ഡ്യൂക്ക് ഇനി ഫീൽഡ്ഔട്ടോ? യൂത്തൻമാരെ പിടിക്കാൻ ടിവിഎസ് അപ്പാച്ചെ RTR 310 നിരത്തിലേക്ക്
കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾ മുതൽ സ്പോർട് ബൈക്കുകൾ വരെ നിർമിക്കുന്നതിൽ പ്രശസ്‌തിയാർജിച്ചവരാണ് ടിവിഎസ്. വിക്‌ടർ, സ്റ്റാർ സിറ്റി പോലുള്ള ദൈനംദിനാവശ്യങ്ങൾക്ക് അനുയോജ്യമായ മോഡലുകളിൽ നിന്ന് അപ്പാച്ചെ സീരീസിലേക്ക് കടന്നതോടെയാണ് ബ്രാൻഡ് യുവാക്കളുടെ ഇടയിൽ വലിയ തരംഗമായത്. ബജാജ് പൾസറുകൾ അരങ്ങുവാണിരുന്ന കാലത്ത് എതിരാളിയായി ആദ്യം മുദ്രകുത്തപ്പെട്ടത് അപ്പാച്ചെയായിരുന്നു.
പെർഫോമൻസിന്റെ കാര്യത്തിൽ നമ്മുടെ നിരത്തുകളിലെ ഹരമായ അപ്പാച്ചെ സീരീസിലെ ഏറ്റവും പുതിയ അതിഥിയാണ് RTR 310 നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ സ്പോർട്‌സ് മോട്ടോർസൈക്കിൾ. RR310 എന്ന ടിവിഎസ് സൂപ്പർസ്പോർട്ടിന്റെ നേക്കഡ് പതിപ്പായെത്തുന്ന മോഡലിന്റെ വരവ് ഏവരും അറിഞ്ഞുകാണും. വേണമെങ്കിൽ ടിവിഎസിന്റെ സൂപ്പർബൈക്ക് എന്ന വിശേഷണത്തിനും RTR 310 അർഹമാണ്. ഏവരും കാത്തിരുന്ന മോട്ടോർസൈക്കിളിനായുള്ള ഡെലവിറി ആരംഭിച്ചിക്കുകയാണ് കമ്പനിയിപ്പോൾ.

രാജ്യത്തെ ആദ്യത്തെ RTR 310 ഉത്തർപ്രദേശിലാണ് ടിവിഎസ് കൈമാറിയിരിക്കുന്നത്. മോട്ടോർസൈക്കിൾ ഇപ്പോൾ ലഖ്‌നൗവിലും ലഭ്യമാണ്. മൂന്ന് വ്യത്യസ്‌ത വേരിയന്റുകളിലെത്തുന്ന നേക്കഡ് സ്ട്രീറ്റ് ഫൈറ്ററിഡ് 2.43 ലക്ഷം മുതൽ 2.64 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വില. RR310 മോഡലിന് താഴെയായാണ് സ്ഥാനം പിടിച്ചിരിക്കുന്നതെങ്കിലും ഫീച്ചറുകളുടെ കാര്യത്തിലും പ്രായോഗികതയുടെ കാര്യത്തിലും ആള് സൂപ്പർസ്പോർട്ട് പതിപ്പിനേക്കാൾ സമ്പന്നമാണെന്ന് പറയാതെ വയ്യ.
RR310 മോഡലിലെ വെർട്ടിക്കൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന് പകരം ഒരു ഹൊറിസോണ്ടൽ 5 ഇഞ്ച് TFT സ്‌ക്രീനാണ് ടിവിഎസ് RTR310 മോഡലിന് നൽകിയിരിക്കുന്നത്. സ്‌ക്രീനിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, വോയ്‌സ് അസിസ്റ്റ്, റേസ് ടെലിമെട്രി, റൈഡിംഗ് മോഡുകൾക്കുള്ള വ്യത്യസ്ത തീമുകൾ, ട്രാക്ക് മോഡ് എന്നിവയും ഉണ്ട്. ക്രൂയിസ് കൺട്രോൾ, ഗ്ലൈഡ് ത്രൂ ടെക്‌നോളജി, ഡൈനാമിക് ടെയിൽ ലാമ്പ്, ഹെഡ്‌ലാമ്പ് എന്നിവയാണ് ബൈക്കിലെ മറ്റ് പ്രധാന സവിശേഷതകൾ.

അപ്പാച്ചെ RTR 310 മോട്ടോർസൈക്കിളിനൊപ്പം ഡൈനാമിക്, ഡൈനാമിക് പ്രോ കിറ്റ് എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത പായ്ക്കുകളും ടിവിഎസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഡൈനാമിക് കിറ്റിൽ പൂർണമായും ക്രമീകരിക്കാവുന്ന ഫ്രണ്ട് ആൻഡ് റിയർ സസ്‌പെൻഷൻ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ബ്രാസ്-കോട്ടഡ് ചെയിൻ എന്നിവയെല്ലാമാണ് ഒരുക്കിയിരിക്കുന്നത്. കോർണറിംഗ് എബിഎസ്, കോർണറിംഗ് ട്രാക്ഷൻ കൺട്രോൾ, കോർണറിംഗ് ക്രൂയിസ് കൺട്രോൾ പോലുള്ള അധിക ഫീച്ചറുകളാണ് ഡൈനാമിക് പ്രോ കിറ്റിൽ വാഗ്‌ദാനം ചെയുന്നത്.
കൂടാതെ വീലി കൺട്രോൾ, സ്ലോപ്പ് ഡിപെൻഡന്റ് കൺട്രോൾ, റിയർ വീൽ ലിഫ്റ്റ് ഓഫ് കൺട്രോൾ എന്നിവയുമായി വരുന്ന ഒരു ക്ലൈമാറ്റിക് കൺട്രോൾ സീറ്റും ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ സിസ്റ്റവും അപ്പാച്ചെ RTR 310 ഡൈനാമിക് പ്രോ കിറ്റിൽ ലഭ്യമാണ്. ഡിസൈനിലേക്ക് വന്നാൽ ആരെയും അമ്പരിപ്പിക്കുന്ന വിധത്തിലുള്ള രൂപം തന്നെയാണ് പുതിയ അപ്പാച്ചെ RTR 310 സ്വീകരിച്ചിരിക്കുന്നത്. കവസാക്കി Z1000 സൂപ്പർബൈക്കിനെ ഓർമിപ്പിക്കുന്ന വലിയ എൽഇഡി ഹെഡ്‌ലൈറ്റാണ് മുൻവശത്തെ പ്രധാന ഹൈലൈറ്റ്.

സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, ആവരണങ്ങളുള്ള ഷാർപ്പ് ഫ്യുവൽ ടാങ്ക്, സ്പ്ലിറ്റ് സീറ്റ്, ഉയർത്തിയ ടെയിൽ സെക്ഷൻ എന്നിവയും സ്റ്റൈലിന്റെ കാര്യത്തിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. സിംഗിൾ-പീസ് ട്യൂബുലാർ ഹാൻഡിൽബാറും ചെറുതായി പിൻ-സെറ്റ് ഫൂട്ട്‌പെഗുകളും ബൈക്കിന്റെ സ്പോർട്ടി സ്വഭാവം എടുത്തുകാണിക്കുന്ന കാര്യങ്ങളാണ്. റിയർ സബ്‌ഫ്രെയിമിൽ എൽഇഡി ടെയിൽ ലൈറ്റുകളും ടയർ ഹഗ്ഗറിൽ ടേൺ ഇൻഡിക്കേറ്ററുകളും നൽകിയിരിക്കുന്നതും വെറൈറ്റി ലുക്കാണ് ഒരുക്കുന്നത്.
അപ്പാച്ചെ RR 310 സൂപ്പർസ്പോർട്ടിൽ നിന്ന് ഉരുത്തിരിഞ്ഞ 312.12 സിസി, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് അപ്പാച്ചെ RTR 310 നേക്കഡ് ബൈക്കും ഉപയോഗിക്കുന്നത്. ഫ്യുവൽ ഇഞ്ചക്ഷൻ, റൈഡ്-ബൈ-വയർ, റൈഡിംഗ് മോഡുകൾ എന്നിവയോടെയാണ് ഇത് വരുന്നത്. പീക്ക് പവറും ടോർക്ക് ഔട്ട്പുട്ടുകളും റൈഡർ ഉപയോഗിക്കുന്ന റൈഡിംഗ് മോഡിനെ ആശ്രയിച്ചാവും ലഭ്യമാവുക.

സ്‌പോർട്, ട്രാക്ക്, സൂപ്പർമോട്ടോ മോഡുകളിൽ എഞ്ചിൻ 35.11 bhp കരുത്തിൽ 28.7 Nm torque ആണ് നൽകുന്നത്. അർബൻ, ട്രാക്ക് മോഡിൽ അപ്പാച്ച RTR 310 മോഡലിന് 26.72 bhp പവറിൽ 27.3 Nm torque ആണ് നൽകാനാവുക. ബൈ-ഡയറക്ഷണൽ ക്വിക്ക്-ഷിഫ്‌റ്ററും സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.
150 കിലോമീറ്റർ പരമാവധി വേഗതയാണ് മോട്ടോർസൈക്കിളിൽ ടിവിഎസ് അവകാശപ്പെടുന്നത്. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ടിവിഎസ് അപ്പാച്ചെ RTR 310 നേക്കഡ് മോട്ടോർസൈക്കിളിന്റെ സസ്പെൻഷനായി മുൻവശത്ത് USD ഫോർക്കും പിന്നിൽ മോണോഷോക്കുമാണ് കമ്പനി നൽകിയിരിക്കുന്നത്. ഇരുവശത്തും പ്രീലോഡ്, കംപ്രഷൻ, റീബൗണ്ട് എന്നിവയ്ക്കുള്ള ക്രമീകരണങ്ങളുമുണ്ട്.

ബ്രേക്കിംഗിനായി മുന്നിലും പിന്നിലും ഡിസ്ക്ക് ബ്രേക്കുകളുമായാണ് അപ്പാച്ചെ RTR 310 വരുന്നത്. സുരക്ഷ വർധിപ്പിക്കുന്നതിനായി ഡ്യുവൽ-ചാനൽ എബിഎസിന്റെ അകമ്പടിയുമുണ്ട്. ഡ്യുവൽ കോമ്പൗണ്ട് റേഡിയൽ ടയറുകളിൽ പൊതിഞ്ഞ 17 ഇഞ്ച് വീലുകളാണ് ബൈക്കിലുള്ളത്. കെടിഎം ഡ്യൂക്ക് 390 ആണ് പ്രധാന എതിരാളിയെങ്കിലും ഇതേ വില ശ്രേണിയിൽ ബിഎംഡബ്ല്യു G 310 R മോഡലും വെല്ലുവിളിയാകും.


Click it and Unblock the Notifications








