ബുക്കിംഗ് വിവാദം ഏശിയില്ല, ഓലയെ വീഴ്ത്താൻ 151 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടറുമായി സിമ്പിൾ
ഇന്ത്യൻ വിപണിയിൽ ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾ ട്രെൻഡ് സെറ്ററായി മാറുന്ന കാലത്ത് തുടക്കംകുറിച്ചവരാണ് ബെംഗളൂരു ആസ്ഥാനമായുള്ള സിമ്പിൾ എനർജി. രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന റേഞ്ച് ഉറപ്പ് നല്‍കിയെത്തിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ ശ്രദ്ധനേടുകയും ചെയ്‌തിരുന്നു. ഓലയ്ക്കൊപ്പം ഒരു സ്വാതന്ത്ര്യദിനത്തിൽ സിമ്പിളും ഇവി കൺസെപ്റ്റ് സ്‌കൂട്ടർ അവതരിപ്പിച്ചുവെങ്കിലും യാഥാർഥ്യമാവാൻ ഇങ്ങ് 2023 വരെയാണ് കാത്തിരിക്കേണ്ടി വന്നത്.
ഏറെ നാളായി ബുക്കിംഗും സ്വീകരിച്ച് നീണ്ടനാളുകൾ കാത്തിരിക്കേണ്ടി വന്നത് ഉപഭോക്താക്കളിൽ അതൃപ്‌തിയുണ്ടാക്കുകയും ചെയ്‌തിരുന്നു. അങ്ങനെ തുടക്കം മുതൽ വിവാദങ്ങൾ ഒഴിയാത്ത ഇലക്ട്രിക് സ്കൂട്ടർ സ്റ്റാർട്ടപ്പായി അറിയപ്പെട്ടിരുന്ന സിമ്പിൾ എനർജിക്ക് അടുത്തിടെയും കിട്ടിയൊരു പണി. ആദ്യ മോഡലായ സിമ്പിൾ വൺ ഇലക്ട്രിക് ബുക്ക് ചെയ്തവർക്ക് പണം റീഫണ്ട് ചെയ്യാൻ കമ്പനി തുടങ്ങിയെന്ന ആരോപണമായിരുന്നു പുറത്തുവന്നത്.

എന്തായാലും വിവാദങ്ങൾ കത്തി നിൽക്കുന്ന സമയത്ത് ബ്രാൻഡിന്റെ ഇമേജിന് കോട്ടം വരാതിരിക്കാൻ പുത്തൻ മോഡലിന്റെ ലോഞ്ച് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് സിമ്പിൾ. സിമ്പിൾ എനർജി തങ്ങളുടെ സിമ്പിൾ ഡോട്ട് വൺ ഇലക്ട്രിക് സ്‌കൂട്ടർ ഡിസംബർ 15-ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് പുതിയ പ്രഖ്യാപനം. മോഡലിന്റെ പ്രീ-ബുക്കിംഗുകളും ഇതേ തീയതിയിൽ തന്നെ ആരംഭിക്കുമെന്നും ബ്രാൻഡ് വ്യക്തമാക്കിയിട്ടുണ്ട്.
സിമ്പിൾ വൺ അടുത്തിടെ അവതരിപ്പിച്ചതിനെ തുടർന്ന് കമ്പനിയുടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ നിരയിലെ ഒരു സബ്-വേരിയന്റായിട്ടാണ് ഡോട്ട് വൺ സ്ഥാനം പിടിക്കുക. ആദ്യ സ്‌കൂട്ടറായ വൺ ഇവിക്ക് ലഭിക്കുന്ന വലിയ സ്വീകാര്യതയുടെ പശ്ചാത്തലത്തിൽ പുതിയ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കൂടി എത്തിക്കുമെന്ന് കമ്പനി നേരത്തെ ഉറപ്പുനൽകിയിരുന്നു. അതാണ് ഇപ്പോൾ യാഥാർഥ്യമാവാൻ പോവുന്നത്.

കുറഞ്ഞ വിലയ്ക്ക് നല്‍കാന്‍ പറ്റുന്ന സ്‌കൂട്ടറായിരിക്കും വരാനിരിക്കുന്ന സിമ്പിൾ ഡോട്ട് വൺ. ഔദ്യോഗിക വില അടുത്ത മാസം മാത്രമേ അറിയാൻ കഴിയുകയുള്ളൂവെങ്കിലും സിമ്പിൾ വണ്ണിനേക്കാൾ താങ്ങാനാവുന്നതായിരിക്കും ഇത്. ഡോട്ട് വണ്ണിന് ഒരു ലക്ഷം രൂപയിൽ താഴെ വിലയുണ്ടാകുമെന്ന അഭ്യൂഹങ്ങളും എയറിലുണ്ട്. അങ്ങനെയെങ്കിൽ ഓല S1 ഇവിയുമായാവും വിപണിയിൽ മാറ്റുരയ്ക്കുക.
ഓലയുടെ എൻട്രി ലെവൽ മോഡലുകൾക്കുള്ള ഉത്തരമായാണ് ഇതിനെ കമ്പനി കാണുന്നതും. സിമ്പിൾ ഡോട്ട് വൺ അതിന്റെ പ്ലാറ്റ്ഫോം വൺ ഇവിയുമായി പങ്കിടും. കൂടാതെ ഒരു നിശ്ചിത 3.7 kWh ബാറ്ററി പായ്ക്കും ഇലക്ട്രിക് സ്‍കൂട്ടർ ഉപയോഗിക്കും. മോഡലിന് ഏകദേശം 151 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് ഉണ്ടാവുമെന്നും ഓൺ-റോഡ് റേഞ്ച് വർധിപ്പിക്കുന്ന 'പ്രത്യേകമായി തയാറാക്കിയ' ടയറുകൾ ഇതിന് ലഭിക്കുന്നുവെന്നുമാണ് സിമ്പിൾ അവകാശപ്പെടുന്നത്.

കൂടാതെ, മോഡലിന് 30 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് ഏരിയ, ടച്ച്‌സ്‌ക്രീൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആപ്പ് കണക്റ്റിവിറ്റിക്കുള്ള പിന്തുണ, മറ്റ് ഹൈലൈറ്റുകൾ എന്നിവയും ലഭിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും പുതിയ മോഡലുകള്‍ വിപണിയില്‍ എത്തിക്കുകയെന്നാണ് സിമ്പിൾ എനർജി നല്‍കുന്ന മറ്റൊരു ഉറപ്പ്.
വൺ ഇവിയുടെ കാര്യത്തിലേക്ക് നോക്കിയാൽ സിംഗിൾ ചാര്‍ജിൽ 212 കിലോമീറ്റര്‍ റേഞ്ച് നൽകുന്ന 5 kWh ലിഥിയം അയേണ്‍ ബാറ്ററിയും 8.5 കിലോവാട്ട് ഇലക്ട്രിക് മോട്ടോറുമാണ് മോഡൽ ഉപയോഗിക്കുന്നത്. വിപണിയിലെ മറ്റ് ഇലക്ട്രിക് സ്കൂട്ടറുകളിൽ നിന്നും വ്യത്യസ്‌തമായി ചെയിന്‍ ഡ്രൈവ് മോഡലായാണ് വൺ ഇവി വിപണിയിലെത്തുന്നത്. 1.45 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് വാഹനം ഇപ്പോൾ ലഭ്യമാവുന്നത്.

യുവാക്കളെ കൈയിലെടുക്കാനാവുന്ന കിടിലൻ ഡിസൈനും, ഉയർന്ന റേഞ്ചും, പെർഫോമൻസും, മോഡേൺ ഫീച്ചറുകളുമാണ് സിമ്പിൾ എനർജി സ്‌കൂട്ടറിന്റെ ഏറ്റവും വലിയ പ്രത്യേകതകൾ. പക്ഷേ വിട്ടൊഴിയാത്ത വിവാദങ്ങൾ കാരണം ഓലയ്ക്ക് നേടിയെടുക്കാനായ വിശ്വാസം സിമ്പിളിന് ഇതുവരെ കൈവരിക്കാനായിട്ടില്ല. 2023 മെയ് മാസത്തിൽ ലോഞ്ച് ചെയ്തതിന് ശേഷം ഇന്ത്യയിൽ 40 വൺ ഇലക്ട്രിക് സ്കൂട്ടറുകൾ മാത്രമാണ് സിമ്പിൾ വിതരണം ചെയ്‌തിരിക്കുന്നതും.


Click it and Unblock the Notifications








