ഒന്ന് ചാർജ് ചെയ്‌താൽ 160 കി.മീ. ഓടാം, വിലയൊന്ന് കൂട്ടി ഓലയുടെ എതിരാളി; വാങ്ങിയാലോ...?
ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിലെ അതികായകനായ ഓലയ്ക്കൊപ്പം അരങ്ങേറ്റം കുറിച്ച ബ്രാൻഡാണ് സിമ്പിൾ എനർജി. പക്ഷേ സ്വപ്‌നം കണ്ടപോലെയുള്ള വളർച്ചയുമായി ഓല കുതിച്ചുയർന്നപ്പോൾ സിമ്പിളിന്റെ വരവ് ആകെ വൈകിയിരുന്നു. 200 കിലോമീറ്ററിന് മുകളില്‍ റേഞ്ചുള്ള തങ്ങളുടെ കന്നി ഉല്‍പ്പന്നമായ വണ്‍ ഇവി പുറത്തിറക്കിയത് ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിലായിരുന്നു.
വിചാരിച്ചതു പോലെ കാര്യങ്ങൾ പോയില്ലെന്നു മാത്രമല്ല ആരുടേയും കൈകളിലേക്ക് മോഡൽ എത്തിയില്ലെന്ന പരാതി വരെ ഉയർന്നിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങളെയെല്ലാം കാറ്റിൽ പറത്തികൊണ്ട് തങ്ങളുടെ രണ്ടാമത്തെ ഉല്‍പ്പന്നം വിപണിയിലെത്തിച്ച് എതിരാളികളായ ഓലയെയും ഏഥറിനെയും അമ്പരിപ്പിക്കാൻ വരെ സിമ്പിൾ എനർജിക്കായി. 99,999 രൂപയുടെ എക്‌സ്‌ഷോറൂം വിലയിൽ അടുത്തിടെ അവതരിപ്പിച്ച ഡോട്ട് വണ്‍ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കുന്നതായി അറിയിച്ചിരുന്നു.

എന്നാൽ സിമ്പിൾ വൺ ഇവി മുൻകൂറായി ബുക്കിംഗ് നടത്തിയവർക്ക് മാത്രമേ ഈ വില ബാധകമാകൂ. മറ്റുള്ളവർക്കായുള്ള വില പ്രഖ്യാപനം ഇപ്പോൾ പൂർത്തിയാക്കിയിരിക്കുകയാണ് കമ്പനി. മ സിമ്പിൾ എനർജിയുടെ ഏറ്റവും താങ്ങാനാവുന്ന ഡോട്ട് വൺ ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങാൻ താത്പര്യമുള്ള മറ്റ് ഉപഭോക്താക്കൾ ഇന്ത്യൻ വിപണിയിൽ 1.40 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. ആമുഖ വില അവസാനിക്കുന്നതോടെയാണ് ഇപ്പോൾ ഈ വില വർധനവ് നടപ്പിലാക്കിയിരിക്കുന്നത്.
ജനുവരി 27 മുതൽ ടോക്കൺ തുകയായ 1,947 രൂപയ്ക്ക് സ്കൂട്ടറിന്റെ ബുക്കിംഗ് ആരംഭിക്കും. സിമ്പിൾ വണ്ണിൽ നിന്ന് സിമ്പിൾ ഡോട്ട് വണ്ണിലേക്ക് മാറുന്നവർക്ക് മുൻഗണനാ ഡെലിവറികൾ നൽകുമെന്ന് സിമ്പിൾ എനർജി ഉറപ്പുനൽകിയിട്ടുമുണ്ട്. ഡെലിവറികൾ ആദ്യം ബെംഗളൂരുവിൽ ആയിരിക്കും ആരംഭിക്കുക. സിമ്പിൾ വൺ ബുക്ക് ചെയ്ത നിലവിലെ ഉപഭോക്താക്കൾക്ക് 2024 ജനുവരി 1 മുതൽ ഡോട്ട് വൺ ഇവിയിലേക്ക് മാറാൻ അനുവദിക്കും.

സിമ്പിൾ വൺ ഇലക്ട്രിക് സ്‌കൂട്ടറിനെ അടിസ്ഥാനമാക്കിയുള്ളഡോട്ട് വൺ ഇവി പൂർണമായും ഇന്ത്യയിൽ നിർമിച്ചതാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വൺ മോഡലിനേക്കാൾ ചെറിയ ബാറ്ററി പായ്ക്കോടു കൂടിയാണ് പുത്തൻ വേരിയന്റ് വിപണിയിലെത്തുക. ഇതിൽ നിന്നും റിമൂവബിൾ ഫീച്ചർ ഒഴിവാക്കി പകരം ഫിക്‌സ്‌ഡ് ടൈപ്പ് ബാറ്ററികളാണ് ബ്രൻഡ് ഉപയോഗിച്ചിരിക്കുന്നത്.
ബാറ്ററി പായ്ക്കിനെക്കുറിച്ച് പറയുകയാണെങ്കിൽ സിമ്പിൾ ഡോട്ട് വണ്ണിന്റെ ഐഡിസി അവകാശപ്പെടുന്ന ശ്രേണി 160 കിലോമീറ്ററാണ്. നിർമ്മാതാവ് 3.7 kWh ബാറ്ററി പായ്ക്ക് റീചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന 750W ചാർജർ വാഗ്ദാനം ചെയ്യും. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ഏവരേയും അമ്പരിപ്പിക്കുന്ന പ്രകടനമായിരിക്കും ഇവിക്കുണ്ടാവുക. വെറുമ 2.77 സെക്കൻഡ് സമയത്തിനുള്ളിൽ 0 മുതൽ 40 കിലോമീറ്റർ വേഗത കൈവരിക്കാൻ സ്‌കൂട്ടറിനാവും.

8.5 kW പീക്ക് പവർ ഔട്ട്പുട്ടിൽ 72 Nm torque ഉത്പാദിപ്പിക്കാൻ കഴിയുന്ന ഒരു ഇലക്ട്രിക് മോട്ടോറാണ് സിമ്പിൾ ഡോട്ട് വണ്ണിൽ വാഗ്‌ദാനം ചെയ്യുന്നത്. റേഞ്ച് വർധിപ്പിക്കാൻ സഹായിക്കുന്ന പ്രത്യേക ടയറുകളാണ് ഡോട്ട് വണ്ണിൽ ഉപയോഗിക്കുന്നതെന്നും കമ്പനി പറയുന്നു. 90-90 വലിപ്പമുള്ള ടയറുകൾ 12 ഇഞ്ച് വീലുകളോടെ ട്യൂബ്‌ലെസ് ഫീച്ചറുമായാണ് നിരത്തിലെത്തുക. ഫീച്ചറുകളുടെ കാര്യത്തിൽ ഇവിക്ക് കോമ്പി-ബ്രേക്കിംഗ് സിസ്റ്റം ഉണ്ട്.
കണക്റ്റഡ് ആപ്ലിക്കേഷനെ പിന്തുണയ്ക്കുന്ന ആൻഡ്രോയിഡ് OS ഉള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും പ്രധാന ഹൈലൈറ്റാണ്. കൂടാതെ സാധനങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കാവുന്ന 35 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജും ഇലക്ട്രിക് സ്‌കൂട്ടറിനെ വേറിട്ടു നിർത്തും. ടേൺ-ബൈ-ടേൺ നാവിഗേഷൻ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, OTA അപ്‌ഡേറ്റുകൾ എന്നിവയും സിമ്പിൾ ഡോട്ട് വൺ ഇവിയുടെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നവയാണ്.

മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്. CBS സംവിധാനത്തോടു കൂടി രണ്ടറ്റത്തും ഡിസ്ക് യൂണിറ്റുകളാണ് ബ്രേക്കിംഗ് ചുമതലകൾ നിർവഹിക്കുന്നത്. നമ്മ റെഡ്, ബ്രേസൻ ബ്ലാക്ക്, ഗ്രേസ് വൈറ്റ്, ലൈറ്റ്എക്സ്, ബ്രസെൻ എക്സ്, അസൂർ ബ്ലൂ എന്നിങ്ങനെ ആറ് കളർ ഓപ്ഷനുകളിലാണ് സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നത്.


Click it and Unblock the Notifications








