ടൂറുപോവാം, അടിച്ചുപൊളിക്കാം; സ്‌പീഡ് 400 റോഡ്സ്റ്ററിനെ ഒരുക്കാൻ ആക്‌സസറികളും റെഡി
ഇന്ത്യയിലെ മോട്ടോർസൈക്കിൾ സംസ്ക്കാരം മറ്റൊരു തലത്തിലേക്ക് എത്തിച്ചത് റോയൽ എൻഫീൽഡാണെന്ന് നിസംശയം പറയാം. ബൂള്ളറ്റിൽ ഹിമാലയൻ പോവാനോ അല്ലെങ്കിൽ നീണ്ടൊരു ട്രിപ്പ് പോവാനോ ആഗ്രഹിക്കാത്തവർ വളരെ ചുരുക്കമായിരിക്കുമെന്നു വേണം പറയാൻ. ഇതുകണ്ട് ഹാലിളകിയ മറ്റ് ബ്രാൻഡുകളും ടൂറിംഗിന് അനുയോജ്യമായ പല വിധത്തിലുള്ള മോട്ടോർസൈക്കിളുകളെയാണ് രാജ്യത്ത് അവതരിപ്പിച്ചത്.
ബജാജ് നിരയിൽ ഡൊമിനാർ 400, ഹോണ്ട ഹൈനസ് CB350 എല്ലാം രൂപമെടുത്തത് ഇതിനുള്ള ചെറിയ ഉദാഹരണം മാത്രമാണ്. ഇവയ്ക്കെല്ലാം തങ്ങളുടേതായ സ്ഥാനം വിപണിയിൽ കണ്ടെത്താനായെങ്കിലും എൻഫീൽഡിന്റെ ആധിപത്യത്തെ മറികടക്കാൻ ഇവർക്കാർക്കുമായില്ല. എന്നാൽ ആ കോട്ടയൊന്ന് വെട്ടിപ്പിടിക്കാനാവുമോയെന്ന് ശ്രമിക്കുകകയാണ് ബ്രിട്ടീഷ് പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ട്രയംഫ്. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രണ്ട് 400 സിസി മോഡലുകളെയാണ് കമ്പനി പരിചയപ്പെടുത്തിയത്.

ഇന്ത്യയിൽ ജൂലൈ അഞ്ചിന് അരങ്ങേറ്റം കുറിക്കുന്ന കാളക്കൂറ്റൻമാർ ഇതിനോടകം തന്നെ ഏറെ ശ്രദ്ധനേടിക്കഴിഞ്ഞിരിക്കുകയാണ്. സ്പീഡ് 400, സ്ക്രാംബ്ലർ 400 X ട്വിൻസ് വിപണിയിൽ സമ്പൂർണ ആധിപത്യം സ്ഥാപിക്കാൻ ശേഷിയുള്ളവരാണ്. ട്രയംഫിന്റെ സ്പീഡ് ലൈനപ്പിലെ ഏറ്റവും ചെറിയ വാഹനമായാണ് സ്പീഡ് 400 മോഡേൺ റെട്രോ റോഡ്‌സ്റ്ററിനെ ഒരുക്കിയിരിക്കുന്നത്. അതേസമയം സ്ക്രാംബ്ലർ നിരയിലെ താങ്ങാനാവുന്ന മോഡലായി 400 X മാറും.
എന്തായാലും ടൂറിംഗിനും മറ്റ് ദീർഘദൂര യാത്രകൾക്കുമെല്ലാം ഇവ അനുയോജ്യമാണെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മോട്ടോർസൈക്കിളുകൾ ഇന്ത്യയിൽ ഇതുവരെ പുറത്തിറക്കിയിട്ടില്ലെങ്കിലും, രണ്ട് ബൈക്കുകൾക്കുമുള്ള ആക്‌സസറീസ് പാക്കേജ് ട്രയംഫ് വെളിപ്പെടുത്തിയിരിക്കുകയാണ്. ടൂറിംഗ് ഇഷ്ടപ്പെടുന്നയാളുകളെ തൃപ്ത്തിപ്പെടുത്തുകയാണ് ഇതിലൂടെ ബ്രിട്ടീഷ് ബ്രാൻഡ് ഉന്നംവെക്കുന്നത്. സ്പീഡ് 400 വേരിയന്റിൽ ലഭ്യമാവുന്ന ആക്‌സസറികൾ എന്തെല്ലാമെന്ന് നോക്കിയാലോ?

സ്‌പീഡ് 400 റോഡ്സ്റ്ററിന് 25-ലധികം ജെനുവിൻ ആക്‌സസറികൾ കമ്പനി വാഗ്ദാനം ചെയ്യുന്നുവെന്ന് ട്രയംഫ് പറയുന്നു. റോയൽ എൻഫീൽഡ് പോലെ ഉപഭോക്താക്കൾക്ക് അതിന്റെ 'മേക്ക് ഇറ്റ് യുവേഴ്‌സ്' പ്രോഗ്രാം വഴി മോട്ടോർസൈക്കിളിൽ ഫാക്ടറി ഫിറ്റഡ് ആക്സസറികൾ ലഭിക്കും. സ്പീഡ് 400 രൂപകൽപ്പന ചെയ്ത അതേ എഞ്ചിനീയർമാരാണ് ഈ ആക്‌സസറികൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്. കൂടാതെ രണ്ട് വർഷത്തെ അൺലിമിറ്റഡ് മൈലേജ് വാറണ്ടിയും ഇതിന് വരുന്നുണ്ട്.
സ്റ്റൈൽ ആൻഡ് കംഫർട്ട്, ലഗേജ്, പ്രൊട്ടക്ഷൻ എന്നിങ്ങനെ ആക്‌സസറികളെ മൂന്ന് ഉപവിഭാഗങ്ങളായി ട്രയംഫ് തരംതിരിച്ചിട്ടുമുണ്ട്. ഓരോ വിഭാഗത്തിലും ലഭ്യമായ ആക്സസറികളുടെ ലിസ്റ്റ് ഇനി പറയുന്നവയാണ്. മെഷീൻഡ് അലുമിനിയം ബെസലുകളും സാറ്റിൻ ബ്ലാക്ക് ബോഡികളും ഉപയോഗിച്ച് ക്ലാസി ലുക്ക് നൽകുന്ന എൽഇഡി ബുള്ളറ്റ് ഇൻഡിക്കേറ്ററാണ് സ്റ്റൈൽ ആൻഡ് കംഫർട്ട് ആക്സസറികളുടെ പട്ടികയിൽ ഉൾപ്പെടുന്നത്.

സ്പീഡ് 400 റോഡ്സ്റ്റർ മോട്ടോർസൈക്കിളിന്റെ മൊത്തത്തിലുള്ള സ്‌റ്റൈലിംഗ് മെച്ചപ്പെടുത്താൻ ഉപഭോക്താക്കൾക്ക് വ്യത്യസ്തമായ ക്നീ (Knee) പാഡുകളും ഒരു ക്വിൽറ്റഡ് സീറ്റും ലഭിക്കും. മാത്രമല്ല, ബൈക്കിന് ഒരു പുതിയ രൂപം നൽകുന്നതിന് ട്വിൻ സൈലൻസറും തെരഞ്ഞെടുക്കാൻ കമ്പനി അവസരമൊരുക്കിയിട്ടുണ്ട്. സൈലൻസർ ഹീറ്റ് ഷീൽഡ് ഫീച്ചറുമായി വരുന്നതിനാൽ ഇത് കൂടുതൽ പ്രായോഗികമാണെന്ന് പറയാം. ഇത്രയും കാര്യങ്ങളാണ് സ്റ്റൈൽ ആൻഡ് കംഫർട്ട് ആക്സസറിയിൽ നിന്നും വാങ്ങാനാവുന്നത്.
ഇനി ലഗേജ് ആക്‌സസറി ലിസ്റ്റിലേക്ക് നോക്കിയാൽ ടൂറിംഗിന് അനുയോജ്യമായ രീതിയിൽ കുറച്ച് ലഗേജ് ഓപ്ഷനുകളാണ് ട്രയംഫ് സ്പീഡ് 400 റോഡ്സ്റ്റർ ബൈക്കിനായി ഇവിടെ നൽകുന്നത്. ഇതുവഴി മോട്ടോസൈക്കളിന്റെ വൈവിധ്യം വർധിപ്പിക്കാനായി സിംഗിൾ-സൈഡ് റഗ്ഡ് പാനിയർ മൗണ്ട്, സെമി-റിജിഡ് ടോപ്പ് ബോക്സ്, ലഗേജ് റാക്ക്, നൈലോൺ ടാങ്ക് ബാഗ്, നൈലോൺ റോൾ ബാഗ് എന്നിവയാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

ടോപ്പ് ബോക്‌സിന് 30 ലിറ്റർ ശേഷിയും 5 കിലോ പേലോഡും ഉണ്ട്. ഫുൾ ഫെയ്‌സ് ഹെൽമെറ്റ് ഉൾക്കൊള്ളാൻ കഴിയുന്ന ഇതിന്റെ ശേഷി 35 ലിറ്ററായി വികസിപ്പിക്കാനാകും. ഇതിന് ക്വിക്ക്-റിലീസ് മൗണ്ടിംഗ് മെക്കാനിസം ലഭിക്കുന്നുണ്ട്. എന്നാൽ മുകളിലെ ബോക്‌സിന് അനുയോജ്യമാക്കുന്നതിന് നിങ്ങൾക്ക് ഒരു പ്രത്യേക ലഗേജ് റാക്ക് ആവശ്യമാണെന്നു മാത്രം. 30 ലിറ്റർ കപ്പാസിറ്റിയും 3 കിലോ പേലോഡും ഉള്ള വാട്ടർപ്രൂഫ് റോൾ ബാഗും ഓഫറിലുണ്ട്.
മറുവശത്ത് സ്ട്രാപ്പ് ഘടിപ്പിച്ച ടാങ്ക് ബാഗിന് 8.5 ലിറ്റർ ശേഷിയാണുള്ളത്. ഉപഭോക്താക്കൾക്ക് 20 ലിറ്ററിന്റെ റഗ്ഗഡ് പാനിയർ മൗണ്ടും ലഗേജ് ആക്‌സസറി ലിസ്റ്റിൽ നിന്നും തെരഞ്ഞെടുക്കാം. ഇത് ഇടതുവശത്ത് മാത്രമായിരിക്കും ഘടിപ്പിക്കാനാവുക. അധിക സുരക്ഷയ്ക്കായി ഒരു കീ ലോക്കബിൾ മൗണ്ടിംഗ് സിസ്റ്റം ഇതിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ 5 കിലോഗ്രാം പേലോഡ് ശേഷിയാണ് ഇതിനുള്ളതെന്നും കമ്പനി പറയുന്നു.
ട്രയംഫ് സ്പീഡ് 400 റോഡ്സ്റ്ററിന്റെ പ്രൊട്ടക്ഷൻ ആക്‌സസറി വിഭാഗത്തിന് കീഴിൽ പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ കേടുപാടുകളിൽ നിന്നും സംരക്ഷിക്കുന്നതിനായുള്ള ആക്‌സസറികളാണ് ഒരുക്കിയിരിക്കുന്നത്. കാറ്റിൽ നിന്നും റൈഡറിനെ സംരക്ഷിക്കുന്നതിനുള്ള ഫ്ലൈ സ്‌ക്രീൻ, സ്റ്റീൽ മെഷ് റേഡിയേറ്റർ ഗാർഡ്, ഹെഡ്‌ലൈറ്റ് ഗ്രില്ലും ബെസലും, അലുമിനിയം സംപ് ഗാർഡ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഒരു സ്റ്റൈലിഷ് ടാങ്ക് പാഡ്, ഒരു ജിപിഎസ് ട്രാക്കർ കിറ്റ്, മുകളിലും താഴെയുമുള്ള എഞ്ചിൻ പ്രൊട്ടക്ഷൻ ബാറുകളുമാണ് ഇതിൽ ലഭ്യമാവുക.


Click it and Unblock the Notifications








