ഇതുപോലെ വേറൊന്നില്ല! ട്രയംഫ് സ്‌പീഡ് 400 റോഡ്സ്റ്ററിനെ കുറിച്ച് അറിയേണ്ടതെല്ലാം...
ട്രയംഫ് എന്നുകേൾക്കുമ്പോഴേ ഭയങ്കര വിലയുള്ള ബൈക്കുകൾ എന്ന ഓർമയാകും ആദ്യം കടന്നുവരിക. ഇന്ത്യയിലെ ലക്ഷ്വറി ബൈക്ക് സെഗ്മെന്റിലെ പ്രമുഖരായ ബ്രിട്ടീഷ് ബ്രാൻഡ് നമ്മുടെ രാജ്യത്തെ സാധാരണക്കാരിലേക്കും എത്താനുള്ള ശ്രമങ്ങൾ നേരത്തെ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി കൂട്ടുപിടിച്ചതാവട്ടെ പൾസർ മുതലാളിയായ ബജാജിനെയും.
ഇന്ത്യയിൽ കവസാക്കിയെയും കെടിഎമ്മിനെയും ഹസ്‌ഖ്‌വർണയെയുമെല്ലാം വളർത്തിയെടുത്ത പാരമ്പര്യമുള്ള ബജാജിന്റെ കൈയിൽ ട്രയംഫിന്റെ ഭാവി ശോഭനീയമായിരിക്കും. അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ബജാജിന്റെ സഹകരണത്തോടെ ട്രയംഫ് നിർമിക്കുന്ന രണ്ട് 400 സിസി ട്വിൻ മോഡലുകളെ കമ്പനി ഇന്നലെ യുകെയിൽ അവതരിപ്പിക്കുകയുണ്ടായി. സ്പീഡ് 400, സ്‌ക്രാംബ്ലർ 400X എന്നീ രണ്ട് മോഡലുകളാണ് ബ്രാൻഡ് നിരയിലേക്ക് കടന്നുവരുന്ന പുത്തൻ അതിഥികൾ.

ട്രയംഫിന്റെ നിരയിൽ ഏറ്റവും താങ്ങാനാവുന്ന വില പുതിയ മോട്ടോർസൈക്കിളുകളായിരിക്കും സ്പീഡ് 400, സ്ക്രാംബ്ലർ 400X എന്നിവ. സ്പീഡ് 400 നഗരങ്ങളിൽ കൂടുതലായി ഉപയോഗിക്കുന്നതിനായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ആയതിനാൽ തന്നെ മിക്ക ആളുകളും ഇഷ്ടപ്പെടുന്ന ഒരു റോഡ്‌സ്റ്റർ ശൈലിയാണ് വാഹനം മുന്നോട്ടുകൊണ്ടുപോവുന്നത്. സ്ക്രാംബ്ലർ മോഡലിൽ നിന്നും ട്രയംഫ് സ്പീഡ് 400 റോഡ്സ്റ്റർ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും ഇതിന്റെ പ്രത്യേകതൾ എന്തെല്ലാമെന്നും പറഞ്ഞുതരാം.
ഡിസൈൻ: നിയോ-റെട്രോ ഘടകങ്ങളുള്ള ഒരു റോഡ്സ്റ്ററായിട്ടാണ് ട്രയംഫ് സ്‌പീഡ് 400 പണികഴിപ്പിച്ചിരിക്കുന്നത്. സ്പീഡ് ട്വിൻ 900-ന്റെ സ്കെയിൽ-ഡൗൺ പതിപ്പെന്നും ഒറ്റ നോട്ടത്തിൽ തോന്നിയേക്കാം. കാരണം ഇതിന്റെ സ്റ്റൈലിംഗിന് അടിസ്ഥാനമായിരിക്കുന്നത് ഈ വലിയ പ്രീമിയം ബൈക്ക് തന്നെയാണ്. ഇതിന് ഒരു വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, സ്ലീക്ക് ഇൻഡിക്കേറ്ററുകൾ, ക്ലീൻ ടെയിൽ സെക്ഷൻ, സ്ലീക്ക് ടെയിൽ ലാമ്പ് എന്നിവയാണ് മോഡലിന്റെ ഡിസൈനിനെ പൂരകമാക്കുന്നത്.

എല്ലാ ലൈറ്റിംഗ് ഘടകങ്ങളും എൽഇഡി യൂണിറ്റുകളാണെന്നതും പ്രീമിയംനെസ് ഉയർത്തുന്നുണ്ട്. കൊത്തുപണികളുള്ള ഫ്യുവൽ ടാങ്കും അപ്പ്-സ്വീപ്റ്റ് എക്‌സ്‌ഹോസ്റ്റുമായാണ് പുതിയ ട്രയംഫ് സ്‌പീഡ് 400 മോട്ടോർസൈക്കിൾ വരുന്നത്. ഇതുകൂടാതെ ബൈക്കിന്റെ റോഡ്സ്റ്റർ സ്റ്റൈലിംഗിനെ അടിവരയിടുന്നതിനായി ഒരു കൂട്ടം ബാർ-എൻഡ് മിററുകളും ബ്രിട്ടീഷ് പ്രീമിയം ഇരുചക്ര വാഹന നിർമാതാക്കൾ നൽകിയിട്ടുണ്ട്.
ഫീച്ചറുകൾ: ഡിസൈൻ ഇഷ്‌ടപ്പെട്ടു കഴിഞ്ഞാൽ ഏവരും കാത്തിരിക്കുന്നത് അതിലെ ഫീച്ചേഴ്‌സുകൾ എന്തെല്ലാമെന്ന് അറിയാനായിരിക്കുമല്ലോ. ഇക്കാര്യത്തിലൊന്നും ഒരു പിശുക്കും കാണിക്കാതെ തന്നെയാണ് ട്രയംഫ് പുത്തൻ മോട്ടോർസൈക്കിളിനെ ഒരുക്കിയിരിക്കുന്നത്. എൽസിഡി സ്‌ക്രീനോടുകൂടിയ അനലോഗ് സ്പീഡോമീറ്റർ, ഇമ്മൊബിലൈസർ, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, റൈഡ്-ബൈ-വയർ ത്രോട്ടിൽ എന്നിവയാണ് സ്‌പീഡ് 400 റോഡ്സ്റ്ററിൽ ലഭിക്കുന്ന പ്രധാന സവിശേഷതകൾ.

എഞ്ചിൻ: ഒരു പുതിയ TR-സീരീസ് എഞ്ചിനാണ് ട്രയംഫിന്റെ പുത്തൻ 400 ട്വിൻസിന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. 398.15 സിസി ക്യൂബിക് കപ്പാസിറ്റിയുള്ള ഫ്യുവൽ ഇഞ്ചക്‌റ്റഡ്, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ഇത്. 8,000 rpm-ൽ പരമാവധി 39.5 bhp കരുത്തും 6,500 rpm-ൽ 37.5 Nm torque ഉം ഉത്പാദിപ്പിക്കാൻ ഇവയ്ക്കാവുമെന്നതാണ് ശ്രദ്ധേയം. സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.
മെക്കാനിക്‌സ്: ബോൾട്ട്-ഓൺ സബ്-ഫ്രെയിമോടുകൂടിയ പുതിയ പെരിമീറ്റർ ഫ്രെയിമിലാണ് രണ്ട് 400 ട്വിൻസ് മോട്ടോർസൈക്കിളികളും ട്രയംഫ് നിർമിച്ചിരിക്കുന്നത്. സസ്പെൻഷൻ ക്രമീകരണങ്ങളിൽ മുൻവശത്ത് 43 mm അപ്‌സൈഡ് ബിഗ് പിസ്റ്റൺ ഫോർക്കുകളും പിൻവശത്ത് എക്സ്റ്റേണല്‍ റിസര്‍വോയറുള്ള ഗ്യാസ് ചാര്‍ജ്ഡ് മോണോഷോക്കുമാണ് സ്പീഡ് 400 നിർമിച്ചിരിക്കുനന്ത്.

രണ്ട് ബൈക്കുകളിലും ഒരേ സസ്പെഷൻഷനാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും ട്രയംഫ് സ്പീഡ് 400 റോഡ്സ്റ്ററിന് മുന്നില്‍ 140 മില്ലീമീറ്ററും പിന്നില്‍ 130 മില്ലീമീറ്ററും സസ്‌പെന്‍ഷന്‍ ട്രാവല്‍ ഉണ്ട്. ബ്രേക്കിംഗിനായി മുൻവശത്ത് 300 mm ഡിസ്‌ക്കും പിന്നിൽ 230 mm ഡിസ്‌ക്കും ബ്രേക്കിംഗ് ഡ്യൂട്ടി നിർവഹിക്കുന്നു. ഡ്യുവൽ ചാനൽ എബിഎസും ഓഫറിലുണ്ട്.കാർണിവൽ റെഡ്, കാസ്പിയൻ ബ്ലൂ, ഫാന്റം ബ്ലാക്ക് എന്നീ നിറങ്ങളിൽ ട്രയംഫ് സ്പീഡ് 400 ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാവും.
വില: പുതിയ ട്രയംഫ് 400 ട്വിൻസ് മോട്ടോർസൈക്കളുകളെ ഇന്ത്യയിൽ ബജാജ് ഓട്ടോ നിർമിക്കുക. ആയതിനാൽ വില പിടിച്ചു നിർത്താൻ ഇത് ബ്രാൻഡിനെ സഹായിക്കും. 2023 ജൂലൈ അഞ്ചിന് ഇന്ത്യയിൽ സ്പീഡ് 400, സ്ക്രാംബ്ലർ 400X എന്നിവ ബ്രിട്ടീഷ് കമ്പനി പ്രദർശിപ്പിക്കും. ട്രയംഫ് സ്പീഡ് 400 റോഡ്സ്റ്ററിന് ഏകദേശം 3 ലക്ഷം രൂപ മുതൽ വില ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ സെഗ്മെന്റിൽ ഹോണ്ട CB300R, കെടിഎം 390 ഡ്യൂക്ക്, ബിഎംഡബ്ല്യു G 310 R എന്നിവയ്‌ക്കെതിരെ മത്സരിക്കും.


Click it and Unblock the Notifications








