ഒരു അഡാറ് ബോബർ ബൈക്ക്, എൻഫീൽഡിന്റെ അടുത്ത 650 മോഡൽ വരുന്നത് ലോകം കീഴടക്കാൻ
മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിലെ തലതൊട്ടപ്പൻമാരായ റോയൽ എൻഫീൽഡ് (Royal Enfield) മുമ്പെങ്ങുമില്ലാത്തത്ര മത്സരമാണ് ഇപ്പോൾ വിപണിയിൽ നിന്നും നേരിടുന്നത്. ട്രയംഫ്, ഹാർലി ഡേവിഡ്‌സൺ പോലുള്ള പല പ്രമുഖരും തങ്ങളുടെ ആധിപത്യത്തെ ചോദ്യം ചെയ്യാനെത്തിയെങ്കിലും കുലുങ്ങാതെ പിടിച്ചുനിൽക്കുകയാണ് റെട്രോ ക്ലാസിക് ടൂവീലർ നിർമാതാക്കൾ.
എന്നാൽ ഭാവി ഭദ്രമാക്കാനായി ആവനാഴിയിൽ നിന്നും പുതിയ അസ്ത്രങ്ങൾ പുറത്തിറക്കാൻ റോയൽ എൻഫീൽഡ് തയാറായി കഴിഞ്ഞിട്ടുണ്ട്. ഒന്നാമതായി പുതിയ 450 ഹിമാലയൻ അധികം വൈകാതെ വിപണിയിൽ ഇറങ്ങുമ്പോൾ ഈ സാമ്പത്തിക വർഷത്തിൽ ഒന്നിലധികം മോട്ടോർസൈക്കിളുകൾ കൂടി അവതരിപ്പിക്കാനാണ് എൻഫീൽഡിന്റെ പദ്ധതി. അതിൽ ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മുതലാണ് ഷോട്ട്ഗൺ 650 എന്ന കിടിലൻ മോഡൽ. ബോബർ സ്റ്റൈലിലുള്ള മിടുക്കനായിരിക്കും ഇവനെന്നാണ് നിലവിലെ സംസാരം.

ഇതിനിടിയൽ ഷോട്ട്ഗൺ 650 ട്വിൻ സിലിണ്ടർ ബൈക്കിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണിപ്പോൾ. കഴിഞ്ഞ വർഷം അവസാനം സൂപ്പർ മെറ്റിയർ 650 ഫ്ലാഗ്ഷിപ്പ് ക്രൂയിസറിനൊപ്പം അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അടുത്ത വർഷത്തേക്ക് മോഡലിനെ കാത്തുവെക്കാനാണ് റോയൽ എൻഫീൽഡ് തീരുമാനിച്ചത്. പുറത്തുവന്ന പുതിയ വിവരങ്ങൾ പ്രകാരം നവംബർ ആദ്യം ഇറ്റലിയിലെ മിലാനിൽ നടക്കുന്ന 2023 EICMA ഷോയിൽ ഷോട്ട്ഗൺ 650 അതിന്റെ വേൾഡ് പ്രീമിയർ നടത്തിയേക്കുമെന്നാണ് വിവരം.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇതേ പരിപാടിയിൽ SG650 കൺസെപ്റ്റിനെ ആദ്യമായി റോയൽ എൻഫീൽഡ് പരിചയപ്പെടുത്തിയിരുന്നു. സൂപ്പർ മീറ്റിയോറുമായി വളരെയധികം സാമ്യമുള്ള ഒന്നായിരിക്കും ഷോട്ട്ഗൺ 650. എൽഇഡി ലൈറ്റിംഗും അപ്സൈഡ് ഡൌൺ ഫ്രണ്ട് ഫോർക്കുകളും ട്വിൻ-സൈഡഡ് റിയർ ഷോക്കുകളും എല്ലാം ക്രൂയിസർ ബൈക്കിൽ നിന്നാവും കടമെടുക്കുക. ഇതോടൊപ്പം അതേ എഞ്ചിനും ട്യൂബുലാർ സ്റ്റീൽ ഫ്രെയിമും പോലുള്ള ഘടകങ്ങളും വരാനിരിക്കുന്ന ബുള്ളറ്റ് കടമെടുക്കും.

അപ്രൂവൽ സർട്ടിഫിക്കറ്റ് അനുസരിച്ച് ഷോട്ട്ഗൺ 650 പതിപ്പിലെ 648 സിസി പാരലൽ-ട്വിൻ യൂണിറ്റിന് പരമാവധി 46.3 bhp കരുത്തിൽ 52 Nm torque വരെ ഉത്പാദിപ്പിക്കാനായേക്കും. ശക്തമായ ലോ-മിഡ് റേഞ്ച് പെർഫോമൻസിനായി റോയൽ എൻഫീൽഡ് എഞ്ചിന്റെ പവർ ഡെലിവറി സവിശേഷതകളിൽ മാറ്റം വരുത്താൻ സാധ്യതയുണ്ട്. സൂപ്പർ മീറ്റിയോറിൽ കാണുന്ന അതേ 6-സ്പീഡ് ട്രാൻസ്മിഷനിലാണ് എഞ്ചിൻ ജോടിയാക്കുക.
എൽഇഡി ലൈറ്റിംഗ്, മിഡ്-സെറ്റ് ഫൂട്ട് റെസ്റ്റ്, ലോവർ ഹാൻഡിൽ ബാർ എന്നിവയ്‌ക്കൊപ്പം പരിഷ്‌ക്കരിച്ച റൈഡിംഗ് പോസ്ച്ചർ ചോപ്പഡ് റിയർ ഫെൻഡർ, ടിയർഡ്രോപ്പ് ആകൃതിയിലുള്ള ടെയിൽ ലൈറ്റ് ഹൗസിംഗ് എന്നിവയ്‌ക്കൊപ്പം ഷോട്ട്ഗൺ 650 നിലവിലെ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളിൽ നിന്നും വേറിട്ടു നിൽക്കും. ഷോട്ട്ഗൺ സിംഗിൾ-സീറ്റ് രൂപത്തിൽ നൽകാനാണ് സാധ്യത, ഡിസ്ക്-സ്റ്റൈൽ വീലുകളും ഒരു ആക്സസറിയായി ലഭ്യമായേക്കാം.

അതായത് ബോബർ സ്റ്റൈൽ മോട്ടോർസൈക്കിളായിരിക്കും ഇതെന്ന സൂചനയാണ് സിംഗിൾ സീറ്റ് ഓപ്ഷൻ നൽകുന്നത്. പക്ഷേ ഇവ അത്രയ്ക്ക് പ്രായോഗികമല്ല എന്നതിനാൽ എന്താവും എൻഫീൽഡിന്റെ അന്തിമ തീരുമാനമെന്ന് കണ്ടറിയണം. മൊത്തത്തിൽ 2,170 mm നീളവും 820 mm വീതിയും 1,105 mm ഉയരവും 1,465 mm വീൽബേസ് നീളം ആയിരിക്കും പുതിയ ഷോട്ട്ഗൺ 650 മോട്ടോർസൈക്കിളിനുണ്ടാവുക. താരതമ്യപ്പെടുത്തുമ്പോൾ ഇതിന് ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി എന്നിവയെക്കാളും നീളമുള്ള വീൽബേസ് ഉണ്ടായിരിക്കും.
ഷോട്ട്ഗൺ 650 ബോബറിന്റെ മൊത്തത്തിലുള്ള ഭാരം 428 കിലോഗ്രാമായിരിക്കും. ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ, മസ്കുലർ ഫ്യുവൽ ടാങ്ക്, ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റത്തിന്റെ സഹായത്തോടെയുള്ള ഫ്രണ്ട് ആൻഡ് റിയർ ഡിസ്‌ക് ബ്രേക്കുകൾ, ബ്ലാക്ക് ഫിനിഷ്ഡ് അലോയ് വീലുകൾ, സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾ, സ്പ്ലിറ്റ് സീറ്റുകൾ, റിലാക്‌സ്ഡ് എർഗണോമിക്‌സ്, ആറ് സ്പീഡ് ട്രാൻസ്മിഷൻ എന്നിവയാണ് ഷോട്ട്ഗണ്ണിലെ മറ്റ് ഹൈലൈറ്റുകൾ. സ്ലിപ്പർ ക്ലച്ചും ട്രിപ്പർ നാവിഗേഷനോടുകൂടിയ സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും മോടികൂട്ടാനെത്തുകയും ചെയ്യും.

സൂപ്പർ മീറ്റിയോറിന്റെ കാര്യത്തിലെന്നപോലെ റോയൽ എൻഫീൽഡ് 2023 EICMA മോട്ടോർഷോയിൽ പ്രൊഡക്ഷൻ പതിപ്പായ ഷോട്ട്ഗൺ 650 അവതരിപ്പിക്കാൻ സാധ്യതയുണ്ട്. പിന്നീട് നവംബറിൽ റോയൽ എൻഫീൽഡ് റൈഡർ മാനിയയിൽ ഇന്ത്യയിൽ അവതരിപ്പിക്കാനും സാധ്യതയുണ്ട്. കയറ്റുമതി വിപണികളിലും റോയൽ എൻഫീൽഡിന്റെ ഒരു പ്രധാന മോഡലായി ഷോട്ട്ഗൺ സ്ഥാപിക്കും. വിലയിലേക്ക് വന്നാൽ ഏകദേശം 3.70 ലക്ഷം രൂപ മുതൽ 3.90 ലക്ഷം രൂപ വരെയായിരിക്കും ബോബർ സ്റ്റൈൽ ബൈക്കിന് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








