ഓലക്ക് വീണ്ടും എതിരാളി, മോഹവിലയും 110 കി.മീ റേഞ്ചുമായി പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടർ
ഇന്ത്യൻ ഇരുചക്ര വാഹന വിപണി ഭരിക്കാൻ ഇലക്‌ട്രിക് വാഹനങ്ങളുടെ വമ്പൻ മത്സരമാണ് നടക്കുന്നത്. പെട്രോൾ മോഡലുകളേക്കാൾ കൂടുതൽ ഇവികൾ ഇന്ന് വിപണിയിൽ ലഭ്യമാണെന്നതാണ് ശ്രദ്ധേയമായ കാര്യം. ദിനംപ്രതി ധാരാളം വൈദ്യുത മോഡലുകൾ വിൽപ്പനയ്ക്ക് എത്തുമ്പോൾ ആളുകളും വേഗത്തിൽ ഇലക്‌ട്രിക് മോഡലുകളിലേക്ക് കുടിയേറിപ്പാർക്കാനും തുടങ്ങിയിട്ടുണ്ട്.
ഓലയും ഏഥറും അടുത്തിടെ എത്തിയ സിമ്പിൾ എനർജിയും കൂടാതെ ഒകിനാവ, ഹീറോ ഇലക്‌ട്രിക്, പ്യുവർ ഇവി, കൊമാകി പോലുള്ള സ്റ്റാർട്ടപ്പ് കമ്പനികളും വിപണിയിയിൽ നിന്നും നേട്ടുമുണ്ടാക്കി മുന്നോട്ടു കുതിക്കുകയാണ്. ഇതിനെല്ലാം പുറമെ ഇപ്പോഴിതാ ഗുജറാത്തിലെ വഡോദര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവി സ്റ്റാർട്ടപ്പ് കമ്പനിയായ റൺആർ മൊബിലിറ്റി എന്ന ബ്രാൻഡും ഇന്ത്യയിൽ പുതിയൊരു ഇലക്‌ട്രിക് സ്‌കൂട്ടറുമായി രംഗത്തെത്തിയിരിക്കുകയാണ്.

HS ഇവി എന്നുപേരിട്ടിരിക്കുന്ന ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ തെരഞ്ഞെടുക്കുന്ന വേരിയന്റുകളെ അപേക്ഷിച്ച് 1.25 ലക്ഷം രൂപ മുതൽ 1.30 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. വൈറ്റ്, ബ്ലാക്ക്, ഗ്രേ, റെഡ്, ഗ്രീൻ എന്നീ അഞ്ച് കളർ സ്കീമുകളിൽ നിർമ്മാതാവ് ഇലക്ട്രിക് സ്കൂട്ടർ വാഗ്ദാനം ചെയ്യും. റൺആർ (RunR) മൊബിലിറ്റിയുടെ പുത്തൻ ഇവിയിൽ നിന്ന് വ്യത്യസ്തമായത് അതിന്റെ ബാറ്ററി സംവിധാനമാണെന്ന് പറയാം.
മൊബിലിറ്റി ഇലക്ട്രിക് സ്കൂട്ടറിനായി 60 V 40 AH Li-on ലിക്വിഡ്-കൂൾഡ് വയർ ബൗണ്ടഡ് ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ബാറ്ററി മാനേജ്മെന്റ് സിസ്റ്റം അല്ലെങ്കിൽ BMS ആർട്ട്കാൻ അധിഷ്ഠിതമാണ്. ഇതിലൂടെ ഒറ്റ ചാർജിൽ ഏതാണ്ട് 110 കിലോമീറ്ററോളം റേഞ്ച് നൽകാൻ പുത്തൻ ഇവിക്ക് ശേഷിയുണ്ട്. അതേസമയം റൺആർ (RunR) മൊബിലിറ്റിയുടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത 70 കിലോമീറ്റർ വേഗതയാണുള്ളത്. ഇതിനായി 1.5 kW BLDC മോട്ടോറാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്.
ഡിസൈനിന്റെ കാര്യത്തിലേക്ക് നോക്കിയാൽ പരമ്പരാഗത ഇലക്ട്രിക് വാഹനങ്ങൾക്കുള്ള വിചിത്രമായ രൂപകൽപ്പയല്ല റൺആർ HS ഇവിക്ക് നൽകിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സ്‌റ്റൈലിനും സുരക്ഷയ്ക്കും ഊന്നൽ നൽകുന്ന ഇ-സ്‌കൂട്ടർ ഒരു സമകാലിക രൂപവും നിരവധി അത്യാധുനിക സവിശേഷതകളും ഉൾക്കൊള്ളുന്നു. ഒരു നിയോ-റെട്രോ ഡിസൈൻ പിന്തുടർന്നിരിക്കുന്നത് തീർത്തും പ്രശംസാവഹമാണ്. ഹെഡ്‌ലാമ്പിൽ ചെറിയ ട്യൂബ് പോലുള്ള ലൈറ്റിംഗ് എലമെന്റും എൽഇഡി ടെയിൽ ലാമ്പുകളും മനോഹരമായ രീതിയിലാണ് കമ്പനി പണികഴിപ്പിച്ചിരിക്കുന്നത്.
ടേൺ ഇൻഡിക്കേറ്ററുകൾ ഫ്രണ്ട് ആപ്രോണിൽ സ്ഥാപിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്. സീറ്റിന് ഫ്ലാറ്റ് ഡിസൈനും പിന്നിൽ ലളിതമായ ഗ്രാബ് റെയിലുമുണ്ട്. ഇത് കൂടാതെ അലോയ് വീലുകളും പുതിയ റൺആർ HS ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രത്യേകതയായി എടുത്തുപറയാനാവും. മറ്റു ഫീച്ചറുകളുടെ കാര്യത്തിൽ റൈഡർ, ആന്റി-തെഫ്റ്റ് വെഹിക്കിൾ ലൊക്കേറ്ററുകൾ, റിമോട്ട് ഫ്ലീറ്റ് മാനേജ്‌മെന്റ്, ഓവർ ദി എയർ അല്ലെങ്കിൽ OTA അപ്‌ഡേറ്റുകൾ എന്നിവയും സുപ്രധാന വിവരങ്ങൾ കാണിക്കുന്ന ഒരു ഡിജിറ്റൽ സ്‌ക്രീനും ഇവിയിലുണ്ട്.
വിവിധ ഫംഗ്ഷനുകളും വിവരങ്ങളും ആക്‌സസ് ചെയ്യാൻ ഉപയോക്താക്കൾക്ക് അവബോധജന്യമായ ഇന്റർഫേസുമാണ് സ്റ്റാർട്ടപ്പ് ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്. അസാധാരണമായ പെർഫോമൻസും ശ്രദ്ധേയമായ ഡിസൈനും, നൂതനമായ സവിശേഷതകളും കൊണ്ട് റൺആർ HS ഇവി വൈദ്യുത വാഹന അനുഭവത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്നും അതിനുള്ള പാതയൊരുക്കുമെന്നും തങ്ങൾ വിശ്വസിക്കുന്നുവെന്നും റൺആർ മൊബിലിറ്റിയുടെ സ്ഥാപകൻ സേതുൽ ഷാ പറഞ്ഞു.
ഇലക്ട്രിക് ടൂവീലറുകൾക്കുള്ള ചെലവ് വർധിപ്പിക്കുകയും സബ്‌സിഡി കുറയ്ക്കുകയും ചെയ്യുന്നതിനാൽ ഇരുചക്രവാഹന ഇലക്ട്രിക് വാഹനങ്ങളുടെ വില ഗണ്യമായി ഉയരാൻ പോവുകയാണ്. എന്നാൽ താങ്ങാനാവുന്ന വിലയും മികച്ച റേഞ്ചുമുള്ളതിനാൽ റൺആർ HS ഇവി വിപണിയിൽ കൂടുതൽ ശ്രദ്ധനേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓല S1 പ്രോയുടെ അതേ വിലയാണ് സ്‌കൂട്ടറിനുള്ളത് എന്നതിനാൽ ബദൽ ഓപ്ഷനായി പലർക്കും ഈ പുതിയ ബ്രാൻഡിനെ പരിഗണിക്കുകയുമാവാം.


Click it and Unblock the Notifications








