സ്റ്റൈൽ, പെർഫോമൻസ്, മൈലേജ്! കോളേജ് പിള്ളേർക്ക് ചെത്തിയടിക്കാൻ പറ്റിയ 125 സിസി സ്‌കൂട്ടറുകൾ
സ്റ്റൈലിംഗും പ്രായോഗികതയും താങ്ങാനാവുന്ന വിലയും കാരണം ഗിയർലെസ് സ്കൂട്ടറുകൾ (Gearless Scooters) ഇന്ത്യയിൽ വളരെ ജനപ്രിയമായി മാറിയത് വളരെ വേഗമായിരുന്നു. ഇന്ന് മോട്ടോർസൈക്കിളുകൾ (Motorcycle) വാങ്ങുന്നതിലും കൂടുതൽ ആളുകൾ സ്‌കൂട്ടറുകളിലേക്ക് ചേക്കേറുന്നുണ്ട്. ഇലക്ട്രിക് മോഡലുകളുടെ (EV) വളർച്ചയും ഈ ട്രെൻഡിന് ഉത്തേജനമായിട്ടുണ്ട്.
നേരത്തെ ഹോണ്ട ആക്‌ടിവയുടെ കുത്തകയായിരുന്ന ഈ സ്‌കൂട്ടർ സെഗ്മെന്റിൽ ഇന്ന് വൈവിധ്യമാർന്ന മോഡലുകൾ സുലഭമായി ലഭ്യമാണ്. നേരത്തെ ഫാമിലി ആവശ്യങ്ങൾക്കുമായും അല്ലെങ്കിൽ അൽപം വയസായവരുമായിരുന്നു സ്‌കൂട്ടറുകൾ വാങ്ങാൻ താത്പര്യം കാണിച്ചിരുന്നതെങ്കിൽ ഇന്ന് യുവാക്കളുടേയും മനംകവർന്ന് ഗിയർലെസ് സ്‌കൂട്ടറുകൾ വിപണി കൈയടക്കുകയാണ്. ഇതിന് കാരണമായത് 125 സിസി വിഭാഗത്തിന്റെ വളർച്ചയാണ്.

സ്പോർട്ടി പെർഫോമൻസിനൊപ്പം അൽപം സ്റ്റൈലിഷുമായി കൊണ്ടുനടക്കാനാവുന്ന സ്‌കൂട്ടറുകളോടാണ് കൗമാരക്കാർക്ക് പ്രിയം. കോളിലൊക്കെ പോയി തുടങ്ങുമ്പോൾ സ്വന്തമായി ഒരു ബൈക്കോ സ്‌കൂട്ടറോ വേണെമെന്ന് ആഗ്രഹിക്കുന്നവരാവും പുതുതലമുറ. ബൈക്ക് വാങ്ങിക്കൊടുക്കാൻ മാതാപിതാക്കൾക്ക് ഭയമായതിനാൽ പലരും സ്‌കൂട്ടറുകളിലേക്ക് വരാറുണ്ട്. അതിനാൽ കോളേജ് വിദ്യാർഥികൾക്ക് ചെത്തിയടിക്കാൻ പറ്റിയ ചില കിടിലൻ മോഡലുകളെ നമുക്ക് ഒന്നു പരിചയപ്പെട്ടാലോ?
ടിവിഎസ് എൻടോർഖ്: സ്പോർട്ടി സ്‌കൂട്ടർ എന്ന പേര് കേൾക്കുമ്പോഴെ മനസിലേക്ക് ഇപ്പോൾ ഓടിയെത്തുന്ന ആദ്യപേരാണ് എൻടോർഖിന്റേത്. യുവാക്കൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള മോഡൽ അതിന്റെ സ്പോർട്ടി സ്വഭാവത്തിന് പുറമെ ഹൈടെക് ഫീച്ചറുകളും അണിനിരത്തിയാണ് യുവഹൃദയങ്ങൾ കീഴടക്കുന്നത്. 124.8 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് RT-Fi എഞ്ചിനാണ് എൻടോർഖിന്റെ ഹൃദയം.

9.2 bhp കരുത്തിൽ പരമാവധി 10.5 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന എയർ കൂൾഡ് എഞ്ചിൻ ഈ സെഗ്മെന്റിലെ ഏറ്റവും പവർഫുൾ യൂണിറ്റുകളിൽ ഒന്നാണ്. 84,536 രൂപ മുതൽ 1.04 ലക്ഷം രൂപ വരെയാണ് ടിവിഎസ് എൻടോർഖിന്റെ എക്‌സ്‌ഷോറൂം വില വരുന്നത്. അതിനാൽ കോളേജ് പിള്ളേർക്ക് ചെത്തിടയിക്കാൻ പറ്റിയ ഏറ്റവും മികച്ച സ്‌കൂട്ടറുകളിൽ ഒന്നാണ് എൻടോർഖ്.
ഹോണ്ട ഡിയോ 125: ഇന്ന് എൻടോർഖ് ഭരിക്കുന്ന വിഭാഗത്തെ ഒരു കാലത്ത് കൈക്കുമ്പിളിൽ കൊണ്ടുനടന്ന മോഡലാണിത്. 90 കിഡ്‌സ് കോളേജിൽ അടിച്ചുപൊളിച്ചിരുന്ന ഡിയോ അടുത്തിടെ പുതിയ എഞ്ചിനുമായി വിപണിയിൽ എത്തിയിരുന്നു. 123.97 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ്, ഫ്യുവൽ ഇഞ്ചക്‌റ്റഡ് എഞ്ചിൻ ഉപയോഗിക്കുന്ന ഡിയോയ്ക്ക് 8.19 bhp പവറിൽ 10.4 Nm torque നൽകാനാവും. 83,400 രൂപ മുതൽ 91,300 രൂപ വരെയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില വരുന്നത്.

വെസ്‌പ 125: വില അൽപം കൂടുതലാണെങ്കിലും വേറിട്ടൊരു സ്‌കൂട്ടർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വെസ്പ 125 പതിപ്പിലേക്ക് മറ്റൊരു സംശയവുമില്ലാതെ ചേക്കേറാം. VXL, SXL എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ എത്തുന്ന മോഡലിന് 9.8 bhp പവറിൽ 9.6 Nm torque പുറപ്പെടുവിക്കുന്ന 124.45 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ്, ഫ്യുവൽ-ഇഞ്ചക്‌റ്റഡ് എഞ്ചിനാണ് ലഭിക്കുന്നത്. 1.32 ലക്ഷം രൂപ മുതൽ 1.37 ലക്ഷം രൂപ വരെയാണ് വെസ്പയ്ക്ക് വരുന്ന എക്‌സ്‌ഷോറൂം വില.
സുസുക്കി ആക്‌സസ് 125: കോളേജ് വിദ്യാർഥികൾക്ക് ഏറ്റവും പ്രായോഗികമായ ഓപ്ഷനുകളിൽ ഒന്നാണ് ആക്‌സസ്. പെർഫോമൻസിനൊപ്പം മികച്ച സ്റ്റൈലിഗും മൈലേജും സുസുക്കി സ്‌കൂട്ടറിനെ വേറിട്ടു നിർത്തുന്ന കാര്യമാണ്. നിലവിൽ 79,400 മുതൽ 89,500 രൂപ വരെ വില വരുന്ന ആക്‌സസിന് 124 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ്, ഫ്യൂവൽ-ഇഞ്ചക്‌റ്റഡ് എഞ്ചിനാണ് ഹൃദയം. ഇതിന് 8.5 bhp കരുത്തിൽ 10 Nm torque വരെ നൽകാനാവും.

യമഹ ഫാസിനോ: ലുക്കിന്റെ കാര്യത്തിൽ പെൺകുട്ടികൾക്കാവും യമഹ ഫാസിനോ ഇഷ്‌ടമാവുന്നതെങ്കിലും സ്‌കൂട്ടറിലെ മികവുറ്റ എഞ്ചിൻ ആരേയും മോഹിപ്പിക്കുന്നതാണ്. ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും ഭാരം കുറഞ്ഞ സ്‌കൂട്ടറുകളിലൊന്നായ ഇതിന് 8.04 bhp, 10.3 Nm torque വികസിപ്പിക്കുന്ന സ്മാർട്ട് മോട്ടോർ ജനറേറ്റർ സംവിധാനമുള്ള 125 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിനാണ് കരുത്തേകുന്നത്. 79,100 രൂപ മുതൽ 92,830 രൂപ വരെയാണ് ഫാസിനോയുടെ എക്‌സ്‌ഷോറൂം വില.


Click it and Unblock the Notifications








