പുത്തൻ നീക്കവുമായി ഇവി സെഗ്മെന്റിലെ ഓലയുടെ എതിരാളി, 110 കി.മീ. റേഞ്ചുള്ള ഈ സ്‌കൂട്ടറിനെ ഓർമയുണ്ടോ?
ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണി മുമ്പെങ്ങുമില്ലാത്ത വിധം തഴച്ചുവളരുന്ന കാഴ്ച്ചയാണ് നാമിപ്പോൾ കാണുന്നത്. സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ തുടങ്ങിവെച്ച വൈദ്യുത വിപ്ലവം ഇന്ന് രാജ്യത്ത് മറ്റ് പ്രമുഖ ടൂവീലർ നിർമാതാക്കൾ ഏറ്റെടുത്തു കഴിഞ്ഞു. ടിവിഎസും ബജാജും നേരത്തെ തന്നെ കളത്തിലേക്ക് ഇറങ്ങിയിരുന്നുവെങ്കിലും ഹീറോ മോട്ടോകോർപ് അൽപം വൈകിയാണെങ്കിലും ഇവി മോഡൽ പുറത്തിറക്കി കഴിഞ്ഞു.
ഇതിനിടയിലാവട്ടെ ദിനംപ്രതി നിരവധി പുതിയ ബ്രാൻഡുകളുടെ ഇലക്‌ട്രിക് സ്‌കൂട്ടറുകളും വിപണിയിലെത്തുന്നുണ്ട്. അങ്ങനെ ഒരു ഇവി വാങ്ങാൻ പ്ലാനിട്ടാൽ ആരായാലും കൺഫ്യൂഷനടിച്ച് പോവുന്ന അവസ്ഥയാണുള്ളത്. അത്രയധികം മോഡലുകളാണ് ഇപ്പോൾ വിൽപ്പനയ്ക്ക് എത്തുന്നത്. ഇക്കൂട്ടത്തിലേക്കിതാ ഗുജറാത്തിലെ വഡോദര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവി സ്റ്റാർട്ടപ്പ് കമ്പനിയായ റൺആർ മൊബിലിറ്റി എന്ന ബ്രാൻഡും പുതിയ തന്ത്രങ്ങളുമായി രംഗത്തെത്തുകയാണ്.

റൺആർ മൊബിലിറ്റി ഈ മാസം അവസാനത്തോടെ 200 ഇലക്ട്രിക് വാഹനങ്ങൾ വിന്യസിച്ചുകൊണ്ട് ഡയറക്ട്-ടു-കൺസ്യൂമർ (D2C) വിപണിയിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചു. ഈ നീക്കം ബ്രാൻഡിന്റെ മൊബിലിറ്റിയുടെ വളർച്ചയിലും വിപുലീകരണ തന്ത്രത്തിലും ഒരു സുപ്രധാന ചുവടുവെപ്പായിരിക്കുമെന്നാണ് വിലയിരുത്തൽ. ഉപഭോക്താക്കൾക്ക് വാഹനങ്ങൾ പരീക്ഷിക്കാൻ കഴിയുന്ന പുതിയ ഡീലർഷിപ്പുകളും റൺആർ മൊബിലിറ്റി ഇന്ത്യയിലുടനീളം തുറക്കും.
ഈ സാമ്പത്തിക വർഷത്തിനുള്ളിൽ 40 സ്വാപ്പിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനും ഇലക്ട്രിക് സ്റ്റാർട്ടപ്പ് ബ്രാൻഡ് ആഗ്രഹിക്കുന്നു. നിലവിൽ ഇന്ത്യൻ വിപണിയിൽ HS ഇവി എന്നൊരു സ്കൂട്ടർ മാത്രമാണ് റൺആർ വിൽക്കുന്നത്. റൺആർ മൊബിലിറ്റിയുടെ ഷോറൂം HS വാഹനം പര്യവേക്ഷണം ചെയ്യാനും ടെസ്റ്റ് ഡ്രൈവ് ചെയ്യാനും ഉള്ള അവസരം ഉൾപ്പെടെ ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കുമുള്ള ഒരു ഏകജാലക കേന്ദ്രമായി വർത്തിക്കും.
1.25 ലക്ഷം മുതൽ 1.30 ലക്ഷം വരെയാണ് ഇതിന്റെ എക്‌സ്ഷോറൂം വില വരുന്നത്. ഈ വിലകൾ സബ്‌സിഡിക്ക് മുമ്പുമാണെന്നതും ശ്രദ്ധിക്കേണ്ടതാണ്. വൈറ്റ്, ബ്ലാക്ക്, ഗ്രേ, റെഡ്, ഗ്രീൻ എന്നീ അഞ്ച് കളർ ഓപ്ഷനുകളിലാണ് HS ഇലക്‌ട്രിക് സ്കൂട്ടർ സ്വന്തമാക്കാനാവുന്നത്. ഇവിക്കായി കമ്പനി 60 V 40 AH Li-on ലിക്വിഡ്-കൂൾഡ് വയർ-ബൗണ്ട് ബാറ്ററികളാണ് ഉപയോഗിക്കുന്നതും. ബാറ്ററി മാനേജ്മെന്റ് സിസ്റ്റം അല്ലെങ്കിൽ ബിഎംഎസ് ആർട്ട്കാൻ അധിഷ്ഠിതമാണ്.
ഇതിലൂടെ ഒറ്റ ചാർജിൽ ഏതാണ്ട് 110 കിലോമീറ്ററോളം റേഞ്ച് നൽകാൻ പുത്തൻ ഇവിക്ക് ശേഷിയുണ്ട്. അതേസമയം റൺആർ മൊബിലിറ്റിയുടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത 70 കിലോമീറ്റർ വേഗതയാണുള്ളത്. ഇതിനായി 1.5 kW BLDC മോട്ടോറാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നതും. ഫീച്ചറുകളുടെ കാര്യത്തിലും HS സ്കൂട്ടർ സമ്പന്നമാണ്. റൈഡർ, ആന്റി-തെഫ്റ്റ് വെഹിക്കിൾ ലൊക്കേറ്ററുകൾ, റിമോട്ട് ഫ്ലീറ്റ് മാനേജ്‌മെന്റ്, ഓവർ ദി എയർ അല്ലെങ്കിൽ OTA അപ്‌ഡേറ്റുകൾ പോലുള്ള സുപ്രധാന വിവരങ്ങൾ കാണിക്കുന്ന ഡിജിറ്റൽ സ്‌ക്രീനാണ് പ്രധാന ഹൈലൈറ്റ്.
സ്‌കൂട്ടറിൽ അലോയ് വീലുകളുമുള്ളതിനാൽ ട്യൂബ്‌ലെസ് ടയറുകളോടെയാണ് റൺആർ HS ഇലക്‌ട്രിക് വിപണിയിലെത്തുന്നത്. ഇത് പ്രായോഗികത വർധിപ്പിക്കുന്നതിനൊപ്പം പഞ്ചർ ആവുമെന്ന ആശങ്കയും അകറ്റുന്നു. എൽഇഡി ഹെഡ്‌ലാമ്പ്, ടെയിൽ ലാമ്പ് എന്നിവക്കും മോഡേൺ ടച്ചാണ് നൽകിയിരിക്കുന്നത്. ടേൺ ഇൻഡിക്കേറ്ററുകൾ മുൻവശത്തെ ഏപ്രോണിൽ സ്ഥാപിച്ചിരിക്കുമ്പോൾ കാഴ്ച്ച വർധിപ്പിക്കുന്ന ഒരു ചെറിയ ട്യൂബ് പോലുള്ള ലൈറ്റിംഗ് എലമെന്റും ഇവിയിലുണ്ട്.
ഡിസൈനിന്റെ കാര്യത്തിലേക്ക് വന്നാൽ പരമ്പരാഗത ഇലക്ട്രിക് വാഹനങ്ങൾക്കുള്ള വിചിത്രമായ രൂപകൽപ്പയിലല്ല റൺആർ HS ഇവി പണികഴിച്ചിപ്പിച്ചിരിക്കുന്നത് എന്നതും വലിയ കാര്യമാണ്. ഓല S1 പ്രോയുടെ അതേ വിലയാണ് സ്‌കൂട്ടറിനുള്ളത് എന്നതിനാൽ ബദൽ ഓപ്ഷനായി പലർക്കും ഈ പുതിയ ബ്രാൻഡിനെ പരിഗണിക്കുകയുമാവാം. ഏറ്റവും പുതിയ പ്രഖ്യാപനം നിലവിൽ ഗുജറാത്തിലെ വഡോദരയിലുടനീളം വ്യാപിച്ചുകിടക്കുന്ന റൺആർ മൊബിലിറ്റിയുടെ പാൻ ഇന്ത്യ സാന്നിധ്യത്തിന് കൂടുതൽ സംഭാവന നൽകിയേക്കും.


Click it and Unblock the Notifications








