യമഹയുടെ അജഗജാന്തര സൂപ്പർബൈക്ക്, മോഹിപ്പിക്കുന്ന വിലയിൽ മടങ്ങിയെത്തി R3
വൈവിധ്യമാർന്ന മോഡലുകൾക്ക് ഒരു പഞ്ഞവുമില്ലാത്ത ടൂവീലർ വിപണിയാണ് നമ്മുടെ ഇന്ത്യയുടേത്. കമ്മ്യൂട്ടർ മോഡലുകൾ മുതൽ സൂപ്പർബൈക്കുകൾ വരെ നീളുന്ന നിര വാങ്ങാനായി ആളുകൾ ക്യൂ നിൽക്കുകയാണ്. ഇവിടെ സാധാരണക്കാരെ ഉന്നംവെച്ച് ഇരുചക്ര വാഹനങ്ങൾ നിർമിക്കുന്നവരിൽ പ്രസിദ്ധരാണ് ജാപ്പനീസ് ബ്രാൻഡായ യമഹ. ഈ പേര് കേൾക്കുമ്പോൾ RX100, FZ, R-15, MT-15 പോലുള്ള ബൈക്കുകളാണ് മനസിലേക്ക് ആദ്യം ഓടിയെത്തുക.
എന്നാൽ ആഗോളതലത്തിൽ സൂപ്പർബൈക്കുകളും സ്പോർട് ബൈക്കുകളുമെല്ലാം പുറത്തിറക്കുന്നവരാണ് യമഹ. എന്തുകൊണ്ടോ ഇന്ത്യയിൽ മാത്രം പ്രീമിയം മോട്ടോർസൈക്കിളുകളെല്ലാം പുറത്തിറക്കാൻ കമ്പനി മടികാണിക്കുന്നുണ്ട്. അതിന്റെ തിക്തഫലം വിൽപ്പനയിൽ ചെറുതായെങ്കിലും കാണിച്ചുതുടങ്ങുകയും ചെയ്‌തിരുന്നു. എന്നാൽ ഇതിനെ മറികടക്കാനായി രണ്ട് പ്രീമിയം മോഡലുകളെ രാജ്യത്ത് അവതരിപ്പിച്ചിരിക്കുകയാണ് യമഹ.

ഏവരും കാത്തിരുന്ന MT-03, R3 സ്പോർട്സ് ബൈക്ക് എന്നിവയാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 4.65 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് യമഹ R3 ഇന്ത്യയിൽ പുനരവതരിപ്പിച്ചിരിക്കുന്നത്. ആദ്യ വരവിൽ അത്ര തിളങ്ങാൻ സാധിച്ചില്ലെങ്കിലും രണ്ടാംവരവ് ഏറെ പ്രതീക്ഷകളുമായാണ്. ഏതുതരത്തിലുള്ള മോട്ടോർസൈക്കിളുകളും വാങ്ങാൻ ആളുള്ള വിപണിയാണ് ഇപ്പോൾ ഇന്ത്യയുടേത്.
പക്ഷേ ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന പ്രീമിയം സ്പോർട്‌സ് ബൈക്കിന്റെ വില തിരിച്ചടിയാവുമോ എന്നാണ് ഇനിയറിയേണ്ടത്. ഇന്തോനേഷ്യയിൽ നിന്നുള്ള CBU ഇറക്കുമതിയായാണ് R3 ഇപ്പോൾ ഇന്ത്യയിലേക്ക് വരുന്നത്. ഇക്കാര്യം തന്നെയാണ് താരതമ്യേന ഉയർന്ന വിലയ്ക്ക് കാരണം. താരതമ്യപ്പെടുത്തുമ്പോൾ R3-യുടെ മുൻതലമുറ മോഡൽ CKD ഇറക്കുമതി ആയിരുന്നു. മൂന്ന് വർഷമായി വിദേശത്ത് പുറത്തിറക്കുന്ന രൂപത്തിൽ തന്നെയാണ് സ്പോർട്‌സ് ബൈക്കിനെ നമ്മുടെ നിരത്തുകളിലേക്കും കൊണ്ടുവന്നിരിക്കുന്നത്.

R1, R6, R7, R15 എന്നിവയിൽ പോലും യമഹയുടെ ഏറ്റവും പുതിയ ഡിസൈൻ ഫിലോസഫി കാണാത്തത് എന്തുകൊണ്ടാണെന്ന വിശദീകരണവും സൈലന്റായി ഇതിലൂടെ മനസിലാക്കാം. മുമ്പത്തേതിനേക്കാൾ കുറഞ്ഞ സവിശേഷതകളുമാണ് ഇത്തവണ R3-യിൽ ഉപയോഗിച്ചിരിക്കുന്നത്. ഹെഡ്‌ലാമ്പിനുള്ള എൽഇഡി ലൈറ്റിംഗ്, ഡ്യുവൽ-ചാനൽ എബിഎസ്, ബ്ലൂടൂത്ത് ഇല്ലാത്ത എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പോലുള്ള അടിസ്ഥാന കാര്യങ്ങൾ മാത്രമാണ് യമഹ പുതിയ R3 സ്‌പോർട്‌സിൽ ഒരുക്കിയിട്ടുള്ളത്.
വില നോക്കുമ്പോൾ ഇത് തീർത്തും നിരാശാജനകമാണ്. പ്രത്യേകിച്ച് അടുത്തിടെ 4.10 ലക്ഷം രൂപ വിലയിൽ അപ്രീലിയ കിടിലനൊരു സൂപ്പർബൈക്ക് അവതരിപ്പിച്ച സ്ഥിതിക്ക് യമഹക്ക് ഈ തീരുമാനങ്ങൾ വലിയ തിരിച്ചടിയായേക്കും. ബ്ലൂ, ബ്ലാക്ക് വെൽ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് R3 വാഗ്ദാനം ചെയ്യുന്നത്. പ്ലാറ്റ്‌ഫോം പഴയ ബൈക്കിനോട് വളരെ സാമ്യമുള്ളതാണ്. പഴയ അതേ ഷാസി തന്നെയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് വ്യക്തം.

321 സിസി, ലിക്വിഡ് കൂൾഡ് പാരലൽ-ട്വിൻ എഞ്ചിനാണ് യമഹ R3 മോഡലിന് കരുത്ത് പകരുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 41.4 bhp പവറിൽ പരമാവധി 29.6 Nm torque വരെ ഉത്പാദിപ്പിക്കാനാവും. സസ്പെൻഷൻ നിർവഹിക്കുന്നത് മുന്നിൽ അപ് സൈഡ് ഡൌൺ ഫോർക്കുകളും (USD) പിന്നിൽ മോണോഷോക്കും ആണ്.
ഇനി ബ്രേക്കിംഗിലേക്ക് വന്നാൽ മുന്നിലും പിന്നിലും സിംഗിൾ ഡിസ്‌കാണ് ബ്രേക്കിംഗ് ചുമതലകൾ നിർവഹിക്കുന്നത്. അധിക സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസും ഓഫറിലുണ്ട്. 17 ഇഞ്ച് അലോയ് വീലുകളാണ് ഇരുവശത്തുമുള്ളത്. അതിനാൽ എല്ലായിടത്തും ലഭ്യമായതിനാൽ പുതിയ ടയറുകൾ തേടി അലയണ്ട ആവശ്യമൊന്നുമില്ല. 169 കിലോഗ്രാം ഭാരമുള്ള R3 ലൈറ്റ്-വെയ്റ്റ് ആയതിനാൽ തന്നെ കൈകാര്യം ചെയ്യാൻ വളരെ എളുപ്പവുമാണ്.

780 മില്ലീമീറ്ററിന്റെ കുറഞ്ഞ സീറ്റ് ഹൈറ്റായതിനാൽ പൊക്കം കുറഞ്ഞവർക്കും ബൈക്ക് അനായാസം കൊണ്ടുനടക്കാനാവുമെന്നതും നേട്ടമാണ്. ഇനി എതിരാളികളുടെ കാര്യത്തിലേക്ക് വന്നാൽ ഈ വിലയിൽ 3.18 ലക്ഷം രൂപ വിലയുള്ള സിംഗിൾ സിലിണ്ടർ കെടിഎം RC 390 നേക്കാൾ വളരെ ചെലവേറിയതാണ് യമഹ R3. അതേസമയം അടുത്തിടെ പുറത്തിറക്കിയ അപ്രീലിയ RS 457 പതിപ്പിനും 4.10 ലക്ഷം രൂപ മാത്രമാണ് വരുന്നത്.


Click it and Unblock the Notifications








