കണ്ടാൽ ആർക്കായാലും വാങ്ങാൻ തോന്നും, എൻഫീൽഡിന്റെ പുതിയ ബൈക്ക് കണ്ടോ
പെർഫക്‌ടായ ക്ലാസിക് റെട്രോ മോട്ടോർസൈക്കിളുകൾ തേടുന്നവരുടെ ഡ്രീം ഡെസ്റ്റിനേഷനാണ് റോയൽ എൻഫീൽഡ്. ചെറിയ 350 സിസി മുതൽ 650 സിസി വിരാജിച്ച് കിടക്കുന്ന എൻഫീൽഡ് ബൈക്കുകളുടെ നിര ആരേയും മോഹിപ്പിക്കുന്നതാണെന്ന് പറയാതെ വയ്യ. ഒരേ എഞ്ചിനും പ്ലാറ്റ്ഫോമുമെല്ലാം പല മോഡലുകളിലും ഉപയോഗിക്കുന്നുണ്ടെങ്കിലും ഇവയെല്ലാം വ്യത്യസ്‌തമാക്കുന്നിടത്താണ് കമ്പനിയുടെ കഴിവ്.
മിഡ്-കപ്പാസിറ്റി സെഗ്മെന്റിൽ ചൂടപ്പം പോലെ ബൈക്കുകൾ വിറ്റഴിക്കുന്നത് കണ്ടിട്ട് ഹാലിളകിയ പല എതിരാളികളും എൻഫീൽഡുമായി പോരാട്ടത്തിന് എത്തിയെങ്കിലും ബ്രാൻഡിന്റെ രോമത്തിൽ പോലും തൊടാനായില്ലെന്നതാണ് സത്യം. ഹോണ്ടക്കും ബജാജിനും ജാവക്കും യെസ്‌ഡിക്കും ശേഷം സാക്ഷാൽ ട്രയംഫും ഹാർലി ഡേവിഡ്‌സണും വരെ റോയൽ എൻഫീൽഡുമായി പോരാട്ടത്തിനിറങ്ങി. എന്നാൽ ഇവിടെയും തന്ത്രം മാറ്റി വെന്നിക്കൊടി പാറിക്കാൻ നമ്മുടെ ഇന്ത്യൻ ബ്രാൻഡിനായി.

പുത്തൻ മോട്ടോർസൈക്കിളുകളിലൂടെ എതിരാളികളെ തകർക്കുന്ന ടാടിക്‌സ് വിജയം കണ്ടുവെന്ന് വേണം പറയാൻ. ഹണ്ടർ 350 സ്വപ്‌ന വിജയം നേടിയപ്പോൾ പിന്നാലെ സൂപ്പർ മീറ്റിയോർ 650 വന്ന് വിസ്‌മയം തീർത്തു. ഇതിനുശേഷം അടുത്തിടെ പുതിയ ഹിമാലയൻ 450 പുറത്തിറക്കിക്കൊണ്ട് എൻഫീൽഡ് വീണ്ടും റോയലായി. ഇപ്പോഴിതാ പലരും കാത്തിരുന്ന ഷോട്ട്ഗൺ 650 പതിപ്പിനെ അവതരിപ്പിച്ചിരിക്കുകയാണ് റെട്രോ മോട്ടോർസൈക്കിൾ നിർമാതാക്കൾ.
കണ്ടാൽ ആർക്കായാലും വാങ്ങാൻ തോന്നുന്ന രൂപവും ഭാവവുമാണ് ഷോട്ട്ഗൺ 650-യുടെ പ്രത്യേകത. മോട്ടോവേഴ്‌സിൽ പ്രത്യക്ഷപ്പെട്ട സ്പെഷ്യൽ എഡിഷന് ശേഷമാണ് ഇപ്പോൾ ബൈക്ക് ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ക്രൂയിസർ കിങായ സൂപ്പർ മീറ്റിയോറിലെ അതേ എഞ്ചിനും പ്ലാറ്റ്ഫോമും കടമെടുത്താണ് ഷോട്ട്ഗണ്ണും പണിതിറക്കിയിരിക്കുന്നത്. റോയൽ എൻഫീൽഡ് അടുത്ത വർഷം ആദ്യം മോഡലിനെ ഇന്ത്യ ഉൾപ്പെടെയുള്ള വിപണിയിലെത്തിക്കും.

ഇത് കോണ്ടിനെന്റൽ ജിടി 650, സൂപ്പർ മീറ്റിയർ 650 എന്നിവക്കിടയിലാവും പുതിയ ഷോട്ട്ഗൺ സ്ഥാനംപിടിക്കുക. സ്റ്റെൻസിൽ വൈറ്റ്, പ്ലാസ്മ ബ്ലൂ, ഗ്രീൻ ഡ്രിൽ, ഷീറ്റ്മെറ്റൽ ഗ്രേ എന്നിങ്ങനെ നാല് വ്യത്യസ്ത നിറങ്ങളിൽ റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650 വാങ്ങാനാവും. മോട്ടോർസൈക്കിളിൽ 18 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ അലോയ് വീൽ സെറ്റപ്പാണ് കമ്പനി ഉപയോഗിക്കുക. കൂടാതെ ഫാക്ടറിയിൽ നിന്നുള്ള ട്യൂബ്‌ലെസ് ടയറുകളും ഹൈലൈറ്റാവും.
റോയൽ എൻഫീൽഡ് അലോയ് വീലുകളുടെ ഡയമണ്ട് കട്ട് പതിപ്പ് ഔദ്യോഗിക ആക്സസറിയായി വിൽക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. ക്ലാസിക് ടച്ചുണ്ടെങ്കിലും ആളൊരു മോഡേൺ ബൈക്കാണെന്നാണ് എൻഫീൽഡ് അവകാശപ്പെടുന്നത്. ഇതിനായി എൽഇഡി ഹെഡ്‌ലാമ്പ്, ഡിജിറ്റൽ അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ട്രിപ്പർ നാവിഗേഷൻ, യുഎസ്ബി ചാർജിംഗ് പോർട്ട്, റോയൽ എൻഫീൽഡ് വിംഗ്മാൻ സപ്പോർട്ട് എന്നിവയുമായാണ് ഷോട്ട്ഗൺ 650 ഒരുങ്ങിയിരിക്കുന്നത്.

റോയൽ എൻഫീൽഡ് പ്രത്യേകം വിൽക്കുന്ന 31 ഒറിജിനൽ മോട്ടോർസൈക്കിൾ ആക്സസറികളും ബൈക്കിന്റെ മാറ്റുകൂട്ടാൻ ഉപയോഗിക്കാനാവും. 13.8 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയാണ് ഷോട്ട്ഗണ്ണിനുള്ളത്. 795 മില്ലീമീറ്ററിന്റെ ചെറിയ സീറ്റ് ഹൈറ്റാണ് മോഡലിനുള്ളത്. കമ്പനിയുടെ മറ്റ് 650 സിസി മോട്ടോർസൈക്കിളുകളിൽ കാണുന്ന അതേ എഞ്ചിൻ തന്നെയായിരിക്കും ഈ പുതിയ കരുത്തൻ മോട്ടോർസൈക്കിളിനും തുടിപ്പേകാൻ എത്തുക.
അതായത് 648 സിസി പാരലൽ-ട്വിൻ എയർ-ഓയിൽ കൂൾഡ് എഞ്ചിനാണ് ഷോട്ട്ഗണ്ണിന്റെ ഹൃദയം. ഇത് 47 bhp പവറിൽ പരമാവധി 52 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഭാരവും സവിശേഷതകളും കണക്കിലെടുത്ത് റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650-യുടെ എഞ്ചിൻ റീട്യൂൺ ചെയ്യാനുള്ള സാധ്യതയും കാണുന്നുണ്ട്.

മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ മോട്ടോർസൈക്കിളിലെ സസ്‌പെൻഷൻ ചുമതലകൾ നിർവഹിക്കുന്നതിനായി മുൻവശത്ത് പ്രത്യേക ഫംഗ്‌ഷനുള്ള 43 mm ബിഗ് പിസ്റ്റൺ ഷോവ ഫോർക്കുകളും പിന്നിൽ ട്വിൻ ട്യൂബ് 5-സ്റ്റെപ്പ് ഷോക്ക് അബ്‌സോർബറുകളുമാണ് നൽകിയിരിക്കുന്നത്. ഷോട്ട്ഗണ്ണിന് 795 മില്ലീമീറ്റർ സീറ്റ് ഉയരവും 1,465 മില്ലീമീറ്റർ വീൽബേസുമുണ്ട്. മുൻവശത്ത് 320 mm ഡിസ്‌ക്കും പിന്നിൽ 300 mm ഡിസ്‌ക്കുമാണ് ബ്രേക്കിംഗിനായി റോയൽ എൻഫീൽഡ് ഉപയോഗിക്കുന്നത്. ഡ്യുവൽ ചാനൽ എബിഎസ് ഓഫറിലുണ്ടാകും.


Click it and Unblock the Notifications