നിരത്തിലോടുന്നത് 1 ലക്ഷം ഹണ്ടർ 350 ബൈക്കുകൾ! നേട്ടം കൈവരിച്ചത് 6 മാസംകൊണ്ട്
വികാരമാണ് വിറവലാണെന്ന് കളിയാക്കവരുടെ വായടപ്പിച്ച റോയൽ എൻഫീൽഡിനെയാണ് ഇക്കഴിഞ്ഞ കാലം നാം കണ്ടത്. പണ്ടത്തെ മോഡലുകളെയെല്ലാം അവരുടെ കുറ്റങ്ങളും കുറവുകളും മനസിലാക്കി പുതിയ തലമുറ ആവർത്തനങ്ങളിലേക്ക് മാറ്റാൻ കമ്പനി കാണിച്ച മനസാണ് വഴിത്തിരിവായത്. ക്ലാസിക്കും മീറ്റിയോറും എല്ലാം ഇതിനൊരു ഉദാഹരണം മാത്രമാണ്.
എന്നാൽ എൻഫീൽഡിന്റെ ശുക്രനായത് ഹണ്ടർ 350 എന്ന യുവതലമുറ ബുള്ളറ്റാണ്. പഴമയുടെ പുതുമയുമായി എത്തിയ വേട്ടക്കാരൻ എന്നാണ് ഇവന്റെ വിളിപ്പേര് തന്നെ. തങ്ങളുടെ ഏറ്റവും വില കുറഞ്ഞ മോഡലെന്ന ഒറ്റ പ്രശസ്‌തി മതിയാരുന്നു സംഭവം ഹിറ്റാവാൻ. പിന്നെ ആധുനിക രൂപവും ഭാവവും കൂടെ ചേർന്നതോടെ ആളുകൾ വണ്ടിവാങ്ങാൻ ഇരച്ചെത്തി. 1.50 ലക്ഷം രൂപയുടെ പ്രാരംഭ വിലയിൽ ലോഞ്ച് ചെയ്ത ഹണ്ടർ ഇപ്പോൾ ഒരു ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ടിരിക്കുകയാണ്.

വെറും ആറു മാസം കൊണ്ടാണ് വേട്ടക്കാരൻ ഈ നേട്ടം കൈവരിച്ചിരിക്കുന്നത് എന്നു കേട്ടാൽ എതിരാളികൾ വരെ നെഞ്ചത്ത് കൈവെക്കും. സെഗ്‌മെന്റിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളുകളിൽ ഒന്നായി ഹണ്ടർ മാറുന്നതിൽ നിർണായകമായത് താങ്ങാനാവുന്ന വില തന്നെയാണ്. ക്ലാസിക് പാരമ്പര്യത്തിനൊപ്പം ആധുനിക ഡിസൈനും സാങ്കേതികവിദ്യകളും കോർത്തിണക്കിയാണ് ഇപ്പോൾ റോയൽ എൻഫീൽഡ് വണ്ടി ഒരുക്കിയിരിക്കുന്നത്. റെട്രോ, മെട്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ബൈക്ക് വിപണിയിൽ എത്തുന്നത്.
കളർ ഓപ്ഷനുകളുടേയും ഫീച്ചറുകളുടേയും കാര്യത്തിൽ രണ്ട് വകഭേദങ്ങളും വേറിട്ടുനിൽക്കുന്നുവെന്നതാണ് പ്രധാന വ്യത്യാസം. കൂടാതെ ഭാരത്തിന്റെ കാര്യത്തിലും ആധുനിക ബൈക്കുകൾ പോലെ ലൈറ്റ്-വെയ്റ്റാണിവൻ. ഇനി വിൽപ്പനയുടെ കാര്യത്തിലേക്ക് മടങ്ങിയെത്തിയാൽ 2022 ഓഗസ്റ്റ് മുതൽ 2023 ജനുവരി വരെ ഹണ്ടർ 350 മോഡലിന്റെ 1,00,183 യൂണിറ്റുകളാണ് റോയൽ എൻഫീൽഡ് നിരത്തിലെത്തിച്ചിരിക്കുന്നത്. ക്ലാസിക് 350 ബൈക്കിന് ശേഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബ്രാൻഡിന്റെ രണ്ടാമത്തെ മോട്ടോർസൈക്കിളാണിത്.

ഹണ്ടർ 350 വിപണിയിലെത്തിയ ആദ്യമാസം അതായത് 2022 ഓഗസ്റ്റിൽ 18,197 യൂണിറ്റ് വിൽപ്പനയും സെപ്റ്റംബറിൽ 17,118 യൂണിറ്റും ഒക്ടോബറിൽ 15,445 യൂണിറ്റുമാണ് റോയൽ എൻഫീൽഡ് വിറ്റഴിച്ചത്. അതേസമയം നവംബറിൽ 15,588 യൂണിറ്റുകളും ഡിസംബറിൽ 17,261 വിറ്റഴിഞ്ഞപ്പോൾ 2023 ജനുവരിയിൽ മോട്ടോർസൈക്കിളിന്റെ 16,574 യൂണിറ്റുകളും നിരത്തിലെത്തുകയുണ്ടായി. ഇന്ന് റോഡിലിറങ്ങിയാൽ ഹണ്ടർ കാണാതെ തിരിച്ചു കയറാനാവില്ലാത്ത സാഹചര്യമാണ് നഗരങ്ങളിലുള്ളതെന്നും കമ്പനിക്ക് വേണമെങ്കിൽ അവകാശപ്പെടാം.
റിബൽ ബ്ലൂ, റെബൽ റെഡ്, റിബൽ ബ്ലാക്ക്, ഡാപ്പർ ആഷ്, ഡാപ്പർ വൈറ്റ്, ഡാപ്പർ ഗ്രേ എന്നീ കളർ ഓപ്ഷനുകളിലാണ് ഹണ്ടർ 350 വാഗ്ദാനം ചെയ്യുന്നത്. ഫീച്ചറുകളിൽ വലതുവശത്ത് സ്ഥാപിച്ചിരിക്കുന്ന ചെറിയ ട്രിപ്പർ നാവിഗേഷൻ പോഡ് ഉള്ള ഒരു വൃത്താകൃതിയിലുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് പ്രധാന ആകർഷണം. ഡിസൈനിനെക്കുറിച്ച് പറയുമ്പോൾ കാഴ്ച്ചയിൽ ബേബി 650 ആണെന്ന് വേണമെങ്കിൽ പറയാനാവുന്ന ഡിസൈൻ ശൈലിയാണ് ഹണ്ടറിന്റെ ഏറ്റവും വലിയ പ്രത്യേകത. ചിലർക്ക് ട്രയംഫ് മോഡലുകളെയും ഓർമ വന്നേക്കാം.

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾ, ഓവൽ ആകൃതിയിലുള്ള ടേൺ ഇൻഡിക്കേറ്ററുകളോട് കൂടിയ ഹാലൊജൻ ടെയിൽ ലാമ്പ്, കറുത്ത അലോയ് വീലുകൾ എന്നിവയോടെയാണ് റോയൽ എൻഫീൽഡ് ഹണ്ടറിനെ ഒരുക്കിയെടുത്തിരിക്കുന്നത്. 13 ലിറ്റർ ശേഷിയുള്ള ടിയർ ഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവൽ ടാങ്ക്, കേന്ദ്രീകൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്യുവൽ ഫില്ലർ ലിഡ് എന്നിവയും ആകർഷണം വർധിപ്പിക്കുന്നുണ്ട്. ടാങ്കിന്റെ ഇരുവശത്തും 'റോയൽ എൻഫീൽഡ്' ബ്രാൻഡിംഗും കാണാം.
ട്വിൻ ഡൗൺട്യൂബ് ഫ്രെയിമിലാണ് ഹണ്ടർ 350 നിർമിച്ചിരിക്കുന്നത്. കൂടാതെ കുറഞ്ഞ 177 കിലോഗ്രാം ഭാരം സിറ്റി റൈഡുകളിൽ ഏറെ സഹായകരമാവുന്നുമുണ്ട്. ഗ്രൗണ്ട് ക്ലിയറൻസ് 150 മില്ലീമീറ്ററും സീറ്റ് ഹൈറ്റ് 800 മില്ലീമീറ്ററുമാണ്. 1,370 mm വീൽബേസുമായാണ് ബൈക്ക് നിരത്തിലോടുന്നത്. മണിക്കൂറിൽ 114 കിലോമീറ്റർ വരെ വേഗത പുറത്തെടുക്കാനും എൻഫീൽഡിന്റേ വേട്ടക്കാരനാവും. കമ്പനിയുടെ പുതിയ സിംഗിൾ സിലിൻഡർ ജെ സീരീസ് എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം.
ക്ലാസിക്, മീറ്റിയോർ എന്നിവയ്ക്ക് തുടിപ്പേകുന്ന അതേ 349 സിസി ഫ്യുവൽ ഇഞ്ചക്ടഡ് എഞ്ചിനാണ് ഹണ്ടറിന്റെ ഹൃദയം. ഈ സിംഗിൾ സിലിണ്ടർ, 4 സ്ട്രോക്ക്, SOHC എഞ്ചിൻ 20.2 bhp പവറിൽ 27 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് 5 സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നതും. ദൈനംദിന യാത്രകൾക്ക് കൂടെക്കൂട്ടാൻ പറ്റിയ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളാണിത്. മികച്ച മൈലേജും കിടിലൻ പെർഫോമൻസും വണ്ടിക്ക് നൽകാനാവും.
ഹോണ്ടയുടെ CB350 പോലുള്ളവയോട് മുട്ടിനിൽക്കാൻ ചെറിയ റേഞ്ച് ഒന്നും മതിയാവില്ലല്ലോ. സംഭവം ഹിറ്റാണെങ്കിലും ഇപ്പോഴും വിപണിയിൽ കരുതലോടെയാണ് കമ്പനി കളിക്കുന്നത്. ഉടൻ തന്നെ ബുള്ളറ്റ് 350-യുടെ പുതുതലമുറ ആവർത്തനം അവതരിപ്പിക്കാൻ ഒരുങ്ങുന്ന റോയൽ എൻഫീൽഡ് 650 പ്രീമിയം ബൈക്ക് ശ്രേണിയും വിപുലീകരിക്കാൻ ഒരുങ്ങുകയാണ്. എന്തായാലും ഭാവി ഭദ്രമാക്കിയുള്ള ബ്രാൻഡിന്റെ നീക്കം ഏത് ആരാധകരിലും സന്തോഷമുളവാക്കുന്ന കാര്യമാണ്.


Click it and Unblock the Notifications








