ആക്‌ടിവയല്ല, സെഗ്മെന്റ് കിങ് ആക്‌സസ് തന്നെ! കളറാക്കാൻ പുതിയ അടവുമായി സുസുക്കി
സ്‌കൂട്ടറുകളുടെ അവസാനവാക്ക് ഇന്നും ഹോണ്ട ആക്‌ടിവയാണെങ്കിലും ആളുകളുടെ ചോയ്‌സ് പതിയെ മാറിവരുന്ന ട്രെൻഡ് കാണാനാവും. പ്രായോഗികത കൊണ്ട് ഇന്ത്യൻ ജനതയെ കൈയിലെടുത്ത സ്‌കൂട്ടർ സെഗ്മെന്റിൽ ഇന്ന് അണിനിരക്കുന്നത് അനേകായിരം മോഡലുകളാണ്. വീട്ടിലേക്ക് ഒരു മോഡൽ വാങ്ങാൻ പദ്ധതിയിട്ടാൽ ആദ്യം ആക്‌ടിവയുടെ പേരാവും പരിഗണിക്കുന്നതെങ്കിലും പലരും ഇതിൽ നിന്നും മാറി ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട്.
അത്തരക്കാർ ആദ്യം പറയുന്ന മറ്റൊരു സ്‌കൂട്ടറാണ് സുസുക്കി ആക്‌സസ് 125. വീട്ടിലെ ഏതൊരാൾക്കും ഉപയോഗിക്കാൻ അനുയോജ്യമായ മറ്റൊരു മോഡൽ ഇന്ന് ഇന്ത്യയിലുണ്ടോ എന്നുപോലും ആലോചിക്കേണ്ടിയിരിക്കുന്നു. സ്‌ത്രീകൾക്കു വേണ്ടിയാണെങ്കിൽ കുറഞ്ഞ ഭാരം, അൽപം വയസായവർക്കാണെങ്കിൽ അവർക്ക് അനുയോജ്യമായ ശൈലി, യങ്സ്റ്റേഴ്‌സിനാണെങ്കിൽ ആവശ്യമായ സ്റ്റൈലും പെർഫോമൻസും അങ്ങനെ എല്ലാം ഒത്തിണങ്ങിയ ഈ സ്‌കൂട്ടറിന് എല്ലാ റോളിലും തിളങ്ങാനാവുമെന്ന് ഇക്കാലയത്തിനടയ്ക്ക് തെളിയിച്ചു കഴിഞ്ഞ കാര്യമാണ്.

അടിക്കടി ആക്‌സസിലേക്ക് പുതിയ പരിഷ്ക്കാരങ്ങൾ കൊണ്ടുവന്ന് പുതുമ നിലനിർത്താനും സുസുക്കി ശ്രമിക്കാറുണ്ട്. അതിന്റെ ഭാഗമായിതാ പുത്തനൊരു ഡ്യുവൽ കളർ ഓപ്ഷൻ മോഡലിലേക്ക് അവതരിപ്പിച്ചിരിക്കുകയാണിപ്പോൾ. അടുത്തിടെ സോളിഡ് ഐസ് ഗ്രീൻ/ പേൾ മിറേജ് വൈറ്റ് എന്ന കളർ കോമ്പോ അവതരിപ്പിച്ച് ഹിറ്റായതാണ് ഈ പുതിയ ഓപ്ഷനും കൊണ്ടുവരാൻ പ്രചോദനമായിരിക്കുന്നത്.
സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ ആക്‌സസ് 125 സ്‌കൂട്ടറിലേക്ക് പുതുതായി അവതരിപ്പിച്ചിരിക്കുന്നത് പേൾ ഷൈനിംഗ് ബീജ് / പേൾ മിറാഷ് വൈറ്റ് എന്ന ഡ്യുവൽ-ടോൺ കളർ ഓപ്ഷനാണ്. ശരിക്കും മോഡലിന് കൂടുതൽ ക്ലാസിക് ടച്ച് നൽകാനും ജാപ്പനീസ് ബ്രാൻഡിന് ഇതിലൂടെ സാധിച്ചിട്ടുണ്ട്. 2023 ഓഗസ്റ്റ് നാല് മുതൽ സ്പെഷ്യൽ എഡിഷനിലും റൈഡ് കണക്ട് എഡിഷൻ വേരിയന്റുകളിലും പുതിയ കളർ ഓപ്ഷൻ സ്വന്തമാക്കാനാവും.

ആക്‌സസിന്റെ സ്പെഷ്യൽ എഡിഷൻ ഷൈനിംഗ് ബീജ് / പേൾ മിറാഷ് വൈറ്റ് പതിപ്പിന് 85,300 രൂപയും, റൈഡ് കണക്ട് എഡിഷന് 90,000 രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. ബ്ലൂടൂത്ത് കണക്‌റ്റിവിറ്റിയും അതോടൊപ്പം ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഇൻകമിംഗ് കോൾ, എസ്എംഎസ്, വാട്ട്‌സ്ആപ്പ് അലേർട്ട് ഡിസ്‌പ്ലേ, മിസ്‌ഡ് കോൾ, അൺറീഡഡ് എസ്എംഎസ് അലേർട്ട്, തുടങ്ങിയ സവിശേഷതകളുമായാണ് റൈഡ് കണക്റ്റ് എഡിഷൻ വരുന്നത്.
ആക്‌സസ് 125 ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ സ്‌കൂട്ടർ ബ്രാൻഡുകളിലൊന്നാണെന്നും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്നതിന്റെ ഭാഗമാണ് പുതിയ ഡ്യുവൽ ഓപ്ഷനിന്റെ വരവെന്നും സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യയുടെ സെയിൽസ്, മാർക്കറ്റിംഗ്, ആഫ്റ്റർ സെയിൽസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ദേവാശിഷ് ഹണ്ട പറഞ്ഞു. കൂടാതെ മുമ്പ് അപരിചയപ്പെടുത്തിയ ഷൈനിംഗ് ബീജ് / പേൾ മിറാഷ് വൈറ്റ് ഓപ്ഷന് ലഭിച്ച സ്വീകാര്യതയെ പറ്റിയും അദ്ദേഹം എടുത്തു പറയുകയുണ്ടായി.

125 സ്‌കൂട്ടർ സെഗ്മെന്റിൽ ഏറ്റവും റിഫൈൻഡായതും പെർഫോമൻസും മൈലേജും നൽകുന്നതുമായ മോഡലാണ് സുസുക്കി ആക്‌സസ്. 2007-ലാണ് ആദ്യമായി മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ആദ്യ തലമുറ ആക്‌സസ് വലിയ ഹിറ്റായില്ലെങ്കിലും 2016-ലെത്തിയ രണ്ടാംതലമുറ മോഡലിലൂടെയാണ് സുസുക്കിയുടെ ശുക്രൻ തെളിഞ്ഞത്. പീന്നീട് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറായി മാറാനും ഇതിനായി. ലോഞ്ച് ചെയ്യുമ്പോൾ 125 സിസി സെഗ്‌മെന്റിൽ വിപണിയിലെ ആദ്യത്തെ സ്‌കൂട്ടറായിരുന്നു ആക്‌സസ്.
പുതിയ കളർ ഓപ്ഷൻ കൊണ്ടുവന്നെങ്കിലും സ്‌കൂട്ടറിൽ മറ്റുമാറ്റങ്ങളൊന്നും സുസുക്കി അവതരിപ്പിച്ചിട്ടില്ല. ഏകദേശം 103 കിലോഗ്രാം ഭാരമുള്ള സുസുക്കി ആക്‌സസ് 125 സ്‌കൂട്ടറിന് 4-സ്ട്രോക്ക് സിംഗിൾ സിലിണ്ടർ എയർ കൂൾഡ് പെട്രോൾ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഇത് 6,750 rpm-ൽ 8.58 bhp പവറും 5,500 rpm-ൽ 10 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എഞ്ചിനാണ്. ഭാരം കുറവായതിനാൽ തന്നെ സഡൺ പിക്കപ്പും അതിമനോഹരമായ പെർഫോമൻസും ആക്‌സസിന് നൽകാനാവും.

ഒരു സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മറ്റ് മെക്കാനാക്കൽ വശങ്ങളിലേക്ക് നോക്കിയാൽ മുൻവശത്ത് ഡിസ്ക് അല്ലെങ്കിൽ ഡ്രം ബ്രേക്കും പിന്നിൽ ഡ്രം യൂണിറ്റുമാണ് ബ്രേക്കിംഗിനായി നിയോഗിച്ചിരിക്കുന്നത്. സിബിഎസ് അല്ലെങ്കിൽ കോംബി ബ്രേക്കിംഗ് സംവിധാനത്തോടെയാണ് സ്കൂട്ടർ വരുന്നത്. സസ്പെൻഷനായി മുൻവശത്ത് ടെലിസ്കോപ്പിക് യൂണിറ്റുകളും പിന്നിൽ സ്വിംഗ് ആം മൗണ്ടഡ് മോണോഷോക്കുമാണ് സുസുക്കി ഒരുക്കിയിരിക്കുന്നത്.
എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി പൊസിഷൻ ലൈറ്റുകൾ, യുഎസ്ബി ചാർജിംഗ് സോക്കറ്റ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ക്രോംഡ് എക്‌സ്‌റ്റേണൽ ഫ്യൂവൽ റീ-ഫില്ലിംഗ് ലിഡ്, തുടങ്ങിയ ഫീച്ചറുകളാണ് സുസുക്കി ആക്‌സസിനെ വേറിട്ടു നിർത്തുന്ന ഫീച്ചറുകൾ. ഇന്ത്യയിൽ ടിവിഎസ് ജുപ്പിറ്റർ 125, ഹോണ്ട ആക്‌ടിവ 125, യമഹ റേ ZR, ഫാസിനോ പോലുള്ള മോഡലുകളാണ് സുസുക്കി ആക്‌സസ് മാറ്റുരയ്ക്കുന്നത്.


Click it and Unblock the Notifications








