ഈ ഇലക്‌ട്രിക് ബൈക്കും ഇനി വാങ്ങുന്നത് എളുപ്പമാവില്ല, കാരണം ഊഹിക്കാല്ലോ...?
ഇലക്‌ട്രിക് വാഹനങ്ങള്‍ക്കുള്ള ഫെയിം II സ്‍കീമിന് കീഴിലുള്ള സബ്‌സിഡി നിരക്ക് ഈ മാസം മുതൽ വെറും 15 ശതമാനമായി കുറയ്ക്കാൻ കേന്ദ്രം തീരുമാനിച്ചതിനു പിന്നാലെ ഇവികളുടെ വിലയിൽ കാര്യമായ വർധനവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഓലയും ഏഥറും ഹീറോയും എല്ലാം പുതിയ വിലകൾ ഉപഭോക്താക്കളിലേക്ക് എത്തിച്ചതെല്ലാം ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു.
ഇതിനുപിന്നാലെ ഇപ്പോഴിതാ ഇലക്ട്രിക് മോട്ടോർസൈക്കിൾ സ്റ്റാർട്ടപ്പായ ടോർക്ക് മോട്ടോർസും വർധനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ജൂൺ 1 മുതൽ ഇവികൾക്കുള്ള ഫെയിം II സബ്‌സിഡി പുതുക്കിയതിന് ശേഷം പൂനെ ആസ്ഥാനമായുള്ള ബ്രാൻഡ് ക്രാറ്റോസ് R ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ പുതുക്കിയ വില പ്രഖ്യാപിച്ചു. പഴയ വിലയേക്കാൾ 19,000 രൂപയാണ് ഇനി മുതൽ ഈ വൈദ്യുത വാഹനത്തിനായി ചെലവഴിക്കേണ്ടി വരുന്നത്.

അതായത് ബൈക്ക് സ്വന്തമാക്കണമെങ്കിൽ 1.87 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി നൽകണമെന്ന് സാരം. സബ്‌സിഡി പരിഷ്‌ക്കരണത്തിന് ശേഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിൽ കണ്ട ഏറ്റവും കുറഞ്ഞ വില വർധനയാണിത് എന്നതാണ് ശ്രദ്ധേയമായ കാര്യം. വില വർധവിന്റെ ഒരു ഭാഗം ടോർക്ക് മോട്ടോർസ് സ്വയം ഏറ്റെടുത്തതാണ് വിലയിലെ ഈ മാറ്റം പിടിച്ചുനിർത്താനായത്.
പുതുക്കിയ ഫെയിം II സബ്‌സിഡി നയം അനുസരിച്ച്, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് ഒരു kWh ബാറ്ററി കപ്പാസിറ്റിക്ക് 10,000 രൂപ സബ്‌സിഡിക്ക് അർഹതയുണ്ട്. മുമ്പിത് kWh-ന് 15,000 രൂപ എന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. മുൻകാല ഫാക്‌ടറി വിലയുടെ 40 ശതമാനം പരിധിയിൽ നിന്ന് വ്യത്യസ്‌തമായി ആനുകൂല്യങ്ങൾ മൊത്തം എക്‌സ്-ഫാക്‌ടറി വിലയുടെ 15 ശതമാനമായി പരിമിതപ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്‌തിരിക്കുന്നത്.

ഇതിനർഥം നേരത്തെ 60,000 രൂപ ഇൻസെന്റീവിന് യോഗ്യത നേടിയിരുന്ന ക്രാറ്റോസ് R ഇവിക്ക് ഇപ്പോൾ ലഭിക്കുന്നത് 22,500 രൂപയുടെ ആനുകൂല്യങ്ങൾ മാത്രമാണ്. അതായത് ഏകദേശം 37,500 രൂപയുടെ വ്യത്യാസമാണ് ഇതിൽ വന്നിരിക്കുന്നതെന്ന് ചുരുക്കം. ബൈക്കിന്റെ മുമ്പുണ്ടായിരുന്ന 2.28 ലക്ഷത്തിന്റെ എക്സ്ഷോറൂം വില 2.10 ലക്ഷം രൂപയായി കുറച്ചാണ് വില വർധവ് കമ്പനി 19,000 രൂപയായി പിടിച്ചുനിർത്തിയത്. പുതുക്കിയ വില ഘടന വരാനിരിക്കുന്ന ക്രാറ്റോസ് X ഇലക്ട്രിക് മോട്ടോർസൈക്കിളിനെയും ബാധിക്കും.
ക്രാറ്റോസ് X കൂടുതൽ പവർ, റൈഡിംഗ് മോഡുകൾ, വിഷ്വൽ അപ്‌ഗ്രേഡുകൾ എന്നിവ വാഗ്ദാനം ചെയ്യും. അതേസമയം, R പതിപ്പിന് കൂടുതൽ ഡിമാൻഡുള്ളതിനാൽ അടിസ്ഥാന ക്രാറ്റോസ് ഈ വർഷം ആദ്യം നിർത്തലാക്കിയിരുന്നു. സ്റ്റാൻഡേർഡ്, R എന്നീ രണ്ട് വേരിയന്റുകളിൽ കഴിഞ്ഞ വർഷം (2022) തുടക്കത്തിലാണ് ടോർക്ക് ക്രാറ്റോസ് ഇലക്ട്രിക് മോട്ടോർസൈക്കിൾ കമ്പനി പുറത്തിറക്കുന്നത്. 4 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ഇവിയുടെ ഹൃദയം.

R വേരിയന്റിന് 12 bhp പവറിൽ 38 Nm torque വരെ നകുന്ന ഒരു ആക്സിയൽ ഫ്ലക്സ് PMS മോട്ടോർ പായ്ക്കാണ് തുടിപ്പേകുന്നത്. ടോർക്ക് ക്രാറ്റോസ് ഇലക്ട്രിക് മോട്ടോർസൈക്കിളിന് 0-40 കിലോമീറ്റർ വേഗത വെറും 3.5 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്. അതേസമയം ബൈക്കിന്റെ പരമാവധി വേഗത 105 കിലോമീറ്ററായി കമ്പനി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.
ഇക്കോ മോഡിൽ ഒറ്റ ചാർജിൽ 120 കിലോമീറ്റർ യഥാർഥ റേഞ്ച് കണക്കുകളും ടോർക്ക് ക്രാറ്റോസ് R വേരിയന്റ് വാഗ്‌ദാനം ചെയ്യും. ഇത് സിറ്റി മോഡിൽ 100 കിലോമീറ്ററും സ്‌പോർട്ടിൽ 70 കിലോമീറ്ററും ആയി കുറയുന്നു. ഒരു മണിക്കൂറിൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ബൈക്കിനെ സഹായിക്കുന്ന ഫാസ്റ്റ് ചാർജിംഗോടെയാണ് മോഡൽ വരുന്നത് എന്നതും വലിയൊരു നേട്ടമാണ്.
ഇന്ത്യയിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾക്കാണ് ഡിമാന്റ് കൂടുതലുള്ളതെങ്കിലും മോട്ടോർസൈക്കിൾ വിഭാഗവും പതിയെ ക്ലച്ചുപിടിച്ചു വരുന്നുണ്ട്. റിവോൾട്ട് ഇവി അരങ്ങുവാഴുന്ന വിഭാഗത്തിൽ ടോർക്ക് ക്രാറ്റോസിന് മാറ്റർ ഏറ മോഡലും വിപണിയിൽ മത്സരമേകുന്നുണ്ട്. രാജ്യത്തെ ആദ്യത്തെ ഗിയർബോക്‌സുള്ള ഇലക്ട്രിക് മോട്ടോർസൈക്കിൾ എന്ന പേരിലാണ് മാറ്റർ ഇവി അറിയപ്പെടുന്നത്. ഇവയ്ക്ക് 1.84 ലക്ഷം രൂപയാണ് എക്‌സ്ഷോറൂം വില.


Click it and Unblock the Notifications








