈറ്റ്‌വെയ്റ്റ് മോട്ടോർസൈക്കിളും ഉൾപ്പെടെ 20-ലധികം അവാർഡുകളും ഇക്കാലയളവിനുള്ളൽ ഹണ്ടർ 350 നേടിയിട്ടുണ്ട്. ലോഞ്ച് ചെയ്ത് ഒരു വർഷത്തിനുള്ളിൽ ഹണ്ടർ ലോകമെമ്പാടുമുള്ള രണ്ട് ലക്ഷത്തിലധികം റൈഡർമാരുടെ ഒരു അഭിമാനകരമായ കമ്മ്യൂണിറ്റിയെ നേടിയെടുത്തതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്ന് റോയൽ എൻഫീൽഡ് പറഞ്ഞു. ഇന്ത്യയിൽ മാത്രമല്ല, അന്താരാഷ്‌ട്ര വിപണികളിലും ബൈക്കിന്റെ ജനപ്രീതി വർധിച്ചുകൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications








