3 ആൾട്ടോയുടെ വില വരുന്ന സൂപ്പർബൈക്ക്, വാങ്ങാൻ പ്ലാനുണ്ടേൽ പുതിയത് തരാമെന്ന് കവസാക്കി
ഇന്ത്യയിലെ സൂപ്പർബൈക്ക് പ്രേമികൾക്കിടയിലെ ജനപ്രിയനാണ് കവസാക്കി. പണ്ട് ബജാജുമായി കൈകൊടുത്ത് സാധാരണക്കാർക്ക് വേണ്ടി കിടിലൻ കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾ പുറത്തിറക്കുന്ന ബ്രാൻഡ് ഇന്നും പൂർണമായും പ്രീമിയം മോഡലുകളിലേക്ക് മാറിക്കഴിഞ്ഞു. നിഞ്ച സീരീസിലൂടെ ലോകം കീഴടക്കിയ ജാപ്പനീസ് വണ്ടിക്കമ്പനി നമ്മുടെ രാജ്യത്തെ നിറസാന്നിധ്യമാണ്.
പുറത്തിറക്കുന്നത് ലക്ഷങ്ങൾ വിലയുള്ള സ്പോർട്‌സ് ബൈക്കുകളാണെങ്കിലും കവസാക്കിയെ ഇന്നും ആളുകൾക്ക് ഏറെയിഷ്‌ടമാണ്. പുതുവർഷം പിറന്ന് മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും പുത്തൻ മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഇന്ത്യക്കാർക്കുള്ള സമ്മാനം റെഡിയാക്കിയിരിക്കുകയാണ് കമ്പനി. 2023 ഡിസംബറിൽ നടന്ന ഇന്ത്യ ബൈക്ക് വീക്കിൽ അരങ്ങേറ്റം കുറിച്ച ഏറ്റവും പുതിയ നിഞ്ച ZX-6R ആണ് കവസാക്കി പുറത്തിറക്കിയിരിക്കുന്നത്.

പ്യുവർ റേസിംഗ് ഡിഎൻഎ ഉള്ള സൂപ്പർസ്‌പോർട്ട് മോട്ടോർസൈക്കിളിന് ഇന്ത്യയിൽ മുടക്കേണ്ടി വരുന്നത് ഒരു മിഡ്-സൈസ് എസ്‌യുവിയുടെ വിലയാണെന്നതാണ് രസകരമായ കാര്യം. 11.09 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് പുതിയ കവസാക്കി നിഞ്ച ZX-6R ഇന്ത്യയിൽ എത്തിയിരിക്കുന്നത്. പുതിയ സ്റ്റൈലിംഗും വിപുലമായ ഫീച്ചറുകളും ഉൾക്കൊള്ളിച്ചാണ് സൂപ്പർബൈക്കിനെ ഇത്തവണ രാജ്യത്ത് എത്തിച്ചിരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്.
ജാപ്പനീസ് ഇരുചക്ര വാഹന ഭീമന്റെ വിൽപ്പനയിലുള്ള മറ്റ് നിഞ്ച സൂപ്പർസ്‌പോർട്ട് മോട്ടോർസൈക്കിളുകൾക്ക് അനുസൃതമായ പരിഷ്‌കരിച്ച ഡിസൈനാണ് 2024 കവസാക്കി നിഞ്ച ZX-6R മോഡലിനും ലഭിക്കുന്നത്. അടുത്തിടെ രാജ്യത്ത് അവതരിപ്പിച്ച ZX-4R-ന് സമാനമായ നിരവധി സ്റ്റൈലിംഗ് ഘടകങ്ങൾ ഉൾക്കൊള്ളുന്നതാണ് പുത്തൻ ബൈക്കെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാനാവും.

മോട്ടോർസൈക്കിളിൽ ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകളും അഗ്രസീവ് ബോഡി വർക്കുകളും ഉണ്ടെന്നത് ഏതൊരു സ്പോർട് ബൈക്ക് പ്രേമിയെയും ആകർഷിക്കും. അത് അതിന്റെ വലിയ കവസാക്കി ZX-10R പതിപ്പിൽ നിന്നും സ്വാധീനം കൊണ്ടിട്ടുണ്ട്. ജാപ്പനീസ് ബ്രാൻഡിന്റെ സിഗ്നേച്ചർ സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ ബൈക്കിന് സ്‌കൾപ്പഡ് രൂപമാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ബ്ലൂടൂത്ത് കണക്റ്റിവിറ്റി സ്റ്റാൻഡേർഡായി സമ്പൂർണ ഡിജിറ്റൽ TFT സ്‌ക്രീനും വാഹനത്തിൽ ഫീച്ചർ ചെയ്യുന്നുണ്ട്.
കവസാക്കി റൈഡോളജി ആപ്പ് വഴിയുള്ള സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള പുതിയ TFT ഫുൾ കളർ ഡിസ്‌പ്ലേ വഴി സ്‌പോർട്, റെയിൻ, റോഡ്, കസ്റ്റമൈസ് ചെയ്യാനാവുന്ന റൈഡർ മോഡുകൾ എന്നിവയുൾപ്പെടെയുള്ള വിവിധ റൈഡിംഗ് മുൻഗണനകളും ഇതുനിറവേറ്റുന്നു. അപ്‌ഡേറ്റുകൾ കൂടുതലും ഫാസിയയിലും ഫീച്ചറുകളിലും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. എങ്കിലും എല്ലാം ഉപഭോക്താക്കളെ ആകർഷിക്കാൻ പാകമാണെന്ന് പറയാം.

ഇനി മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ കവസാക്കിയുടെ മസ്ക്കുലർ സൂപ്പർസ്‌പോർട്ട് മോട്ടോർസൈക്കിളിന് മുമ്പുണ്ടായിരുന്ന അതേ 636 സിസി ഇൻലൈൻ-ഫോർ എഞ്ചിൻ തന്നെയാണ് തുടിപ്പേകുന്നത്. ഈ എഞ്ചിൻ ഇപ്പോൾ ഏറ്റവും പുതിയ എമിഷൻ നിയന്ത്രണങ്ങൾ പാലിച്ചാണ് വരുന്നതെന്ന് എന്നതിനാൽ മുമ്പത്തെ പവർ കണക്കുകളിൽ അൽപം കുറവ് വന്നിട്ടുണ്ടെന്നും കമ്പനി പറയുന്നു.
ക്വിക്ക് ഷിഫ്റ്ററുള്ള ആറ് സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിന് 128 bhp പവറിൽ പരമാവധി 69 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സസ്പെൻഷനായി മോട്ടോർസൈക്കിളിന് മുൻവശത്ത് ക്രമീകരിക്കാവുന്ന ഷോവ അപ്സൈഡ് ഡൌൺ ഫ്രണ്ട് ഫോർക്കുകളും (USD) പന്നിൽ ഒരു മോണോഷോക്ക് അബ്സോർബറും ലഭിക്കുന്നു. ബ്രേക്കിംഗിലേക്ക് നോക്കിയാൽ മുന്നിൽ ഡ്യുവൽ 310 mm ഡിസ്‌കുകളും 220 mm പിൻ ഡിസ്‌ക്കുമാണ് പുതിയ കവസാക്കി നിഞ്ച ZX-6R ഉപയോഗിച്ചിരിക്കുന്നത്.

പിരെലിയുടെ ഡയാബ്ലോ റോസേ 4 ടയറുകൾ കൊണ്ട് പൊതിഞ്ഞ 17 ഇഞ്ച് അലോയ് വീലുകളിലാണ് സൂപ്പർസ്പോർട്ട് മോട്ടോർസൈക്കിളിന്റെ രണ്ടുവശത്തും ഇടംപിടിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ അപ്രീലിയ RS 660 പോലെയുള്ള എതിരാളികളുമായാണ് കവസാക്കി നിഞ്ച ZX-6R മത്സരിക്കുക. ജാപ്പനീസ് ഇരുചക്ര വാഹന ഭീമന്റെ ഉൽപ്പന്ന നിരയിലെ നിഞ്ച 400, ടോപ്പ്-സ്പെക്ക് നിഞ്ച ZX-10RR-നും ഇടയിലുള്ള വിടവ് നികത്തുക എന്ന ഉദ്ദേശവും ഈ ബൈക്കിനുണ്ട്.


Click it and Unblock the Notifications








