ബൈക്കിനേക്കാൾ മൈലേജും പവറും, പുതിയ വേഷത്തിൽ സുസുക്കിയുടെ സ്പോർട്ടി സ്‌കൂട്ടർ വാങ്ങാം
ഇന്ത്യയിൽ സ്‌കൂട്ടറുകളെന്നാൽ പലർക്കും ആക്‌ടിവയാണ്. എന്നാൽ ഹോണ്ടയുടെ ഉറക്കം കളയുന്നത് പ്രധാന എതിരാളിയായ ടിവിഎസും സുസുക്കിയുമാണെന്ന് വേണം പറയാൻ. ഇക്കൂട്ടത്തിൽ യൂത്തൻമാർക്കും ഫാമിലിക്കും എല്ലാവർക്കും ഒരുപോലെ ചേരുന്ന സ്‌കൂട്ടറാണ് സുസുക്കിയുടെ ആക്‌സസ്. കിടിലൻ പെർഫോമൻസും സ്റ്റാൻഡേർഡ് ലുക്കും ഉഗ്രൻ മൈലേജുമെല്ലാം കാരണം രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇരുചക്ര വാഹനങ്ങളിൽ ഒന്നായി ആക്‌സസ് മാറിയിട്ടുമുണ്ട്. ആക്‌സസ്, ബർഗ്മാൻ എന്നീ 125 സിസി സ്‌കൂട്ടർ മോഡലുകൾക്ക് ശേഷം ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കി അവതരിപ്പിച്ച മോഡലായിരുന്നു അവെനിസ്.
ആക്‌സസിന്റെ സ്റ്റൈൽ പോരെന്ന് വിചാരിക്കുന്ന യൂത്തൻമാരെ ഉന്നമിട്ട് പുറത്തിറക്കിയ മോഡലായിരുന്നു അവെനിസ്. ടിവിഎസ് എൻടോർക്ക്, ഹോണ്ട ഡിയോ പോലുള്ള സ്പോർട്ടി സ്‌കൂട്ടറുകളുടെ നിരയിലേക്ക് എത്തിയ അവെനിസിന് കാര്യമായി ശോഭിക്കാനായില്ലെങ്കിലും തരക്കേടില്ലാതെ ഇപ്പോഴും വിൽപ്പന പിടിക്കുന്നുണ്ട്. ആക്സസിനും ബർഗമാൻ സ്ട്രീറ്റിനും ശേഷം സുസുക്കിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്കൂട്ടറുകളിൽ ഒന്നാണിത്.

2022 ജനുവരിയിൽ അവതരിപ്പിച്ചതിനു ശേഷം ഇതാദ്യമായി അവെനിസിലേക്ക് ചെറിയൊരു പരിഷ്ക്കാരം കൊണ്ടുവന്നിരിക്കുകയാണ് സുസുക്കി. സ്പോർട്ടി സ്‌കൂട്ടറിന്റെ ഏറ്റവും പുതിയ 2024 മോഡൽ അവതരിപ്പിച്ചതാണ് സംഭവം. കാര്യമായ നവീകരണങ്ങളൊന്നും കൊണ്ടുവന്നിട്ടില്ലെങ്കിലും വാങ്ങാനെത്തുന്നവർക്ക് തെരഞ്ഞെടുക്കാൻ കമ്പനി പുതിയ ആവേശകരമായ കളർ ഓപ്ഷനുകളാണ് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്.
കൂടാതെ മുൻഗാമിയിൽ നിന്നും എളുപ്പം വേർതിരിച്ചറിയാനായി സൈഡ് പാനലുകളിലും ഫ്രണ്ട് ആപ്രോണിലും ഫങ്കി ഗ്രാഫിക്‌സും കമ്പനി സമ്മാനിച്ചിട്ടുണ്ട് പുതിയ 2024 സുസുക്കി അവെനിസ് സ്റ്റാൻഡേർഡ്, റേസ് എഡിഷൻ വേരിയൻ്റുകളിൽ ലഭ്യമാണ്. സ്റ്റാൻഡേർഡിന് 92,000 രൂപ മുതലും റേസ് എഡിഷന് 92,800 രൂപ മുതലുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. അതായത് പഴയ വില തന്നെയാണെന്ന് സാരം. ഏറ്റവും പുതിയ കളർ ഓപ്ഷനുകളെ കുറിച്ച് അറിയേണ്ടേ?

പുത്തൻ മോഡൽ വാങ്ങുന്നവർക്ക് ഗ്ലോസി സ്പാർക്കിൾ ബ്ലാക്ക്/പേൾ മീര റെഡ്, ചാമ്പ്യൻ യെല്ലോ നമ്പർ 2 / ഗ്ലോസി സ്പാർക്കിൾ ബ്ലാക്ക്, ഗ്ലോസി സ്പാർക്കിൾ ബ്ലാക്ക്, ഗ്ലോസി സ്പാർക്കിൾ ബ്ലാക്ക് / പേൾ ഗ്ലേസിയർ വൈറ്റ് എന്നീ കളർ ഓപ്ഷനുകളാണ് 2024 സുസുക്കി അവെനിസിൽ സ്വന്തമാക്കാനാവുക. സ്പോർട്ടി സ്‌കൂട്ടറിന്റെ സ്റ്റാൻഡേർഡ് എഡിഷനിൽ ഒരു എക്സ്റ്റേണൽ ഫ്യുവൽ ഫില്ലറാണ് വരുന്നത്. ഇത് ഇന്ധനം നിറയ്ക്കുന്നതിന് കൂടുതൽ സൗകര്യപ്രദമാവുന്ന കാര്യമാണ്.
ഇതിന് 21.8 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് സ്‌പെയ്‌സും ലഭിക്കുന്നുണ്ട്. സ്‌പോർട്ടി ഡീക്കലുകളും മോട്ടോർസൈക്കിളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട റിയർ ഇൻഡിക്കേറ്ററുകളും പുതിയ പതിപ്പിൽ വരുന്നത് അവെസിന്റെ ആകർഷണം വർധിപ്പിക്കുന്നുണ്ട്. എൽഇഡി ഹെഡ്‌ലൈറ്റുകളും ടെയിൽ ലാമ്പുകളും അതിൻ്റെ സ്‌പോർട്ടി സ്റ്റൈലിംഗിൻ്റെ ഭാഗമാണ്. വിശാലമായ ഫ്ലോർബോർഡും ടോൾ ഹാൻഡിൽബാറുകളും സ്റ്റെപ്പ് സീറ്റ് സൗകര്യവും സ്‌കൂട്ടറിന്റെ എർഗണോമിക്‌സ് വർധിപ്പിക്കുന്ന കാര്യങ്ങളാണ്.

ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ ഡിജിറ്റൽ കൺസോൾ, യുഎസ്ബി സോക്കറ്റുള്ള ഫ്രണ്ട് ബോക്സ്, സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ്, എഞ്ചിൻ കിൽ സ്വിച്ച്, 12 ഇഞ്ച് ഫ്രണ്ട്, 10 ഇഞ്ച് റിയർ അലോയ് വീലുകൾ എന്നിവയും 2024 സുസുക്കി അവെസിന്റെ മറ്റ് പ്രധാന സവിശേഷതകളാണ്. സസ്‌പെൻഷൻ, ഫ്രെയിം, വീലുകൾ, ബ്രേക്കുകൾ എന്നിവയുൾപ്പെടെ അവെനിസിൻ്റെ മിക്ക പാർട്‌സുകളും ആക്‌സസിൽ നിന്നും കടമെടുത്തവയാണ്.
ഈ ഫീച്ചറുകൾക്കൊപ്പം, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഇൻകമിംഗ് കോൾ അലേർട്ടുകൾ, എസ്എംഎസ് അലേർട്ടുകൾ, വാട്ട്‌സ്ആപ്പ് മെസേജ് അലേർട്ടുകൾ, മിസ്‌ഡ് കോൾ, വായിക്കാത്ത എസ്എംഎസ് അലേർട്ടുകൾ എന്നിങ്ങനെയുള്ള കൂടുതൽ ഫീച്ചറുകളിലേക്ക് ആക്‌സസ് ചെയ്യുന്നതിനായി സുസുക്കി റൈഡ് കണക്റ്റ് ആപ്ലിക്കേഷൻ ഉപയോഗിച്ച് റൈഡർക്ക് അവരുടെ മൊബൈൽ ഫോണുകൾ ക്ലസ്റ്ററുമായി കണക്റ്റ് ചെയ്യാനാവും.
6,750 ആർപിഎമ്മിൽ 8.5 എച്ച്പി പവറും 5,500 ആർപിഎമ്മിൽ 10 Nm ടോർക്കും നൽകുന്ന അതേ 124 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് 2024 സുസുക്കി അവെനിസിലും ഉപയോഗിച്ചിരിക്കുന്നത്. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഇന്ത്യയിലെ സ്പോർട്ടി സ്കൂട്ടർ സെഗ്മെന്റിൽ അപ്രീലിയ സ്റ്റോം 125, ടിവിഎസ് എൻടോർക്ക് 125, ഹോണ്ട ഡിയോ 125, യമഹ ZR 125, വരാനിരിക്കുന്ന ഹീറോ സൂം 125R എന്നിവയുമായാണ് അവെസിന്റെ പോരാട്ടം.


Click it and Unblock the Notifications








