ആക്‌ടിവയോ ജുപ്പറ്ററോ? പെർഫക്‌ട് ഫാമിലി സ്‌കൂട്ടർ തേടുന്നവർ വാങ്ങേണ്ടത് ഈ മോഡൽ
ഗിയർലെസ് സ്‌കൂട്ടറുകളെ ഇന്ത്യക്കാർക്കിടയിൽ ജനകീയമാക്കിയത് ആരെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരമേ പറയാനുള്ളൂ. അത് ഹോണ്ട ആക്‌ടിവ (Honda Activa) എന്നാവും. പുതിയ ഏത് സ്‌കൂട്ടർ വാങ്ങിയാലും നീ ആക്‌ടിവ വാങ്ങിയോ എന്നാവും ഇന്ത്യക്കാരുടെ ചോദ്യം. അത്രയേറെ സ്വാധീനമാണ് ആക്‌ടിവ ജനങ്ങൾക്കിടയിൽ നേടിയെടുത്തിരിക്കുന്നത്. എന്നാൽ ഇതിനൊരു അറുതി വരുത്തിയത് ടിവിഎസ് ജുപ്പിറ്റർ (TVS Jupiter) എന്ന മോഡൽ മാത്രമാവും. അതുവരെ കാര്യമായ എതിരാളികൾ ഒന്നുമില്ലാതെ പിടിച്ചു നിന്ന ആക്‌ടിവക്ക് ചെറിയ ക്ഷീണം കൊടുത്തത് ഈ മോഡലിന്റെ വരവാണെന്ന് പറയാം.
പിന്നെ പലരും പുതിയൊരു സ്കൂട്ടർ വാങ്ങിയേക്കാമെന്ന് ആലോചിച്ചാൽ ആക്ടിവയോടൊപ്പം എല്ലാവരും ജുപ്പിറ്ററിനെയും പരിഗണിക്കാൻ തുടങ്ങി. അങ്ങനെ ഓരോ മാസവും ലക്ഷക്കണക്കിന് ആളുകളാണ് വാഹനം വാങ്ങാൻ ടിവിഎസിന്റെ ഷോറൂമിൽ തടിച്ചുകൂടിയത്. ഇന്നും ഈ കണക്കുകൾ ഇങ്ങനെ നിലനിർത്താനും കമ്പനിക്കാവുന്നുണ്ട്. ഇതിനിടെ പുതുതലമുറയിലേക്ക് ചേക്കേറി സുന്ദരക്കുട്ടപ്പനായി രംഗത്തെത്തിയിരിക്കുകയാണ് ജുപ്പിറ്റർ. അതും ആക്ടിവയെ തോൽപ്പിക്കുന്ന വില നിർണയം കൂടിയായപ്പോൾ സംഗതി കളറായിട്ടുണ്ട്.

മൊത്തത്തിൽ അടിമുടി മാറ്റിയ രൂപം തന്നെയാണ് 2024 മോഡൽ ജുപ്പിറ്ററിന്റെ പ്രധാന ആകർഷണം. ഒപ്പം മോഡേൺ ഫീച്ചറുകളുടെ പിൻബലം കൂടിയാവുമ്പോൾ കൊടുക്കുന്ന പണത്തിനുള്ള മൂല്യം വാഹനം തരുന്നുമുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ഹോണ്ട ആക്ടിവയെ വെല്ലാൻ ജുപ്പിറ്ററിനാവുമോയെന്നാണ് ഏവർക്കും അറിയേണ്ടത്. 2023-ൽ H-സ്മാർട്ട് സാങ്കേതികവിദ്യയോടെ ഒരു 'സ്മാർട്ട്' വേരിയൻ്റ് ലഭിച്ചതിനാൽ വേറിട്ടുനിൽക്കാനും. അവിടെ ടിവിഎസ് കൊണ്ടുവന്നത് കാര്യക്ഷമത വർധിപ്പിക്കുന്ന iGO അസിസ്റ്റാണ്.
ഇത് മികച്ച മൈലേജ് വർധിപ്പിക്കുന്നതിനോടൊപ്പം സ്‌കൂട്ടറിന്റെ ടോർക്ക് വർധിപ്പിക്കുന്നതിനും സഹായിക്കുന്നുവെന്നാണ് ടിവിഎസ് പറയുന്നത്. അങ്ങനെ മൊത്തത്തിൽ നോക്കുമ്പോൾ രണ്ട് മോഡലുകൾക്കും അവരവരുടേതായ ഗുണങ്ങളുണ്ട്. എന്നാൽ പണം മുടക്കുന്നതിന് മുമ്പ് നിങ്ങൾക്ക് പറ്റിയ ഓൾറൌണ്ടർ ഫാമിലി സ്‌കൂട്ടർ ഏറ്റവും പുതിയ ടിവിഎസ് ജുപ്പിറ്ററാണോ ഹോണ്ട ആക്‌ടിവ 6G ആണോയെന്ന് പറഞ്ഞുതരാം.

എക്സ്ഷോറൂം വില: ഇക്കാര്യത്തിൽ ഇരുമോഡലുകളും തമ്മിൽ വലിയ അന്തരമില്ലെങ്കിലും ചെറിയ വ്യത്യാസത്തിൽ ടിവിഎസിനാണ് മേൽകൈയുള്ളത്. 2024 ജുപ്പിറ്ററിന് 73,700 രൂപ മുതലാണ് വില വരുന്നത്. അതേസമയം ആക്‌ടിവയ്ക്ക് 76,684 രൂപ മുതൽ 82,684 രൂപ വരെ മുടക്കേണ്ടി വന്നേക്കാം. ജുപ്പിറ്ററിന് മുന്നിലും പിന്നിലും 12 ഇഞ്ച് വീലും മുൻവശത്ത് ഡിസ്ക് ബ്രേക്കുകളും ലഭിക്കുന്നു എന്നതും എടുത്തുപറയേണ്ടതാണ്. ആക്ടിവയ്ക്ക് ഡ്രം ബ്രേക്കുകളും മുൻവശത്ത് മാത്രമേ 12 ഇഞ്ച് വീൽ ലഭിക്കൂ.
എഞ്ചിൻ: പുതുതായി പുറത്തിറക്കിയ ജുപ്പിറ്ററിന് 113 സിസി 4-സ്ട്രോക്ക്, ഫ്യുവൽ-ഇഞ്ചക്റ്റഡ് എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് മുൻ മോഡലിൽ ഉപയോഗിച്ചിരുന്ന 109 സിസിയെക്കാൾ അല്പം കൂടുതൽ മികച്ചതാണ്. ഈ എഞ്ചിൻ കമ്പനിയുടെ പുതിയ iGO അസിസ്റ്റിനൊപ്പം വരുന്നതിനാൽ കാര്യക്ഷമതയിലും പെർഫോമൻസിലും മികച്ചതാണ്. 7.9 bhp പവറിൽ 9.8 Nm torque വരെ നൽകാൻ എഞ്ചിനവും. പരമാവധി വേഗത മണിക്കൂറിൽ 82 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.

മറുവശത്ത് ഹോണ്ട ആക്‌ടിവ 6G സ്‌കൂട്ടറിന് 7.7 bhp കരുത്തിൽ പരമാവധി 8.9 Nm torque വരെ ഉത്പാദിപ്പിക്കുന്ന 110 സിസി ശേഷിയുള്ള ഫ്യുവൽ-ഇഞ്ചക്റ്റഡ് എഞ്ചിനാണ് ലഭിക്കുന്നത്. രണ്ട് സ്‌കൂട്ടറുകൾക്കും ഏകദേശം 105 കിലോഗ്രാം ഭാരമുണ്ട്. എഞ്ചിൻ വശം നോക്കുമ്പോൾ ജാപ്പനീസ് ടെക്നോളജി ഉപയോഗിച്ചിരിക്കുന്ന ആക്ടിവയാണ് കൂടുതൽ റിഫൈൻമെന്റുള്ളതായി തോന്നുന്നത്.
മൈലേജ്: പുതിയ മോഡലിന് മുമ്പ് പുറത്തിറങ്ങിയിരുന്ന ടിവിഎസ് ജുപ്പിറ്ററിന് ലിറ്ററിന് 50 കി.മീ മൈലേജായിരുന്നു കമ്പനി വാഗ്‌ദാനം ചെയ്‌തിരുന്നത്. എന്നിരുന്നാലും ഇത്തവണ ഇലക്ട്രിക് അസിസ്റ്റ് ടെക് ഉപയോഗിച്ച് ഇത് 10 ശതമാനം മൈലേജ് വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് ബ്രാൻഡ് അവകാശപ്പെടുന്നത്. അതേസമയം മറുവശത്ത് ഹോണ്ട ആക്ടിവയ്ക്ക് ലിറ്ററിന് 50 കിലോമീറ്റർ മൈലേജും ലഭിക്കും.
ഫീച്ചറുകൾ: ജുപ്പിറ്ററിന് ഇപ്പോൾ പുതിയ ഡിജിറ്റൽ ക്ലസ്റ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഡിസ്റ്റൻസ് ടു എംറ്റി, സൈഡ് സ്റ്റാൻഡ് കട്ട് ഓഫ്, ഓട്ടോ സ്റ്റാർട്ട്-സ്റ്റോപ്പ്, രണ്ട് ഹെൽമെറ്റുകൾക്ക് മതിയായ അണ്ടർ സീറ്റ് സ്റ്റോറേജ്, ഓട്ടോമാറ്റിക് ടേൺ സിഗ്നൽ ഡിആക്ടിവേഷൻ എന്നിവയെല്ലാം ലഭിക്കുന്നുണ്ട്. കൂടാതെ, എൽഇഡി ലൈറ്റിംഗ്, ടിവിഎസ് സ്മാർട്ട് കണക്ട് നാവിഗേഷൻ, ഫൈൻഡ് മൈ സ്‌കൂട്ടർ, ലൈവ് മൈലേജ്, വോയ്‌സ് അസിസ്റ്റ്, മറ്റ് ന്യൂ-ജെൻ ഫീച്ചറുകൾ എന്നിവയാലും മോഡൽ സമ്പന്നമാണ്.
ഹോണ്ട H-സ്മാർട്ട് വേരിയൻ്റിലെ സ്‌മാർട്ട് കീ, കീലെസ് സ്റ്റാർട്ട്, എൽഇഡി ഹെഡ്‌ലാമ്പുകൾ തുടങ്ങിയ ഫീച്ചറുകളാണ് നിലവിലെ ആക്‌ടിവയിലുള്ളത്. മാത്രമല്ല മോഡലിന് സീറ്റിനടിയിൽ ഒരൊറ്റ ഹെൽമെറ്റിന് ആവശ്യമായ സ്‌റ്റോറേജ് മാത്രമേ ലഭിക്കൂ. ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിന് പകരം സാധാരണ അനലോഗ് ക്ലസ്റ്റർ തന്നെയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്കൂട്ടറിലുള്ളത്. സ്റ്റോറേജ് സ്പേസിലായാലും ഫീച്ചറുകളുടെ കാര്യത്തിലായാലും ടിവിഎസ് ജുപ്പിറ്റർ തന്നെയാണ് ഇക്കൂട്ടത്തിൽ കേമൻ.


Click it and Unblock the Notifications








