ഹിമാലയൻ 452 ഇങ്ങെത്തി, എതിരിടാൻ സ്ക്രാംബ്ലർ 400X റെഡി; എല്ലാർക്കും കിട്ടാൻ ഡെലിവറി വേഗം കൂട്ടി ട്രയംഫ്
ആഭ്യന്തര വിപണിയിൽ ഡ്യുവൽ പർപ്പസ് മോട്ടോർസൈക്കിളുകളുടെ കാലമാണിതെന്നു വേണം പറയാൻ. 2016-ൽ റോയൽ എൻഫീൽഡ് ഹിമാലയനിലൂടെ തുടങ്ങിയ ട്രെൻഡ് പിന്നീട് ഹീറോ എക്‌സ്‌പൾസിലൂടെ മറ്റൊരു തലത്തിലെത്തിച്ചപ്പോൾ കെടിഎം, ഹോണ്ട, യെസ്‌ഡി പോലുള്ള ബ്രാൻഡുകളും ഇത്തരം ബൈക്കുകളുമായി രംഗത്തിറങ്ങുകയുണ്ടായി. ഓഫ്-റോഡിംഗിൽ ഹിമാലയനും എക്‌സ്‌പൾസും തരുന്ന ഫീൽ ഇതുവരെ മറ്റൊരു ബജറ്റ് ഫ്രണ്ട്ലി മോഡലുകൾക്കും നൽകാനായിട്ടില്ല.
ഇതിനിടയിൽ ഡ്യുവൽ പർപ്പസുകളുടെ അധിപൻമാരായ സ്ക്രാംബ്ലർ സ്റ്റൈൽ ബൈക്കുകളും രാജ്യത്ത് പ്രശസ്‌തിയാർജിച്ചിട്ടുണ്ട്. അങ്ങനെയാണ് ബ്രിട്ടീഷ് പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ട്രയംഫ് തങ്ങളുടെ നിരയിലേക്ക് താങ്ങാനാവുന്ന സ്ക്രാംബ്ലർ 400X പുറത്തിറക്കുന്നത്. ആരും പ്രതീക്ഷിക്കാതിരുന്ന വിലയ്ക്ക് ട്രയംഫിന്റെ ഒരു മോഡൽ കിട്ടുമ്പോൾ ആരെങ്കിലും വേണ്ടെന്ന് പറയുമോ? പക്ഷേ ഇതിനിടയിൽ പുതുതലമുറയിലേക്ക് ചേക്കേറി എൻഫീൽഡ് ഹിമാലയൻ പിറവിയെടുത്തതോടെ കമ്പനിക്ക് പണിയായിരിക്കുകയാണ്.

എന്നാൽ ഹിമാലയൻ 452 മോഡലിന് ഒരുമുഴം മുമ്പേയെറിഞ്ഞ് ട്രയംഫ് സ്ക്രാംബ്ലർ 400X മോട്ടോർസൈക്കിളിന്റെ ഡെലിവറി ആരംഭിച്ചിരിക്കുകയാണിപ്പോൾ. പോയ മാസം തന്നെ കൊച്ചിയിൽ ഉൾപ്പടെ ബൈക്കിന്റെ വിതരണം തുടങ്ങിയെങ്കിലും ഇപ്പോൾ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ച് വേഗത കൂട്ടിയിരിക്കുകയാണ് ബ്രിട്ടീഷ് ബ്രാൻഡ്. 2.63 ലക്ഷം രൂപയാണ് ഈ ഡ്യുവൽ പർപ്പസ് മോഡലിനായി മുടക്കേണ്ടി വരുന്ന എക്‌സ്‌ഷോറൂം വില.
ഇത് അടിസ്ഥാനപരമായി നേരത്തെയിറങ്ങി ഹിറ്റടിച്ച സ്പീഡ് 400 ബൈക്കിന്റെ സ്‌ക്രാംബ്ലർ പതിപ്പാണ്. എങ്കിലും റോഡ്സ്റ്റർ മോഡലിൽ നിന്നും മുടക്കുന്ന അധിക തുകയ്ക്ക് 400X പതിപ്പിന് ഹെഡ്‌ലൈറ്റ് ഗ്രിൽ, ബാർ-എൻഡുകൾക്ക് പകരം സാധാരണ മിററുകൾ, നക്കിൾ ഗാർഡുകൾ, ബാഷ് പ്ലേറ്റ്, വ്യത്യസ്തമായ എക്‌സ്‌ഹോസ്റ്റ്, വലിയ ഫ്രണ്ട് വീൽ എന്നിവ ലഭിക്കുന്നുണ്ട്. അതോടൊപ്പം ഓഫ്-റോഡിംഗ് മികച്ച അനുഭവമാക്കുന്നതിനായി ഡ്യുവൽ പർപ്പസ് ടയറുകളും സ്വിച്ചബിൾ എബിഎസും നൽകിയിട്ടുമുണ്ട്.

കോസ്‌മെറ്റിക് വ്യത്യാസങ്ങൾ കൂടാതെ ട്രയംഫ് സ്ക്രാംബ്ലർ ബൈക്കിന്റെ എർഗണോമിക്‌സിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഫുട്ട് പെഗുകൾ ഇപ്പോൾ അൽപ്പം മുന്നോട്ടായാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ ഓഫ്-റോഡിംഗിൽ കാലിന് കൂടുതൽ ഗ്രിപ്പ് നൽകാൻ റബർ പാഡിംഗും കമ്പനി ഒരുക്കിയിട്ടുണ്ട്. ഹാൻഡിൽബാർ ഇപ്പോൾ വിശാലവും ഉയരവുമുള്ളതും ബ്രേസ് പാഡുള്ളതുമാണ്. മൊത്തത്തിൽ റൈഡറിന് നിവർന്നിരുന്ന് യാത്ര ചെയ്യാൻ പാകമായ രീതിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
സ്‌ക്രാംബ്ലർ 400X മോഡലിന്റെ സീറ്റ് ഹൈറ്റും 835 mm ആയി ഉയർത്തിയിട്ടുണ്ട്. ഓഫ്-റോഡ് ചെയ്യാൻ മാത്രമല്ല, ലോംഗ് ടൂറിനും റെഡിയാക്കുന്ന തരത്തിൽ സ്ക്രാംബ്ലർ 400X പതിപ്പിനെ അണിയിച്ചൊരുക്കാനായി വലിയ ആക്‌സസറുകളും കമ്പനി വിപണിയിൽ എത്തിച്ചിട്ടുണ്ട്. ലഗേജ്, പ്രൊട്ടക്ഷൻ, മറ്റ് കംഫർട്ട് ആൻഡ് ഏസ്‌തറ്റിക് ആഡ്-ഓണുകൾ എന്നീ വിവിധ വിഭാഗങ്ങളിലായാണ് ബ്രിട്ടീഷ് മോട്ടോർസൈക്കിൾ നിർമാതാക്കൾ ആക്‌സസറികൾ കൊണ്ടുവന്നിരിക്കുന്നത്.

ട്രയംഫിന്റെ TR സീരീസില്‍ വരുന്ന 398.15 സിസി ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് സ്ക്രാംബ്ലർ 400X ബൈക്കിനും തുടിപ്പേകുന്നത്. ഇത് 39.5 bhp കരുത്തിൽ പരമാവധി 37.5 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. ഇരട്ട സഹോരദനായ സ്പീഡ് 400 റോഡ്സ്റ്ററിനെ അപേക്ഷിച്ച് സസ്‌പെൻഷനിലും ബ്രേക്കിലും ട്രയംഫ് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
സ്പീഡ് 400 റോഡ്സ്റ്റർ മോട്ടോർസൈക്കിളിനെ അപേക്ഷിച്ച് സസ്‌പെൻഷനിൽ മുന്നിൽ 10 മില്ലീമീറ്റർ കൂടുതൽ ട്രാവലും പിന്നിൽ 20 മില്ലീമീറ്റർ കൂടുതൽ ട്രാവലുമാണ് ഒരുക്കിയിട്ടുള്ളത്. അങ്ങനെ ഫ്രണ്ടിൽ 43 mm അപ്പ് സൈഡ് ഡൗണ്‍ ബിഗ് പിസ്റ്റണ്‍ ഫോര്‍ക്കുകളും പ്രീ-ലോഡ് അഡ്ജസ്റ്റബിള്‍ റിയര്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. ബ്രേക്കിംഗിനായി സ്വിച്ചബിൾ എബിഎസിന്റെ സഹായവുമുണ്ട്.

സ്‌ക്രാംബ്ലർ 400X-ന് മുൻവശത്ത് വലിയ 320 mm ഡിസ്‌ക്കാണ് ഉപയോഗിച്ചിരിക്കുന്നത്. അതേസമയം പിന്നിൽ 230 mm ഡിസ്‌ക്കാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ ഡ്യുവൽ പർപ്പസ് ബൈക്കായതിനാൽ തന്നെ സ്‌ക്രാംബ്ലറിന് വലിയ 19 ഇഞ്ച് ഫ്രണ്ട് വീലും 17 ഇഞ്ച് റിയർ വീലുമാണ് കിട്ടുന്നത്. റെഡ്, ബ്ലാക്ക്, ഗ്രീൻ എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത കളർ ഓപ്ഷനുകളാണ് വാഹനം ഇന്ത്യയിലെത്തുന്നത്. റോയൽ എൻഫീൽഡ് ഹിമാലയൻ 452 മോഡലുമായാണ് ഇനി ട്രയംഫിന്റെ മത്സരം.


Click it and Unblock the Notifications








