ഉത്സവത്തിന് റെട്രോ ലുക്കിൽ ഇറങ്ങാം, ഈ ഫീച്ചറുള്ള എൻഫീൽഡിന്റെ ബജറ്റ് ബൈക്ക് വിപണിയിൽ; ജോറായിട്ടുണ്ട്
ഇന്ത്യയിലെ റെട്രോ ക്ലാസിക് മോട്ടോർസൈക്കിളുകളുടെ രാജാക്കൻമാരായ റോയൽ എൻഫീൽഡ് അൽപം തിരക്കിലാണ്. സെഗ്മെന്റിലെ എതിരാളികളുടെ എണ്ണത്തിൽ വർധനവുണ്ടായപ്പോൾ പുത്തൻ ആയുധങ്ങൾ മെനയുന്ന തന്ത്രത്തിലാണ് കമ്പനിയിപ്പോൾ. വരാനിരിക്കുന്ന പുത്തൻ മോഡലുകളെ കൂടാതെ നിലവിലെ ബൈക്കുകൾക്ക് കൂടി പുതുജീവനേകാനുള്ള ശ്രമവും ഒപ്പം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി മീറ്റിയോർ 350 ക്രൂയിസറിലേക്ക് പുത്തൻ വേരിയന്റിനെ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
വരുന്ന ഉത്സവ സീസണിൽ കൂടുതൽ ആളുകളെ ബ്രാൻഡിലേക്ക് അടുപ്പിക്കാനുള്ള റോയൽ എൻഫീൽഡിന്റെ ആദ്യ നീക്കമാണിത്. ഹിമാലയൻ 452 അഡ്വഞ്ചർ ടൂറർ വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ മീറ്റിയോറിലേക്ക് അറോറ എന്ന പുത്തൻ വേരിയന്റാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റെല്ലാർ, സൂപ്പർനോവ വേരിയന്റുകൾക്ക് ഇടയിലായിരിക്കും ഇതിന്റെ സ്ഥാനമെന്നതും ശ്രദ്ധേയമാണ്.

താത്പര്യമുള്ള ഉപഭോക്താക്കൾക്ക് പുതിയ മോഡൽ ഇപ്പോൾ ബുക്ക് ചെയ്യാൻ സാധിക്കും. 2.20 ലക്ഷം രൂപയോളമാണ് മീറ്റിയോർ 350 അറോറ വേരിയന്റിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഇത് കൂടാതെ മീറ്റിയോർ 350 ശ്രേണിയും റോയൽ എൻഫീൽഡ് പുതുക്കിയിട്ടുണ്ട്. മെക്കാനിക്കൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെങ്കിലും ചില ഫീച്ചറുകൾ കൂട്ടിച്ചേർത്താണ് ക്രൂയിസർ ബൈക്കിനെ കൂടുതൽ റിച്ചാക്കുന്നത്.
ട്യൂബ് ടൈപ്പ് ടയറുകൾ, എൽഇഡി ഹെഡ്‌ലാമ്പ്, അലുമിനിയം സ്വിച്ച് ക്യൂബുകൾ, ഡീലക്സ് ടൂറിംഗ് സീറ്റ്, ട്രിപ്പർ നാവിഗേഷൻ എന്നിവയ്‌ക്കൊപ്പം സ്‌പോക്ക്ഡ് റിമ്മുകളുമായാണ് അറോറ എഡിഷൻ വരുന്നത്. അതിനാൽ, ഒരു റെട്രോ-ലുക്ക് ക്രൂയിസർ മോട്ടോർസൈക്കിൾ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകളെയാണ് അറോറ വേരിയന്റ് ഉന്നംവെക്കുന്നത്. ഇതോടൊപ്പം ക്രൂയിസർ ലൈനപ്പിലെ മറ്റ് പതിപ്പുകളിലേക്കും ചെറിയ ചില പരിഷ്ക്കാരങ്ങൾ കൊണ്ടുവരാൻ റോയൽ എൻഫീൽഡ് തയാറായിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

എൽഇഡി ഹെഡ്‌ലാമ്പും അലുമിനിയം സ്വിച്ച് ക്യൂബുകളും മറ്റ് പ്രീമിയം ഘടകങ്ങളും സവിശേഷതകളും സഹിതം ടോപ്പ്-ഓഫ്-ലൈൻ സൂപ്പർനോവ വേരിയന്റിനെ കമ്പനി ഇപ്പോൾ കൂടുതൽ പ്രീമിയമാക്കിയെന്ന് വേണം പറയാൻ. 2,29,900 രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില. മീറ്റിയോർ 350 സ്റ്റെല്ലാർ ശ്രേണിക്ക് ഇപ്പോൾ ട്രിപ്പർ നാവിഗേഷൻ ഉപകരണം ഒരു സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി ലഭിക്കുന്നുവെന്നും ബ്രാൻഡ് പറയുന്നു.
കൂടാതെ മീറ്റിയോർ ഫയർബോളിന് സ്റ്റാൻഡേർഡ് സ്റ്റോക്ക് നിറമായി എലഗന്റ് ബ്ലാക്ക് നിറവും ഉത്സവ സീസണിനോട് അനുബന്ധിച്ച് ലഭിക്കുന്നുണ്ട്. സ്റ്റെല്ലർ വേരിയന്റിന് 2,15,900 രൂപ എക്‌സ്‌ഷോറൂം വിലയും, ഫയർബോളിന്റെ എക്‌സ്‌ഷോറൂം വില 2,05,900 രൂപയുമാണ്. അങ്ങനെ നോക്കുമ്പോൾ മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിലെ വാല്യൂ ഫോർ മണി ബൈക്കായി ഈ ക്രൂയിസർ മാറുന്നുവെന്നതിൽ ഒരു സംശയവുമില്ല.

മീറ്റിയോർ 350 ക്രൂയിസറിന് സമ്മാനിച്ചിരിക്കുന്ന പുതിയ നിറങ്ങളും സവിശേഷതകളും ഉറപ്പായും തങ്ങളുടെ ഉപഭോക്താക്കൾക്കിടയിൽ ശുദ്ധമായ റെട്രോ-ക്രൂയിസിംഗിന്റെ ആനന്ദം ഉയർത്തുമെന്ന് പുത്തൻ വേരിയന്റിന്റെ ലോഞ്ചിനെ കുറിച്ച് സംസാരിച്ച റോയൽ എൻഫീൽഡ് സിഇഒ ബി ഗോവിന്ദരാജൻ പറഞ്ഞു. റൈഡർമാരുടെ കമ്മ്യൂണിറ്റിയുമായുള്ള ബ്രാൻഡിന്റെ നിരന്തരമായ ഇടപെടലിന്റെ ഫലമാണ് അറോറ ലൈനപ്പ് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.
അറോറ വേരിയന്റിലെ ഏറ്റവും ആകർഷകമായ മാറ്റം ആ ഗംഭീരമായ റെട്രോ കളർ ഓപ്ഷനുകളാണെന്നത് ഒറ്റ നോട്ടത്തിൽ തന്നെ മനസിലാക്കാം. ബൈക്കിലുടനീളം ക്രോമിന്റെ ഉദാരമായ ഉപയോഗമാണ് ഗൃഹാതുരത്വം വർധിപ്പിക്കുന്ന മറ്റൊരു കാര്യം. ഏതാണ്ട് മുഴുവൻ എഞ്ചിൻ ബ്ലോക്കും ഹെഡ്‌ലൈറ്റ് നെസെല്ലും ഇപ്പോൾ ക്രോമിൽ പൂർത്തിയായത് പ്രീമിയം ടച്ച് മോട്ടോർസൈക്കിളിലേക്ക് കൊണ്ടുവരുന്നുണ്ട്.

വലിയ വിൻഡ്‌സ്‌ക്രീൻ, പില്യൺ ബാക്ക്‌റെസ്റ്റ്, എൽഇഡി ഹെഡ്‌ലൈറ്റ് എന്നീ സ്റ്റാൻഡേർഡ് ഫീച്ചറുകൾക്കൊപ്പമാണ് അറോറ വേരിയന്റ് വരുന്നത്. എൽഇഡി ഹെഡ്‌ലൈറ്റ് സ്റ്റാൻഡേർഡായി വരുന്ന റോയൽ എൻഫീൽഡ് ലൈനപ്പിലെ ഏറ്റവും താങ്ങാനാവുന്ന മോഡലായും മീറ്റിയോർ 350 അറോറ മാറുന്നു എന്നതും ഹൈലൈറ്റാവും. ഇന്ത്യയിലെ ക്രൂയിസർ ബൈക്കുകളുടെ തമ്പുരാനായി അറിയപ്പെട്ടിരുന്ന തണ്ടർബേർഡിന്റെ പിൻഗാമിയായി 2021-ലാണ് മീറ്റീയോർ അവതാരപ്പിറവിടെയുക്കുന്നത്.
എൻഫീൽഡിന്റെ J-സീരീസ് പ്ലാറ്റ്ഫോമും പുതിയ 350 സിസി എഞ്ചിനും എല്ലാമായി സംഭവം വിപണിയിൽ ക്ലിക്കായതും അതിവേഗമായിരുന്നു. കംപ്ലിന്റുകളെല്ലാം പരിഹരിച്ച് വൈബ്രേഷൻ എന്ന കളിയാക്കലുകൾ ഇല്ലാതായതും മീറ്റിയോറിന്റെ വരവോടെയാണ്. പിന്നീട് രണ്ടാംതലമുറ ക്ലാസിക് 350, ഹണ്ടർ 350 പോലുള്ള ഹിറ്റ് മോഡലുകളും ഒരുക്കിയതും ഇതേ എഞ്ചിനും പ്ലാറ്റ്ഫോമും എല്ലാം കടമെടുത്താണ്.


Click it and Unblock the Notifications








