നിശബ്‌ദ വിപ്ലവത്തിന് ഓല S1 പ്രോയും സിമ്പിൾ വണ്ണും; ആരാണ് കേമൻ എന്നറിയേണ്ടേ?
ഇന്ത്യയിലെ പ്രീമിയം ഇലക്‌ട്രിക് ടൂവീലർ രംഗം ചൂടുപിടിക്കുകയാണ്. ഓല S1 പ്രോ അരങ്ങുവാഴുന്ന സെഗ്മെന്റിലേക്ക് ഇപ്പോഴിതാ ഏറെക്കാലമായി കാത്തിരുന്ന വൺ ഇലക്‌ട്രിക്കിനെ അവതരിപ്പിച്ച് സിമ്പിൾ എനർജിയും കടന്നുവന്നിരിക്കുകയാണ്. നൂതന ഫീച്ചറുകൾ, ആവേശകരമായ പെർഫോമൻസ്, ലോംഗ് റൈഡിംഗ് റേഞ്ച് എന്നിവ മുഖമുദ്രയാക്കിയാണ് ഓലയും സിമ്പിളും നേർക്കുനേർ ഏറ്റമുട്ടുന്നത്.
ലോകത്തിലെ ഏതൊരു ഇലക്ട്രിക് സ്കൂട്ടറിനേക്കാളും ഏറ്റവും ദൈർഘ്യമേറിയ റൈഡിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നതാണ് സിമ്പിൾ വണ്ണിന്റെ പ്രത്യേകത. എന്നാൽ ഓല വളർന്നപോലെ അത്രവേഗത്തിൽ പുതിയൊരു ബ്രാൻഡിന് ഇന്ത്യയിൽ വളരാൻ ബാല്യമുണ്ടോ എന്നകാര്യം കാത്തിരുന്നു കാണാം. നിങ്ങളൊരു പ്രീമിയം ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങാൻ പ്ലാനിടുകയാണെങ്കിൽ സിമ്പിൾ വാങ്ങുവോ അതോ ഓല S1 പ്രോയിലേക്ക് ചേക്കേറുമോ? ഈ തീരുമാനം എടുക്കുന്നതിനു മുമ്പ് നമുക്ക് ഈ രണ്ട് മോഡലുകളും തമ്മിൽ ഒന്നുമാറ്റരച്ചു നോക്കിയാലോ?

എക്സ്ഷോറൂം വില: ആദ്യം വിലയുടെ കാര്യം തന്നെ നോക്കാം. 1.25 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് നിലവിൽ ഓല S1 പ്രോ വിപണിയിൽ എത്തുന്നത്. അതേസമയം മറുവശത്ത് സിമ്പിൾ വൺ ഇവിക്ക് 1.45 ലക്ഷം മുതൽ 1.50 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. എന്നാൽ ഓലയുടെ വില ഫെയിം II സബ്‌സിഡിയുൾപ്പടെയുള്ള വിലയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ഇത് ജൂൺ ഒന്നുമുതൽ സബ്‌സിഡി കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതിനാൽ ഓല ഇവിക്ക് വില ഉടൻ വർധിക്കും.
ഫീച്ചറുകൾ: രണ്ട് ഇവിയും ഫീച്ചറുകളുടെ കാര്യത്തിൽ സമ്പന്നരാണ്. കസ്റ്റമൈസ് ചെയ്യാവുന്ന ഗ്രാഫിക്സും വിജറ്റ് ലേഔട്ടും, ലൈവ് നാവിഗേഷൻ വാഗ്ദാനം ചെയ്യുന്ന ബിൽറ്റ്-ഇൻ മാപ്പ്‌സ്, ടെലിഫോണിനുള്ള വോയ്‌സ് കൺട്രോൾ, മ്യൂസിക് കൺട്രോൾ എന്നിവ പിന്തുണക്കുന്ന ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡാഷ്‌ബോർഡുമായാണ് ഓല S1 പ്രോ വരുന്നത്. ഇതിനുപുറമെ ക്രൂയിസ് കൺട്രോൾ, കീലെസ് സ്റ്റാർട്ട്, ലോക്ക്/അൺലോക്ക്, ഹിൽ-ഹോൾഡ് കൺട്രോൾ, റിവേഴ്‌സിംഗ് മോഡ്, ജിയോ-ഫെൻസിംഗ്, ബിൽറ്റ്-ഇൻ സ്പീക്കറുകൾ എന്നീ അത്യാധുനിക സവിശേഷതകളും ഓല സ്‌കൂട്ടറിലുണ്ട്.

സിമ്പിൾ വണ്ണും ഫീച്ചറുകളുടെ കാര്യത്തിൽ ഒട്ടും പിന്നോട്ടല്ലെന്ന് സിമ്പിൾ എനർജി ഉറപ്പുവരുത്തിയിട്ടുണ്ട്. ജിയോ ഫെൻസിങ്, എസ്ഒഎസ് സന്ദേശം, ടെലിമെട്രിക്‌സ്, കസ്റ്റമൈസ് ചെയ്യാനാവുന്ന ഗ്രാഫിക്‌സ്, ഇൻ-ബിൽറ്റ് നാവിഗേഷൻ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ടെലിഫോണി, മ്യൂസിക് തുടങ്ങിയ ഫീച്ചറുകൾക്കായുള്ള സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി പോലെയുള്ള കണക്‌റ്റഡ് ഫീച്ചറുകൾ, ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ എന്നിവ സിമ്പിൾ ഇവിയിൽ ലഭ്യമാണ്.
രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകൾക്കും സ്‌പീഡ്, ട്രിപ്പ് മീറ്റർ, ഓഡോമീറ്റർ, ബാറ്ററി ലെവൽ, ലഭ്യമായ റൈഡിംഗ് റേഞ്ച് തുടങ്ങിയ വിവരങ്ങൾ നൽകുന്ന സ്‌മാർട്ട്‌ഫോൺ ആപ്പുകളും ലഭിക്കുന്നു. അതിനാൽ രണ്ട് സ്‌കൂട്ടറുകളും അവ നൽകുന്ന ഫീച്ചറുകളുടെ കാര്യത്തിൽ ഏതാണ്ട് തുല്യമാണെന്ന് തന്നെ പറയാം. എന്നിരുന്നാലും, ഓല S1 പ്രോയ്ക്ക് ക്രൂയിസ് കൺട്രോൾ, റിവേഴ്‌സിംഗ് മോഡ് തുടങ്ങിയ ചില അധിക സുഖസൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്നു വേണം പറയാൻ.

പ്രായോഗികത: സ്‌കൂട്ടറുകളുടെ പ്രധാന ഹൈലൈറ്റാണിത്. ആയതിനാൽ ഇക്കാര്യത്തിലും രണ്ട് മോഡലുകളും എങ്ങനെയുണ്ടെന്ന് അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവിശ്യമായ കാര്യമാണ്. സിമ്പി വണ്ണിന്റെ 30 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജുമായി താരതമ്യപ്പെടുത്തുമ്പോൾ ഓല S1 പ്രോയ്ക്ക് 36 ലിറ്റർ സ്റ്റോറേജ് സ്പേസാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ആയതിനാൽ വൺ ഇവിയേക്കാൾ വിശാലവും പ്രായോഗികവും S1 ആണെന്ന് പറയാം.
ഇനി ഭാരത്തിന്റെ വശത്തേക്ക് കടന്നാൽ സിമ്പിൾ വൺ ഇവിക്ക് 134 കിലോഗ്രാം ഭാരമാണ് വരുന്നത്. മറുവശത്ത് ഓല ഇലക്ട്രിക്കിന് 110 കിലോഗ്രാം ഭാരം മാത്രമാണുള്ളത്. രണ്ട് പായ്ക്കുകളായി തിരിച്ചിരിച്ച ബാറ്ററിയുമായാണ് മോഡൽ വരുന്നത്. ഇതിൽ ഒന്ന് പെർമനെന്റും ഒന്ന് റിമൂവബിൾ യൂണിറ്റുമാണ്. ഇതാണ് വൺ ഇവിയുടെ ഭാരത്തിൽ വർധനവുണ്ടാവാൻ കാരണമായിരിക്കുന്നത്.

പെർഫോമൻസും റേഞ്ചും: S1 പ്രോയിൽ 3.97 kWh ബാറ്ററി പായ്ക്കാണ് ഓല ഒരുക്കിയിരിക്കുന്നത്. ഇത് 11 bhp പവറിൽ പരമാവധി 58 Nm torque വരെ ഉത്പാദിപ്പിക്കാൻ വരെ ശേഷിയുള്ളതാണ്. നോർമൽ, സ്‌പോർട്, ഹൈപ്പർ എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകൾ ഉള്ള സ്‌കൂട്ടറിന് ഒറ്റ ചാർജിൽ 181 കിലോമീറ്റർ വരെ റൈഡിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. അതേസമയം പരമാവധി വേഗതയായി ഓല ഇലക്‌ട്രിക് അവകാശപ്പെടുന്നത് 115 കിലോമീറ്ററാണ്.
സിമ്പിൾ വണ്ണിന് 5 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ഹൃദയം. 6 bhp കരുത്തിൽ 72 Nm torque വരെ നൽകാൻ കഴിയുന്ന 8.5 kW ഇലക്ട്രിക് മോട്ടോറുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഇക്കോ, റൈഡ്, ഡാഷ്, സോണിക് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളുള്ള ഇവിക്ക് പരമാവധി 212 കിലോമീറ്റർ വരെ റേഞ്ചാണ് നൽകാനാവുന്നത്. 2.77 സെക്കൻഡിൽ 0-40 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ കഴിവുള്ള സിമ്പിൾ വണ്ണിന് 105 കിലോമീറ്ററാണ് പരമാവധി വേഗത.

ചാർജിംഗ്: എസി ചാർജർ ഉപയോഗിച്ചാൽ ഓല S1 പ്രോയുടെ ബാറ്ററി 6 മണിക്കൂർ 30 മിനിറ്റിനുള്ളിൽ പൂർണമായി ചാർജ് ചെയ്യാൻ കഴിയും, അതേസമയം ഫാസ്റ്റ് ചാർജിംഗ് ബാറ്ററി 18 മിനിറ്റിനുള്ളിൽ 75 കിലോമീറ്റർ പിന്നിടാൻ വരെ ചാർജ് നൽകും. സിമ്പിൾ വണ്ണിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 750-വാട്ട് ഹോം ചാർജർ ഉപയോഗിച്ച് 5 മണിക്കൂർ 54 മിനിറ്റിനുള്ളിൽ ഇ-സ്കൂട്ടർ 0-80 ശതമാനം ചാർജ് ചെയ്യാം.
മിനിറ്റിൽ 1.5 കിലോമീറ്റർ വേഗതയിൽ ബാറ്ററി ചാർജ് ചെയ്യാൻ കഴിയുന്ന ഫാസ്റ്റ് ചാർജിംഗും ഇവിയിലുണ്ട്. സ്‌കൂട്ടർ വാങ്ങാൻ ഇപ്പോഴും താത്പര്യമുള്ളവർക്ക് വൺ ഇലക്ട്രിക് ഇനിയും പ്രീ-ബുക്ക് ചെയ്യാം. സിമ്പിൾ വണ്ണിന്റെ ബാറ്ററി പായ്ക്കിൽ നീക്കം ചെയ്യാവുന്ന ഓപ്ഷനുള്ളതിനാൽ ബാറ്ററി പായ്ക്ക് വീട്ടിലോ ഓഫീസിലോ ചാർജ് ചെയ്യാനാവുന്ന സൌകര്യവും ഉപഭോക്താക്കൾക്ക് ലഭ്യമാവും.


Click it and Unblock the Notifications








