180 കി.മീ റേഞ്ചുള്ള ഇലക്‌ട്രിക് ബൈക്ക് വാങ്ങിയാൽ 22,000 രൂപ ലാഭിക്കാം, അന്യായ ഓഫറുമായി കമ്പനി
നിരത്തിലെ സ്ഥിരം കാഴ്ച്ചയായി ഇലക്‌ട്രിക് സ്‌കൂട്ടറുകൾ മാറിയെങ്കിലും വൈദ്യുത മോട്ടോർസൈക്കിളുകൾ അത്ര സജീവമായിട്ടില്ലെന്നു വേണം പറയാൻ. പ്രത്യേകിച്ച് കേരളത്തിലെ നിരത്തുകളിലൊന്നും ഇവർ ഓടിത്തുടങ്ങിയിട്ടില്ലെന്ന് വേണം പറയാൻ. പക്ഷേ ബെംഗളൂരു മലയാളികൾക്കും മറ്റ് മെട്രോ നഗരങ്ങളിൽ താമസമാക്കിയവർക്കുമെല്ലാം ഇലക്ട്രിക് ബൈക്കുകൾ കണ്ണിടുലക്കാറുണ്ട്.
അടുത്തിടെയെത്തിയ ഒബെൻ റോർ ഇവിയുമെല്ലാം വരും വർഷങ്ങളിൽ കൂടുതൽ സുപരിചിതമാവും. റിവോൾട്ട് RV400 തുടക്കമിട്ട രംഗത്തേക്ക് ഇന്ന് ധാരാളം മോഡലുകൾ വിപണി പിടിച്ചിട്ടുണ്ട്. അതിൽ പ്രധാനിയാണ് ടോർക്ക് ക്രാറ്റോസ് എന്ന ഇലക്ട്രിക് മോട്ടോർസൈക്കിൾ. രാജ്യത്തെ പ്രമുഖ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളാണ് മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോര്‍ക്ക് മോട്ടോര്‍സ്.

രത്തൻ ഇന്ത്യയുടെ കീഴിലുള്ള ഈ ബ്രാൻഡിനെ പലർക്കും പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യവുമില്ല. ഇടയ്ക്കെങ്കിലും ഓൺലൈൻ വാർത്തകളിൽ കണ്ടിട്ടുള്ള ഈ മോഡൽ വാങ്ങാൻ താത്പര്യമുള്ള ആളാണ് നിങ്ങളെങ്കിൽ ഒരു ഗംഭീര അവസരം വീണുകിട്ടിയിട്ടുണ്ട് ഇപ്പോൾ. മറ്റൊന്നുമല്ല, വർഷാവസാനത്തിന്റെ ഭാഗമായി ഇയർ എൻഡ് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് പൂനെ ആസ്ഥാനമായുള്ള ഇവി നിർമാതാക്കൾ.
ക്രാറ്റോസ് ഇലക്ട്രിക് ബൈക്ക് 2023 ഡിസംബർ 31-ന് മുമ്പ് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഇലക്ട്രിക് മോട്ടോർസൈക്കിളിൽ 22,000 ക്യാഷ് ഡിസ്‌കൗണ്ടാണ് ടോർക്ക് മോട്ടോർസ് വാഗ്‌ദാനം ചെയ്യുന്നത്. ക്രാറ്റോസ് R അല്ലെങ്കിൽ ക്രാറ്റോസ് അർബൻ എന്നീ ഏത് വേരിയന്റുകൾ വാങ്ങുമ്പോളും മുകളിൽ സൂചിപ്പിച്ച ഓഫർ ഉപയോഗപ്പെടുത്താനാവും. ടോർക്ക് ക്രാറ്റോസ് R മോഡലിന് ഇന്ത്യയിൽ 1.87 ലക്ഷം രൂപയാണ് നിലവിലെ എക്സ്ഷോറൂം വില.

അതേസമയം കൂടുതൽ താങ്ങാനാവുന്ന ക്രാറ്റോസ് അർബന് 1.67 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. ഈ വിലകളിലും FAME II സബ്‌സിഡിയും ഉൾപ്പെടുന്നു. ഈ വർഷം ഡിസംബർ 31 ന് മുമ്പ് നടത്തുന്ന ബുക്കിംഗുകൾക്ക് ഈ ഓഫർ സാധുവായിരിക്കുമെന്ന് ടോർക്ക് വെബ്‌സൈറ്റ് പറയുന്നു. പൂനെ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പിന്റെ ഇവിയിൽ 9 kW അതായത് 12 bhp പവറിൽ 38 Nm torque ഉത്പാദിപ്പിക്കാനാവുന്ന ഇലക്ട്രിക് PMS മോട്ടോറാണ് വരുന്നത്.
4 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ഇവിയുടെ ഹൃദയം. ടോർക്ക് ക്രാറ്റോസ് ഇലക്ട്രിക് മോട്ടോർസൈക്കിളിന് 0-40 കിലോമീറ്റർ വേഗത വെറും 3.5 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്. അതേസമയം ബൈക്കിന്റെ പരമാവധി വേഗത 105 കിലോമീറ്ററായി കമ്പനി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. ഇക്കോ മോഡിൽ ഒറ്റ ചാർജിൽ 120 കിലോമീറ്റർ യഥാർഥ റേഞ്ച് കണക്കുകളും ടോർക്ക് ക്രാറ്റോസ് R വേരിയന്റ് വാഗ്‌ദാനം ചെയ്യും.

ഇത് സിറ്റി മോഡിൽ 100 കിലോമീറ്ററും സ്‌പോർട്ടിൽ 70 കിലോമീറ്ററും ആയി കുറയുന്നുവെന്നും ടോർക്ക് ഓർമപ്പെടുത്തുന്നുണ്ട്. റേഞ്ച് കാര്യക്ഷമത വർധിപ്പിക്കുന്നതിനായി കമ്പനി അടുത്തിടെ ഇലക്ട്രിക് മോട്ടോർസൈക്കിളിൽ പുതിയ ഇക്കോ പ്ലസ് മോഡും അവതരിപ്പിച്ചിരുന്നു. പുതിയ റൈഡിംഗ് മോഡിലൂടെ സിംഗിൾ ചാർജിൽ 180 കിലോമീറ്ററോളം റേഞ്ച് കിട്ടുമെന്നാണ് കമ്പനി പറയുന്നത്.
എന്നാൽ യഥാർഥ സാഹചര്യങ്ങളിൽ പരമാവധി 150 കിലോമീറ്ററിലധികം റേഞ്ചാണ് കൈവരിക്കാനാവുക. ഇക്കോ പ്ലസ് മോഡിലെ ഇലക്ട്രിക് ബൈക്കിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 35 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നതും ഓർമിക്കണം. ഉപഭോക്താക്കളുടെ ആവശ്യത്തെ തുടർന്നാണ് പുതിയ ഇക്കോ പ്ലസ് മോഡ് അവതരിപ്പിച്ചതെന്നും കമ്പനി പറയുന്നു.

ആവശ്യമുള്ളപ്പോൾ ഉപഭോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും ഹൈ പെർഫോമൻസ് മോഡിലേക്ക് ഒറ്റ ക്ലിക്കിൽ മാറാനാകും. ഒരു മണിക്കൂറിൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ബൈക്കിനെ സഹായിക്കുന്ന ഫാസ്റ്റ് ചാർജിംഗോടെയാണ് ടോർക്ക് ക്രാറ്റോസ് R ഇ-ബൈക്ക് വരുന്നത് എന്നതും വലിയൊരു നേട്ടമാണ്. ആവശ്യമുള്ളപ്പോൾ ഉപഭോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും ഹൈ പെർഫോമൻസ് മോഡിലേക്ക് ഒറ്റ ക്ലിക്കിൽ മാറാനാകും.
ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ ജിയോഫെൻസിംഗ്, ഫൈൻഡ് മൈ വെഹിക്കിൾ, മോട്ടോർവാക്ക് അസിസ്റ്റ്, ക്രാഷ് അലേർട്ട്, വെക്കേഷൻ മോഡ്, ട്രാക്ക് മോഡ് അനാലിസിസ്, സ്‌മാർട്ട് ചാർജ് അനാലിസിസ് എന്നീ സവിശേഷതകളാണ് ക്രാറ്റോസ് R ഇവിയിൽ ഒരുക്കിയിട്ടുള്ളത്. വൈറ്റ്, ബ്ലൂ, റെഡ്, ബ്ലാക്ക് എന്നീ നാല് കളർ ഓപ്ഷനുകളിലാണ് ഇ-ബൈക്ക് വരുന്നത്. റിവോൾട്ട് RV400, മാറ്റർ ഏറ, ഒബെൻ റോർ, ഹോപ് Oxo പോലുള്ള മോട്ടോർസൈക്കിളുകളുമായാണ് ടോർക്കിന്റെ മത്സരം.


Click it and Unblock the Notifications








