ആള് കുഞ്ഞനെങ്കിലും അഭ്യാസിയാണ്; പുതിയ സൈക്കിളുമായി 'ടാറ്റ കമ്പനി', വിലയും കൊള്ളാം
ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും ചെറുപ്പത്തില്‍ സൈക്കിള്‍ അഭ്യാസം പഠിക്കുന്നത് നമ്മുടെ മാറാത്ത ശീലങ്ങളിൽ ഒന്നാണ്. പോരാത്തത്തിന് സ്വന്തമായൊരു സൈക്കിൾ വേണമെന്നതും കുഞ്ഞുമനസുകളുടെ സ്വപ്‌നങ്ങളിൽ ഒന്നാണെന്നും നമുക്കറിയാല്ലോ. പക്ഷേ ഇതിനു പിന്നിൽ ഏറെ ഗുണങ്ങളുമുണ്ടെന്നത് പലർക്കും അറിയില്ല. കൂട്ടികളുടെ വളർച്ചയെ വരെ സൈക്കിൾ ചവിട്ട് സഹായിക്കും. എത്ര പ്രായമായാലും സൈക്കിള്‍ ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ നിരവധി ഗുണങ്ങളുണ്ടെന്നതും മറ്റൊരു കാര്യമാണ്.
കൊവിഡിന് ശേഷം ആരോഗ്യത്തിന്റെ കാര്യത്തിലും വ്യായാമത്തിന്റെ കാര്യത്തിലായാലും ആളുകൾ കാര്യമായി ശ്രദ്ധകൊടുക്കാറുണ്ട്. അങ്ങനെ പലരും പഴയ സൈക്കിൾ അഭ്യാസത്തിലേക്ക് കടന്നതും നാം കണ്ടിട്ടുണ്ട്. മുമ്പത്തേക്കാൾ കൂടുതൽ മോഡലുകൾ പല വിലയിൽ ലഭ്യമായതും ഇതിന് പ്രോത്സാഹനമായിട്ടുണ്ട്. പണ്ട് എംടിബി, ഹീറോ, ബിഎസ്എ എന്ന സൈക്കിൾ ബ്രാൻഡുകളുടെ പേരുകൾ മാത്രമേ നാം കേട്ടിരുന്നുവെങ്കിൽ ഇന്ന് ടാറ്റയുൾപ്പടെയുള്ള പ്രമുഖ ബ്രാൻഡുകൾ ഈ രംഗത്തേക്കിറങ്ങിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം.

ടാറ്റ ഇന്റർനാഷണലിന്റെ ഉപസ്ഥാപനമായ സ്‌ട്രൈഡർ സൈക്കിൾസ് ഇപ്പോൾ വിപണിയിൽ പുത്തൻ മോഡലുകൾ അവതരിപ്പിക്കുന്ന തിരക്കിലാണ്. അടുത്തകാലത്തായി ധാരാളം പുത്തൻ പതിപ്പുകൾ പുറത്തിറക്കിയ കമ്പനിയിപ്പോഴിതാ വ്യത്യസ്‌തമായൊരു സൈക്കിളുമായി വിപണിയിലേക്ക് എത്തിയിരിക്കുകയാണ്. അഡ്വഞ്ചർ സൈക്ലിംഗിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് അവകാശപ്പെടുന്ന കോണ്ടിനോ നോയ്‌സി ബോയ് എന്ന മോഡലുമായാണ് ബ്രാൻഡിന്റെ ഇത്തവണത്തെ വരവ്.
12,995 രൂപ പ്രാരംഭ വിലയാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്നതും. പെർഫോമൻസ്, സ്റ്റൈൽ, ഫങ്ഷണാലിറ്റി എന്നിവയുടെ അതിരുകൾ മറികടക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് തുടക്കക്കാർ മുതൽ പ്രൊഫഷണൽ അത്‌ലറ്റുകൾ വരെയുള്ള എല്ലാ തലങ്ങളിലുമുള്ള റൈഡർമാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് നോയ്‌സി ബോയ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് സ്ട്രൈഡർ പറയുന്നു.

ഇന്ത്യയിൽ ബൈസൈക്കിൾ മോട്ടോക്രോസ് (BMX) റൈഡിംഗ് രംഗം ശക്തി പ്രാപിക്കുന്ന സമയത്താണ് പുതിയ മോഡലുമായി കമ്പനി രംഗപ്രവേശം ചെയ്യുന്നത്. ആയതിനാൽ കോണ്ടിനോ നോയ്‌സി ബോയ് സൈക്കിശുകൾ കൃത്യതയോടെയും ശ്രദ്ധയോടെയുമാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് പുതിയ സൈക്കിളിന്റെ ലോഞ്ചിനെക്കുറിച്ച് സംസാരിച്ച സ്‌ട്രൈഡർ സൈക്കിൾസിന്റെ ബിസിനസ് ഹെഡ് രാഹുൽ ഗുപ്ത പറഞ്ഞു.
അത്യാധുനിക സാമഗ്രികളും നിർമ്മാണ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഓരോ ബൈക്കും സമാനതകളില്ലാത്ത പ്രകടനവും ഈടുതലും നൽകുന്നുണ്ടെന്ന് തങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. BMX റൈഡിംഗിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന കോണ്ടിനോ നോയ്‌സി ബോയ്‌ക്ക് BMX ഹാൻഡിൽബാറുകളും 360 ഡിഗ്രി ഫ്രീ-സ്റ്റൈൽ റോട്ടറും വരെ കമ്പനി സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

റൈഡർമാർക്ക് സമാനതകളില്ലാത്ത കൺട്രോളും എജിലിറ്റിയും വാഗ്ദാനം ചെയ്യുന്ന നൂതന ഘടകങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി പറയുന്നു. പ്രത്യേകം രൂപകൽപ്പന ചെയ്ത യു-ബ്രേക്കുകൾ എക്സ്ട്രീം കൺട്രോളാണ് നൽകുന്നത്. ഇവയെല്ലാം സുരക്ഷിതവും ആനന്ദദായകവുമായ റൈഡാണ് ഉറപ്പാക്കുന്നത്. ഇന്റഗ്രേറ്റഡ് സ്റ്റണ്ട് പെഗ്ഗുകളോടെ BMX സാഹസികതകളുടെയും സ്റ്റണ്ടുകളുടെയും ലോകത്തേക്ക് ആർക്കും കടന്നുചെല്ലാൻ നോയ‌്സി ബോയ് സൈക്കിൾ ഉപയോഗപ്പെടുത്താം.
സ്റ്റൈലിന്റെയും കാര്യക്ഷമതയുടേയും സംയോജനം പ്രദാനം ചെയ്യുന്ന മറ്റുള്ള സൈക്കിളുകളിൽ നിന്ന് വേറിട്ടുനിൽക്കുന്ന ആകർഷകമായ ഡിസൈനും ടാറ്റ ഇന്റർനാഷണലിന്റെ ഉപസ്ഥാപനമായ സ്‌ട്രൈഡർ സൈക്കിൾസിന്റെ പുത്തൻ മോഡലിന്റെ പ്രത്യേകതയാണ്. കോണ്ടിനോ നോയ്‌സി ബോയ് BMX സൈക്കിളുകളുടെ ലോഞ്ച് ആഘോഷിക്കാൻ സ്‌ട്രൈഡർ സൈക്കിൾസ് പരിമിതകാല ഡിസ്‌കൗണ്ട് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.
സൈക്കിൾ ഇപ്പോൾ വാങ്ങാനെത്തുന്ന ഉപഭോക്താക്കളെ 4,335 രൂപയുടെ ഡിസ്‌കൗണ്ട് ഓഫറിനൊപ്പം സ്‌ട്രൈഡർ സൈക്കിൾസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ആമസോൺ ഷോപ്പിംഗ് ആപ്പിലൂടെയുമുള്ള ഓരോ പർച്ചേസിനും 3,500 രൂപ വില മതിക്കുന്ന മറ്റ് കോംപ്ലിമെന്ററി സമ്മാനങ്ങളും കാത്തിരിക്കുന്നുണ്ടെന്ന് കമ്പനി പറയുന്നു. വ്യത്യസ്‌ത തരത്തിലുള്ള സൈക്കിളുകളാണ് ബ്രാൻഡ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്.

മൗണ്ടൻ ബൈക്കുകൾ, ഫാറ്റ് ബൈക്കുകൾ, ബിഎംഎക്സ് ബൈക്കുകൾ, ഹൈ പെർഫമോൻസ് സിറ്റി ബൈക്കുകൾ എന്നിവയുൾപ്പെടെ വിവിധ മൾട്ടി-സ്പീഡ് ഓപ്ഷനുകളുള്ള സൈക്കിളുകളും ടാറ്റ ഇന്റർനാഷണലിന്റെ ഉപസ്ഥാപനമായ സ്‌ട്രൈഡർ സൈക്കിൾസ് വാഗ്‌ദാനം ചെയ്യുന്നത്. ഇന്ത്യയിലെ ആദ്യത്തെ മഗ്നീഷ്യം സൈക്കിളായ കോണ്ടിനോ ഗലാറ്റിക് 27.5T ആണ് പുതിയ ശ്രേണിയിലെ പ്രധാന ആകർഷണങ്ങളിലൊന്ന്.


Click it and Unblock the Notifications








