സ്‌പീഡ് 400 വെറും ഹിറ്റല്ല, ബംബർ ഹിറ്റ്; ബുക്കിംഗ് 10,000 കടന്നു, എൻഫീൽഡ് വിറച്ചു
ട്രയംഫ് ഒരു ബജറ്റ് ഫ്രണ്ട്‌ലി മോട്ടോർസൈക്കിൾ അവതരപ്പിക്കുവെന്ന് കേട്ടപ്പോൾ മിഡ്-കപ്പാസിറ്റി സെഗ്മെന്റിലെ രാജാക്കൻമാരായ റോയൽ എൻഫീൽഡിന് മിഥുനത്തിലെ ഇന്നസെന്റിന്റെ മുഖഭാവമായിരുന്നു. കാരണമെന്തെന്നാൽ മുമ്പ് തങ്ങളെ വെല്ലുവിളിച്ചുകൊണ്ട് എത്തിയ ഹോണ്ട, ജാവ, യെസ്‌ഡി, ബജാജ് എന്നിവരെല്ലാം ആ സിംഹാസനത്തിന്റെ ഏഴയൽപ്പക്കത്ത് വന്നില്ല എന്നതു തന്നെയായിരുന്നു.
എന്നാൽ സൂപ്പർ ബൈക്ക് നിർമാതാക്കളായ ട്രയംഫിന്റെ വരവ് ചുമ്മാതായിരുന്നില്ല. സ്‌പീഡ് 400, സ്ക്രാംബ്ലർ 400 എന്നിങ്ങനെ രണ്ട് മോഡലുകളുമായാണ് ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കളായ ട്രയംഫ് മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് വെച്ചുനീട്ടിയത്. അതിൽ റോഡ്സ്റ്റർ ശൈലിയിൽ ഒരുങ്ങിയിരിക്കുന്ന സ്‌പീഡ് 400 പതിപ്പിന്റെ വില പ്രഖ്യാപത്തിലൂടെ ഏവരേയും ഞെട്ടിച്ച കമ്പനി മോഡലിനായുള്ള ബുക്കിംഗും തുടങ്ങി. സംഭവം ഹിറ്റായെന്നു പറഞ്ഞാൽ പോര... വമ്പർ ഹിറ്റായെന്നാണ് ഇപ്പോൾ ബുക്കിംഗ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പുതുതായി ലോഞ്ച് ചെയ്ത ട്രയംഫ് സ്പീഡ് 400 ഇന്ത്യയിൽ 10,000 യൂണിറ്റ് ബുക്കിംഗുകൾ മണിക്കൂറുകൾക്കുള്ളിലാണ് മറികടന്നിരിക്കുന്നത്. അതായത് ഇനി ബൈക്ക് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് 2.33 ലക്ഷം രൂപ എക്സ്ഷോറൂം വില മുടക്കേണ്ടി വരുമെന്ന് സാരം. ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേർക്ക് സ്‌പീഡ് 400 റോഡ്സ്റ്റർ 2.23 ലക്ഷത്തിന് വാങ്ങാനാവുമായിരുന്നു. പ്രധാന ഉന്നം റോയൽ എൻഫീൽഡാണെങ്കിലും അടുത്തിടെ പുറത്തിറക്കിയ ഹാർലി ഡേവിഡ്‌സൺ 440X ആണ് ട്രയംഫിന്റെ പ്രധാന എതിരാളി.
ഒപ്പം അതേ വിലയിൽ വരുന്ന മറ്റ് റോയൽ എൻഫീൽഡ് ബൈക്കുകൾക്കും ട്രയംഫ് 400 ട്വിൻസ് എതിരാളിയാണ്. ട്രയംഫ് മോട്ടോർസൈക്കിൾസിന്റെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന ഉൽപ്പന്നമാണ് പുതിയ സ്പീഡ് 400. സ്‌ക്രാംബ്ലർ 400 X-നൊപ്പം ഇന്ത്യയിലെ മഹാരാഷ്ട്രയിലെ ബജാജ് ഓട്ടോയാണ് ഈ മോട്ടോർസൈക്കിൾ നിർമിക്കുന്നത്. സ്‌പീഡ് ട്വിൻ പോലുള്ള വലിയ ട്രയംഫ് ഉൽപ്പന്നങ്ങളിൽ നിന്ന് സ്‌റ്റൈലിംഗ് കടമെടുത്താണ് സ്‌പീഡ് 400 അതിന്റെ നിയോ-റെട്രോ ഡിസൈൻ മുന്നോട്ടുകൊണ്ടുപോവുന്നത്.

ഫിൻ ചെയ്‌ത സിലിണ്ടർ ഹെഡ്‌സ്, പരമ്പരാഗത എക്‌സ്‌ഹോസ്റ്റ് ഹെഡർ, ലോഗോ തുടങ്ങി എല്ലാ ഡിസൈൻ ഘടകങ്ങളും ഒരുമിച്ചു ചേർന്ന് ഇതൊരു പക്കാ ട്രയംഫ് മോട്ടോർസൈക്കിളാക്കി മാറ്റുന്നു. ഫാന്റം ബ്ലാക്ക് ഉള്ള കാർണിവൽ റെഡ്, സ്റ്റോം ഗ്രേയ്‌ക്കൊപ്പം കാസ്പിയൻ ബ്ലൂ, സ്റ്റോം ഗ്രേയ്‌ക്കൊപ്പം ഫാന്റം ബ്ലാക്ക് എന്നിങ്ങനെ വ്യത്യസ്‌തമാർന്ന മൂന്ന് ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളാണ് ട്രയംഫ് സ്‌പീഡ് 400 റോഡ്സ്റ്ററിൽ ഒരുക്കിയിരിക്കുന്നത്.
പുതുതായി നിർമിച്ച 400 സിസി, ലിക്വിഡ് കൂള്‍ഡ്, DOHC, 4-വാൽവ് എഞ്ചിനാണ് ട്രയംഫ് സ്‌പീഡ് 400 ഉപയോഗിക്കുന്നത്. 8,000 rpm-ൽ പരമാവധി 39.5 bhp പവറും 6,500 rpm-ൽ 37.5 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ഈ എഞ്ചിനാവും. സ്ലിപ്പര്‍ ക്ലച്ച് അസിസ്‌റ്റോഡ് കൂടിയ 6 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. സുരക്ഷക്കായി ട്രാക്ഷന്‍ കണ്‍ട്രോളും ഡ്യുവല്‍ ചാനല്‍ എബിഎസും സ്റ്റാൻഡേർഡായി തന്നെ ട്രയംഫ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ട്രയംഫ് സ്‌പീഡ് 400 റോഡ്സ്റ്ററിന്റെ ഫീച്ചർ ലിസ്റ്റിൽ ഫുൾ-എൽഇഡി ലൈറ്റിംഗ്, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, റൈഡ്-ബൈ-വയർ ത്രോട്ടിൽ, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഡ്യുവൽ-ചാനൽ എബിഎസ്, ആന്റി-തെഫ്റ്റ് ഇമോബിലൈസർ എന്നിവയെല്ലാമാണ് ഉൾപ്പെടുന്നത്. സ്പീഡ് 400, സ്‌ക്രാംബ്ലർ 400X എന്നീ രണ്ട് ഇരട്ട മോഡലുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നതെങ്കിലും ആദ്യത്തെ റോഡ്സ്റ്റർ മോട്ടോർസൈക്കളിനായുള്ള വില മാത്രമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
സ്ക്രാംബ്ലർ 400X പതിപ്പിന്റെ വില പിന്നീടായിരിക്കും ട്രയംഫ് മോട്ടോർസൈക്കിൾ പ്രഖ്യാപിക്കുക. ഏതാണ്ട് ഉത്സവ സീസണിനോട് അനുബന്ധിച്ച് വില അറിയാനാണ് സാധ്യത. എന്തായാലും ബൈക്ക് ഹിറ്റായത് ബ്രിട്ടീഷ് ബ്രാൻഡിന് മൈലേജാവും. ഇതുകൂടാതെ 250 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള പുതിയ ക്വാർട്ടർ ലിറ്റർ ബൈക്കുകളുടെ പദ്ധതിയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.


Click it and Unblock the Notifications








