നിരത്തുകളെ പ്രകമ്പനം കൊള്ളിക്കാൻ സൂപ്പർ മീറ്റിയോർ 650; ഡെലിവറി തുടങ്ങി
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സൂപ്പർ മീറ്റിയോർ 650 ക്രൂയിസറിനായുള്ള ഡെലിവറി ഇന്ത്യയിൽ ആരംഭിച്ച് റോയൽ എൻഫീൽഡ്. ഇറ്റലിയില്‍ നടന്ന EICMA മോട്ടോര്‍സൈക്കിള്‍ ഷോയിലും ഗോവയിലെ റൈഡര്‍ മാനിയയിലും പ്രദര്‍ശന ത്തിനെത്തിച്ച റോയല്‍ എന്‍ഫീല്‍ഡിന്റെ മൂന്നാമത്തെ 650 സിസി ബൈക്കിനായുള്ള നിരത്തുകളുടെ കാത്തിരിപ്പിനാണ് ഒടുവിൽ വിരാമമായിരിക്കുന്നത്.
റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡിന്റെ ഫ്ലാഗ്ഷിപ്പ് മോഡലായാണ് സൂപ്പർ മീറ്റിയോർ സ്ഥാനം പിടിക്കുന്നത്. ആസ്ട്രൽ, ഇന്റർസ്റ്റെല്ലാർ, സെലസ്റ്റിയൽ എന്നിങ്ങനെ മൂന്നു വേരിയന്റുകളായി എത്തുന്ന പ്രീമിയം ക്രൂയിസർ ബൈക്കിന് യഥാക്രമം 3.5 ലക്ഷം, 3.64 ലക്ഷം, 3.79 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്. ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ ജിടി പാരലൽ ട്വിൻ ഇരട്ടകള്‍ അരങ്ങ് തകര്‍ത്തിരുന്ന സെഗ്മെന്റിനെ ഇനി മറ്റൊരു തലത്തിലെത്തിക്കുകയാണ് ഈ കാളകൂറ്റൻ്റെ പ്രധാന ലക്ഷ്യം.

ഇന്ത്യയിലെ ക്രൂയിസര്‍ ബൈക്കുകളിലെ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ എന്ന വിശേഷിപ്പിക്കാവുന്ന ഈ ബൈക്കിന്റെ ഡിസൈനും ഫീച്ചറുകളും ആകര്‍ഷകമാണ്. ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയുടെ അതേ എഞ്ചിനാണ് സൂപ്പർ മീറ്റിയോറിലും ഉപയോഗിക്കുന്നത്. അതിനാൽ 648 സിസി, എയർ-ഓയിൽ കൂൾഡ് എഞ്ചിനാണ് മോഡലിന് തുടിപ്പേകുന്നത്. ഇത് 7,250 rpm-ൽ പരമാവധി 46 bhp കരുത്തും 5,650 rpm-ൽ 52 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
ക്രൂയിസറിന്റെ സ്വഭാവ സവിശേഷതകൾക്ക് അനുസൃതമായി എഞ്ചിൻ വീണ്ടും ട്യൂൺ ചെയ്തിട്ടുണ്ടെന്നും റോയൽ എൻഫീൽഡ് അവകാശപ്പെടുന്നുണ്ട്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ച് ഉള്ള അതേ 6-സ്പീഡ് യൂണിറ്റാണ് ഗിയർബോക്‌സ്. ഇതിന് ടോയും ഹീൽ ഷിഫ്റ്ററും വരെ ഒരുക്കിയിട്ടുണ്ടെന്നതും പ്രധാനമായ കാര്യമാണ്. മോട്ടോർസൈക്കിളിന്റെ ഭാരക്കൂടുതൽ നികത്താൻ റോയൽ എൻഫീൽഡ് ഗിയറിംഗിലും പരിഷ്ക്കാരം കൊണ്ടുവന്നിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്.

ഫീച്ചറുകളുടെ കാര്യത്തിൽ സൂപ്പർ മീറ്റിയോർ 650-യിൽ എൽഇഡി ഹെഡ്‌ലാമ്പ്, ട്രിപ്പർ നാവിഗേഷൻ, ക്രമീകരിക്കാവുന്ന ലിവർ എന്നിവയെല്ലാം കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇടത് വശത്തെ പാനലിന് പിന്നിൽ സ്ഥാപിച്ചിരിക്കുന്ന യുഎസ്ബി പോർട്ട് ദീർഘ ദൂര യാത്രകളിൽ സഹായകരമാണ്. റെഗുലര്‍ മീറ്റിയോറില്‍ നിന്ന് വ്യത്യസ്തമായി ട്വിന്‍ എക്‌സ്‌ഹോസ്റ്റ്, അപ്പ് സൈഡ് ഡൗണ്‍ ഫോര്‍ക്ക്, എല്‍ഇഡി ഹെഡ്‌ലാമ്പ്, നാവിഗേഷന്‍ സിസ്റ്റം എന്നിവയെല്ലാം മോഡലിന് അകമ്പടിയായി ഉണ്ടാകും.
241 കിലോഗ്രാം ഭാരവും 1500 മില്ലിമീറ്റർ നീളമുള്ള വീൽബേസുമാണ് ബൈക്കിന്റെ മറ്റൊരു പ്രത്യേകത. ഇനി മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ പ്രീമിയം ക്രൂയിസർ മോട്ടോർസൈക്കിളിന്റെ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത് മുൻവശത്ത് 320 mm ഡിസ്കും പിന്നിൽ 300 mm ഡിസ്കും ആണ്. സസ്പെൻഷനായി മുൻവശത്ത് 43 mm അപ്-സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുകളുമാണ് കമ്പനി നിയോഗിച്ചിരിക്കുന്നത്.

അലോയ് വീലുകളും ട്യൂബ്ലെസ് ടയറുകളുമാണ് സൂപ്പർ മീറ്റിയോറിന്റെ മറ്റ് പ്രത്യേകതകൾ. മുൻവശത്ത് 19 ഇഞ്ച് വലിപ്പമാണ് വീലുകൾക്ക് നൽകിയിരിക്കുന്നത്. ഇവ 100/90 സെക്ഷൻ ടയറുകളാലാണ് നിരത്തിലെത്തുന്നത്. പിന്നിൽ 150/80 സെക്ഷൻ ടയറുകൾ ഉപയോഗിക്കുമ്പോൾ ചെറിയ 16 ഇഞ്ച് വലിപ്പം മാത്രമാണ് അലോയ് വീലുകൾക്കുള്ളത്. ഇന്ത്യൻ വിപണിയിൽ സൂപ്പർ മീറ്റിയോറിന് നേരിട്ട് എതിരാളികളില്ലെന്നതും വിൽപ്പനയിൽ നേട്ടമായേക്കും. എങ്കിലും ഏറ്റവും അടുത്ത എതിരാളിയായി കവസാക്കി വൾക്കൻ എസ് പ്രീമീയം ബൈക്കിനെ കാണാനാവും.
എന്നിരുന്നാലും വിലയുടെ കാര്യത്തിൽ സൂപ്പർ മീറ്റിയോർ ക്യുജെ മോട്ടോർ SRK 400, അൾട്രാവയലറ്റ് F77, കെടിഎം 390 അഡ്വഞ്ചർ എന്നിവയ്‌ക്കെതിരെയാണ് മത്സരിക്കുന്നത്. ഇന്റർസെപ്റ്റർ 650 ബൈക്കുമായി താരതമ്യപ്പെടുത്തുമ്പോൾ സൂപ്പർ മീറ്റിയോറിന് 60,000 രൂപയാണ് കൂടുതലായി മുടക്കേണ്ടി വരുന്നത്. ഇന്ത്യന്‍ വിപണിക്ക് പുറമെ, ആഗോള വിപണിക്കായി ഒരുങ്ങിയിട്ടുള്ള മോട്ടോർസൈക്കിൾ കൂടിയാണ് സൂപ്പര്‍ മീറ്റിയോര്‍. ആസ്ട്രല്‍ ബ്ലാക്ക്, ആസ്ട്രല്‍ ബ്ലൂ, ആസ്ട്രല്‍ ഗ്രീന്‍, ഇന്റര്‍സ്റ്റെല്ലാര്‍ ഗ്രേ, ഇന്റര്‍സ്റ്റെല്ലാര്‍ ഗ്രീന്‍ എന്നീ അഞ്ച് നിറങ്ങളിലും മോഡൽ സ്വന്തമാക്കാനാവും.


Click it and Unblock the Notifications








