വില 2.42 ലക്ഷം മാത്രം, ഒരു യമണ്ടൻ ബൈക്കുമായി ടിവിഎസ്; ഡ്യൂക്ക് ഫീൽഡ്ഔട്ടാവുമോയെന്ന് കണ്ടറിയാം
പ്രീമിയം ബൈക്കുകളുടെ ഡിമാന്റ് ഇന്ത്യയിൽ കൂടിവരികയാണ്. ലക്ഷങ്ങൾ മുടക്കി അവരവർക്ക് ഒതുകുന്ന ഏത് മോഡലും സ്വന്തമാക്കാൻ ആളുകൾ മുന്നോട്ടെത്തുന്നത് ടൂവീലർ ബ്രാൻഡുകളെ സംബന്ധിച്ച് വലിയ സന്തോഷം നൽകുന്ന കാര്യമാണ്. അടുത്തിടെ സൂപ്പർബൈക്ക് നിർമാതാക്കളായ ഹാർലി ഡേവിഡ്‍സണും ട്രയംഫുമെല്ലാം രാജ്യത്ത് ബജറ്റ് വിലയിൽ മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കുകയും ചെയ്‌തത് ഇതിനുള്ള വലിയ ഉദാഹരണങ്ങൾ മാത്രമാണ്.
അതിനാൽ ഈ അവസരം മുതലെടുത്ത് വിപണിയിലേക്ക് ഒരു പ്രീമിയം ബൈക്കിനെ അവതരിപ്പിച്ചിരിക്കുകയാണ് ടിവിഎസ് ഇപ്പോൾ. അതേ നാം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അപ്പാച്ചെ RTR 310 നേക്കഡ് സ്ട്രീറ്റ് സ്പോർട്‌സ് മോട്ടോർസൈക്കിളാണ് ഈ മോഡൽ. 2.43 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് ഈ ഫ്രീസ്റ്റൈൽ ബൈക്കിനെ കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 3 വേരിയന്റുകളിൽ എത്തുന്ന പുതിയ അപ്പാച്ചെ താരത്തിന് വില 2.64 ലക്ഷം രൂപയായി ഉയരുകയും ചെയ്യുന്നുണ്ട്.

ഡിസൈനിലേക്ക് വന്നാൽ ആരെയും അമ്പരിപ്പിക്കുന്ന വിധത്തിലുള്ള രൂപം തന്നെയാണ് പുതിയ അപ്പാച്ചെ RTR 310 നേക്കഡ് സ്ട്രീറ്റ് സ്പോർട്‌സിനുള്ളത്. ഒറ്റ നോട്ടത്തിൽ തന്നെ ആള് സ്പോർട്ടിയറാണെന്ന് മനസിലാക്കാനാവും. അതോടൊപ്പം മോഡലിന്റെ ഹെഡ്‌ലൈറ്റുകൾ കവസാക്കി Z1000 സൂപ്പർബൈക്കിനെ ഓർമിപ്പിച്ചാലും തെറ്റുപറയാനാവില്ല. സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, ആവരണങ്ങളുള്ള ഷാർപ്പ് ഫ്യുവൽ ടാങ്ക്, സ്പ്ലിറ്റ് സീറ്റ്, ഉയർത്തിയ ടെയിൽ സെക്ഷൻ എന്നിവയും സ്റ്റൈലിന്റെ കാര്യത്തിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
എക്‌സ്‌ഹോസ്റ്റ് അപ്പാച്ചെ RR 310-ൽ നിന്ന് നേരിട്ട് കടമെടുത്തതാണ്. സിംഗിൾ-പീസ് ട്യൂബുലാർ ഹാൻഡിൽബാറും ചെറുതായി പിൻ-സെറ്റ് ഫൂട്ട്‌പെഗുകളും ബൈക്കിന്റെ സ്പോർട്ടി സ്വഭാവത്തെയാണ് എടുത്തുകാണിക്കുന്നത്. റിയർ സബ്‌ഫ്രെയിമിൽ എൽഇഡി ടെയിൽ ലൈറ്റുകളും ടയർ ഹഗ്ഗറിൽ ടേൺ ഇൻഡിക്കേറ്ററുകളും നൽകിയിരിക്കുന്നതും പുതുമ നൽകുന്നുണ്ട്. ഇനി ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ മുടക്കുന്ന വിലയ്ക്കുള്ള എല്ലാ മോഡേൺ ടെക്നോളികളും ടിവിഎസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഗോപ്രോ കണക്ട് ചെയ്യാൻ കഴിവുള്ള പൂർണ ഡിജിറ്റൽ TFT സ്ക്രീനാണ് ഇതിലെ ഏറ്റവും വലിയ ഹൈലൈറ്റ്. സ്പീഡോമീറ്റർ, ഓഡോമീറ്റർ, ട്രിപ്പ് മീറ്റർ, ഫ്യുവൽ ലെവൽ ഇൻഡിക്കേറ്റർ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, താപനില തുടങ്ങിയ എല്ലാ അടിസ്ഥാന റീഡൗട്ടുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. കൂടാതെ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും പുതിയ അപ്പാച്ചെ RTR 310 സ്ട്രീറ്റ് ഫൈറ്ററിൽ ഒരുക്കിയിട്ടുണ്ട്.
സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയിലൂടെ റൈഡർക്ക് കോൾ, എസ്എംഎസ് നോട്ടിഫിക്കേഷനുകൾ, ഡോക്യുമെന്റ് സ്റ്റോറേജ് എന്നിവയിലേക്കും മറ്റും ആക്‌സസ് നൽകുന്നുണ്ട്. റൈഡർ എയ്‌ഡുകൾക്കായി, അപ്പാച്ചെ RTR 310-ന് എബിഎസ്, സൈഡ് സ്റ്റാൻഡ് കട്ട് ഓഫ്, റൈഡ് മോഡുകൾ എന്നിവയും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. എബിഎസ്, കോർണറിംഗ് ട്രാക്ഷൻ കൺട്രോൾ, കോർണറിംഗ് ക്രൂയിസ് കൺട്രോൾ, ക്ലൈമറ്റ് കൺട്രോൾ സീറ്റ്, സിക്സ്-ആക്സിസ് ഐഎംയു യൂണിറ്റും ഈ ബൈക്കിലുണ്ട്.

ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്ററും മോട്ടോർസൈക്കിളിന്റെ ആഡംബരത്തം കൂട്ടാനായി ടിവിഎസ് കൊണ്ടുവന്നിട്ടുണ്ട്. അങ്ങനെ മൊത്തത്തിൽ ഒരു ഇടിവെട്ട് സ്പോർട്‌സ് ബൈക്കാണ് വിപണിയിലേക്ക് എത്തുന്നതെന്ന് നിസംശയം പറയാം. അപ്പാച്ചെ RR 310 സൂപ്പർസ്പോർട്ടിന് തുടിപ്പേകുന്ന അതേ എഞ്ചിൻ ഓപ്ഷനുമായാണ് RTR 310 പതിപ്പും നിരത്തിലേക്ക് ഓടിയിറങ്ങുക.
ഈ 312.2 സിസി, സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിന് 35 bhp പവറിൽ പരമാവധി 28.7 Nm torque വരെ ഉത്പാദിപ്പിക്കാനാവും. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്‌സാണ് പുതിയ അപ്പാച്ചെ RTR 310 നേക്കഡ് സ്ട്രീറ്റ് ഫൈറ്ററിൽ കോർത്തിണക്കിയിരിക്കുന്നത്. 150 കിലോമീറ്റർ പരമാവധി വേഗതയാണ് മോട്ടോർസൈക്കിളിൽ ടിവിഎസ് അവകാശപ്പെടുന്നത്. മറ്റ് മെക്കാനിക്കൽ വശങ്ങളിൽ സസ്പെൻഷനായി മുൻവശത്ത് USD ഫോർക്കും പിന്നിൽ മോണോഷോക്കുമാണ് നൽകിയിരിക്കുന്നത്.

ഇരുവശത്തും പ്രീലോഡ്, കംപ്രഷൻ, റീബൗണ്ട് എന്നിവയ്ക്കുള്ള ക്രമീകരണങ്ങൾ ലഭിക്കുമെന്നും ടിവിഎസ് ഉറപ്പു നൽകിയിട്ടുണ്ട്. ബ്രേക്കിംഗിലേക്ക് നോക്കിയാൽ ഡ്യുവൽ-ചാനൽ എബിഎസോടെ മുന്നിലും പിന്നിലും ഡിസ്ക്ക് ബ്രേക്കുകളുമായാണ് അപ്പാച്ചെ RTR 310 വരുന്നത്. ഡ്യുവൽ കോമ്പൗണ്ട് റേഡിയൽ ടയറുകളിൽ പൊതിഞ്ഞ 17 ഇഞ്ച് വീലാണ് മറ്റൊരു പ്രത്യേകത. ഇന്ത്യയിൽ കെടിഎം 390 ഡ്യൂക്ക്, ബിഎംഡബ്ല്യു G 310 R, കെടിഎം 250 ഡ്യൂക്ക് പോലുള്ളവയോടാണ് പുതിയ അപ്പാച്ചെയുടെ മത്സരം.


Click it and Unblock the Notifications