6.46 ലക്ഷം രൂപ വിലയുള്ള വെസ്‌പ ലക്ഷ്വറി സ്‌കൂട്ടർ ഇന്ത്യയിലും, ഇതുമുഴുവൻ സ്പെഷ്യലാ...
ലോകത്തിലുള്ള എല്ലാ ക്ലാസിക് സ്‌കൂട്ടറുകളുടെയും തലതൊട്ടപ്പനാണ് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ പിയാജിയോയുടെ വെസ്‌പ. ഇന്ത്യൻ വിപണിയിലും അത് അങ്ങനെ തന്നെ. പ്രീമിയം ഇമേജുള്ള മോഡലിന് ഇവിടെയും വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. തുടക്കകാലത്ത് ചൂടപ്പം പോലെ വിറ്റഴിച്ചിരുന്നുവെങ്കിലും ഇന്ന് ആധുനിക എതിരാളികൾക്കിടയിൽ ആളിച്ചിരി പിന്നാക്കം നിൽക്കുകയാണ്.
എങ്കിലും വെസ്‌പ എന്നും വെസ്‌പ തന്നെയാണ്. ഇതിനെ കവച്ചുവെക്കാൻ ഒതുകുന്ന മോഡലുകളൊന്നും ഇതുവരെ രൂപമെടുത്തിട്ടില്ല. ദേ ഇപ്പോൾ പ്രീമിയം സെഗ്മെന്റിനെ ഇളക്കി മറിക്കാനായി പുതിയൊരു വേരിയന്റുമായി രംഗപ്രവേശം ചെയ്‌തിരിക്കുകയാണ് പിയാജിയോ. കനേഡിയൻ പോപ്പ് താരം ജസ്റ്റിൻ ബീബർ പ്രത്യേകം രൂപകൽപ്പന ചെയ്‌ത വെസ്‌പയുടെ ജസ്റ്റിൻ ബീബർ എഡിഷനാണ് ഒടുവിൽ ഇന്ത്യയിലേക്കും എത്തിയിരിക്കുന്നത്.

ആഗോളതലത്തിൽ അവതരിച്ചതിനു ശേഷം ഏതാണ്ട് ഒരു വർഷത്തിനിപ്പുറമാണ് വെസ്‌പ ജസ്റ്റിൻ ബീബർ എഡിഷനെ പിയാജിയോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. 6.46 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ഒരു കളക്ടർ പതിപ്പായാണ് ഇതിനെ ആഭ്യന്തര വിപണിയിൽ കൊണ്ടുവന്നിരിക്കുന്നത്. ഒരു ലിമിറ്റഡ് എഡിഷനായതിനാൽ തന്നെ വളരെ പരിമിതമായ യൂണിറ്റുകളിൽ മാത്രമാണ് ഈ പ്രീമിയം ലക്ഷ്വറി സ്‌കൂട്ടിനെ അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 10 യൂണിറ്റുകളിൽ താഴെ മാത്രമേ ലഭ്യമാവുകയുള്ളൂ.
സ്‌കൂട്ടർ പ്രേമികൾക്ക് പ്രത്യേക ഫീൽ നൽകുന്ന വെസ്‌പ ജസ്റ്റിൻ ബീബർ എഡിഷൻ ചൂടപ്പം പോലെ തന്നെ വിറ്റഴിയുമെന്നാണ് പിയോജിയോയുടെ പ്രതീക്ഷ. വെസ്പ ജസ്റ്റിൻ ബീബർ എഡിഷൻ സ്കൂട്ടർ കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റായാണ് (CBU) ഇന്ത്യയിലെത്തുന്നത്. കൂടാതെ രാജ്യത്തുടനീളമുള്ള എല്ലാ വെസ്പ ഡീലർമാർക്കും പ്രീ-ഓർഡറുകൾക്കായി ഉടൻ ലഭ്യമാകും. കമ്പനിയുടെ വെബ്സൈറ്റിൽ ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാനും കഴിയും. ലിമിറ്റഡ് എഡിഷൻ ഓഫർ ഗായകൻ പ്രത്യേകം രൂപകൽപ്പന ചെയ്‌തതാണ്.

കൂടാതെ പ്രത്യേക കോസ്മെറ്റിക് മാറ്റങ്ങളോടെ വെസ്പ 150 അടിസ്ഥാനമാക്കിയാണ് ഈ തട്ടുപൊളിപ്പൻ മോഡലിനെ കമ്പനി പണിതെടുത്തിരിക്കുന്നത്. വെസ്പ ഒരു മൊബിലിറ്റി ബ്രാൻഡിനേക്കാൾ ഒരു വികാരമാണെന്ന് പിയാജിയോ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും എംഡിയുമായ ഡീഗോ ഗ്രാഫി മോഡൽ അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു. കൂടാതെ കല, ഡിസൈൻ, സാങ്കേതികവിദ്യ, വിനോദം എന്നിവയെയാണ് സ്‌കൂട്ടർ പ്രതീകപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിത്തേർത്തു.
150 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനിലാണ് വെസ്പ ജസ്റ്റിൻ ബീബർ എഡിഷൻ ഇന്ത്യയ്ക്ക് ലഭിക്കുന്നത്. ആഗോളതലത്തിൽ ലിമിറ്റഡ് എഡിഷൻ 50 സിസി, 125 സിസി, 150 സിസി ഓപ്ഷനുകളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ബീബർ പ്രത്യേകം രൂപകല്പന ചെയ്ത വെസ്പ 150 ബോഡി വർക്ക് മാത്രമല്ല, റിമ്മുകളുടെ സാഡിൽ, ഗ്രിപ്പുകൾ, സ്പോക്കുകൾ എന്നിവയിലേക്കും നീളുന്ന വൈറ്റ് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

പാലുപോലെയുള്ള തൂവെള്ള നിറം കാഴ്ച്ചയിലും പ്രീമിയം ഫീലാണ് നൽകുന്നത്. ബ്രാൻഡ് ലോഗോയും ബോഡി പാനലുകളിൽ വരച്ചിരിക്കുന്ന ഫ്ലേമുകളും ടോൺ-ഓൺ-ടോൺ വൈറ്റ് ആണ്. വെസ്പ അതിന്റെ റെട്രോ-ഇറ്റാലിയൻ ഫ്ലെയർ നിലനിർത്തിക്കൊണ്ട് തന്നെ ഒരുക്കിയിരിക്കുന്നതിനാൽ സ്റ്റൈലിംഗിൽ മാറ്റമില്ല. സ്‌കൂട്ടർ ഒരുപോലെ ആധുനിക പാക്കിംഗ് ഓൾ-എൽഇഡി ലൈറ്റിംഗും സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള പൂർണ കളർ ടിഎഫ്‌ടി ഇൻസ്ട്രുമെന്റ് കൺസോളുമായാണ് വരുന്നത്.
വെസ്പ ജസ്റ്റിൻ ബീബർ എഡിഷന്റെ മറ്റൊരു പ്രത്യേകത 12 ഇഞ്ച് അലോയ് വീലുകളാണ്. 2023 ഏപ്രിൽ ഒന്നിന് ഇന്ത്യയിൽ നടപ്പിലാക്കിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാംഘട്ട ചട്ടങ്ങൾക്ക് അനുസൃതമായാണ് മോഡലിന്റെ എഞ്ചിൻ പണികഴിപ്പിച്ചിരിക്കുന്നതെന്നും പിയാജിയോ പറയുന്നു. ഈ 155 സിസി എഞ്ചിന് 12.5 bhp കരുത്തിൽ പരമാവധി 12.4 Nm torque വരെ വികസിപ്പിക്കാനാവും.
ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 8 ലിറ്ററിന്റെ ഫ്യുവൽ ടാങ്ക് കപ്പാസിറ്റിയാണ് പിയാജിയോ വെസ്‌പ ജസ്റ്റിൻ ബീബർ എഡിഷന് നൽകിയിരിക്കുന്നത്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ സസ്പെഷൻ ക്രമീകരണങ്ങൾക്കായി മുൻവശത്ത് സിംഗിൾ സൈഡഡ് ലിങ്ക് ഹൈഡ്രോളിക് മോണോഷോക്കും പിന്നിൽ പ്രീലോഡായി അഡ്‌ജസ്റ്റബിൾ ചെയ്യാവുന്ന ഹൈഡ്രോളിക് മോണോഷോക്കും തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.
അതേസമയം ബ്രേക്കിംഗിനായി മുന്നിലും പിന്നിലും സിംഗിൾ ചാനൽ എബിഎസിന്റെ സഹായത്തോടെ ഡിസ്‌ക്ക് ബ്രേക്കുമാണ് ഉപയോഗിച്ചിരിക്കുന്നത്. 6.46 ലക്ഷം രൂപ വിലയുള്ള വെസ്‌പ ലക്ഷ്വറി സ്‌കൂട്ടർ ഇന്ത്യയിൽ എത്രത്തോളം സ്വീകാര്യത നേടുമെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം. ഒരു 155 സിസി സ്‌കൂട്ടറിനായി ആളുകൾ ഇത്രയും വലിയൊരു തുക മുടക്കാൻ തയാറാവുമോയെന്നതും രസകരമായ കാഴ്ച്ചയാവും.


Click it and Unblock the Notifications








