212 കി.മീ. റേഞ്ചുള്ള സ്‌കൂട്ടർ ഇനി വാങ്ങണേൽ 1.58 ലക്ഷം കൊടുക്കണം, കാരണം സിമ്പിളാണെന്ന് കമ്പനി
രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടർ വിഭാഗത്തിലെ കിടമത്സരം ദിനംപ്രതി കടുക്കുകയാണ്. ഓലയും ഏഥറും വിരാജിക്കുന്ന നിരയിൽ പുത്തൻ സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ മുതൽ രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കൾ വരെ പിടിച്ചുനിൽക്കാൻ വിയർപ്പൊഴുക്കുകയാണ്. ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ സിമ്പിൾ എനർജിയും ഈ സെഗ്മെന്റിലെ പ്രധാന കളിക്കാരായി മാറാനുള്ള ശ്രമത്തിലാണ് ഇപ്പോൾ.
200 കിലോമീറ്ററിന് മുകളില്‍ റേഞ്ചുള്ള സിമ്പിൾ എനർജിയുടെ കന്നി ഉല്‍പ്പന്നമായ വണ്‍ ഇവി പുറത്തിറക്കിയത് ഈ കൊല്ലമായിരുന്നെങ്കിലും ചില സാങ്കേതിക തടസങ്ങൾ കാരണം മോഡിലെ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ കമ്പനിക്കായില്ല. പക്ഷേ തങ്ങളുടെ രണ്ടാമത്തെ ഉല്‍പ്പന്നം വിപണിയിലെത്തിച്ച് എതിരാളികളായ ഓലയെയും ഏഥറിനെയും അമ്പരിപ്പിക്കാൻ സിമ്പിളിനായി.

99,999 രൂപയുടെ എക്‌സ്‌ഷോറൂം വിലയിൽ അവതരിപ്പിച്ച ഡോട്ട് വൺ എന്ന സ്‌കൂട്ടറിന് അടുത്തിടെ വില വർധിപ്പിച്ച പ്രഖ്യാപനവും കമ്പനിയിൽ നിന്നും ഉണ്ടായിരുന്നു. സിമ്പിൾ എനർജിയുടെ ഏറ്റവും താങ്ങാനാവുന്ന ഡോട്ട് വൺ ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങാൻ താത്പര്യമുള്ള മറ്റ് ഉപഭോക്താക്കൾ ഇന്ത്യൻ വിപണിയിൽ 1.40 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്.
ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടറായ ഡോട്ട് വൺ അവതരിപ്പിച്ച് ദിവസങ്ങൾക്ക് ശേഷം സിമ്പിൾ എനർജി വൺ ഇവിയുടെ അടിസ്ഥാന വേരിയന്റ് നിശബ്ദമായി നിർത്തലാക്കിയിരിക്കുകയാണ് ഇപ്പോൾ. ഇതിന്റെ ഭാഗമായി കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ബേസ് മോഡൽ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. ബേസ്, ടോപ്പ് എൻഡ് എന്നീ രണ്ട് വേരിയന്റുകൾ തമ്മിലുള്ള വലിയ വ്യത്യാസം ലഭ്യമായ ചാർജറുകളാണ്.

അടിസ്ഥാന വേരിയന്റിന് ഒരു സ്റ്റാൻഡേർഡ് ചാർജ് ലഭിച്ചപ്പോൾ ടോപ്പ് ട്രിമ്മിൽ 750W ചാർജറാണ് സിമ്പിൾ വാഗ്‌ദാനം ചെയ്‌തിരുന്നത്. ബാക്കിയുള്ള സ്കൂട്ടറിന്റെയോ ഫീച്ചറുകളുടെയോ മാറ്റങ്ങളൊന്നും ഇവ തമ്മിലുണ്ടായിരുന്നില്ല. ഇനി മുതൽ 750W ഫാസ്റ്റ് ചാർജറിൽ മാത്രമേ ഡോട്ട് വൺ ഇലക്ട്രിക് സ്കൂട്ടർ വാങ്ങാനാവൂ. അതായത് 1.58 ലക്ഷം രൂപ എക്സ്ഷോറൂം വില നൽകിയാൽ മാത്രമേ വൺ ഇവി സ്വന്തമാക്കാനാവൂവെന്ന് സാരം.
ഡോട്ട് വൺ, വൺ ഇ-സ്‌കൂട്ടറുകൾക്കിടയിൽ മികച്ച വേർതിരിവ് സൃഷ്ടിക്കുന്നതിനാണ് ഈ നീക്കം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ സിമ്പിൾ ഇവി ബുക്ക് ചെയ്‌ത് കാത്തിരിക്കുന്നവർക്കായാണ് ഒരു ലക്ഷം രൂപ പ്രാരംഭ വിലയിൽ ഡോട്ട് വൺ ആദ്യം പ്രഖ്യാപിച്ചിരുന്നത്. പിന്നീടുള്ള ഉപഭോക്താക്കൾക്കായി വില 1.40 ലക്ഷം രൂപയായി പരിഷ്ക്കരിച്ചു. സിമ്പിൾ വണ്ണിന് 5kWh ബാറ്ററി പായ്ക്കും 8.5kW മോട്ടോറുമാണ് തുടിപ്പേകുന്നത്.

ഇത് 11.3 bhp പവറിൽ 72 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഒറ്റ ചാർജിൽ 212 കിലോമീറ്റർ റേഞ്ചാണ് ഇവിയിൽ വാഗ്‌ദാനം ചെയ്യുന്നത്. പെർഫോമൻസിലേക്ക് നോക്കിയാൽ 105 കിലോമീറ്റർ വേഗതയാണ് സിമ്പിൾ വൺ ഇലക്ട്രിക് സ്‌കൂട്ടറിനുള്ളത്. 2.77 സെക്കൻഡിൽ 0-40 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ കഴിവുള്ള സിമ്പിൾ വൺ പെർഫോമൻസ് കണക്കുകളിൽ വിട്ടുവീഴ്ച്ചകളൊന്നും വരുത്തിയിട്ടില്ല.
ഓല പോലുള്ള പ്രീമിയം എതിരാളികളിൽ ലഭ്യമായ മോഡേൺ ഫീച്ചറുകളാൽ വാഹനം സമ്പന്നവുമാണെന്ന് വേണം പറയാൻ. ഓൾ-എൽഇഡി ലൈറ്റിംഗ്, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള ടിഎഫ്‌ടി ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, ഒന്നിലധികം റൈഡിംഗ് മോഡുകൾ, ഒടിഎ അപ്‌ഡേറ്റുകൾ, സ്പീക്കറുകൾ, സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ഡോക്യുമെന്റ് സ്‌റ്റോറേജ്, നാവിഗേഷൻ എന്നിവയാണ് സിമ്പിൾ വണ്ണിലെ പ്രധാന ഫീച്ചറുകൾ.

750-വാട്ട് ഹോം ചാർജർ ഉപയോഗിച്ച് 5 മണിക്കൂർ 54 മിനിറ്റിനുള്ളിൽ ഇ-സ്കൂട്ടർ 0-80 ശതമാനം ചാർജ് ചെയ്യാം. ബ്രേസൻ ബ്ലാക്ക്, നമ്മ റെഡ്, അസൂർ ബ്ലൂ, ഗ്രേസ് വൈറ്റ്, ബ്രേസൻ X, ലൈറ്റ് X എന്നീ കളർ ഓപ്ഷനുകളാണ് ഇവിക്കുള്ളത്. ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടർ സെഗ്‌മെന്റിൽ ഓല S1 പ്രോ, ഏഥർ 450X, ബജാജ് ചേതക്, ഹീറോ വിഡ V1, ടിവിഎസ് ഐക്യൂബ് തുടങ്ങിയ മോഡലുകളുമായാണ് ഇവിയുടെ മത്സരം.


Click it and Unblock the Notifications








