ഓലയ്ക്കും ഏഥറിനും മുകളിൽ ഇനി ഇവൻ വാഴും, ഇലക്‌ട്രിക് സ്‌കൂട്ടർ രംഗം പിടിക്കാൻ ടിവിഎസ് X എത്തി
ഇന്ത്യയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ ഡിമാന്റ് വൻതോതിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. പെട്രോളിന്റെ അമിത വിലയും മറ്റ് ജീവിത ചെലവുകൾ കുത്തനെ ഉയരുന്നതുമെല്ലാം മനുഷ്യരെ കാര്യമായി ബാധിക്കാൻ തുടങ്ങിയപ്പോൾ ഏവരും ദൈനംദിന ചെലവ് കുറക്കാനുള്ള ബദൽ മാർഗങ്ങൾ കണ്ടെത്താൻ തുടങ്ങി. അതിനുള്ള ഏറ്റവും അടിസ്ഥാനമാർഗം യാത്ര ചെലവ് കുറക്കുക എന്നതാണ്.
പക്ഷേ യാത്രകൾ മാറ്റിവെക്കാനാവില്ലല്ലോ, ഇവിടെയാണ് ഇലക്‌ട്രിക് വാഹനങ്ങൾ നമ്മുടെ ജീവിതത്തിന്റെ സൗഭാഗ്യങ്ങളിൽ ഒന്നായി വളർന്നു വരുന്നത്. വർഷങ്ങൾക്ക് മുമ്പേ തന്നെ ഇലക്ട്രിക് ടൂവീലറുകൾ നമ്മുടെ വിപണിയിലുണ്ടായിരുന്നെങ്കിലും അന്ന് ആരും കാര്യമായി പരിഗണിച്ചിരുന്നില്ലെന്നു വേണം പറയാൻ. പരമ്പരാഗത ശൈലിയിൽ നിന്നും വിട്ടൊഴിയാൻ ആരും അത്രവേഗം തയാറാവില്ലല്ലോ. പിന്നീട് കൊവിഡിന് ശേഷം പെട്രോൾ വില ഗണ്യമായി ഉയർന്നതോടെ ഏവരും വൈദ്യുത സ്‌കൂട്ടറുകളെ കൂടെക്കൂട്ടി തുടങ്ങി.

ഏഥർ എനർജിയും ഓലയും പോലുള്ള സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ അരങ്ങുവാണിരുന്ന രംഗത്തേക്ക് ടിവിഎസ് ഐക്യൂബുമായി എത്തി തങ്ങളുടെ സാന്നിധ്യമറിയിച്ചിരുന്നു. എന്നാൽ കൂടുതൽ ആളുകളും മറ്റ് ബ്രാൻഡുകളെയാണ് തങ്ങളുടെ ആദ്യ ചോയ്‌സായി പരിഗണിച്ചത്. എന്നാൽ എതിരാളികളുമായി കട്ടക്ക് ഇടിച്ചു നില്‍ക്കാൻ പുതിയൊരു ഇലക്‌ട്രിക് സ്‌കൂട്ടറിനെ വിപണിയിലെത്തിച്ചിരിക്കുകയാണ് ടിവിഎസ് ഇപ്പോൾ. ദുബായില്‍ നടക്കുന്ന ഇവന്റില്‍ കമ്പനി തങ്ങളുടെ ഏറ്റവും പുതിയ X ഇവി പുറത്തിറക്കി.
പെട്രോൾ ഹെഡ് യുവതലമുറയ്ക്ക് എൻടോർഖ് സ്‌കൂട്ടർ എങ്ങനെയാണോ അങ്ങനെയാവാനാണ് പുതിയ ടിവിഎസ് X ഇലക്‌ട്രിക് പണികഴിപ്പിച്ചിരിക്കുന്നത്. പെർഫോമൻസ് ഇലക്ട്രിക് സ്‌കൂട്ടറായി വരുന്ന ഈ മോഡലിന് 2.50 ലക്ഷം രൂപയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ആദ്യത്തെ 2,000 കസ്റ്റമേഴ്‌സിന് 18,000 രൂപയുടെ പ്രത്യേക ഫസ്റ്റ് എഡിഷൻ പാക്കേജും ഇവിക്കൊപ്പം ലഭ്യമാവും.

ജനപ്രിയമായ ഐക്യൂബ് ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറായ ഐക്യൂബിന് ശേഷമുള്ള കമ്പനിയുടെ രണ്ടാമത്തെ വൈദ്യുത വാഹനമാണിത്. എങ്കിലും ഹൈ ക്ലാസ് പ്രീമിയം സ്‌കൂട്ടറായാണ് ഇത് രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്. പെർഫോമൻസിലായാലും സാങ്കേതികവിദ്യയിലായാലും പുതിയ ടിവിഎസ് X ഇവിക്ക് എതിരാളികളില്ലെന്നു വേണം പറയാൻ. 2018-ൽ അവതരിപ്പിച്ച ക്രിയോൺ കൺസെപ്റ്റിൽ നിന്നും ഡിസൈൻ കടമെടുത്താണ് X പണികഴിപ്പിച്ചിരിക്കുന്നത്.
കാഴ്ച്ചയിലെ റോബോട്ടിക് സ്റ്റൈൽ ആരെയും കൈയിലെടുക്കാൻ പ്രാപ്‌തമാണെന്ന് നിസംശയം പറയാം. പരമ്പരാഗത സ്‌കൂട്ടറുകളേക്കാൾ 2.5 മടങ്ങ് കാഠിന്യമുള്ളതായി പറയപ്പെടുന്ന പുതുതായി വികസിപ്പിച്ച Xleton പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഈ പെർഫോമൻസ് സ്‌കൂട്ടർ നിർമിച്ചിട്ടുള്ളത്. റൈഡർക്കായി വീതിയേറിയ സ്പ്ലിറ്റ് സീറ്റുകളുമായാണ് മോഡൽ വരുന്നത്. എക്‌സ്‌റ്റെൽത്ത്, എക്‌സ്‌ട്രൈഡ്, സോണിക്ക് എന്നീ മൂന്ന് റൈഡിംഗ് മോഡുകളുമായാണ് ഇ-സ്‌കൂട്ടർ വരുന്നത്.

അതോടൊപ്പം തെരഞ്ഞെടുക്കാവുന്ന റീജനറേറ്റീവ് ബ്രേക്കിംഗും ടിവിഎസ് X ഇവിയുടെ ഭാഗമാണ്. കമ്പനി ആന്തരികമായി വികസിപ്പിച്ചെടുത്ത നാവ്പ്രോ എന്ന പുതിയ തലമുറ SmartXonnect പ്ലാറ്റ്‌ഫോമാണ് ഇതിന് ലഭിക്കുന്നത്. ഇലക്ട്രിക് സ്കൂട്ടറിന്റെ എല്ലാ സവിശേഷതകളും പ്രാപ്തമാക്കുന്ന 10.25 ഇഞ്ച് എച്ച്ഡി ടിൽറ്റ് സ്ക്രീൻ സജ്ജീകരണവും പ്രീമിയം ഫീലാണ് ഒരുക്കുന്നത്. നാവിഗേഷൻ, ഗെയിമുകൾ, മ്യൂസിക് എന്നിവയും അതിലേറെയും പോലുള്ള സംവിധാനങ്ങൾ ഉൾപ്പെടെ ഒന്നിലധികം ആപ്പുകൾ പ്രവർത്തിപ്പിക്കാൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് കഴിയും.
ഈ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പൂർണമായും കസ്റ്റമൈസ് ചെയ്യാനാവുന്നതാണ്. വളരെ പ്രായോഗികമായ 19 ലിറ്ററാണ് അണ്ടർസീറ്റ് സ്റ്റോറേജായി ടിവിഎസ് നൽകിയിരിക്കുന്നത്. ക്രാഷ് ഡിറ്റക്ഷൻ, സ്പീഡ് ലിമിറ്റ്, ഓവർ സ്പീഡ് അലേർട്ട്, ടോവിംഗ് അലേർട്ട്, ജിയോഫെൻസിംഗ്, ഓട്ടോ ലോക്കിംഗ് തുടങ്ങി നിരവധി സുരക്ഷാ ഫീച്ചറുകൾ ഉൾക്കൊള്ളുന്ന ടിവിഎസ് സ്‌മാർട്ട് ഷീൽഡ് സജ്ജീകരിച്ചാണ് X ഇലക്ട്രിക് സ്‌കൂട്ടർ വരുന്നത്.

ഈ പുതിയ പെർഫോമൻസ് ഇലക്‌ട്രിക് ടൂവീലറിന് 4.44 kWh ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. ഒറ്റ ചാർജിൽ 140 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ ഇതിനാവുമെന്നും ടിവിഎസ് അവകാശപ്പെടുന്നു. ഇലക്ട്രിക് സ്‌കൂട്ടറിൽ 14.7 bhp പവറുള്ള മിഡ്-ഡ്രൈവ് മോട്ടോറാണ് ഒരുക്കിയിട്ടുള്ളത്. X ഇവിക്ക് വെറഉം 0-40 കിലോമീറ്റർ വേഗത 2.6 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ കഴിയും. അതേസമയം 0-60 കിലോമീറ്റർ വേഗത 4.5 സെക്കൻഡിനുള്ളിൽ എത്തും.
മണിക്കൂറിൽ 105 കിലോമീറ്ററാണ് ടിവിഎസ് X ഇലക്ട്രിക്കിന്റെ ടോപ്പ് സ്പീഡ്. റാം ഇൻടേക്ക് എയർ-കൂൾഡ് മോട്ടോറിനൊപ്പം വിപുലമായ തെർമൽ മാനേജ്‌മെന്റും വാഹനത്തിലുണ്ടെന്നാണ് കമ്പനി പറയുന്നത്. 0-80 ശതമാനം ചാർജിംഗിനായി 3 മണിക്കൂറും 40 മിനിറ്റും സമയമാണ് വേണ്ടിവരുന്നത്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ പുതിയ പെർഫോമൻസ് ഇവിയുടെ സസ്പെഷൻ ചുമതലകളിൽ മുൻവശത്ത് ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ മോണോഷോക്കും ഉള്ള അലുമിനിയം അലോയ് ഫ്രെയിമും ലഭിക്കും.

ബ്രേക്കിംഗിനായി ലും സിംഗിൾ-ചാനൽ എബിഎസോടുകൂടിയ 220 mm സിംഗിൾ ഫ്രണ്ട് ഡിസ്‌ക്കും 195 mm റിയർ ഡിസ്‌ക്കുമാണ് ഉണ്ടാവുക. 12 ഇഞ്ച് അലോയ് വീലുകളാണ് ഇ-സ്‌കൂട്ടറിന് ലഭിക്കുന്നതെങ്കിൽ ഗ്രൗണ്ട് ക്ലിയറൻസ് 175 മില്ലീമീറ്ററും സീറ്റ് ഹൈറ്റ് 770 മില്ലീമീറ്ററുമാണ്. ടിവിഎസ് X ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള ബുക്കിംഗ് ഓഗസ്റ്റ് 24 അർദ്ധരാത്രി മുതൽ ആരംഭിക്കും. നവംബർ മുതൽ ഡെലിവറികൾ ആരംഭിക്കുമെന്നും അവതരണ വേളയിൽ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications








