ലിസ്റ്റിലെ ചിലരെ കണ്ടാൽ നിങ്ങൾ ഞെട്ടും, കുറഞ്ഞ വിലയിൽ വാങ്ങാനാവുന്ന സ്ക്രാംബ്ലർ ബൈക്കുകൾ ഇതാ
ഇന്ത്യയിൽ പ്രീമിയം മോട്ടോർസൈക്കിളുകളുടെ ഡിമാന്റ് വലിയ തോതിൽ കൂടിവരികയാണ്. ഇന്ന് അത്യാവിശ്യം നല്ലൊരു മോഡൽ സ്വന്തമാക്കണമെങ്കിൽ എന്തായാലും 2 മുതൽ 3 ലക്ഷം രൂപയ്ക്ക് മുകളിൽ പണം ചെലവഴിക്കേണ്ടി വരും.
അത്യാവിശ്യം ലോംഗ് റൈഡുകൾക്കും അതുപോലെ തന്നെ ദൈനംദിനാവശ്യങ്ങൾക്കും ഉതകുന്ന തരത്തിലുള്ള ബൈക്കുകൾ സ്വന്തമാക്കാനാണ് പലർക്കും താത്പര്യം. അതായത് മൾട്ടി-പർപ്പസ് മോഡലുകൾ എന്നുവേണമെങ്കിൽ നമുക്കിവയെ വിളിക്കാം. അങ്ങനെ ഇന്ത്യൻ വിപണിയിൽ ഉയർന്നുവന്ന സമീപകാല മോട്ടോർസൈക്കിൾ ട്രെൻഡാണ് സ്‌ക്രാംബ്ലറുകളുടേത്. ഓൺ-റോഡിലും ഓഫ്-റോഡിലും കൊണ്ടുപോവാൻ മാത്രമല്ല ചെറിയ യാത്രകൾക്ക് പോലും ഇവ നൽകുന്നത് മികച്ച മൈലേജാണ്.

എന്നാൽ ഡ്യുവൽ പർപ്പസ് ഉപയോഗം തന്നെയാണ് സ്ക്രാംബ്ലറുകളെ ആളുകളിലേക്ക് അടുപ്പിക്കുന്നത്. പക്ഷേ എൻട്രി ലെവൽ സ്‌ക്രാംബ്ലർ സെഗ്‌മെന്റിൽ വിരലിലെണ്ണാവുന്ന ഓപ്ഷനുകൾ മാത്രമാണ് ഇന്ത്യയിലുള്ളത്. ഇത്തരമൊരു മോഡലാണ് നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നതെങ്കിൽ തെരഞ്ഞെടുപ്പ് എളുപ്പമായിരിക്കും. ഇന്ത്യൻ വിപണിയിൽ നിലവിൽ വിൽക്കുന്ന ഏറ്റവും താങ്ങാനാവുന്ന അഞ്ച് സ്‌ക്രാംബ്ലർ ബൈക്കുകളെ നമുക്ക് ഒന്നു പരിചയപ്പെട്ടാലോ?
ട്രയംഫ് സ്ക്രാംബ്ലർ 400 X: ഈ സെഗ്മെന്റിലെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണിത്. ബജാജുമായി സഹകരിച്ച് വികസിപ്പിച്ച മോഡൽ ശരിക്കും ഈ വിഭാഗത്തെ ആളുകളിലേക്ക് അടുപ്പിച്ചിട്ടുണ്ട്. 2.63 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് മോട്ടോർസൈക്കിൾ വിപണിയിൽ എത്തുന്നത്. 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ 39.5 bhp കരുത്തിൽ പരമാവധി 37.5 Nm torque വരെ നൽകുന്ന 398 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ഇതിന്റെ ഹൃദയം.

ഹസ്‌ഖ്‌വർണ സ്വാർട്ട്പിലൻ 250: പലരും മറുന്നുപോയ സ്വീഡിഷ് മോട്ടോർസൈക്കിളാണിത്. തുടക്കത്തിൽ ഏറെ ശ്രദ്ധ നേടിയെടുക്കാനായെങ്കിലും പിന്നീട് എന്തൊക്കെയോ കാരണങ്ങളാൽ ഹസ്ഖികൾ ഏറെ പിന്നാക്കം പോവുകയായിരുന്നു. പൂരകമായ സ്‌ക്രാംബ്ലർ-ഇഷ് സ്‌റ്റൈലിംഗുമായെത്തിയ സ്വാർട്ട്പിലനായിരുന്നു കൂട്ടത്തിൽ ഏവരുടേയും പ്രിയങ്കരം. എന്നിരുന്നാലും, ബൈക്ക് ലോഞ്ച് ചെയ്തതിനുശേഷം കാര്യമായ അപ്‌ഡേറ്റുകളൊന്നും ലഭിച്ചിട്ടില്ല.
31 bhp കരുത്തിൽ 24 Nm torque ഉത്പാദിപ്പിക്കുന്ന 249 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്. 6 സ്പീഡ് ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നത്. ഇന്ത്യൻ വിപണിയിൽ 2.25 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്ഷോറൂം വില. നിർത്തലാക്കുന്നതിനു മുമ്പ് ഒന്ന് സ്വന്തമാക്കിയാൽ പെർഫോമൻസിന്റെ കാര്യമോർത്തൊന്നും പിന്നീട് നിരാശപ്പെടേണ്ടി വന്നേക്കില്ല.

യെസ്‌ഡി സ്ക്രാംബ്ലർ: മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജൻഡ്‌സ് 2022-ന്റെ തുടക്കത്തിലാണ് സ്‌ക്രാംബ്ലർ ഉൾപ്പെടെ മൂന്ന് പുതിയ മോഡലുകളുമായി യെസ്‌ഡി ബ്രാൻഡിനെ ഇന്ത്യയിൽ പുനരവതരിപ്പിക്കുന്നത്. അക്കാലത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട വാഹനമായിരുന്നു സ്ക്രാംബ്ലർ. മൊത്തത്തിൽ മികച്ചൊരു പാക്കേജാണ് ബൈക്കെങ്കിലും മിതമായ ഗുണനിലവാരം, ഡെലിവറി വൈകി തുടങ്ങിയ ആശങ്കകൾ ക്ലാസിക് ലെജൻഡുകളെ കാര്യമായി ബാധിക്കുകയുണ്ടായി.
അങ്ങനെ വിപണിയിൽ കാര്യമായ ഓളം കൊണ്ടുവരാൻ യെസ്‌ഡി സ്ക്രാംബ്ലർ മോട്ടോർസൈക്കിളിന് സാധിക്കാതെ പോവുകയായിരുന്നു. നിലവിൽ 2.18 ലക്ഷം രൂപ മുതലാണ് ഈ ഡ്യുവൽ പർപ്പസ് മോഡലിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 29.1 bhp പവറിൽ 28.2 Nm torque ഉത്പാദിപ്പിക്കുന്ന 334 സിസി എയർ കൂൾഡ് എഞ്ചിനുമായാണ് കക്ഷിയുടെ വരവ്. 6 സ്പീഡാണ് ഗിയർബോക്‌സ്.

ഹോണ്ട CB350 RS: ഹൈനസിന്റെ ക്ലാസിക് ശൈലിയിൽ നിന്നും വിട്ട് ഒരു സ്ക്രാംബ്ലർ സ്റ്റൈലുപിടിച്ചാണ് ഈ മോഡലിന്റെ വരവ്. പക്കാ ഡ്യുവൽ പർപ്പസ് മോഡൽ അല്ലെങ്കിലും ഓൺ-റോഡിലെ പെർഫോമൻസ് നോക്കുമ്പോൾ മുടക്കുന്ന കാശിന് ആള് മുതലാണ്. ഇന്ത്യയിൽ 2.15 ലക്ഷം മുതൽ 2.19 ലക്ഷം രൂപ വരെയാണ് ഹോണ്ട മോഡലിന് വില വരുന്നത്. 20.8 bhp കരുത്തിൽ 30 Nm torque നൽകുന്ന 348.36 സിസി എയർകൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് CB350 RS-ന് തുടിപ്പേകുന്നത്.
റോയൽ എൻഫീൽഡ് സ്ക്രാം 411: കഴിഞ്ഞ വർഷം മാർച്ചിലാണ് ഹിമാലയനെ അടിസ്ഥാനമാക്കിയുള്ള സ്‌ക്രാം 411 അവതരിപ്പിക്കുന്നത്. അഡ്വഞ്ചർ ടൂറർ വാങ്ങാൻ കാശില്ലാത്തവർക്ക് പരിഗണിക്കാവുന്ന നേക്കഡ് വേർഷനായാണ് ഇതിനെ പലരും കണക്കാക്കിയത്. 2.08 ലക്ഷം രൂപ എക്‌സ്ഷോറൂം വിലയുള്ള സ്ക്രാമിന് 24.3 bhp പവറിൽ 32 Nm torque നൽകുന്ന ഹിമാലയന്റെ അതേ 411 സിസി, സിംഗിൾ സിലിണ്ടർ, ഓയിൽ, എയർ കൂൾഡ് എഞ്ചിനാണ് ഇതിന്റെ ഹൃദയം.

കീവേ SR 125/SR 250: ഇന്ത്യയിൽ താരതമ്യേന അത്ര അറിയപ്പെടാത്ത ബ്രാൻഡാണ് കീവേ. ഒരു വർഷത്തിലേറെയായി വിപണിയിലുണ്ടെങ്കിലും കാര്യമായ മുദ്ര പതിപ്പിക്കാൻ ബ്രാൻഡിനായിട്ടില്ല. SR 125, SR 250 എന്നിവയുടെ രൂപത്തിൽ രാജ്യത്ത് ഏറ്റവും താങ്ങാനാവുന്ന സ്ക്രാംബ്ലർ മോട്ടോർസൈക്കിളുകൾ വാഗ്ദാനം ചെയ്യുന്ന കമ്പനിയും ഈ ചൈനീസ് ഉടമസ്ഥതയിലുള്ള ഹംഗേറിയൻ ബ്രാൻഡാണ്.
കീവേ SR 125 മോഡലിന് 1.20 ലക്ഷം രൂപ എക്സ്ഷോറൂം വില വരുമ്പോൾ SR 250 ക്വാർട്ടർ ലിറ്റർ സ്ക്രാംബ്ലർ മോട്ടോർസൈക്കിളിനായി ഇന്ത്യയിൽ 1.49 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി നൽതേണ്ടത്. പേരിൽ നിന്നും വ്യക്തമാവുന്നതു പോലെ SR 125 പതിപ്പിന് 125 സിസി എഞ്ചിൻ ആണ് കരുത്ത് പകരുന്നത്. അതേസമയം മറുവശത്ത് SR 250 ക്വാർട്ടർ എഞ്ചിനുമായാണ് നിരത്തിലെത്തുന്നത്.


Click it and Unblock the Notifications








