എല്ലാർക്കും കിട്ടാത്ത വണ്ടിക്ക് ഇത്രയും വിലയോ? പുതിയ എൻഫീൽഡ് ബൈക്കിന്റെ വില കേട്ട് ഞെട്ടി ലോകം
ഇന്ത്യയുടെ ക്ലാസിക് മോട്ടോർസൈക്കിൾ രാജാക്കൻമാരാണ് റോയൽ എൻഫീൽഡ്. കൊളോണിയല്‍ കാലം നമ്മുടെ രാജ്യത്തിനു നല്‍കിയ വിലപ്പെട്ട സമ്മാനങ്ങളിലൊന്നാണ് ഈ ഇരുചക്ര വാഹന ബ്രാൻഡ്. മിഡിൽ വെയ്റ്റ് സെഗ്മെന്റിൽ തന്റെ ഭൂമി വെട്ടിപ്പിടിക്കാനായി സ്വദേശികളും വിദേശികളും ഒരുപാട് പയറ്റുന്നുണ്ടെങ്കിലും എൻഫീൽഡിന്റെ ഉരുക്കുകോട്ട തകർക്കാൻ ആർക്കുമാവുന്നില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.
ട്രയംഫും ഹാർലിയും ഹോണ്ടയും ജാവയും യെസ്‌ഡിയുമെല്ലാം കിണഞ്ഞു ശ്രമിച്ചിട്ടും മിഡ് കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റ് ഇന്നും റോയൽ എൻഫീൽഡിന്റെ കൈയിൽ ഭദ്രമാണ്. ബ്രാൻഡ് ഓരോ പുത്തൻ മോഡലുകൾ പുറത്തിറക്കുമ്പോഴും ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. പണ്ട് കുറ്റപ്പെടുത്തിയിരുന്ന കുറവുകളെല്ലാം നികത്തി പുതുതലമുറ പ്ലാറ്റ്ഫോമുകളും എഞ്ചിനുകളുമെല്ലാം ഉപയോഗിച്ച് എൻഫീൽഡ് ബൈക്കുകൾ റേഞ്ച് തന്നെ മാറ്റി.

അടുത്തിടെ ഗോവയിൽ അവസാനിച്ച എൻഫീൽഡ്മോട്ടോവേഴ്സില്‍ രണ്ട് പുത്തൻ മോഡലുകളാണ് റോയൽ എൻഫീൽഡ് അവതരിപ്പിച്ചത്. ഏവരും കാത്തിരുന്ന ഹിമാലയൻ 452 എന്ന അഡ്വഞ്ചർ ടൂററിന് പുറമെ ഒരു സർപ്രൈസ് സമ്മാനവും ബ്രാൻഡ് ഒരുക്കിയിരുന്നു. ഷോട്ട്ഗൺ 650 എന്ന ഒരുതട്ടുപൊളിപ്പൻ ബൈക്കായിരുന്നു അത്. കസ്റ്റം ഇൻസ്പയേർഡ് റോഡ്സ്റ്റർ എന്നാണ് എൻഫീൽഡ് വിശേഷിപ്പിക്കുന്നത് തന്നെ. ഈ വാഹനം അങ്ങനെ എല്ലാർക്കും കിട്ടില്ലെന്നതും ഹൈലൈറ്റാണ്.
അങ്ങനെ നോക്കുമ്പോൾ ഒരു റെയർ പീസായി റോഡിലൂടെ ചുറ്റാൻ ഇവൻ കൊള്ളാം. ലോകത്ത് 25 എണ്ണം മാത്രം നിർമിക്കുന്ന ഷോട്ഗൺ 650 മോട്ടോവേഴ്സ് എഡിഷന്റെ വില മാത്രമായിരുന്നു അറിയാനുണ്ടായിരുന്നത്. ഇപ്പോൾ അതും പ്രഖ്യാപിച്ച് ഞെട്ടിച്ചിരിക്കുകയാണ് കമ്പനി. 4.25 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ബൈക്ക് സ്വന്തമാക്കാമാക്കാനാവുന്നത്. മോട്ടോവേഴ്‌സിൽ പങ്കെടുത്ത് വണ്ടി ബുക്ക് ചെയ്‌ത 25 ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെയാവും തിരഞ്ഞെടുക്കുക.

ഷോട്ട്ഗൺ 650 എന്ന ലളിതവും ഒരുപക്ഷേ താങ്ങാനാവുന്നതുമായ പ്രൊഡക്ഷൻ പതിപ്പ് എങ്ങനെയായിരിക്കുമെന്നതിന്റെ പ്രിവ്യൂ ആണ് മോട്ടോവേഴ്സ് എഡിഷൻ. അടുത്ത വർഷം എൻഫീൽഡ് വിപണിയിൽ എത്തിക്കുന്ന ഷോട്ട്ഗൺ 650 എന്ന ബൈക്കിന്റെ സ്പെഷ്യൽ പതിപ്പാണിതെന്ന് പറയാം. ബുക്ക് ചെയ്തവർക്ക് ജനുവരിയിൽ വാഹനം കൈമാറാനാണ് കമ്പനിയുടെ തീരുമാനം. 2021 മിലാനിൽ നടന്ന EICMA ഷോയിൽ ബ്രാൻഡ് പരിചയപ്പെടുത്തിയ SG650 ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഷോട്ട്ഗൺ 650.
ഗ്രേഡിയന്റ്-സ്റ്റൈൽ ഗ്രാഫിക്സും നിയോൺ വിശദാംശങ്ങളുമുള്ള കസ്റ്റമൈസായി രൂപകൽപ്പന ചെയ്ത, കൈകൊണ്ട് പെയിന്റ് ചെയ്ത ബോഡി പാനലുകളാണ് ബൈക്കിന്റെ മോട്ടോവേഴ്സ് എഡിഷനെ സവിശേഷമാക്കുന്നത്. റോയൽ എൻഫീൽഡ് ഇതിനെ നിയോ-റെട്രോ റോഡ്‌സ്റ്റർ എന്ന് വിളിക്കുമ്പോൾ സിംഗിൾ-സീറ്റ് പതിപ്പ് ഒരു ബോബർ സ്റ്റൈൽ മോട്ടോർസൈക്കിളിനെയാണ് ഓർമിപ്പിക്കുന്നത്. എന്നിരുന്നാലും ഓപ്ഷണൽ പില്യൺ സീറ്റും ബൈക്കിൽ ലഭ്യമാകും.

അടുത്തിടെയെത്തിയ സൂപ്പർ മീറ്റിയോർ 650 പ്രീമിയം ക്രൂയിസർ ബൈക്കിനെ അടിസ്ഥാനപ്പെടുത്തി നിർമിച്ച വാഹനമാണ് ഷോട്ട്ഗൺ മോട്ടോവേഴ്‌സ് എഡിഷൻ. എന്നാൽ വ്യത്യസ്ത വീലുകളും മൊത്തത്തിലുള്ള എർഗണോമിക്‌സിലും നിരവധി മാറ്റങ്ങളും ഈ മോട്ടോർസൈക്കിളിനുണ്ട്. റോയൽ എൻഫീൽഡിന്റെ 650 ട്വിൻ പ്ലാറ്റ്ഫോമിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ വാഹനമാണിതെന്നതും ശ്രദ്ധേയമാണ്.
ക്ലാസിക് ഡിസൈനാണ് പിന്തുടർന്നിരിക്കുന്നതെങ്കിലും കാഴ്ച്ചയിൽ തികച്ചും മോഡേണാണ് ബൈക്ക്. ആരേയും കൊതിപ്പിക്കുന്ന പുതുപുത്തൻ ഡിസൈനിനൊപ്പം നിയോ റെട്രോ ശൈലി ഇഴുകിച്ചേരുമ്പോൾ സംഭവം മൊത്തത്തിൽ കളറാവുന്നുണ്ട്. 649 സിസി എയർ/ഓയിൽ-കൂൾഡ്, പാരലൽ-ട്വിൻ സിലിണ്ടർ എഞ്ചിൻ തന്നെയാണ് ഷോട്ട്ഗൺ 650 മോട്ടോവേഴ്‌സ് എഡിഷനും തുടിപ്പേകുന്നത്.

ഇത് 47 bhp കരുത്തിൽ പരമാവധി 52 Nm torqur വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഷോട്ട്ഗണിന്റെ വ്യക്തിത്വവുമായി പൊരുത്തപ്പെടുന്നതിന് കമ്പനി എഞ്ചിന്റെ ട്യൂണിംഗിൽ ചെറിയ മാറ്റം വരുത്തിയതായും പറയപ്പെടുന്നുണ്ട്. അങ്ങനെ മൊത്തത്തിൽ ഈ മോഡലിനെ അതിന്റെ സ്വഭാവം കൈവരിക്കാൻ കമ്പനി സഹായിച്ചിട്ടുണ്ട്.
ഇനി മറ്റ് ഹൈലൈറ്റുകളിലേക്ക് നോക്കിയാൽ ഷോവയിൽ നിന്നുണള്ള USD ഫ്രണ്ട് ഫോർക്കുകൾ, ട്വിൻ റിയർ ഷോക്കുകൾ, അലോയ് വീലുകൾ, ഡ്യുവൽ-ചാനൽ എബിഎസ്, രണ്ടറ്റത്തും ഡിസ്ക് ബ്രേക്കുകൾ, ഒരു റൗണ്ട് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബാർ-എൻഡ് മിററുകൾ, പൂർണ എൽഇഡി ലൈറ്റിംഗ്, ബ്ലാക്ക്-ഔട്ട് എഞ്ചിൻ ഘടകങ്ങൾ എന്നിവയെല്ലാമാണ് സമ്മാനിച്ചിരിക്കുന്നത്. അങ്ങനെ മുടക്കുന്ന വിലയ്ക്കുള്ള സ്പെഷ്യൽ ബൈക്കായി ഷോട്ട്ഗൺ 650 മോട്ടോവേഴ്‌സ് എഡിഷൻ മാറുന്നു.


Click it and Unblock the Notifications








