പുള്ളിക്കാരൻ സ്റ്റാറാവും, 160 കി.മീ. റേഞ്ചുമായി സ്റ്റൈലൻ ഇന്ത്യൻ ഇലക്‌ട്രിക് ബൈക്ക് 'CSR 762'
ഇലക്‌ട്രിക് ടൂവീലർ രംഗം അതിവേഗം കുതിക്കുമ്പോൾ ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിക്കുന്നത് സ്‌കൂട്ടറുകൾക്കാണ്. എന്നാൽ പരമ്പരാഗത സങ്കൽപ്പങ്ങളെല്ലാം പൊളിച്ചെഴുതികൊണ്ട് മോട്ടോർസൈക്കിളുകളും വൈദ്യുത വാഹന രംഗത്ത് അരങ്ങ് തകർക്കാൻ തുടങ്ങിയിട്ടുണ്ടെന്നു വേണം പറയാൻ.
റിവോൾട്ട് RV400, അൾട്രാവയലറ്റ് F77, മാറ്റർ ഏറ, ടോർക്ക് ക്രാറ്റോസ്, ഓബെൻ റോർ പോലുള്ള ഗംഭീര ഇലക്‌ട്രിക് ബൈക്കുകൾ അരങ്ങ് തകർക്കുമ്പോൾ സെഗ്മെന്റിലേക്ക് പുതിയൊരു പോരാളി കൂടി കടന്നുവരികയാണ്. അഹമ്മദാബാദ് ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന സ്റ്റാർട്ടപ്പ് കമ്പനിയായ സ്വിച്ച് മോട്ടോകോർപ്പിന്റെ പുതിയ CSR 762 മോഡലാണ് കക്ഷി. ധാരാളം പുതുമകളുമായാണ് മോട്ടോർസൈക്കിളിന്റെ വരവ് എന്നതാണ് ഹൈലൈറ്റ്.

പുതുമയാർന്ന സ്പോർട്ടി സ്റ്റൈലിംഗ് ഉൾപ്പടെയുള്ള ധാരാളം പുതുമകൾ സ്വിച്ച് CSR 762 ഇലക്‌ട്രിക് ബൈക്കിനുണ്ടെന്നതാണ് ശ്രദ്ധേയം. ഇതുവരെ നാം കണ്ട മോഡലുകളിൽ നിന്നും ശരിക്കും വ്യത്യസ്‌തമായ ഡിസൈൻ തന്നെയാണ് ആദ്യം ഏവരുടേയും കണ്ണിലുടക്കുക. ഇലക്ട്രിക് മോട്ടോർസൈക്കിളുകളെക്കുറിച്ചുള്ള വിപണിയുടെ ധാരണ CSR 762 മാറ്റിമറിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം തന്നെ.
ഇന്ത്യയിൽ ഈ ഇലക്‌ട്രിക് മോട്ടോർസൈക്കിളിന്റെ ലോഞ്ച് 90 ദിവസത്തിനുള്ളിൽ നടക്കുമെന്നാണ് സ്വിച്ച് മോട്ടോകോർപ് പറയുന്നത്. അതിനുശേഷം അടുത്ത വർഷം (2024) തുടക്കത്തോടെ CSR 762 ഇവിക്കായുള്ള ഡെലിവറി ആരംഭിക്കാനുമാണ് ബ്രാൻഡിന്റെ ലക്ഷ്യം. 100 കോടി രൂപയിലധികം മുതൽ മുടക്കിലാണ് തങ്ങളുടെ പുതിയ ഇലക്ട്രിക് ബൈക്ക് വികസിപ്പിച്ചെടുത്തതെന്നും "ഗുണനിലവാരത്തിലും പെർഫോമൻസിലും ഉയർന്ന നിലവാരം പുലർത്തുന്ന തരത്തിൽ സൂക്ഷ്മമായി തന്നെയാണ് വാഹനം രൂപകല്പന ചെയ്തിരിക്കുന്നതെന്നും ബ്രാൻഡ് പറയുന്നു.

CSR 762 ഇവിയുടെ ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ എന്തായാലും ആളുകളെ കൈയിലെടുക്കാൻ പ്രാപ്‌തമാണെന്ന് നിസംശയം പറയാം. അപ്-റൈറ്റ് റൈഡിംഗ് പോസ്ച്ചറും ഇതിന് ലഭിക്കുന്നതിനാൽ റൈഡിംഗെല്ലാം സുഖകരമായിരിക്കും. അതേസമയം ബൈക്കിലെ സിഗ്നേച്ചർ എൽഇഡി ഡിആർഎൽ ഡിസൈൻ മറ്റ് മോഡലുകളേക്കാൾ സവിശേഷമായ രൂപം കൈവരിക്കാനും സഹായിച്ചിട്ടുണ്ട്.
ഇനി പെർഫോമൻസിന്റെ കാര്യത്തിലേക്ക് വന്നാൽ 3,800 rpm-ൽ 10 കിലോവാട്ട് അതായത് ഏകദേശം 13.4 bhp പീക്ക് പവർ ഔട്ട്പുട്ടുള്ള 3 കിലോവാട്ട് പിഎംഎസ് ഇലക്ട്രിക് മോട്ടോറാണ് സ്വിച്ച് CSR 762 ഇലക്‌ട്രിക് മോട്ടോർസൈക്കിളിൽ കമ്പനി നൽകിയിരിക്കുന്നത്. ഇവിയുടെ പീക്ക് ടോർക്ക് 165 Nm ആണെന്നും കമ്പനി പറയുന്നു. അതേസമയം മണിക്കൂറിൽ 120 കിലോമീറ്ററാണ് ഉയർന്ന വേഗത.

മൊത്തത്തിൽ ഒരു 150 സിസി പെട്രോൾ ബൈക്കിനേക്കാൾ മികച്ച പെർഫോമൻസ് ഈ വൈദ്യുത മോഡൽ നൽകുമെന്ന് സാരം. ഒറ്റ ചാർജിൽ 160 കിലോമീറ്റർ (ക്ലെയിം ചെയ്‌ത) റേഞ്ചുള്ള 3.6 kWh ലിഥിയം അയൺ രണ്ട് ബാറ്ററി പായ്ക്കുകളാണ് ഇ-ബൈക്ക് ഉപയോഗിക്കുന്നത്. ഇവ സ്വാപ്പബിൾ ആണെന്നതിനാൽ പ്രായോഗികതയും വർധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിൽ പ്രഖ്യാപിച്ച സ്പെസിഫിക്കേഷനുകളെ അപേക്ഷിച്ച് റേഞ്ച് 40 കിലോമീറ്റർ വർധിപ്പിക്കാനും സ്വിച്ച് മോട്ടോകോർപ്പിനായിട്ടുണ്ട് .
40 ലിറ്റർ ബൂട്ട് സ്പേസ്, മൊബൈൽ ചാർജർ, പൂർണമായി കവർ ചെയ്ത മൊബൈൽ ഹോൾഡർ എന്നിവയുൾപ്പെടെ നിരവധി ശ്രദ്ധേയമായ സവിശേഷതകളും മോഡലിന് ഉണ്ടായിരിക്കും. ഇന്ത്യൻ വിപണിയിലെ പ്രധാന നഗരങ്ങളായ അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂർ എന്നിവിടങ്ങളിലെ ഷോറൂമുകൾ വഴിയാണ് പുതിയ സ്വിച്ച് CSR 762 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ വിൽപ്പന ആദ്യം നടക്കുക.

പിന്നീട് ഘട്ടംഘട്ടമായി കേരളം പോലുള്ള സംസ്ഥാനങ്ങളിലേക്കും സ്വിച്ച് കടന്നുവരും. ഇവി അഹമ്മദാബാദിൽ നിർമിക്കാനാണ് സാധ്യതയുള്ളത്. ഇത് സർക്കാരിന്റെ 'മേക്ക് ഇൻ ഇന്ത്യ' സംരംഭവുമായി യോജിപ്പിക്കുന്നുവെന്ന് കമ്പനി പറയുന്നു. ഇലക്ട്രിക് ഇരുചക്ര വാഹന സ്റ്റാർട്ടപ്പ് പ്രാദേശികവൽക്കരണ നിലവാരം, ഉൽപ്പാദന ശേഷി, വിപുലീകരണം എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.


Click it and Unblock the Notifications








