നിർമാണം ബജാജിന്റെ കൈയിൽ, ട്രയംഫ് 400 ട്വിൻസ് വെറും 2,000 രൂപക്ക് ബുക്ക് ചെയ്യാം
സൂപ്പർബൈക്കുകളുടെ ലോകത്തെ ബ്രിട്ടീഷുകാരനാണ് ട്രയംഫ്. ഇന്ത്യയിലും സജീവ സാന്നിധ്യമായ ബ്രാൻഡ് സാധാരണക്കാരിലേക്കും ഇറങ്ങിവരികയാണ്. ഇതിന്റെ ഭാഗമായി രാജ്യത്ത് പൾസർ മോഡലുകളിലൂടെ വിപ്ലവം തീർത്ത ബജാജുമായി നാളുകൾക്ക് മുമ്പേ ട്രയംഫ് പങ്കാളിത്തം പ്രഖ്യാപിക്കുകയും ചെയ്‌തു. രാജ്യത്ത് നിർമാണ ചെലവുകൾ കുത്തനെ കുറച്ച് ഒരു മോട്ടോർസൈക്കിൾ നിർമിക്കുക എന്നതായിരുന്നു ഈ കൂട്ടുകെട്ടിലേക്ക് ബ്രിട്ടീഷ് ബ്രാൻഡിനെ നയിച്ചത്.
എന്തായാലും സംഭവം പ്രതീക്ഷിച്ചതുപോലെ മുന്നോട്ടുപോവുകയും പുത്തൻ ബൈക്ക് എന്ന സ്വപ്‌നം ട്രയംഫ് കൈവരിക്കുകയും ചെയ്‌തു. ഇന്ത്യയിലെ മിഡ് കപാസിറ്റി മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ സമഗ്രാധിപത്യം തൂക്കിയെറിയുകയാണ് പ്രധാന ലക്ഷ്യം. ഡൊമിനാർ വഴി പാളിയ ഐഡിയ ട്രയംഫിലൂടെ നേടിയെടുക്കുകയാണ് ബജാജിന്റെ ഉന്നവും. എന്തായാലും ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ കഴിഞ്ഞ ദിവസം 400 സിസി കരുത്തിൽ ഒരുങ്ങുന്ന ആ പുതുപുത്തൻ ബൈക്കുകളെ കമ്പനി അവതരിപ്പിക്കുകയുണ്ടായി.

യുകെയിൽ നടന്ന ഒരു ചടങ്ങിൽ ട്രയംഫ് തങ്ങളുടെ ഏറ്റവും പുതിയ 400 ട്വിൻസിനെ പരിചയപ്പെടുത്തി. സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400X എന്നിങ്ങനെ വ്യത്യസ്ത ബോഡി ശൈലിയിലുള്ള രണ്ട് പോരാളികളെയാണ് എൻഫീൽഡിന്റെ കോട്ടപിടിക്കാനായി കൊണ്ടുവരുന്നത്. 650 ട്വിൻസിന് പാരയാവുന്ന അതേ തന്ത്രമാണ് ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കളും പിന്തുടർന്നിരിക്കുന്നത്. മോട്ടോർസൈക്കിളുകൾ ജൂലൈ അഞ്ചിന് ഇന്ത്യൻ വിപണിയിലും അവതരിപ്പിക്കും. അതിനു മുന്നോടിയായി മോഡലുകൾക്കായുള്ള ഔദ്യോഗിക ബുക്കിംഗും തുടങ്ങിയിരിക്കുകയാണ് ട്രയംഫ്.
ട്രയംഫ് സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400X എന്നീ രണ്ട് കാളക്കൂറ്റൻമാരെ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് വെറും 2,000 രൂപ ടോക്കൺ തുക നൽകി പ്രീ-ബുക്ക് ചെയ്യാം. നിലവിൽ ട്രയംഫ് മോട്ടോർസൈക്കിൾസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനിലാണ് പുത്തൻ 400 ട്വിൻസിനായുള്ള ബുക്കിംഗ് കമ്പനി സ്വീകരിക്കുന്നത്. ജൂലൈ ഏഴു മുതൽ ഡെലിവറികൾ ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ബ്രിട്ടീഷ് ബ്രാൻഡിന്റെ ആഗോള ആസ്ഥാനമായ യുകെയിലാണ് ബൈക്കുകൾ പൂർണമായും ഡിസൈൻ ചെയ്‌ത് വികസിപ്പിച്ചിരിക്കുന്നത്.

എന്നാൽ ഇന്ത്യയിൽ ട്രയംഫ് സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400X എന്നിവയുടെ പൂർണ നിർമാണ ചുമതലയും ബജാജിനാണ്. എന്നാൽ വിപണനം ട്രയംഫിന്റെ ഡീലർഷിപ്പ് നെറ്റ്‌വർക്ക് വഴിയായിരിക്കും. നിലവിൽ കമ്പനി ഇത് വിപുലീകരിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ കവസാക്കിയെയും കെടിഎമ്മിനെയും ഹസ്‌ഖ്‌വർണയെയുമെല്ലാം വളർത്തിയെടുത്ത പാരമ്പര്യമുള്ള ബജാജിന്റെ കൈയിൽ ട്രയംഫിന്റെ ഭാവി ശോഭനീയമായിരിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ട്രയംഫിന്റെ നിരയിൽ ഏറ്റവും താങ്ങാനാവുന്ന വിലയുടെ മോഡലുകളായിരിക്കും ഇവയെന്നതിനാൽ യുവതലമുറയെ ആകർഷിക്കാനാവും. രണ്ട് മോട്ടോർസൈക്കിളുകളിലും പുതിയ 398.15 സിസി, സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ഇടംപിടിച്ചിരിക്കുന്നത്. ഇത് 8,000 rpm-ൽ 39.5 bhp പവറും 6,500 rpm-ൽ 37.5 Nm torque ഉം വരെ ഉത്പാദിപ്പിക്കും. സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ച് ഉള്ള 6-സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

രണ്ട് മോട്ടോർസൈക്കിളുകളും അവയുടെ സ്വഭാവസവിശേഷതകൾക്ക് അനുസൃതമായി അല്പം വ്യത്യസ്തമായി ട്യൂൺ ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. ട്രയംഫ് സ്പീഡ് 400 ഒരു നിയോ റെട്രോ ശൈലി പിന്തുടരുന്ന റോഡ്സ്റ്റർ മോഡലായാണ് പണികഴിപ്പിച്ചിരിക്കുന്നത്. അതേസമയം മറുവശത്ത് പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ സ്‌ക്രാംബ്ലര്‍ 400X ഡ്യുവൽ പർപ്പസ് ഉപയോഗങ്ങൾക്കായുള്ള സ്ക്രാംബ്ലർ ബൈക്കാണ്. ഓഫ് റോഡിലും ഓൺ റോഡിലും ഒരേപോലെ മിന്നും പ്രകടനം കാഴ്ച്ചവെക്കാൻ ഇവയ്ക്കാവും.
ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ രണ്ട് മോട്ടോർസൈക്കിളുകളും എൽസിഡി സ്‌ക്രീനുമായി ജോടിയാക്കിയ അനലോഗ് സ്പീഡോമീറ്ററുമായാണ് വരുന്നത്. ഇവയ്ക്ക് പുറമെ എൽഇഡി ലൈറ്റിംഗ്, ഡ്യുവൽ-ചാനൽ എബിഎസ്, റൈഡ്-ബൈ-വയർ, ഇമോബിലൈസർ, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ എന്നീ സവിശേഷതയും പുതിയ ട്രയംഫ് 400 ട്വിൻസിന്റെ ഭാഗമാണ് . ഇതുകൂടാതെ സ്‌ക്രാംബ്ലർ 400 X പതിപ്പിൽ സ്വിച്ചബിൾ എബിഎസും നൽകുന്നുണ്ട്.

രണ്ട് മോട്ടോർസൈക്കിളുകളിലെയും വീലുകൾ വ്യത്യസ്തമാണെന്നതും ശ്രദ്ധേയമാണ്. റോഡ്‌സ്റ്ററായ സ്ട്രീറ്റ് 400-ന് 17 ഇഞ്ച് അലോയ്‌കളും മെറ്റ്‌സെലർ സ്‌പോർടെക് M9RR ടയറുകളും ലഭിക്കുമ്പോൾ സ്‌ക്രാംബ്ലർ 400 X വേരിയന്റിന് 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ അലോയ്, മെറ്റ്‌സെലർ കരൂ സ്ട്രീറ്റ് ഡ്യുവൽ പർപ്പസ് ടയറുകളിലാണ് വിപണിയിൽ എത്തുന്നത്. വില വിവരങ്ങളെ കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ലെങ്കിലും ജൂലൈ അഞ്ചിന് ഇക്കാര്യങ്ങളെല്ലാം വെളിവാകുമെന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications








