16 വയസുകാരേ വരൂ.... ഓടിക്കാൻ ലൈസൻസ് വേണ്ടാത്ത ഇലക്‌ട്രിക് സ്‌കൂട്ടറുമായി യുലു
ഇന്ത്യൻ ഇരുചക്ര വാഹന വിപണി അതിവേഗത്തിൽ ഇലക്‌ട്രിക്കിലേക്ക് കുതിക്കുകയാണ്. ദൈനംദിന യാത്രകൾക്ക് എങ്ങനെ ചെലവ് കുറക്കാമെന്ന് ബദൽ തേടുന്നവരെല്ലാം ഇപ്പോൾ ഇവികളിലേക്ക് ചേക്കേറുകയാണ്. സ്റ്റാർട്ടപ്പ് കമ്പനികൾ അരങ്ങുവാഴുന്ന ടൂവീലർ വിഭാഗത്തിലേക്ക് പ്രമുഖരും തങ്ങളുടെ ആവനാഴിയിലെ അസ്ത്രങ്ങളുമായി കടന്നുവരികയാണ്.
ടിവിഎസും ബജാജും ഹീറോ മോട്ടോകോർപ്പുമെല്ലാം സെഗ്മെന്റിലേക്ക് ഇലക്ട്രിക് സ്‌കൂട്ടറുകൾ പണിതിറക്കിയപ്പോൾ ഹോണ്ടയെല്ലാം പതിയെ ഇവി വികസന ഘട്ടത്തിലേക്്ക് കടന്നിട്ടുമുണ്ട്. എങ്കിലും ഇവി രംഗത്ത് ഏഥർ, ഓല പോലുള്ളവരുടെ ആധിപത്യമാണ് ഇപ്പോഴും കാണാനാവുന്നത്. അതോടൊപ്പം മറ്റ് ചെറുകിടി നിർമാതാക്കളും അരങ്ങുതകർക്കുന്നുണ്ട്. ഇപ്പോഴിതാ ലാസ്റ്റ് മൈൽ ഇലക്ട്രിക് മൊബിലിറ്റി സ്റ്റാർട്ടപ്പ് യുലു തങ്ങളുടെ പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനമായ വിൻ മോഡലിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്.

55,555 രൂപയുടെ പ്രാരംഭ വിലയിലാണ് പുതിയ യുലു വിൻ വിപണിയിലെത്തിയിരിക്കുന്നത്. മോഡൽ വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 999 രൂപ ടോക്കൺ തുക നൽകി വിൻ ഇവി പ്രീ-ബുക്ക് ചെയ്യാം. ഈ തുക പൂർണമായും റീഫണ്ടബിൾ ആണെന്നും കമ്പനി പറയുന്നുണ്ട്. മെയ് പകുതി മുതൽ ഡെലിവറി ആരംഭിക്കുമെന്നാണ് ബ്രാൻഡ് അവകാശപ്പെടുന്നത്. പ്രാരംഭ കാലയളവിനു ശേഷം ആമുഖ വിലയിൽ 4,444 രൂപയുടെ വർധനവ് ഉണ്ടാവുമെന്നും വിലകൾ 59,999 രൂപയായി നിശ്ചയിക്കുകയും ചെയ്യും.
ആദ്യ ഘട്ടത്തിൽ യുലു വിൻ ബെംഗളൂരുവിൽ മാത്രമാവും ലഭ്യമാവുക. എന്നാൽ ഈ വർഷാവസാനത്തോടെ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്ക് ഇലക്ട്രിക് ടൂവീലറിന്റെ വിൽപ്പനയും കമ്പനി ആരംഭിക്കും. ഇതോടിക്കാൻ ഡ്രൈവിംഗ് ലൈസൻസ് ആവശ്യമില്ല എന്നതാണ് ഇവിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. അതായത് ശരിക്കും യുലു വിൻ ഒരു സ്ലോ-സ്പീഡ് സ്കൂട്ടർ ആയിരിക്കും എന്നതാണ്. പരമാവധി മണിക്കൂറിൽ 25 കി.മീ. വേഗത മാത്രമാണ് മോഡലിനുള്ളത്.

യുലു വിൻ ഇലക്ട്രിക് സ്‌കൂട്ടറിന്റെ സവിശേഷതകളും റേഞ്ചും മറ്റ് വിശദാംശങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ല. ബജാജ് ഓട്ടോയുടെ ഉപസ്ഥാപനമായ ചേതക് ടെക്നോളജീസ് ലിമിറ്റഡാണ് യുലു വിൻ നിർമിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. സ്കാർലറ്റ് റെഡ്, മൂൺലൈറ്റ് വൈറ്റ് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ഇലക്ട്രിക് ഇരുചക്ര വാഹനം സ്വന്തമാക്കാനാവും. ഇനി ഡിസൈൻ വിശദാംശങ്ങളിലേക്ക് നോക്കിയാൽ ഒരു ഓമനത്തമുള്ള ശൈലിയുമായാണ് ഇവിയുടെ വരവ്.
ചെറുതും ഭാരം കുറഞ്ഞതുമായതിനാൽ ബെംഗളൂരൂ പോലുള്ള നഗരങ്ങൾക്ക് യുലു വിൻ യോജ്യമായിരിക്കും. സിംഗിൾ സീറ്റ് സെറ്റപ്പാണ് മോഡലിനുള്ളത്. സീറ്റ് സ്ക്വാബിന് ഒരു റൈഡറെ മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ. അതായത് രണ്ട് പേർക്ക് സഞ്ചരിക്കാൻ ഇതിലാവില്ലെന്ന് സാരം. പിന്നിൽ ഒരാളെ കയറ്റാമെന്ന് ആലോചിച്ചാൽ കാലുവെക്കാൻ ഫുട്‌പെഗുകളും കമ്പനി സമ്മാനിച്ചിട്ടില്ല. ബോഡി പാനലുകൾ കുറവാണെന്നതും ക്യൂട്ട്നെസ് വർധിപ്പിക്കുന്നുണ്ട്. കൂടാതെ എൽഇഡി ഹെഡ്‌ലൈറ്റ് സജ്ജീകരണം ഇവിയുടെ പ്രായോഗികത ഉയർത്തുന്നു.

ഒരു ട്യൂബുലാർ ഫ്രെയിമിലാണ് യുലു വിൻ നിർമിച്ചിരിക്കുന്നത്. പിൻ വീലിന് കരുത്ത് നൽകുന്ന ഒരു ഹബ് മോട്ടോറാണ് ഇതിന് തുടിപ്പേകുന്നത്. എതിരാളികളെ അപേക്ഷിച്ച് 40 ശതമാനം വരെ കുറഞ്ഞ പ്രവർത്തന ചെലവാണ് ഈ കൊച്ച് ഇലക്ട്രിക് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. യുലു മൊബിലിറ്റി സബ്സ്ക്രിപ്ഷൻ പായ്ക്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതും ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കും. സ്വാപ്പിംഗ് സംവിധാനവും ഇതിനുണ്ടെന്നാണ് അറിയാൻ കഴിയുന്നത്.
സ്വാപ്പബിൾ ബാറ്ററി സൗകര്യമുണ്ടെങ്കിലും വാഹനത്തിന് ആക്സസറിയായി ഒരു വാൾ ചാർജറും വാങ്ങാം. അധിക ചെലവാണെങ്കിലും അതൊരു പ്രായോഗികമായ ഓപ്ഷനാണെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. യുലു മൊബൈൽ ആപ്പ്, OTA അപ്‌ഡേറ്റുകൾ, റിമോട്ട് വെഹിക്കിൾ ആക്‌സസ്, കീലെസ് ആക്‌സസ് പോലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും ഇവിയുടെ ഭാഗമാണ്. 16 വയസ്സിന് മുകളിലുള്ള ആർക്കും ഡ്രൈവിംഗ് ലൈസൻസില്ലാതെ വിൻ ഓടിക്കാം.


Click it and Unblock the Notifications








