സൂപ്പർ ഹീറോസിന്റെ ബൈക്ക് ഇനി റൈഡർ 125, ഞെട്ടാൻ ടൂവീലർ സെഗ്മെന്റ്
ഇന്ത്യൻ വിപണിയിലെ 125 സിസി ബൈക്ക് സെഗ്മെന്റിൽ കൊടുങ്കാറ്റ് തീർത്തിരിക്കുകയാണ് ടിവിഎസ് റൈഡർ. കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾ മാത്രം അരങ്ങുവാണിരുന്ന ഈ വിഭാഗത്തിലേക്ക് പുതിയ സാധ്യതകൾ തുറന്നിട്ട ടിവിഎസിന്റെ ഈ മോഡൽ ബംബർ ഹിറ്റാണ് അടിച്ചിരിക്കുന്നത്. ഹീറോയും ഹോണ്ടയുമെല്ലാം അരങ്ങുവാണിരുന്ന സെഗ്മെന്റ് ഒറ്റയ്ക്ക് വന്ന് തൂക്കാൻ റൈഡറിന് സാധിച്ചു.
സ്‌പോർട്ടി ലുക്കിൽ യുവാക്കളെ ലക്ഷ്യമിട്ടിറക്കിയ റൈഡർ 125 ഹിറ്റായത് ടിവിഎസിന് വലിയ നേട്ടമാണ് ഉണ്ടാക്കികൊടുത്തത്. ഇനി കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനിയി മോട്ടോർസൈക്കിളിന്റെ പുത്തൻ വേരിയന്റുകളെ പുറത്തിറക്കാൻ ഒരുങ്ങുകയാണ് കമ്പനി. എൻടോർഖ് സ്‌കൂട്ടറിൽ പരീക്ഷിച്ച് വിജയിച്ച മാർവൽ സൂപ്പർ സ്ക്വാഡ് എഡിഷനാണ് ഇപ്പോൾ സ്പോർട്ടി കമ്മ്യൂട്ടർ ബൈക്കിലേക്ക് എത്തുന്നത്.

ക്യാപ്റ്റൻ അമേരിക്ക, അയൺമാൻ, തോർ പോലുള്ള മാർവൽ യൂണിവേഴ്‌സ് കഥാപാത്രങ്ങളുടെ ഫാൻബേസിനെ പിടിക്കാൻ ഈ നീക്കം സഹായിക്കും. ടിവിഎസ് റൈഡറിൽ അഞ്ച് സൂപ്പർ സ്ക്വാഡ് എഡിഷനുകൾ വരെ ഉണ്ടാകാം. അയൺ മാൻ, തോർ, ക്യാപ്റ്റൻ അമേരിക്ക, ബ്ലാക്ക് പാന്തർ, സ്പൈഡർ മാൻ എന്നീ കഥാപാത്രങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട കളർ ഓപ്ഷനുകളും ഡീക്കലുകളും മോട്ടോർസൈക്കിളിനെ വേറിട്ടുനിർത്തുന്ന കാര്യമാണ്.
റൈഡർ 125 അയൺ മാൻ എഡിഷനെ ഇൻവിൻസിബിൾ റെഡ് എന്നും തോർ എഡിഷനെ ലൈറ്റ്നിംഗ് ഗ്രേ എന്നും ക്യാപ്റ്റൻ അമേരിക്ക എഡിഷനെ കോംബാറ്റ് ബ്ലൂ എന്നും ബ്ലാക്ക് പാന്തർ എഡിഷനെ സ്റ്റെൽത്ത് ബ്ലാക്ക് എന്നും സ്പൈഡർ മാൻ എഡിഷനെ അമേസിംഗ് റെഡ് എന്നുമായിരിക്കും ടിവിഎസ് വിളിക്കുക. ഈ കോസ്മെറ്റിക് പരിഷ്ക്കാരങ്ങൾ കൂടാതെ, റൈഡർ 125 നിലവിലെ മോഡലുമായി സമാനമായിരിക്കും.

അതായത് മറ്റ് മെക്കാനിക്കൽ മാറ്റങ്ങളൊന്നും ബൈക്കിൽ പ്രതീക്ഷിക്കേണ്ടന്ന് സാരം. 124.8 സിസി, സിംഗിൾ സിലിണ്ടർ, 3-വാൽവ്, എയർ, ഓയിൽ കൂൾഡ് എഞ്ചിനാണ് ടിവിഎസ് റൈഡർ 125 ബൈക്കിന് തുടിപ്പേകുന്നത്. എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ്, ഇക്കോത്രസ്റ്റ് ഫ്യുവൽ ഇഞ്ചക്ഷൻ തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ബൈക്കിന്റെ ഇന്ധനക്ഷമതയും മെച്ചപ്പെടുത്തുന്നതിനൊപ്പം പെർഫോമൻസിലും മോഡൽ കാര്യമായ വിട്ടുവീഴ്ച്ചകളൊന്നും വരുത്തിയിട്ടില്ല.
11.4 bhp പവറിൽ 11.2 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ എഞ്ചിൻ. 5 സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 5.9 സെക്കൻഡിൽ 0 മുതൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കുന്ന മികച്ച ഇൻ-ക്ലാസ് ആക്സിലറേഷനാണ് ടിവിഎസ് റൈഡർ വാഗ്ദാനം ചെയ്യുന്നത്. ഇനി മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ മുന്നിൽ RSU ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും 5-സ്റ്റെപ്പ് പ്രീലോഡ് അഡ്ജസ്റ്റബിൾ റിയർ മോണോ-ഷോക്കുമാണ് ടിവിഎസ് ഒരുക്കിയിട്ടുള്ളത്.

മോട്ടോർസൈക്കിളിന് രണ്ടറ്റത്തും 17 ഇഞ്ച് വീലുകളാണ് കമ്പനി അവതരിപ്പിക്കുന്നത്. ബ്രേക്കിംഗിലേക്ക് വന്നാൽ ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും പിന്നിൽ 130 mm ഡ്രം ബ്രേക്കും സ്റ്റാൻഡേർഡാണ്. സിക്രണൈസ്‌ഡ് ബ്രേക്കിംഗ് സാങ്കേതികവിദ്യ (SBT) ടിവിഎസ് റൈഡറിന്റെ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡ് ആണ്.നിലവിൽ മൂന്ന് വേരിയന്റുകളും നിരവധി കളർ ഓപ്ഷനുകളും ടിവിഎസ് വാഗ്ദാനം ചെയ്യുന്നുണ്ട്.
സിംഗിൾ സീറ്റ്, സ്പ്ലിറ്റ് സീറ്റ് വേരിയന്റുകൾക്ക് റിവേഴ്‌സ് എൽസിഡി സ്‌ക്രീൻ ഉണ്ടെങ്കിലും ടോപ്പ് സ്‌മാർട്ട് X കണക്‌ട് പതിപ്പിന് സെഗ്‌മെന്റ് ഫസ്റ്റ് 5-ഇഞ്ച് TFT സ്‌ക്രീനാണ് റൈഡർ 125 നൽകുന്നത്. കോൾ മാനേജ്മെന്റ്, വോയ്‌സ് അസിസ്റ്റ്, ക്ലൈമറ്റ് അപ്‌ഡേറ്റുകൾ, നാവിഗേഷൻ, അവസാനം പാർക്ക് ചെയ്‌ത സ്ഥലം, റൈഡ് റിപ്പോർട്ട്, സർവീസ് ബുക്കിംഗ് മുതലായ സവിശേഷതകളും ഈ വേരിയന്റിൽ ലഭ്യമാവും.
ഇന്ത്യയിലെ 125 സിസി കമ്മ്യൂട്ടർ ബൈക്ക് സെഗ്മെന്റിൽ ഹോണ്ട SP125, ഹീറോ ഗ്ലാമർ എക്‌സ്ടെക്, ബജാജ് പൾസർ 125 തുടങ്ങിയ ബൈക്കുകളോടാണ് ടിവിഎസ് റൈഡറിന്റെ പ്രധാന മത്സരം. 2023 ജൂണിൽ ടിവിഎസ് ഇന്ത്യയിൽ 34,309 റൈഡർ 125 മോട്ടോർസൈക്കിളുകളാണ് വിറ്റഴിച്ചത്. അവയിൽ 4,434 എണ്ണം വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയും ചെയ്‌തിട്ടുണ്ട്. പുതിയ സൂപ്പർ സ്ക്വാഡ് വേരിയന്റുകളുടെ വരവോടെ വിൽപ്പന കൂടുതൽ മികവ് കൈവരിക്കും.


Click it and Unblock the Notifications








